OPINION

എങ്ങനെയാണ് ദേശീയപാത ഇങ്ങനെ ആയത്?

രാജീവ് ചന്ദ്രശേഖർ ഏത് പ്രോട്ടോക്കോൾ പ്രകാരമാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ക്ഷണമില്ലാത്ത ചടങ്ങിൽ പങ്കെടുത്തത് എന്ന ചോദ്യവും ബാക്കി

Author : പി.പി. പ്രശാന്ത്

കേരളം ഇന്നോളം കണ്ട ഏറ്റവും വലിയ റോഡ് വികസന പദ്ധതികളിലൊന്നിൻ്റെ പണി പൂർത്തിയായ വലിയൊരു ഭാഗം നാടിന് സമർപ്പിച്ച ദിവസം. സമാനതകളില്ലാത്ത വിവാദവും അതിനൊപ്പം പൊട്ടിവീണിരിക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തിൻ്റെയെങ്കിലും അസാധാരണ വഴിത്തിരിവുകളുടെ ദീർഘചരിത്രമുണ്ട് ദേശീയപാത 66-ൻ്റെ നിർമാണത്തിന്. എണ്ണമറ്റ വിവാദങ്ങൾ. സമരങ്ങൾ, ഒത്തുതീർപ്പുകൾ, പൊട്ടിത്തെറികൾ, സമവായങ്ങൾ, പ്ലാനും പദ്ധതിയും മാറിമറിയൽ, ഉപേക്ഷിച്ച് പോകൽ, വീണ്ടും ഒന്നിൽ നിന്ന് തുടങ്ങൽ അങ്ങനെയങ്ങനെ. ഒടുവിലിന്ന് കേരളത്തിൻ്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ഒഴിവാക്കി, ബിജെപി സംസ്ഥാന അധ്യക്ഷനെ ഉൾപ്പെടുത്തി പ്രധാനമന്ത്രി പദ്ധതിയുടെ ആദ്യ റീച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങി. മുഖ്യമന്ത്രി അടക്കം സംസ്ഥാന സർക്കാർ ഒന്നാകെ ചടങ്ങ് ബഹിഷ്കരിച്ചു. സിപിഐഎം നേതൃത്വത്തിൽ സമാന്തര ഉദ്ഘാടനം സംഘടിപ്പിച്ചു. എങ്ങനെയാണ് ദേശീയപാത ഇങ്ങനെ ആയതെന്ന് നാം അറിയേണ്ടിയിരിക്കുന്നു.

ഓർമകൾ ഉണ്ടായിരിക്കണം

ഒരിക്കലും യാഥാർത്ഥ്യമാകില്ലെന്ന് കുറച്ച് വർഷം മുമ്പ് മലയാളികളെല്ലാം കരുതിയ ഒരു വികസന സ്വപ്നമാണ് ഇന്ന് യാഥാർത്ഥ്യമായത്. ഭൂമി ഏറ്റെടുക്കലായിരുന്നു ദേശീയപാതാവികസനത്തിലെ ഏറ്റവും വലിയ കീറാമുട്ടി. വീടുകളും കടകളും സ്ഥാപനങ്ങളുമായി ഒരൊറ്റ ഗ്രാമമെന്ന പോലെ നീണ്ടു നിവർന്നു കിടക്കുന്ന കേരളം. അതിനിടയിലൂടെ കാസർകോട്ടെ തലപ്പാടിമുതൽ തിരുവനന്തപുരം കാരോടുവരെ 45 മീറ്റർ വീതിയിൽ 600 കിലോമീറ്ററോളം നീളത്തിലൊരു പാത. അതൊരു അതിവിദൂര സ്വപ്നമായിരുന്നു. ഇതിനിടെ നദികൾ, തടാകങ്ങൾ, പാടശേഖരങ്ങൾ, പരിസ്ഥിതി ലോല മേഖലകൾ. എങ്ങനെ ഭൂമി കണ്ടെത്തും എന്ന ചോദ്യത്തിൽ തട്ടി വികസനസ്വപ്നം സ്തംഭിച്ച് നിന്ന കാലമുണ്ടായിരുന്നു.പാലങ്ങളും ഫ്ലൈ ഓവറുകളും മറ്റേത് സംസ്ഥാനത്തേക്കാളും കൂടുതൽ വേണം. നിലവിലുള്ള ഹൈവേ തന്നെ വികസിപ്പിക്കണോ പുതിയ ഗ്രീൻ ഫീൽഡ് ഹൈവേ നിർമിക്കണോ എന്നിങ്ങനെ തീർത്താലും തീർത്താലും തീരാത്ത തർക്കങ്ങളുണ്ടായിരുന്നു. രാജ്യത്ത് മറ്റെവിടെയും ഇല്ലാത്ത ഭൂമിവില എന്ന കീറാമുട്ടിയുണ്ടായിരുന്നു. സമരങ്ങളുടേയും പ്രക്ഷോഭങ്ങളുടേയും വേലിയേറ്റം മാധ്യമത്താളുകളിൽ നിറഞ്ഞ കാലം. ഒടുവിൽ 2014ൽ ദേശീയപാത അതോറിറ്റി, പദ്ധതി ഉപേക്ഷിച്ച്‌, ഓഫീസ് പൂട്ടി കേരളം വിട്ടുപോയി. ആ നിലയിൽ നിന്ന് എങ്ങനെ ദേശീയപാത ഒരു യാഥാർത്ഥ്യമായി എന്നത് ഇന്നത്തെ നാടകീയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും ഓർക്കുന്നത് രാഷ്ട്രീയ കൌതുകമായിരിക്കും.

ഓർമയുണ്ടോ ആ ഫേസ്ബുക്ക് പോസ്റ്റ് ?

ഇന്നേക്ക് കൃത്യം പത്ത് വർഷം മുമ്പ്, 2016 മെയ് 31ന് അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയ ഒരു കുറിപ്പുണ്ട്. അതിങ്ങനെയാണ്, മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുന്നിൽ രണ്ട് പ്രധാന വെല്ലുവിളികൾ ഉണ്ട്. ഉടനെ വരുന്നത്, ദേശീയപാതാ വികസനവും ഗെയിൽ വാതക പൈപ്പ് ലൈൻ പൂർത്തീകരണവും ആയിരിക്കും. ഇത് രണ്ടും ഫലപ്രദമായി വിജയിപ്പിക്കാൻ കഴിഞ്ഞാൽ അത് അദ്ദേഹത്തിന് ഒരു നേട്ടം തന്നെ ആയിരിക്കും. അതത്ര എളുപ്പമാവില്ല എന്നാണ് എൻ്റെ പക്ഷം. കെ. സുരേന്ദ്രൻ പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്, ഒരു പ്രവചനത്തിന് മുതിരുന്നില്ല, ഇതിൽ രണ്ടിലും വിജയിച്ചാൽ പിണറായി വിജയൻ നിശ്ചയദാർഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടിവരും. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി എന്നേ യാഥാർത്ഥ്യമായി. കെ.സുരേന്ദ്രൻ്റെ പോസ്റ്റിന് പത്ത് വർഷം തികയാൻ ഒരു മാസം മാത്രം ബാക്കി നിൽക്കേ, ദേശീയ പാതാ വികസനത്തിൻ്റെ ആദ്യ റീച്ച് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. എങ്ങനെയായിരുന്നു സ്ഥലമേറ്റെടുപ്പ് എന്ന കീറാമുട്ടി സംസ്ഥാനസർക്കാർ തല്ലിയുടച്ചത് ?

ഓർമയില്ലേ ഗഡ്കരിയുടെ ആ ക്ഷോഭം ?

ആദ്യ ടേമിൽ അധികാരമേറ്റയുടൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നീക്കങ്ങളിലൊന്ന് ഡെൽഹിയിലെത്തി പ്രധാനമന്ത്രിയേയും ഉപരിതല ഗതാഗത മന്ത്രിയേയും കാണുകയായിരുന്നു. ദേശീയപാതാ വികസനത്തിന് സ്ഥലമേറ്റെടുത്ത് നൽകാൻ സർക്കാർ തയ്യാറാണ്. പൂട്ടിപ്പോയ NHAI ഓഫീസ് വീണ്ടും തുറക്കണം. സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കലിൻ്റെ നഷ്ടപരിഹാരത്തിന്റെ 25% വരെ കേരള സർക്കാർ വഹിക്കാൻ തീരുമാനിച്ചു. പക്ഷേ കേന്ദ്ര ഉത്തരവ് മാത്രം ഇറങ്ങിയില്ല. അതിനും ശേഷം നടത്തിയ നാലാമത്തെയോ അഞ്ചാമത്തെയോ കൂടിക്കാഴ്ചയിൽ ഇനിയെങ്കിലും ഇത് സംബന്ധിച്ച് ഉത്തരവുണ്ടാകണം എന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ അറിയിക്കുന്നു. അന്ന് ഗഡ്കരി സ്വന്തം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് ക്ഷുഭിതനായ വാർത്തയും നമുക്ക് ഓർമയുണ്ട്. ഒരു മുഖ്യമന്ത്രി ഒരേ ആവശ്യമുന്നയിച്ച് നിരന്തരം കേന്ദ്രമന്ത്രാലയം കയറിയിറങ്ങേണ്ടി വരുന്നത് ലജ്ജാകരമാണ്. അടിയന്തരമായി സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച ഉത്തരവിറക്കണം എന്ന് കേന്ദ്രമന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. ശേഷം കേന്ദ്രവും കേരളവും തമ്മിൽ കരാറുണ്ടാക്കുന്നു, ഭൂമി ഏറ്റെടുക്കാനായി അന്ന് കണക്കാക്കിയ ചെലവായ 71000 കോടി രൂപയുടെ 25 ശതമാനം തുകയായ 5000 കോടി കേരളം വഹിക്കു എന്നായിരുന്നു കരാർ. അതിൽപ്പിന്നെ സ്വപ്നപദ്ധതിക്ക് വീണ്ടും ചിറക് മുളച്ചു.

ദേശീയ പാതയ്ക്കായി കേരളം നൽകിയത് 5580 കോടി

1190.67 ഹെക്‌ടർ ഭൂമിയാണ് കേരളത്തിന് ഏറ്റെടുക്കേണ്ടിയിവന്നത്. ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ സംസ്ഥാനം പ്രത്യേക സംവിധാനം രൂപീകരിച്ചു. നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാൻ ജില്ലകളിൽ പ്രത്യേക ഓഫീസർമാരെ നിയോഗിച്ചു. ഭൂമി വില, മാർക്കറ്റ് നിരക്കിന് അനുയോജ്യമാക്കി ഉയർത്തി നിശ്ചയിച്ചു. സംസ്ഥാന വിഹിതമായി 5580.73 കോടി രൂപ കേരള സര്‍ക്കാര്‍ നല്‍കി. ഇത്രയും വലിയ തുക നേരിട്ട് കണ്ടെത്താൻ വഴി ഇല്ലാത്തതുകൊണ്ട് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിഹിതം കൈമാറിയത്. പക്ഷേ പിന്നീട് ഈ തുക കേരളത്തിൻ്റെ കടമെടുപ്പ് പരിധിയിൽ നിന്ന് കേന്ദ്രം വെട്ടിക്കുറച്ചു. പകരം കണ്ടെത്തേണ്ടിവന്ന തുക കൂടി കൂട്ടിയാൽ കേരളത്തിൻ്റെ ആകെ ബാധ്യത ഫലത്തിൽ 12000 കോടി രൂപയായി മാറി. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തിനും ദേശീയപാതക്കായുള്ള സ്ഥലം ഏറ്റെടുപ്പിന് ഇത്രയും ഭീമമായ തുക മുടക്കേണ്ടി വന്നിട്ടില്ല. കേരളത്തിനു പിന്നിൽ ഹരിയാനയാണ് ദേശീയ പാതയ്ക്കായി കൂടുതൽ പണം ചെലവിട്ട സംസ്ഥാനം, 3114 കോടി. ഉത്തർപ്രദേശിന് മുടക്കേണ്ടി വന്നത് 2301 കോടി, ബിഹാർ മുടക്കിയത് 733 കോടി രൂപയായിരുന്നു. കർണാടക - 276 കോടി, തമിഴ്നാട് - 235 കോടി. എന്ന് തുടങ്ങിയ കണക്കുകൾ കൂടി നോക്കുമ്പോഴാണ് കൊച്ചുസംസ്ഥാനമായ നമ്മൾ ദേശീയപാതയ്ക്കായി മുടക്കിയ പ്രയത്നവും പണവും എത്ര വലുതായിരുന്നു എന്ന് മനസിലാവുക. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്ഥലമേറ്റെടുപ്പിനുള്ള തുക പൂർണമായും എൻഎച്എഐയാണ് വഹിക്കുന്നത് എന്നുമോർക്കണം. കീഴാറ്റൂർ സമരം പോലെ കീറാമുട്ടികൾ പിന്നെയും ഉണ്ടായി. ദേശീയപാതാ നിർമാണം തടയണം എന്നാവശ്യപ്പെട്ടവരിൽ കേരളത്തിലെ ബിജെപി ഘടകം അടക്കം ഉണ്ടായിരുന്നു. കീഴാറ്റൂരിൽ കോൺഗ്രസും ബിജെപിയുമെല്ലാം ഒരൊറ്റ വേദിയിലായിരുന്നു സമരത്തിന് അണിനിരന്നത്. പ്രതിഷേധങ്ങളും നിയമപ്രശ്നങ്ങളും പരിഹരിക്കാൻ സർക്കാർ നിരന്തരം ഇടപെട്ടു. NHAI യുമായി സ്ഥിരം റിവ്യൂ മീറ്റിംഗുകൾ നടത്തി. പിന്നെയും തടസങ്ങളുണ്ടായി. സംയുക്ത സമരസമിതിയുടെ അപേക്ഷ പരിഗണിച്ച് ദേശീയപാതക്കായുള്ള സ്ഥലമേറ്റെടുപ്പ് തത്കാലം നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള കേന്ദ്രത്തിന് കത്തെഴുതിയത് 2018 സെപ്റ്റംബർ 14ന് ആയിരുന്നു. നിർമാണം പിന്നെയും നിർത്തിവച്ചു. പരിസ്ഥിതി പ്രശ്നങ്ങൾ, റെയിൽവേ ക്രോസിംഗ് എന്നുതുടങ്ങി വിവിധങ്ങളായ പ്രശ്നങ്ങളിൽ വിവിധ മന്ത്രാലയങ്ങളുമായി നിരന്തരം കൂടിയാലോചിച്ചും ഇടപെട്ടും വീണ്ടും തടസങ്ങൾ നീങ്ങി. അങ്ങനെ അങ്ങനെയാണ് വർഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതി പിന്നെയും മുന്നോട്ടുപോയത്.

ഉദ്ഘാടന വേദിയിലെ രാഷ്ട്രീയ പ്രോട്ടോക്കോൾ !

ഒടുവിലിന്ന് ആദ്യ റീച്ചിൻ്റെ ഉദ്ഘാടനം നടന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ദേശീയ പാത ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണമില്ല. മുഖ്യമന്ത്രിയടക്കം ചടങ്ങ് ബഹിഷ്കരിച്ചു. ദേശീയ പാതയ്ക്കായുള്ള കേരളത്തിൻ്റെ ശ്രമങ്ങളെ പലവട്ടം പ്രകീർത്തിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയു ഉദ്ഘാടനത്തിന് എത്തിയില്ല. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനവേദിയിലെ പ്രധാനിയായി. നന്ദിഗ്രാമിലെ മണ്ണുമായി ദേശീയപാത നിർമാണം തടയാൻ നിന്ന സുരേഷ് ഗോപിയും വേദിയിലെ മറ്റൊരു പ്രധാനിയായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം മരുമകനേയും കുടുംബത്തേയും വിളിക്കണം എന്ന് എവിടെയാണ് എഴുതിവച്ചിരിക്കുന്നത് എന്ന പരിഹാസ്യവും മര്യാദയില്ലാത്തതുമായ ചോദ്യം രാജീവ് ചന്ദ്രശേഖർ ചോദിച്ചതും നമ്മൾ കണ്ടു. ദേശീയപാത വികസനത്തിൻ്റെ നോഡൽ ഏജൻസിയായി പ്രവർത്തിച്ച് വന്നത് പിഡബ്ല്യുഡി വകുപ്പാണ്. ആ വകുപ്പിൻ്റെ മന്ത്രി മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയുടെ മരുമകനായി കാണുന്ന രാജീവ് ചന്ദ്രശേഖറിൻ്റെ ജനാധിപത്യബോധത്തെ ഓർത്ത് സ്പോട്ട് ലൈറ്റ് സഹതപിക്കുക മാത്രം ചെയ്യുന്നു. രാജീവ് ചന്ദ്രശേഖർ ഏത് പ്രോട്ടോക്കോൾ പ്രകാരമാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ക്ഷണമില്ലാത്ത ചടങ്ങിൽ പങ്കെടുത്തത് എന്ന ചോദ്യവും ബാക്കി.

ഇന്ത്യ എന്നത് കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും ഇടയിൽ അധികാരങ്ങളും കടമകളും മനോഹരമായി വിതരണം ചെയ്യപ്പെട്ട ഒരു ഫെഡറൽ ആശയമാണ്. ഇന്ത്യയെ യൂണിയൻ ഓഫ് സ്റ്റേറ്റ്സ് എന്നാണ് നമ്മുടെ ഭരണഘടന നിർവചിക്കുന്നത്. പരസ്പരാംഗീകാരം, വിശ്വാസം, സഹകരണം, മറ്യാദ എന്നുതുടങ്ങിയ മൂല്യങ്ങളാണ് ആ സംവിധാനത്തിൻ്റെ ആണിക്കല്ല്.

SCROLL FOR NEXT