OPINION

പൗരത്വ നിര്‍ണയം നീതിയുക്തമാവണ്ടേ?

സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ പോലെ പൗരത്വവും വിദേശിയെന്ന പദവിയും ഭരണഘടനാപരമായും നിയമപരമായും വലിയ പ്രാധാന്യമര്‍ഹിക്കുന്നവയാ

Author : പി.പി. പ്രശാന്ത്

പൗരത്വം നിര്‍ണയിക്കുന്നതും ഒരാളെ വിദേശിയായി പ്രഖ്യാപിക്കുന്നതും നീതിപൂര്‍ണമായിരിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നു. ആസാമിലെ ട്രൈബ്യൂണലുകള്‍ 27 പേരെ വിദേശികളായി മുദ്രകുത്തിയതിലാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം. പൗരത്വത്തിന് അര്‍ഹതയില്ലാത്തവര്‍ വ്യാജരേഖകളിലൂടെയോ തെറ്റായ അവകാശവാദങ്ങളിലൂടെയോ ഇന്ത്യന്‍ പൗരത്വം നേടുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ തടയേണ്ടത് പ്രധാനമാണ്. എന്നാല്‍ അതിന്റെ പേരില്‍ ഒരാളോട് അനീതി കാട്ടാനോ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതിരിക്കാനോ സര്‍ക്കാരിന് കഴിയില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഗുവാഹട്ടി ഹൈക്കോടതിയുടെയും ട്രൈബ്യൂണലുകളുടെയും വിധികള്‍ സുപ്രീം കോടതി തള്ളിക്കളഞ്ഞു. സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ പോലെ പൗരത്വവും വിദേശിയെന്ന പദവിയും ഭരണഘടനാപരമായും നിയമപരമായും വലിയ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടിയായ എസ്ഐആര്‍ വഴി ലക്ഷക്കണക്കിന് ന്യൂനപക്ഷ വോട്ടര്‍മാരെ പട്ടികയില്‍നിന്ന് ഒഴിവാക്കുന്നതായി ഉയരുന്ന പരാതികളില്‍ യുഎന്‍ ഗുരുതര ആശങ്ക രേഖപ്പെടുത്തിയിരുന്നു.

പൗരത്വ നിര്‍ണയം നീതിയുക്തമാവണ്ടേ?

വോട്ടര്‍പട്ടികയിലെ അക്ഷരത്തെറ്റ് പോലുള്ള അങ്ങേയറ്റം സാങ്കേതികമായ കാരണങ്ങള്‍ പറഞ്ഞാണ് തങ്ങളെ വിദേശികളായി പ്രഖ്യാപിച്ചതെന്നാണ് 27 പേരില്‍പ്പെട്ട അജ്ബഹാര്‍ അലി, മുഹമ്മദ് അക്ബര്‍ അലി, അദീബ ഖാതുന്‍, അന്‍വറ ഖാതുന്‍, സാബിത്രി ദേവി എന്നിവര്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചത്. രേഖകള്‍ സമര്‍പ്പിച്ചിട്ടും അസം വിദേശി ട്രൈബ്യൂണലുകള്‍ വിദേശികളായി പ്രഖ്യാപിച്ച അഞ്ച് സ്ത്രീകളെ നാടുകടത്തുന്നത് മറ്റൊരു വിധിയില്‍ സുപ്രീംകോടതി തടഞ്ഞതിന് പിന്നാലെയാണ് ഇവരുടെ ഹര്‍ജികള്‍ സുപ്രീംകോടതിയിലെത്തിയത്. ഹര്‍ജിക്കാരെ കേള്‍ക്കാതെയും അവരുടെ രേഖകള്‍ പരിശോധിക്കാതെയുമായിരുന്നു അസം സ്വദേശികളെ വിദേശികളാക്കിയുള്ള അസം ട്രൈബ്യൂണലുകളുടെ ഏകപക്ഷീയ വിധികളും എന്നാണ് ഉയരുന്ന ആക്ഷേപം. അസമിലെ ട്രൈബ്യൂണലുകളുടെ വിവേചനനടപടികള്‍ ഉണ്ടാക്കിയ നിയമപ്രശ്‌നങ്ങളും നിയമവ്യവഹാരങ്ങളും കോടതിവിധികളുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ നീതിതേടി നേരത്തേ ഹൈക്കോടതിയിലും, അവിടം കൈവിട്ടപ്പോള്‍ സുപ്രീംകോടതിയിലും എത്തിയത്. ഹര്‍ജിക്കാരുടെ പൗരത്വം സംബന്ധിച്ച തെളിവുകള്‍ പരിശോധിച്ചിട്ടില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. തങ്ങളുടെ ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ 1971ന് മുന്‍പുള്ള പാരമ്പര്യ രേഖകള്‍, വോട്ടര്‍ പട്ടിക, ഭൂമി രേഖകള്‍ എന്നിവ ഹര്‍ജിക്കാര്‍ ഹാജരാക്കിയിരുന്നു. പൗരത്വ നിര്‍ണയ പ്രക്രിയയില്‍ നിന്ന് പുറന്തള്ളപ്പെട്ട ലക്ഷക്കണക്കിന് പേരില്‍ ഏതാനും പേരുടെ ഹരജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഇനി അവര്‍ തിരിച്ച് ട്രൈബ്യൂണലിലെത്തി പൗരത്വ നിര്‍ണയം വീണ്ടും നടത്തി, അവിടെ നിന്ന് നീതി കിട്ടിയിട്ടുവേണം പൗരരായി തിരിച്ചെത്താന്‍ എന്നതാണ് അവരുടെ ദുര്യോഗം. ഏകദേശം 19 ലക്ഷത്തിലധികം പേരാണ് അസമിലെ എസ് ഐ ആര്‍ പട്ടികയില്‍ നിന്ന് പുറത്തായിട്ടുള്ളത്.

ഇടപെട്ട് ഐക്യരാഷ്ട്രസഭയും

പൗരത്വ രജിസ്റ്ററില്‍ തുടങ്ങി പൗരത്വ ഭേദഗതി നിയമത്തിലൂടെയും എസ്ഐആറിലൂടെയും മറ്റും അസം, പശ്ചിമബംഗാള്‍ തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കെതിരായ വ്യാപക നീക്കങ്ങളാണ് കുറച്ചുകാലങ്ങളായി നടന്നുവരുന്നത്. രാജ്യത്ത് എസ്ഐആറിലൂടെ വോട്ടര്‍ പട്ടികയില്‍നിന്ന് ലക്ഷക്കണക്കിന് പേരെ ഒഴിവാക്കിയെന്ന പരാതിയില്‍ കേന്ദ്ര സര്‍ക്കാറിനോട് ഐക്യരാഷ്ട്രസഭ വിശദീകരണം തേടുകയും ചെയ്തു. യുഎന്നിന്റെ ന്യൂനപക്ഷ വിഭാഗങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നീ വിഷയങ്ങളില്‍ ചുമതലയുള്ള പ്രത്യേക റിപ്പോര്‍ട്ടര്‍മാരാണ് ഇന്ത്യക്ക് കത്തയച്ചത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 5.2 കോടി പേരുകള്‍ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കിയെന്ന വിവരം ലഭിച്ചതായി ഈ കത്തില്‍ പറയുന്നു. മുസ്ലീം വോട്ടര്‍മാരെ നടപടി സാരമായി ബാധിച്ചതായും പശ്ചിമബംഗാളിലെ നന്ദിഗ്രാം മണ്ഡലം ഉദാഹരണമാക്കി കത്തില്‍ ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളില്‍ എസ്ഐആര്‍ നടപടിയുടെ ഭാഗമായി വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ പലരും സാധുവായ തിരിച്ചറിയല്‍ രേഖകള്‍ കൈവശം ഉണ്ടായിരുന്നവരാണ്. ഇവര്‍ക്ക് വോട്ടവകാശം നഷ്ടപ്പെട്ടതായി പരാതികളില്‍ പറയുന്നു. നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത പേരുകളില്‍ 95 ശതമാനവും മുസ്ലീം വോട്ടര്‍മാരുടേതാണെന്നതും യുഎന്‍ കത്തില്‍ പരാമര്‍ശിച്ചിരുന്നു. മുസ്ലിം, ബംഗാളി വംശജര്‍, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവരെ കൂടുതലായി നടപടി ബാധിച്ചതില്‍ യുഎന്‍ ആശങ്ക അറിയിക്കുകയും ചെയ്തിട്ടുണ്ട്.

പൗരത്വ നിര്‍ണയം ശിക്ഷയോ

അര്‍ഹതപ്പെട്ട പൗരത്വം തെളിയിക്കല്‍ ശിക്ഷയായി മാറുന്നൊരു കാലത്താണോ നാം ജീവിക്കുന്നതെന്ന ആശങ്കയുണര്‍ത്തുന്ന സംഭവങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വോട്ടര്‍പട്ടികയില്‍ പേരില്ലെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആര്‍. രാജഗോപാലിന് പാസ്‌പോര്‍ട്ട് നിഷേധിച്ച സംഭവം. ദേശീയതലത്തില്‍ വലിയ വിവാദമായതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാന്‍ തീരുമാനിച്ചെങ്കിലും ഈ സംഭവമുയര്‍ത്തിയ ചോദ്യങ്ങള്‍ ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്ഐആര്‍ ആരംഭിച്ചതിനു ശേഷമാണ് പൗരത്വ വിവാദങ്ങള്‍ ആരംഭിച്ചത്, തുടര്‍ന്ന് പശ്ചിമ ബംഗാള്‍, കേരളം, തമിഴ്നാട് എന്നിവയുള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഇത് വ്യാപിപ്പിച്ചു. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിനും പൗരത്വ അവകാശവാദങ്ങള്‍ പരിശോധിക്കുന്നതിനും ഈ പ്രക്രിയ ആവശ്യമാണൊണ് തെരഞ്ഞെടുപ്പ് കമീഷന്‍ വാദിക്കുന്നത്. അതേസമയം എസ്ഐആറിന്റെ നിയമസാധുത ശരിവച്ചുകൊണ്ട്, വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ ഇല്ലാതാക്കുന്നത് പൗരത്വം നിര്‍ണ്ണയിക്കുന്നില്ലെന്ന് കഴിഞ്ഞ മേയില്‍ സുപ്രീം കോടതി വ്യക്തമാക്കിട്ടുണ്ട്. എസ്ഐആര്‍ പ്രകാരം നടത്തിയ അന്വേഷണം പൗരത്വ നിര്‍ണ്ണയമല്ലെന്നും തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നതില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ബംഗ്ലാദേശില്‍ നിന്നുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടായിരുന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എസ് ഐ ആര്‍ കൊണ്ടുവന്നതെങ്കിലും 1991-നും 2011-നും ഇടയിലെങ്കിലും ബംഗ്ലാദേശില്‍ നിന്നുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ പെട്ടെന്നുള്ള വര്‍ധനവ് ഉണ്ടായിട്ടില്ലെന്നാണ് ഔദ്യോഗിക സെന്‍സസ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

ജനാധിപത്യം സംരക്ഷിക്കപ്പെടണം

പാസ്‌പോര്‍ട്ട് പോലും പൗരത്വ രേഖ അല്ലെന്ന് ഭരണകൂടം വാദിച്ചുകൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തില്‍ പൗരത്വമെന്നത് ഭരണകൂടങ്ങള്‍ പൗരന് നല്‍കുന്ന ഔദാര്യമല്ലെന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാവേണ്ടത്. ജനാധിപത്യ മൂല്യങ്ങളെ നെഞ്ചേറ്റി ഈ മണ്ണില്‍ ജീവിക്കുന്ന ഓരോ മനുഷ്യന്റെയും സ്വാഭാവിക അവകാശമാണ് പൗരത്വം എന്നത്. പൗരത്വ നിയമങ്ങളിലെ പരിഷ്‌കാരങ്ങള്‍ ജനങ്ങളെ ഭീതിയിലാഴ്ത്താനോ അവരെ അന്യവല്‍ക്കരിക്കാനോ ആകരുത്. പകരം ആ ജനതയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതും അവരുടെ അവകാശങ്ങളെ ദൃഢപ്പെടുത്തുന്നതുമായിരിക്കണം. എങ്കില്‍ മാത്രമേ ജനാധിപത്യം അതിൻ്റെ പൂർണമായ അർഥത്തിൽ സംരക്ഷിക്കപ്പെടുകയുള്ളൂ .

SCROLL FOR NEXT