OPINION

എസ്.ഐ.ആർ പൗരത്വ പരിശോധന തന്നെ

ഇതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സർക്കാറിന് ബദലായി പൗരത്വരേഖയായി നേറ്റിവിറ്റി കാര്‍ഡ് കൊണ്ടുവരുന്നത്

Author : പി.പി. പ്രശാന്ത്

വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്ത് നടന്ന ഹിയറിങ്ങില്‍ പുറത്ത് പോയത് 21,130പേര്‍. ഇതില്‍ 2804 പേര്‍ എന്യൂമറേഷന്‍ കാലത്ത് മരിച്ചവരും 1039 പേര്‍ വിദേശ പൗരത്വം സ്വീകരിച്ചവരും, 17287 പേര്‍ താമസം മാറിയവരുമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ പ്രഖ്യാപനം. എന്നാല്‍ പലയിടത്തും പരാതികള്‍ ഉയര്‍ന്നുകഴിഞ്ഞു. പലരും എസ്.ഐ. ആറിനെ ഗൗരവത്തിൽ എടുത്തിട്ടുമില്ല . ഇതിനിടെയാണ് എസ്.ഐ.ആറില്‍ നിന്ന് പുറത്തുപോയ പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്ക് വേണ്ടി മമത ബാനര്‍ജി സുപ്രീംകോടതിയില്‍ വാദിക്കാനെത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് 2024 ജൂണ്‍ 24നും ഒക്ടോബര്‍ 27നും തെരഞ്ഞെടുപ്പ് കമീഷന്‍ പുറപ്പെടുവിച്ച മുഴുവന്‍ ഉത്തരവുകളും റദ്ദാക്കണമെന്നും 2025ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാകണം ഈ വര്‍ഷത്തെ പശ്ചിമ ബംഗാള്‍ നിയമ സഭ തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും ഹരജിയില്‍ മമത ആവശ്യപ്പെട്ടു. ബംഗാളില്‍ നടക്കുന്നത് കേരളത്തില്‍ നടക്കില്ല എന്ന് ഉറപ്പിക്കാമോ? ഇതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സർക്കാറിന് ബദലായി പൗരത്വരേഖയായി നേറ്റിവിറ്റി കാര്‍ഡ് കൊണ്ടുവരുന്നത്. ആകെ ആശങ്കയിലാണ് ജനം. ഈ പശ്ചാത്തലത്തില്‍ വീണ്ടും ഉറപ്പിച്ചുപറയുകയാണ്. എസ്.ഐ.ആര്‍ പൗരത്വ പരിശോധന തന്നെയാണ്.

മറക്കരുത്; എസ്.ഐ.ആര്‍ പൗരത്വ പരിശോധന തന്നെയാണ്

ബംഗാളും ബിഹാറും പോലെയല്ല കേരളത്തിലെ എസ്.ഐ. ആർ എന്ന് രാഷ്ട്രീയ നേതൃത്വം ആവർത്തിക്കുന്നുണ്ട്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം എന്ന എസ്.ഐ.ആര്‍ നടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ മനസിലിരിപ്പ് പൗരത്വം നിര്‍ണയിക്കല്‍ ആയിരുന്നോ എന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷനോട് ചോദിച്ചിട്ട് അധിക ദിവസങ്ങളായിട്ടില്ല. കുടിയേറ്റവും നഗരവല്‍കരണവും മറ്റും എസ്.ഐ.ആറിനുള്ള കാരണമായി കമീഷൻ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സുപ്രീകോടതിക്ക് ഇങ്ങനെ ചോദിക്കേണ്ടി വന്നത്. നിയമവിരുദ്ധമായ കുടിയേറ്റമാണ് എസ്.ഐ.ആറിനുള്ള ന്യായമെന്ന് തെരഞ്ഞെടുപ്പ് കമീഷന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞപ്പോൾ വിജ്ഞാപനത്തില്‍ അത് പരാമര്‍ശിച്ചിട്ടില്ലല്ലോ എന്ന് കോടതി മറുചോദ്യമിട്ടു. പശ്ചാത്തലം വ്യക്തമാണല്ലോ, ഒറ്റപ്പെട്ടതാണെങ്കിലും എതിർപ്പുകൾ പലയിടത്തു നിന്നും ഉയരുന്നുണ്ട്. എസ്.ഐ.ആര്‍. സമാധാനത്തോടെ, സാവധാനത്തിലുള്ള വംശഹത്യഹത്യയാണെന്ന് കേരളത്തില്‍ വന്ന് കഴിഞ്ഞ ദിവസം ഉറക്കെ പ്രഖ്യാപിച്ചത് ബി.ജെ.പിയുടെ കേന്ദ്ര ധനകാര്യ മന്ത്രിയും കോര്‍പ്പറേറ്റ് കാര്യ മന്ത്രിയുമായ നിര്‍മ്മല സീതാരാമന്റെ ഭര്‍ത്താവും പ്രമുഖ സാമ്പത്തിക വിദഗ്ധനായ പരകാല പ്രഭാകറാണ്. "ഒരു പ്രത്യേക മതത്തിലോ വിഭാഗത്തിലോ, സംസ്‌കാരത്തിലോ, ഭാഷയിലോ ഉള്ള ആളുകള്‍ മാത്രമേ വോട്ടര്‍ പട്ടികയില്‍ അവശേഷിക്കുന്നുള്ളൂവെങ്കില്‍, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് പ്രഖ്യാപിക്കാന്‍ അധിക നാള്‍ വേണ്ടിവരില്ല'' എന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.

ഇലക്ഷന്‍ കമീഷനറിയാതെ എസ്.ഐ.ആര്‍ വന്നതെങ്ങനെ?

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സംശുദ്ധമായ വോട്ടര്‍ പട്ടിക ആരാണ് ആഗ്രഹിക്കാത്തത്. മരിച്ച ആരും വോട്ടര്‍ പട്ടികയില്‍ ഉണ്ടാകാന്‍ ആരും ആഗ്രഹിക്കുന്നില്ല. വോട്ടര്‍ പട്ടികയില്‍ നിന്ന് തുടച്ചുനീക്കപ്പെടാന്‍ ആരും ആഗ്രഹിക്കുന്നില്ല. അതിനാല്‍ നല്ല സംശുദ്ധമായ വോട്ടര്‍ പട്ടിക വേണം.അതിനാണ് എസ്.ഐ.ആര്‍. വോട്ടര്‍ പട്ടികയുടെ കൃത്യത ഉറപ്പാക്കുക, പുതിയ വോട്ടര്‍മാരെ ചേര്‍ക്കുക, അയോഗ്യരായവരെ നീക്കുക, പട്ടിക നവീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ജനങ്ങള്‍ക്ക് മുമ്പില്‍ എസ്.ഐ.ആര്‍ അതി വിദഗ്ധമായി 'മാര്‍ക്കറ്റ്' ചെയ്യപ്പെട്ടത്.

മിക്ക തെരഞ്ഞെടുപ്പുകള്‍ക്കും മുമ്പ് എസ്.എസ്.ആര്‍ എന്ന് വിളിക്കപ്പെടുന്ന പ്രത്യേക പരിഷ്‌കരണം നടക്കാറുണ്ട്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം, ഒക്ടോബര്‍ മുതല്‍ ജനുവരി വരെയും എസ്.എസ്.ആര്‍ നടന്നു. അത് കഴിഞ്ഞപ്പോള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു ഏജന്‍സിയെക്കൊണ്ട് പഠനം നടത്തി ആ പരിഷ്‌കരണം തൃപ്തികരമല്ലെന്നും രാജ്യത്തെ വോട്ടര്‍ പട്ടിക ഇപ്പോഴും കൃത്യമായില്ലെന്നും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം എന്ന എസ്.ഐ.ആര്‍ ആവശ്യമാണെന്നും കണ്ടെത്തി. ഇതേത്തുടര്‍ന്ന് ബിഹാറില്‍ രാജ്യത്താദ്യമായി എസ്.ഐ.ആര്‍. തുടങ്ങി. അപ്പോള്‍ ഉയര്‍ന്ന ചോദ്യം ആരാണ് എസ്.ഐ.ആര്‍ നടത്താന്‍ തീരുമാനിച്ചത് എന്നതാണ്? എസ്.എസ്.ആര്‍ ശരിയായില്ലെന്ന് കണ്ടെത്തിയ ഏജന്‍സി എന്നതാണ്. ഈ രണ്ട് ചോദ്യങ്ങള്‍ക്ക് പിറകെ പോയ വിവരാവകാശ ആക്ടിവിസ്റ്റായ അഞ്ജലി ഭരദ്വാജ് ആഴ്ചകള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയ വിവരാവകാശ മറുപടി ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. 'ഫയല്‍ നോട്ട് '' ഉള്‍പ്പെടെ പഠനം നടത്തിയ ഏജന്‍സിയുടെ ശുപാര്‍ശകള്‍ ചോദിച്ച അഞ്ജലിക്ക് ഇലക്ഷന്‍ കമീഷന്‍ നല്‍കിയ മറുപടി എസ്.ഐ.ആര്‍ നടത്താന്‍ ഇലക്ഷന്‍ കമീഷന്‍ തീരുമാനിച്ചിട്ടില്ല എന്ന്. മാത്രമല്ല, എസ്.ഐ.ആറിന് ആധാരമായ 2003ലെ ബിഹാറിലെ വോട്ടര്‍ പട്ടികയുടെ മാര്‍ഗരേഖ പോലും കമീഷനില്‍ ഇല്ലെന്നുമായിരുന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ രേഖാമൂലമുള്ള മറുപടിയെന്ന് അഞ്ജലി വെളിപ്പെടുത്തുന്നു. ഇതിനാലാണ് എസ്.ഐ.ആറിന് വേണ്ടിയുള്ള ലക്ഷ്യപ്രചാരണങ്ങള്‍ പൗരത്വ നിര്‍ണയത്തിനുള്ള വെറും മാര്‍ക്കറ്റിങ് തന്ത്രമായിരുന്നു എന്ന് വീണ്ടും ആരോപണമുയരുന്നത്.

ബംഗാള്‍ -ബിഹാര്‍ പാഠങ്ങള്‍

ബിഹാറിലെ എസ്.ഐ.ആറോടെ വെട്ടിമാറ്റപ്പെട്ടത് 66 ലക്ഷം പേരാണ്. ഇവരില്‍ 16 ലക്ഷം സ്ത്രീകളായിരുന്നു. വെട്ടി നീക്കപ്പെട്ടവരില്‍ മുസ്ലീം ജനവിഭാഗങ്ങളും വളരെ കൂടുതലാണ്. ബിഹാര്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ നുഴഞ്ഞുകേറിയ വിദേശികളെ കണ്ടെത്തി ഒഴിവാക്കല്‍ ആണ് എസ്.ഐ.ആര്‍ കൊണ്ട് മുഖ്യമായും ഉദ്ദേശിക്കുന്നത് എന്ന് 'തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു . എന്നാൽ കരട് പട്ടികയില്‍ നീക്കം ചെയ്യപ്പെട്ടവരില്‍ വിദേശ നുഴഞ്ഞുകയറ്റക്കാരായി ഒരാളെപ്പോലും തെരഞ്ഞെടുപ്പ് കമ്മീഷന് കണ്ടെത്താനുമായില്ല. എസ്.ഐ.ആർ പ്രക്രിയയുടെ ഭാഗമായി പശ്ചിമബംഗാളില്‍ നിന്ന് 58 ലക്ഷത്തോളം പേരുകളാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയത്. വോട്ടര്‍മാരുടെ അപ്പീല്‍ പോലും പരിഗണിക്കാതെയാണ് ഈ നടപടി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള മൈക്രോ ഒബ്സര്‍വര്‍മാരെ ഉപയോഗിച്ചാണ് പേരുകള്‍ നീക്കം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിക്കുന്നു. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടുപേര് സ്വീകരിച്ച സ്ത്രീകളുടെയും ജോലി സംബന്ധമായി മാറി താമസിക്കുന്നവരുടെയും പേരുകള്‍ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യുന്നു. ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടാലും തള്ളിപ്പോകാം

ഇതുവരെ പറഞ്ഞത് മറ്റ് സംസ്ഥാനങ്ങളുടെ കാര്യമാണ്. കേരളത്തിൽ അന്തിമ വോട്ടർ പട്ടിക ഇറങ്ങുക ഈ മാസം 21 ന് ആണ്. അതിനുള്ള അന്തിമനടപടിക്രമങ്ങളിൽ ആണ് ഇലക്ഷൻ കമീഷൻ. സംസ്ഥാനം പുറത്തുവിട്ട കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടാലും പല പേരുകളും തള്ളിപ്പോകാം എന്ന അവസ്ഥ ഉണ്ട്. ഇലക്ഷന്‍ കമ്മീഷന്‍ എതിര്‍പ്പ് ഉന്നയിച്ചാലാണ് പുറത്താകുക. അതിനെയാണ് അണ്‍ മാപ്പിങ്, ലോജിക്കല്‍ ഡിസ്‌ക്രിപന്‍സി എന്നൊക്കെ പറയുന്നത്. തെരഞ്ഞെടുപ്പ് കമീഷൻ്റെ യുക്തി പരിശോധനയില്‍ പരാജയപ്പെടുന്നവര്‍ ആണ് ഇത്തരം പുറത്താകൽ ലിസ്റ്റില്‍ ഉള്‍പ്പെടുക. ഒരേ പേരില്‍ രണ്ടിടത്ത് ഉണ്ടെന്ന് തിരിച്ചറിഞ്ഞാൽ യുക്തി പരിശോധന നടത്താവുന്ന നടപടിക്രമമുണ്ട്. ഒരേ ഫോട്ടോ രണ്ടിടത്ത് വന്നാലും പരിശോധന നടത്തും. ഫേസ് ഡിറ്റക്ഷന്‍ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത്തരം യുക്തി പരിശോധന നടത്തുന്നത്. അങ്ങനെ യുക്തി പരിശോധനയില്‍ പരാജയപ്പെടുന്നവര്‍ക്ക് ക്ലെയിം ഉന്നയിക്കാം. അതിൻ്റെ സമയ പരിധി ഇതിനകം കഴിഞ്ഞു കേട്ടോ. ഈ മാസം ഫെബ്രുവരി 21 ന് പുറത്തുവിടുന്ന അന്തിമ വോട്ടര്‍ പട്ടികയിൽ തര്‍ക്കരഹിതമായി കണ്ടെത്തിയവരാണ് ഉൾപ്പെടുക. ആ പോളിങ് പ്രദേശത്ത് സ്ഥിര താമസമില്ലാത്തവരെയും മാപ്പിങ് ചെയ്യാന്‍ കഴിയാത്തവരെയും ലോജിക്കല്‍ ഡിസ്‌ക്രിപന്‍സി ഉള്ളവരെയും ലിസ്റ്റില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി കഴിഞ്ഞു.

എസ്.ഐ. ആര്‍ എന്ന പൗരത്വരേഖ

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നതിനെ നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ല. ദീര്‍ഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ പ്രക്രിയ ഇത്തരത്തില്‍ തിടുക്കത്തില്‍ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ആശങ്ക നേരത്തെ ഉയര്‍ന്നതാണ്. പൗരത്വരേഖ കൂടി നല്‍കിയാലേ വോട്ടറാകൂ എന്ന നിബന്ധന നമ്മുടെ പ്രായപൂര്‍ത്തി വോട്ടവകാശത്തെ ഹനിക്കുന്ന തീരുമാനമാണ്. 2003 നുശേഷം ജനിച്ചവര്‍ പിതാവിന്റെയും മാതാവിന്റെയും പൗരത്വരേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ വോട്ടറാവൂ എന്ന നിർദേശത്തിലാണ് എതിർപ്പുകൾ ഉയരുന്നത്. രേഖകളില്ലാത്തതിൻ്റെ പേരില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നത്, ഭരണഘടനയുടെ അനുച്ഛേദം 326 പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന സാര്‍വത്രിക വോട്ടവകാശത്തിൻ്റെ പൂര്‍ണമായ ലംഘനമാണെന്ന് സംസ്ഥാന സര്‍ക്കാരിൻ്റെ നിയമസഭയില്‍ പ്രമേയം വ്യക്തമാക്കുന്നുണ്ട്.

നേറ്റിവിറ്റി കാര്‍ഡ്, പൗരത്വരേഖക്ക് ബദലാകുമോ

എസ്.ഐ.ആര്‍. പൗരത്വരേഖയാണെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ബദലായി പ്രഖ്യാപിച്ച രേഖയാണ് നേറ്റിവിറ്റി കാര്‍ഡ്. സംസ്ഥാനത്ത് അനുവദിച്ചുവരുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഇനി മുതല്‍ ഈ കാര്‍ഡ് ആയിരിക്കും പ്രാബല്യത്തിലാവുക. പൗരരുടെ ജനനവും താമസവും തെളിയിക്കാനുള്ള ആധികാരിക രേഖയാണ് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്. എന്നാല്‍ ഇതിന് അത്രമേല്‍ നിയമ പിന്‍ബലമില്ല. അതിനാല്‍ നിയമ പിന്‍ബലമുള്ള രേഖ തയ്യാറാക്കുകയെന്ന ലക്ഷ്യം കൂടി നേറ്റിവിറ്റി കാർഡിന് പിന്നിലുണ്ട്. സംസ്ഥാനത്ത് ജീവിക്കുന്ന വ്യക്തിയാണെന്ന് തെളിയിക്കാനാണ് നേറ്റിവിറ്റി നല്‍കുന്നത്. കാര്‍ഡ് വിതരണം ചെയ്യാനുള്ള അധികാരം തഹസില്‍ദാരില്‍ നിക്ഷിപ്തമായിരിക്കും.

വോട്ടര്‍മാരെ തീരുമാനിക്കുന്ന ഭരണകൂടം

ബിഎല്‍.ഒമാരും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാരും അസി. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാരും പൗരത്വം നിര്‍ണയിക്കുന്ന സാഹചര്യമൊരുങ്ങിയത് എസ്.ഐ.ആർ വഴിയാണ്. അവരുടെ തീരുമാനത്തില്‍ പരാതിയുള്ളവര്‍ അപ്പീലുമായി ജില്ല കലക്ടറെയും തുടര്‍ന്നും പരാതിയുള്ളവര്‍ അപ്പീലുമായി തിരുവനന്തപുരത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെയും സമീപിച്ച് വിചാരണക്ക് വിധേയരാകണം. അവരും തള്ളിയാല്‍ മുന്നിലുള്ള വഴിയടഞ്ഞു. ജാഗ്രതയില്ലെങ്കില്‍ ബിഹാര്‍ ആവര്‍ത്തിച്ചേക്കാം. കാരണം എസ്ഐആറിന് ശേഷം, ആരാണ് വോട്ടര്‍ ആകേണ്ടതെന്ന് തീരുമാനിക്കുന്നത് ഭരണകൂടമാണ്. കാരണം വോട്ടറിന്റെ മാനദണ്ഡങ്ങള്‍ അവര്‍ നിശ്ചയിക്കും. ആവശ്യമില്ലാത്തവരെ പുറത്താക്കും. സര്‍ക്കാരില്‍ ആര് ഉണ്ടാകണമെന്ന് തീരുമാനിക്കുന്ന വോട്ടറുടെ അവകാശം ഇതോടെ അപ്രസക്തമാണ്. കാര്യങ്ങള്‍ അത്രമാത്രം മാറിമറിഞ്ഞേക്കും. ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന് പറയാനാകും, ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഒരു വോട്ടര്‍ ആകാം എന്ന്. അല്ല, നിങ്ങള്‍ക്ക് ഒരു വോട്ടര്‍ ആകാന്‍ കഴിയില്ല എന്ന്. എസ്ഐആര്‍ എത്തിച്ച ഘട്ടം അതാണ്. കാര്യങ്ങൾ ഇതൊക്കെയാണെങ്കിലും എസ്.ഐ. ആറിൻ്റെ കുരുക്കുവഴികൾ സാധാരണ ജനങ്ങളിൽ എത്തിക്കാൻ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട്.

അങ്ങനെ തോന്നാൻ കാരണം

എസ്.ഐ. ആർ എന്ന കേന്ദ്ര തീരുമാനത്തെ ഇടതു വലത് മുന്നണികൾ താഴെത്തട്ടിൽ ശക്തമായി പ്രതിരോധിക്കുന്നത് നമ്മൾ കണ്ടിട്ടില്ല. കേരള സർക്കാർ പാസാക്കിയ പ്രമേയവും നിയമനടപടികളും എസ്.ഐ.ആറിൽ നിന്ന് പുറത്താകുന്നവരെ തിരിച്ചു കയറ്റാനുള്ള ഇടപെടലുകളും വിസ്മരിക്കാനാവില്ല . എങ്കിലും നേരത്തെ പറഞ്ഞപോലെ ജനങ്ങളോട് എസ്.ഐ. ആറിൻ്റെ രാഷ്ട്രീയം എത്തിക്കാൻ രാഷ്ട്രീയ കക്ഷികൾക്ക് ആവുന്നില്ല എന്നത് പറയാതിരിക്കാനാവില്ല . ഇത്തരം ജാഗ്രതയും വേണ്ടത് തന്നെയാണ്.കാരണം, എസ്.ഐആറിൻ്റെ പേരിൽ ഒരാൾ പോലും പൗരത്വ ഭീഷണി നേരിടരുത് എന്നത് തന്നെ.

പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ കൂടിയായ പരകാല പ്രഭാകര്‍ തന്റെ തൃശൂരിലെ പ്രസംഗത്തില്‍ കൂട്ടിപ്പറഞ്ഞത് ഇങ്ങനെയാണ്. ''എസ്.ഐ.ആര്‍ വെറുമൊരു തെരഞ്ഞെടുപ്പ് പ്രശ്‌നമല്ല. ഇത് അപകടത്തിലാക്കിയത് ഒരു സാര്‍വത്രിക വോട്ടവകാശം മാത്രമല്ല. നമ്മുടെ റിപ്പബ്ലിക്കിനെയാണ്. നിങ്ങള്‍ പൗരത്വത്തെ കൊല്ലുകയാണെങ്കില്‍, ആധുനിക ലോകത്ത് നിങ്ങള്‍ പൗരനെ കൊല്ലുകയാണ്. കാരണം പൗരത്വത്തിന്റെ ഹൃദയം വോട്ടവകാശമാണ്''.

SCROLL FOR NEXT