പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട മധ്യപ്രദേശിലെ ധാര്‍ ജില്ലയിലുള്ള ചരിത്രപ്രധാനമായ കമാല്‍ മൗല മസ്ജിദ് സരസ്വതി ക്ഷേത്രമാണെന്ന് വിധിച്ചിരിക്കുകയാണ് മധ്യപ്രദേശ് ഹൈക്കോടതി. മസ്ജിദ് നിലനിന്ന ഭൂമി ക്ഷേത്രമാണെന്ന് ജഡ്ജിമാരായ വിജയ് കുമാര്‍ ശുക്ലയും അലോക് അവസ്തിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിധിച്ചതിനൊപ്പം ഇവിടെ വെള്ളിയാഴ്ചകളില്‍ മുസ്ലിംകള്‍ക്ക് നിസ്‌കരിക്കാനുള്ള അനുമതി റദ്ദാക്കുകയും ചെയ്തു. അയോധ്യയിലെ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കക്കേസില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവിന് സമാനമായി, കമാല്‍ മൗല മസ്ജിദിന് പകരമായി മറ്റൊരുസ്ഥലത്ത് പള്ളി നിര്‍മിക്കുന്നതിന് മുസ്ലിംകള്‍ക്ക് ഭൂമി നല്‍കുന്നതിനെക്കുറിച്ചും ഹൈക്കോടതിയുടെ വിധിയിലുണ്ട്. നീതിപീഠത്തെ സാംസ്‌കാരിക പകപോക്കലിനുള്ള ഉപകരണമാക്കുന്ന അപകടകരമായ പ്രവണതയുടെ തുടര്‍ച്ചയാണോ ഈ വിധി എന്ന ആരോപണം ഉയര്‍ന്നിരിക്കുന്നു. വിധി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കിക്കഴിഞ്ഞു
അയോധ്യയുടെ ആവര്‍ത്തനമോ ഭോജ്ശാല- കമാല്‍ മസ്ജിദ് വിധി
മധ്യപ്രദേശിലെ ഭോജ്ശാല കമാല്‍ മൗല മസ്ജിദ് സമുച്ചയത്തിന്റെ അവകാശത്തര്‍ക്കത്തില്‍ അവിടത്തെ ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ഡിവിഷന്‍ ബെഞ്ചിന്റെ വിധി ഇന്ത്യയിലെ ജനാധിപത്യവിശ്വാസികളെയാകെ ആശങ്കയിലാക്കിക്കഴിഞ്ഞിരിക്കുന്നു. പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലുള്ള സമുച്ചയം മധ്യപ്രദേശിലെ ധാര്‍ ജില്ലയിലാണ്. അവിടെ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ആഴ്ചയില്‍ ഓരോ ദിവസം ആരാധന നടത്താന്‍ അനുവാദം നല്‍കിയ 2003ലെ പുരാവസ്തുവകുപ്പിന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് വിധിയെത്തിയത്. ജൈനമതക്കാരും അവകാശമുന്നയിച്ച കേസില്‍ സമുച്ചയം പൂര്‍ണമായും ഹിന്ദുവിഭാഗത്തിന് വിട്ടുകൊടുക്കുന്നതാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ തീരുമാനം. ബാബ്റി മസ്ജിദ്രാമജന്മഭൂമി തര്‍ക്കത്തില്‍ സംഘപരിവാര്‍ സംഘടനകളുടെ വാദങ്ങളെല്ലാം തള്ളിയപ്പോള്‍ത്തന്നെ തര്‍ക്കസ്ഥലം അവരുടെ ആവശ്യമനുസരിച്ച് ഹിന്ദു സംഘടനകള്‍ക്ക് വിട്ടുകൊടുത്ത 2019ലെ സുപ്രീംകോടതി വിധിയെ ഓര്‍മിപ്പിക്കുന്നതാണിത്.
2026, മെയ് 15ന്, മധ്യപ്രദേശ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് മസ്ജിദ് ക്ഷേത്രമാണെന്ന് വിധിയെഴുതിയത്. അയോധ്യാവിധിയുടെ മാതൃകയില്‍ മുസ്്‌ലിംകള്‍ക്ക് ആരാധന നടത്താന്‍ മറ്റൊരു സ്ഥലം അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു. ജസ്റ്റിസ് വിജയ് കുമാര്‍ ശുക്ലയായിരുന്നു ബെഞ്ചിന്റെ അധ്യക്ഷന്‍. ഈ ജൂണ്‍ 27ന് സേവനത്തില്‍നിന്ന് വിരമിക്കുന്ന അദ്ദേഹത്തിന്റെ ന്യയാധിപ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലാണ് 242 പേജുള്ള ഭോജ്ശാല വിധിന്യായം. പള്ളി നേരത്തെ സരസ്വതി ദേവിയുടെ ക്ഷേത്രമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുത്വ സംഘടനയായ ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് അടക്കമുള്ള കക്ഷികളുടെ ഹരജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.
അവകാശത്തകര്‍ക്കത്തിന്റെ ആരംഭം നൂറ്റാണ്ട് മുമ്പ്
ഇന്‍ഡോറില്‍നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള ധാറില്‍ സഹസ്രാബ്ദത്തോളംമുമ്പ് നിര്‍മിച്ച സമുച്ചയത്തിന്റെ അവകാശത്തര്‍ക്കം നൂറ്റാണ്ടുമുമ്പാണ് സജീവമായത്. നാട്ടുരാജ്യമായിരുന്ന ധാറിലെ ഹിന്ദു ദിവാന്‍ 1935ല്‍ തര്‍ക്കസ്ഥലം മസ്ജിദ് ആണെന്ന് ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. 1935ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ചായിരുന്നു പ്രഖ്യാപനമെങ്കിലും ആക്ട് പ്രാബല്യത്തിലായത് 1937ല്‍ ആണെന്ന് പറഞ്ഞാണ് ഹൈക്കോടതി മുസ്ലിംവിഭാഗത്തിന്റെ ആവശ്യം തള്ളിയത്. ബിജെപിയും സംഘപരിവാര്‍ സംഘടനകളും ബാബ്റി മസ്ജിദില്‍ അവകാശമുയര്‍ത്തി രാജ്യത്ത് മതപരമായ ധ്രുവീകരണം തീവ്രമാക്കാന്‍ തുടങ്ങിയശേഷം 1990കളിലാണ് ഭോജ്ശാലകമാല്‍ മൗല മസ്ജിദ് തര്‍ക്കവും മൂര്‍ച്ഛിച്ചത്. 1992ല്‍ സംഘപരിവാര്‍ ബാബ്റി മസ്ജിദ് തകര്‍ത്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തര്‍ക്ക പ്രദേശം നിരോധിത മേഖലയായി പ്രഖ്യാപിച്ചു. 2003ല്‍ പുരാവസ്തുവകുപ്പ് ഇരുവിഭാഗത്തിനും ആഴ്ചയില്‍ ഓരോദിവസം ആരാധന അനുവദിച്ചതോടെയാണ് വീണ്ടും വിവാദമായത്. പുരാവസ്തുവകുപ്പിന്റെ ആ ഉത്തരവാണ് ഇപ്പോള്‍ കോടതി റദ്ദ് ചെയ്തത്.
ജൈനക്ഷേത്രമെന്ന് അവകാശവാദം
തര്‍ക്ക സ്ഥലത്തെ നിര്‍മിതിയെ ഭോജ്ശാല എന്ന പേര് വിളിക്കാന്‍ തുടങ്ങിയതുതന്നെ കൊളോണിയല്‍ കാലഘട്ടത്തിലാണ് . 1903ല്‍ കെ.കെ ലെലെ പുരാവസ്തുവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലത്താണ് ഈ പേര് വന്നതെന്ന് പ്രമുഖ ചരിത്രകാരി രുചിക ശര്‍മ്മ ചൂണ്ടിക്കാണിക്കുന്നു. മാത്രവുമല്ല, അവിടെ ഒരു സരസ്വതീ വിഗ്രഹമുണ്ടായിരുന്നുവെന്ന വാദം ബലപ്പെടുന്നത് പുരാവസ്തുവകുപ്പ് ഡയരക്ടര്‍ കെ.എന്‍ ദീക്ഷിത്, മ്യൂസിയത്തിലുണ്ടായിരുന്ന വിഗ്രഹം സരസ്വതീ ദേവിയുടേതാണെന്നു 'കണ്ടെത്തി'യതോടെയാണ്. എന്നാല്‍ വിഗ്രഹത്തില്‍തന്നെ അതിന്റെ പേര് 'അംബിക' എന്നും ശില്‍പ്പിയുടെ പേര് 'വരരുചി' എന്നും ആലേഖനം ചെയ്തിട്ടുണ്ട്. അംബിക ഒരു ജൈന ദൈവസങ്കല്‍പ്പമാണ്. പ്രധാന ശില്‍പ്പത്തിനുമുകളില്‍ കൊത്തിവച്ചിട്ടുള്ള ചെറിയ ജൈന തീര്‍ഥങ്കരന്റെ രൂപമാണ് ഇതിന് സാധൂകരണമായി ജൈനവിഭാഗം പറയുന്നത്. മന്ദിരം നിര്‍മിച്ച ഭോജ രാജാവ് ജൈന പണ്ഡിതരെ പ്രോത്സാഹിപ്പിച്ചിരുന്നതിന് തെളിവായി ചരിത്രരേഖകളും ലിഖിതങ്ങളും ഉണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.
അതുകൊണ്ടുതന്നെ കമാല്‍ മൗലാ പള്ളിയിലുണ്ടെന്നു പറയുന്ന നിര്‍മാണാവശിഷ്ടങ്ങള്‍ ഹിന്ദു ക്ഷേത്രത്തിന്റേതല്ല മറിച്ച് ഒരു ജൈന ക്ഷേത്രത്തിന്റേതാണെന്നും രുചിക ശര്‍മ്മ വിശദീകരിക്കുന്നുണ്ട്. പള്ളിയുടെ പണിക്ക്, തകര്‍ന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ പുനരുപയോഗിച്ചിട്ടുണ്ട് എന്നതായിരുന്നു സര്‍വേയുടെ പ്രധാന കണ്ടെത്തല്‍. 97 വിഗ്രഹങ്ങള്‍ കണ്ടെത്തിയതില്‍ 37 എണ്ണം ഹിന്ദു ദൈവങ്ങളുടേതായിരുന്നു. അതേസമയം മധ്യകാലഘട്ടത്തില്‍, പഴയ കെട്ടിടങ്ങളുടെ സാധനസാമഗ്രികള്‍ ഉപയോഗിച്ചുകൊണ്ട് പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സ്വാഭാവികമാണെന്നും രുചിക ശര്‍മ വ്യക്തമാക്കുന്നു.
നിര്‍വീര്യമായ ആരാധനാലയ സംരക്ഷണ നിയമം
ചരിത്രപരവും മതപരവുമായ തര്‍ക്കങ്ങള്‍ തടയാനാണ് 1991ലെ ആരാധനാലയ നിയമം കൊണ്ടുവന്നത്. 1947 ഓഗസ്റ്റ് 15ന് ആരാധനാലയങ്ങള്‍ ഏത് പദവിയിലായിരുന്നോ അത് ഒരു കാരണവശാലും മാറ്റാന്‍ പാടില്ലെന്നാണ് 1991ലെ നിയമം വിഭാവനം ചെയ്യുന്നത്. അയോധ്യയില്‍ സംഘപരിവാര്‍ തര്‍ക്കമുയര്‍ത്തിയ വേളയില്‍ മറ്റിടങ്ങളില്‍ സമാനമായ കുഴപ്പങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനായിരുന്നു പാര്‍ലമെന്റ് നിയമം പാസാക്കിയത്. 2019ല്‍, അയോധ്യ തര്‍ക്കം, 1991-ലെ ആരാധനാലയ നിയമത്തിന്റെ പരിധിക്കു വെളിയിലാണെന്നു കണ്ടാണ് തീരുമാനമെടുത്തത്. ഇപ്പോള്‍ മധ്യപ്രദേശ് ഹൈക്കോടതിയാകട്ടെ, ആരാധനാലയത്തിന്റെ മതഭാവം 1947-ലെ തല്‍സ്ഥിതിവച്ച് മരവിപ്പിക്കുകയല്ല, പകരം പുരാവസ്തു ശാസ്ത്രത്തിലൂടെയും ചരിത്രാന്വേഷണങ്ങളിലൂടെയും പുരാവസ്തു സര്‍വേയിലെ കണ്ടെത്തലുകളിലൂടെയും യുക്തിപരമായി പുനര്‍നിര്‍വചിക്കാവുന്നതാണ് എന്ന നിലപാടെടുക്കുകയായിരുന്നു. അങ്ങനെ ആരാധനാലയ നിയമം റദ്ദ് ചെയ്യാതെതന്നെ അതിനെ നിര്‍വീര്യമാക്കി.
കനത്ത ബന്തവസ്സില്‍ തര്‍ക്ക മേഖല
ആരാധന തര്‍ക്കം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ധാര്‍ നഗരത്തിന്റെ രാഷ്ട്രീയത്തെയും സാമൂഹിക ജീവിതത്തെയും ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. വിധി വന്ന് 24 മണിക്കൂറിനകം തന്നെ സമുച്ചയം പൂര്‍ണ്ണമായും ഒരു ഹൈന്ദവ ആരാധനാലയമായി മാറ്റുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. 2019-ലെ അയോധ്യ വിധിയാണ് ഈ കേസില്‍ ശക്തമായി മുന്നോട്ട് പോകാന്‍ തങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയതെന്ന് ഹൈന്ദവ സംഘടനകള്‍ വ്യക്തമാക്കുന്നു. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള സരസ്വതി വിഗ്രഹം തിരികെ എത്തിക്കണമെന്നാണ് ഇവരുടെ ഇപ്പോഴത്തെ ആവശ്യം..കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മധ്യപ്രദേശിലെ ധാര്‍ ജില്ലയിലും പരിസര പ്രദേശങ്ങളിലും ക്രമസമാധാനം ഉറപ്പാക്കാന്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മസ്ജിദ് കമ്മിറ്റിയും സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചുകഴിഞ്ഞു.
വേണ്ടത് തര്‍ക്ക പരിഹാരം
രാജ്യത്തെ ഏറ്റവും വലിയ രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമായി ഇതിനെ മാറ്റാതെ, സിവില്‍ നിയമങ്ങളുടെയും 1991ലെ ആരാധനാലയ നിയമത്തിന്റെയും അടിസ്ഥാനത്തില്‍ നീതി നടപ്പാക്കാന്‍ പരമോന്നത കോടതിക്ക് കഴിയേണ്ടതുണ്ട്. ഭയമില്ലാതെ, പക്ഷപാതിത്വമില്ലാതെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സുപ്രിംകോടതിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. ഒരു ജനാധിപത്യ രാജ്യത്ത് മത സാഹോദര്യം എന്നത് അഭിലഷണീയമായ മൂല്യം എന്നതിലുപരി ഭരണഘടനാപരമായ ബാധ്യതയാണെന്ന സത്യം എല്ലാവരും അംഗീകരിച്ചേ തീരൂ. വിഷയത്തില്‍ പ്രത്യാശ നല്‍കുന്ന നിയമനടപടികളിലൂടെ തര്‍ക്കപരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് സ്‌പോട്ട്‌ലൈറ്റ് സമാപിക്കുന്നു.