OPINION

ബ്ലൂ ഇക്കോണമി തുറക്കുന്നത് അനന്തസാധ്യതകളോ വെല്ലുവിളികളോ?

സമുദ്രസമ്പത്തിന്റെ സുസ്ഥിരമായ ഉപയോഗത്തിലൂടെ സാമ്പത്തിക വളര്‍ച്ച, തൊഴിലവസരങ്ങള്‍, ജനങ്ങളുടെ ജീവിതനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുകയും ചെയ്യുന്ന സാമ്പത്തിക മാതൃകയാണ് ബ്ലൂ ഇക്കോണമി

Author : പി.പി. പ്രശാന്ത്

മിഷന്‍ സമുദ്ര എന്ന സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാക്കി കേരളത്തെ ഒരു ആഗോള മാരിടൈം ഹബ്ബാക്കി മാറ്റുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ബജറ്റിലെ പ്രഖ്യാപനം. കേരളത്തിന്റെ 600 കിലോമീറ്റര്‍ നീളമുള്ള തീരദേശത്തെയും, തുറമുഖങ്ങളെയും ഒന്നിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണിത്. അപൂര്‍വ ധാതു സമ്പത്ത് ഉള്‍പ്പെടെ തീരദേശ വിഭവങ്ങള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥക്ക് കരുത്തുപകരും. ഇത്തരത്തില്‍ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താന്‍ സംസ്ഥാനം ബ്‌ളൂ ഇക്കോണമി അഥവാ സമുദ്ര സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകള്‍ കൂടുതലായി തേടുകയാണ്. മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് തൊട്ട് കേരളത്തിന്റെ കടലിന്റെ സാധ്യതകളെ പറ്റി പഠിക്കാന്‍ തുടങ്ങിയ വ്യക്തിയാണ് വി.ഡി. സതീശന്‍. ബ്ലൂ ഇക്കോണമി , ഇന്ന് ആധുനിക വികസന സങ്കല്‍പത്തിന്റെ ഉണര്‍ത്തുപാട്ടാണ്. അതിനാലാണ് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലെ റെയര്‍ എര്‍ത്ത് കോറിഡോര്‍ പദ്ധതിയില്‍ കേരളം ഇടംപിടിച്ചതും.

ബ്ലൂ ഇക്കോണമി തുറക്കുന്നത് അനന്തസാധ്യതകളോ വെല്ലുവിളികളോ?

സമുദ്രസമ്പത്തിന്റെ സുസ്ഥിരമായ ഉപയോഗത്തിലൂടെ സാമ്പത്തിക വളര്‍ച്ച, തൊഴിലവസരങ്ങള്‍, ജനങ്ങളുടെ ജീവിതനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുകയും ചെയ്യുന്ന സാമ്പത്തിക മാതൃകയാണ് ബ്ലൂ ഇക്കോണമി . പരമ്പരാഗത മത്സ്യബന്ധനം, അക്വാകള്‍ച്ചര്‍, കടല്‍ വഴിയുള്ള ചരക്കുനീക്കം, തീരദേശ വിനോദസഞ്ചാരം എന്നിവയ്ക്ക് പുറമെ ആഴക്കടല്‍ ഖനനം, സമുദ്രോര്‍ജ്ജം തുടങ്ങിയ ആധുനിക മേഖലകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത്തവണത്തെ കേരള ബജറ്റ് സമുദ്രാധിഷ്ഠിത വികസനത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ആലപ്പുഴയെ ഇന്ത്യയുടെ 'ബ്ലൂ ഇക്കോണമി തലസ്ഥാനമായി'വികസിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. തുറമുഖാധിഷ്ഠിതമായ വ്യാവസായിക വളര്‍ച്ച, തീരദേശ വികസന സോണുകള്‍, വിനോദസഞ്ചാര ഇടനാഴികള്‍ എന്നിവയുടെ നിര്‍മ്മാണം, സ്വകാര്യ മൂലധനം ആകര്‍ഷിച്ചുകൊണ്ടുള്ള കണ്ടെയ്‌നര്‍ സൗകര്യങ്ങളും കപ്പല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും തുടങ്ങിയ പദ്ധതികളാണ് ബജറ്റില്‍ ഇടംപിടിച്ചിട്ടുള്ളത്.

കേരളത്തിന്റെ സാധ്യതകള്‍

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചിന്‍ പോര്‍ട്ട്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് എന്നിവയ്ക്ക് പുറമെ 17 ചെറുകിട തുറമുഖങ്ങളും, വിപുലമായ കായല്‍ ശൃംഖലയും കേരളത്തിനുണ്ട്. സമുദ്ര ചരക്കുപാത യാഥാര്‍ത്ഥ്യമാകുന്നതോടെ നിലവില്‍ റോഡ് മാര്‍ഗം നടക്കുന്ന ചരക്കുഗതാഗതത്തിന്റെ 50 ശതമാനമെങ്കിലും ഈ റൂട്ടിലേയ്ക്ക് മാറുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇത് റോഡുകളിലെ തിരക്ക് മാത്രമല്ല, അപകട സാധ്യതയും, മലിനീകരണവും കൂടിയാണ് കുറയ്ക്കുന്നത്. ദേശീയ ജലപാതകളെ ലയിപ്പിക്കുന്നതോടെ ക്രൂയിസ് ടൂറിസവും വന്‍ വരുമാന സാധ്യതയാകും. ഉള്‍നാടന്‍ പുഴകളുടെ സാധ്യതകളും വര്‍ധിക്കും. ഇത് ഗ്രാമീണ മേഖലകളില്‍ പോലും ടൂറിസം സാധ്യതകളും, തൊഴിലവസരങ്ങളും സൃഷ്ടിക്കും. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരദേശ മേഖലകളെ പരസ്പരം ബന്ധിപ്പിച്ച് പ്രത്യേക വികസന കോറിഡോറുകളും രൂപീകരിക്കാനാകും. കടല്‍ വഴി കേരളത്തെ ബന്ധിപ്പിക്കുന്നത് സാധാരണക്കാര്‍ക്കും, വ്യാപാരികള്‍ക്കും, വന്‍കിട ബിസിനസുകള്‍ക്കും വലിയ നേട്ടമാകും. ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ ഷിപ്പിംഗ് മാര്‍ഗങ്ങളില്‍ ഒന്നാണ് സമുദ്ര പാത. തിരുവനന്തപുരവും, കൊച്ചിയും ഇതിനോടകം ഈ പദ്ധതിക്ക് സജ്ജമാണ്. ബേപൂരിലെ സാധ്യതകള്‍ കൂടി പൂര്‍ണ്ണതോതില്‍ വികസിപ്പിച്ചു കഴിഞ്ഞാല്‍ അതിശക്തമായ ഒരു സമുദ്ര ചരക്കുപാത കേരളത്തിന് സ്വന്തമാകും.

കേന്ദ്ര ബജറ്റിലെ റെയര്‍ എര്‍ത്ത് കോറിഡോര്‍ 32.435 ദശലക്ഷം ടണ്‍ ധാതുക്കള്‍ കേരളത്തിന്റെ തീരമേഖലയിലുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. മോണോസൈറ്റ് മാത്രം 1.9 മില്യണ്‍ ടണ്ണുണ്ട്. ബഹിരാകാശഗവേഷണം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ആവശ്യമായ തോറിയം, സ്‌കാന്‍ഡിയം തുടങ്ങിയ മൂലകങ്ങളും സുലഭമാണ്. മിസൈലുകളുടെ ഗൈഡന്‍സ് സിസ്റ്റം, റഡാറുകള്‍,സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, സെമികണ്ടക്ടറുകള്‍ എന്നിവക്കായാണ് കേരള തീരത്തെ ഈ ധാതുക്കള്‍ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച ഏറ്റവും തന്ത്രപ്രധാനമായ പദ്ധതികളില്‍ ഒന്നായിരുന്നു 'റെയര്‍ എര്‍ത്ത് കോറിഡോര്‍' അഥവാ അപൂര്‍വ്വ ധാതു ഇടനാഴി. മുന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ധാതുഖനനത്തിനും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കുമായി പ്രത്യേക പദ്ധതി തയ്യാറാക്കിയതിനു പിന്നാലെയാണ് കേന്ദ്രബജറ്റില്‍ പുതിയ ഇടനാഴി പ്രഖ്യാപനം ഉണ്ടായത്. ഒഡിഷ, ആന്ധ്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ഇടനാഴി സ്ഥാപിക്കുമെന്നാണ് കേന്ദ്ര ബജറ്റില്‍ പറഞ്ഞിരുന്നത്. ഇപ്പോഴിതാ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് 50 കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള സാമ്പത്തിക ഇടനാഴി ഇടനാഴി യുഡിഎഫ് ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. കൊല്ലത്തെ അപൂര്‍വ്വ ധാതുക്കളുടെയും ഖനനത്തിന്റെയും കേന്ദ്രമാക്കാന്‍ 100 കോടി രൂപ പ്രത്യേകം അനുവദിച്ചിട്ടുണ്ട്.

ബ്ലൂ ഇക്കോണമിയിലെ സ്വകാര്യ പങ്കാളിത്തം ധാതുഖനനത്തിന് സ്വകാര്യമേഖലയ്ക്ക് അനുമതി നല്‍കാനുള്ള ശ്രമം മുന്‍പ് കേന്ദ്രസര്‍ക്കാര്‍ നടത്തിയതാണ്. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ബജറ്റില്‍ ധാതുക്കള്‍ ഖനനം ചെയ്യുന്ന ഇടം മുതല്‍ അവ ശുദ്ധീകരിക്കുന്ന പ്ലാന്റുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, ഇവ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ എന്നിവയെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന വിപുലമായ ഒരു ശൃംഖല സംവിധാനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കേരള കടല്‍ത്തീരത്ത് 13 കോസ്റ്റല്‍ ഡെവലപ്‌മെന്റ് സോണുകളും,12 കോസ്റ്റല്‍ ടൂറിസ്റ്റ് സര്‍ക്യൂട്ടുകളും, 2000 കിലോമീറ്റര്‍ തീരദേശ റോഡുകളും, തുറമുഖ നഗരങ്ങളും,കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷനുകളും, കപ്പല്‍ നിര്‍മ്മാണശാലകളും ,കപ്പല്‍ പൊളിശാലകളും ഉള്‍കൊള്ളുന്നതാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ഈ പദ്ധതിയില്‍ കേരളത്തിന്റെ ധാതുസമ്പത്ത് ഖനനം ചെയ്‌തെടുക്കുക എന്നതുമാത്രമാണ് സംഭവിക്കുന്നതെങ്കില്‍ സംസ്ഥാനത്തിന് വലിയ ഗുണം ചെയ്യില്ല. അനുബന്ധവ്യവസായങ്ങള്‍ കേരളത്തില്‍ത്തന്നെ ഉണ്ടാകണമെന്നും നിര്‍ബന്ധമില്ല. ടാറ്റയും അദാനിയും വേദാന്തയും കയ്യടക്കാന്‍ ശ്രമിക്കുന്ന ഈ മേഖലയില്‍ പി പി പി മാതൃക തന്നെ നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെയും തീരുമാനം. കേരളത്തിന്റെ ബ്ലൂ ഇക്കോണമി സ്വപ്നങ്ങളിലെ ഏറ്റവും വലിയ പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പിപിപി മാതൃകയില്‍ നിര്‍മ്മിക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും അദാനി ഗ്രൂപ്പാണ്. മാത്രമല്ല, ഇന്ത്യയിലെ മൊത്തം ചരക്കുനീക്കത്തിന്റെ ഏകദേശം 27%-വും, കണ്ടെയ്‌നര്‍ ചരക്കുനീക്കത്തിന്റെ 45.5%-വും കൈകാര്യം ചെയ്യുന്നത് അദാനി പോര്‍ട്‌സ് ആണ്.

ബ്ലൂ ഇക്കോണമിയുടെ പാരിസ്ഥിതിക വെല്ലുവിളി കേരളത്തിന്റെ ഏകദേശം 590 കിലോമീറ്റര്‍ തീരപ്രദേശത്ത് തീരശോഷണവും കടലാക്രമണവും വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വര്‍ധിക്കും എന്നതാണ് ബ്ലൂ ഇക്കോണമിയുടെ പ്രധാന പാരിസ്ഥിതിക വെല്ലുവിളി. വലിയ തുറമുഖ നിര്‍മ്മാണങ്ങളും കടല്‍ ഭിത്തികളും പലയിടങ്ങളിലും സ്വാഭാവിക തീരങ്ങള്‍ ഇല്ലാതാകാനും കടലാക്രമണം ശക്തമാകാനും കാരണമാകുന്നുണ്ട് . വിഴിഞ്ഞം, മുതലപ്പൊഴി പ്രദേശങ്ങള്‍ തന്നെ ഉദാഹരണങ്ങള്‍. ആഴക്കടല്‍ ഖനനവും വിദേശ കപ്പലുകള്‍ക്ക് അനുമതി നല്‍കുന്നതും ചെറുകിട പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെയും ഉപജീവനത്തെയും ബാധിക്കുന്നു. അമിതമായ ട്രോളിംഗ് കാരണവും സമുദ്ര താപനില ഉയരുന്നതിനാലും കേരള തീരങ്ങളില്‍ ചില പ്രധാന മത്സ്യങ്ങളുടെ ലഭ്യത കുറയുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന മിനറല്‍ കോറിഡോര്‍ വിഷയത്തില്‍ കേരളത്തില്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നുവരികയാണ്.

വികസനം എല്ലാവരെയും ഉള്‍കൊള്ളുന്നതാകണം കേരളത്തിന്റെ ഭാവി വികസനത്തിന് ബ്ലൂ ഇക്കോണമി വലിയൊരു മുതല്‍ക്കൂട്ടാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ 'ബ്ലൂ ഇക്കോണമി' മോഡലുകള്‍ കൃത്യമായ സര്‍ക്കാര്‍ നിയന്ത്രണങ്ങളില്ലാതെ സ്വകാര്യവല്‍ക്കരിക്കപ്പെടുമ്പോള്‍, അത് പ്രകൃതിവിഭവങ്ങളുടെ വിറ്റുതുലയ്ക്കലിനും പാരിസ്ഥിതിക തകര്‍ച്ചയ്ക്കുമാണ് വഴിതെളിക്കുന്നത്. പ്രാദേശിക സമൂഹങ്ങളെയും പരിസ്ഥിതിയെയും മുന്‍നിര്‍ത്തിയുള്ള പദ്ധതികളാണ് ഇതിന് ബദലായി വേണ്ടത്. കേവലം സാമ്പത്തിക ലാഭത്തിനും വന്‍കിടക്കാരുടെ താല്പര്യങ്ങള്‍ക്കും അപ്പുറം, സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണവും കടലിന്റെ മക്കളായ മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും ഉറപ്പുവരുത്തുന്ന ഒരു 'സുസ്ഥിര വികസന നയം' സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം മാത്രമേ വിജയകരമാകൂ.

SCROLL FOR NEXT