സിബിഎസ്ഇ പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയത്തിനായി ഉപയോഗിക്കുന്ന ‘ഓൺ-സ്‌ക്രീൻ മാർക്കിങ്’ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഗുരുതര സുരക്ഷാ വീഴ്ചകൾ സംഭവിച്ചിരിക്കുന്നു. പരീക്ഷാ പേപ്പറുകൾ ഹാക്കർമാർ വഴി പൊതുവിടത്തിൽ ലഭ്യമായത്തോടെ സുരക്ഷാ ലംഘനം നടന്നിട്ടില്ലെന്ന സിബിഎസ്ഇ നിലപാട് പൊളിഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെ സാങ്കേതികവും സുരക്ഷാപരവുമായ പാളിച്ചകൾ അക്കമിട്ട് നിരത്തിയും ഉത്തരപേപ്പറുകൾ പങ്കുവെച്ചും എത്തിക്കൽ ഹാക്കർമാരും വിദ്യാർഥികളും രംഗത്തുവന്നതോടെയാണ് വീഴ്ച തുറന്നുസമ്മതിച്ച് സിബിഎസ്ഇ ക്ഷമ ചോദിച്ചത്. നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിലും സിയുഇടി പരീക്ഷ നടത്തിപ്പിലും ഉൾപ്പെടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വീഴ്ചകളും മാപ്പുപറച്ചിലും അന്വേഷണവും പുന:പരീക്ഷ നടപടികളും നാം കണ്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്തിൻറെ ഭാവിയെ വാർത്തെടുക്കേണ്ട വിദ്യാഭ്യാസ രംഗം ഇന്ന് കെടുകാര്യസ്ഥതയുടെ നേർക്കാഴ്ചയായി മാറിയിരിക്കുന്നു.
വിദ്യാർഥികളുടെ ജീവിതം പന്താടുകയാണോ വിദ്യഭ്യാസ മന്ത്രാലയം?
മാനവശേഷി വികസന മന്ത്രാലയത്തിന്റെ പേര് മാറ്റി വിദ്യാഭ്യാസ മന്ത്രാലയമാക്കിയെന്നതൊഴിച്ചാൽ, കാര്യക്ഷമത തൊട്ടുതീണ്ടിയില്ലാത്ത ഭരണസംവിധാനമാണ് അധികാരത്തിലെന്ന് ചോദ്യക്കടലാസ് ചോർച്ചകളും മറ്റ് ഗുരുതര വീഴ്ചകളും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. നീറ്റ് പരീക്ഷയും സിബിഎസ്ഇ പരീക്ഷാഫലവുമൊക്കെ താറുമാറായാൽ വിദ്യാർഥികൾക്കല്ലാതെ മറ്റാർക്കും നഷ്ടമോ ഉത്തരവാദിത്വമോ ഇല്ലാത്ത സ്ഥിതിയായിരിക്കുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ച 24 ലക്ഷം വിദ്യാർഥികളുടെ അധ്വാനത്തെ നിഷ്ഫലമാക്കിയ സംഭവത്തിന് തൊട്ടുപിന്നാലെയാണ് സിബിഎസ്ഇ ഉത്തരക്കടലാസ് മൂല്യനിർണയത്തിലെ കെടുകാര്യസ്ഥത പുറത്തുവരുന്നത്. 17.68 ലക്ഷം 12-ാം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷാഫലം തെറ്റിച്ചതോടെ പുനർ മൂല്യനിർണയത്തിൻറെ നടപടികളിലാണ് സിബിഎസ്ഇ. കെടുകാര്യസ്ഥതകളിൽനിന്നു തത്കാലം തടിയൂരാനുള്ള നീക്കമല്ലാതെ മറ്റൊന്നുമുണ്ടാകുന്നില്ല. 2024ലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽനിന്ന് പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള എൻടിഎ ഒന്നും പഠിച്ചില്ലെന്നാണ് സുപ്രീംകോടതി വിമർശിച്ചത്. ചരിത്രപാഠങ്ങളിലുൾപ്പെടെ വെട്ടലുകളും തിരുത്തലുകളും വരുത്തിയ കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയം, സംഘപരിവാർ താത്പര്യങ്ങളുടെ കൂട്ടിച്ചേർക്കലുകൾ തെറ്റുകൂടാതെ നടത്താൻ മറന്നിരുന്നില്ല. പക്ഷേ അവരുടെ അടിസ്ഥാന ജോലികൾ മറന്നെന്ന് ഈ വീഴ്ചകൾ വെളിപ്പെടുത്തുന്നുണ്ട്.
വീഴ്ച തുറന്ന് സമ്മതിച്ച് സിബിഎസ്ഇ
ഈ വർഷം നടപ്പിലാക്കിയ സിബിഎസ്ഇ ഓൺ സ്ക്രീൻ മാർക്കിംഗ് എന്ന ഡിജിറ്റൽ മൂല്യനിർണയ രീതിയാണ് അടപടലം പാളിയത്.. ഉത്തരക്കടലാസിൻറെ സ്കാൻ ചെയ്ത ഡിജിറ്റൽ പകർപ്പു നോക്കിയാണ് മൂല്യനിർണയം നടത്തിയത്. ആദ്യദിനം ഉയർന്നത് മാർക്ക് കുറഞ്ഞതിൻറെ ഒറ്റപ്പെട്ട പരാതികളായിരുന്നെങ്കിലും പെട്ടെന്നതു രാജ്യമൊട്ടാകെ പടർന്നു. പുനർമൂല്യനിർണയത്തിനായി ഉത്തരക്കടലാസിൻറെ പകർപ്പെടുത്തപ്പോഴാണ് ഇതിൽ പലതും വായിക്കാൻപോലുമാകാത്ത നിലയിലാണെന്ന വസ്തുത പുറത്തായത്. പൂർണ ഉത്തരമെഴുതിയവർക്കുപോലും പൂജ്യം മാർക്കായി. സ്കാൻ ചെയ്യാൻ കരാറെടുത്ത സ്വകാര്യ ഏജൻസികൾ അതു കൃത്യമായി ചെയ്യാത്തതും അവ്യക്തമായ ആ പകർപ്പുകൾ വച്ചു മാർക്കിട്ടതുമാണ് പിഴവെന്നും ഏതാണ്ട് വ്യക്തമായിട്ടുണ്ട്. വായിക്കാനാവാത്ത ഉത്തരക്കടലാസ് വച്ച് അധ്യാപകർ എങ്ങനെ മാർക്കിട്ടെന്നതും ദുരൂഹമാണ്. അധ്യാപകരുടെ പരാതി മുകളിലുള്ളവർ അവഗണിച്ചോ എന്നതിൽ ഉൾപ്പെടെ ഒന്നിലും ഇതുവരെ വ്യക്തതയില്ല.
വേദാന്തിന്റെ വെളിപ്പെടുത്തലും രാജ്യദ്രോഹി ആരോപണവും
ഫിസിക്സ് പരീക്ഷയിൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ മാർക്ക് വന്നപ്പോഴാണ് സിബിഎസ്ഇ പ്ലസ് ടു വിദ്യാർഥിയായ വേദാന്ത് ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി ആവശ്യപ്പെട്ടത്. സി.ബി.എസ്.ഇയിൽ നിന്ന് കിട്ടിയതാകട്ടെ മറ്റൊരാളുടെ ഉത്തരക്കടലാസും. ഈ സംശയം സാമൂഹികമാധ്യമമായ എക്സിൽ പങ്കുവെച്ചതോടെയാണ് പ്രശ്നം പൊതുജന ശ്രദ്ധയിൽ വരുന്നത്. ഇതേത്തുടർന്ന് പാകിസ്താനി എന്നും രാജ്യദ്രോഹി എന്നുമൊക്കെയുള്ള ആക്രമണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ആ 17 കാരന് കേൾക്കേണ്ടിവന്നു. ഇതിന് പിന്നാലെയാണ് പോർട്ടലിലെ സുരക്ഷ വീഴ്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. വിവാദത്തെത്തുടർന്ന് പോർട്ടലിലെ സുരക്ഷാ പോരായ്മകൾ പരിഹരിക്കാൻ ഐഐടി വിദഗ്ധരടങ്ങുന്ന സർക്കാർ സൈബർ സുരക്ഷാ സംഘത്തെയും സിബിഎസ്ഇ നിയോഗിച്ചിട്ടുണ്ട്. സിബിഎസ്ഇ 12ാം ക്ലാസിലെ 20 ലക്ഷത്തോളം വിദ്യാർഥികളുടെ പരീക്ഷാ പേപ്പറുകൾ എഡബ്ല്യുഎസ് ക്ലൗഡ് സംഭരണത്തിൽനിന്ന് ആർക്കും കാണാൻ കഴിയുന്ന രീതിയിൽ ഓൺലൈനിൽ പരസ്യമായെന്നും ഇത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണെന്നും ആരോപിച്ച് കോൺഗ്രസ് മുന്നോട്ടുവന്നിട്ടുണ്ട്. വിദ്യാർഥികളുടെ സ്വകാര്യത അപകടത്തിലാക്കുന്ന വലിയൊരു വിവരച്ചോർച്ചയാണിതെന്നും ടെൻഡർ നിബന്ധനകളിൽ മാറ്റം വരുത്തി സിബിഎസ്ഇ കരാർ നൽകിയതുമൂലമാണ് ഇത് സംഭവിച്ചതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി. മാത്രമല്ല, ഓൺസ്ക്രീൻ മൂല്യനിർണയ കരാർ ലഭിച്ച കമ്പനിയും കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.
ചോദ്യക്കടലാസ് വിഷയത്തിൽ മേൽനോട്ടം പ്രധാനമന്ത്രിയോ?
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതിനിടയിൽ നീറ്റ് ചോദ്യപ്പേർ ചോർച്ച വിഷയത്തിൽ സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം വിദ്യഭ്യാസ മന്ത്രിയെ പ്രതിരോധത്തിലാക്കുന്നതാണ്. ചോദ്യക്കടലാസ് വിഷയത്തിൽ പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്ന വിശദീകരണം പരീക്ഷാനടത്തിപ്പിൽ വിദ്യാഭ്യാസമന്ത്രി പരാജയപ്പെട്ടെന്ന പരോക്ഷസമ്മതമായി കണക്കാക്കാം. നീറ്റ് പരീക്ഷാ ചോദ്യക്കടലാസ് ചോർച്ച സമീപകാലത്ത് തുടർക്കഥയായിക്കൊണ്ടിരിക്കുന്നു. ഓരോ ചോർച്ച കഴിയുമ്പോഴും പഴുതടച്ചെന്ന പ്രഖ്യാപനം എത്തുമെങ്കിലും യാതൊരു മാറ്റവും സംഭവിക്കുന്നില്ല. വിദ്യാർഥികൾ പരീക്ഷാ ഹാളിലേക്കെത്തും മുമ്പേ ചോദ്യക്കടലാസുകൾ കരിഞ്ചന്തയിലെത്തുന്നു. വ്യക്തികളും ഉത്തരവാദപ്പെട്ടവരും ചില പരിശീലനകേന്ദ്രങ്ങളും ലക്ഷങ്ങൾ വിലപേശി നീറ്റിനെ ഒരു കച്ചവട അവസരമാക്കി മാറ്റുന്നു. ഇതൊക്കെ കണ്ടിട്ടും അറിയാത്ത പോലെ ഇരിക്കുന്ന കേന്ദ്രസർക്കാരിന്റെ നിസ്സംഗതക്കെതിരെ ജനരോഷം ഉയരുന്നുണ്ട്. ദേശീയ പരീക്ഷാ ഏജൻസി അഥവാ എൻടിഎയുടെ പ്രവർത്തനം അതിലും കഷ്ടമാണ്. 22 ലക്ഷം കുട്ടികളെ പ്രതീക്ഷകളിൽനിന്ന് പുറത്താക്കിയാണ് നീറ്റ് യുജി 2026 പരീക്ഷ നാഷണൽ ടെസ്റ്റിങ് ഏജൻസി റദ്ദാക്കിയത്. ഉന്നത പ്രവേശനപരീക്ഷാ നടത്തിപ്പിനായി 2017-ൽ കൊട്ടിഘോഷിച്ച് സൃഷ്ടിച്ച എൻടിഎ, കെടുകാര്യസ്ഥതയുടെയും പരിമിതികളുടെയും വലയത്തിലാണ്. ഉറവിടത്തിൽത്തന്നെ ചോർച്ചകൾ കണ്ടെത്തിയിട്ടും അതുപോലും അടയ്ക്കാൻ കഴിയാതെ ഉഴലുകയാണ് അവർ.
പിഴവ് സർക്കാരിൻറേത്, പിഴ ഇരകളുടേത്
രാജ്യത്തെ വിദ്യാഭ്യാസ മേഖല ഇന്ന് നേരിടുന്നത് കേവലമൊരു സാങ്കേതിക തകരാറോ താൽക്കാലിക വീഴ്ചയോ അല്ല, മറിച്ച് ഭരണസംവിധാനത്തിന്റെ കടുത്ത കെടുകാര്യസ്ഥതയാണ്. നീറ്റ് പരീക്ഷാ ചോർച്ച മുതൽ സിബിഎസ്ഇ ഡിജിറ്റൽ മൂല്യനിർണ്ണയത്തിലെ സുരക്ഷാ വീഴ്ചകൾ വരെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും സ്വപ്നങ്ങളെയാണ് കരിനിഴലിലാക്കുന്നത്. രാജ്യത്തെ പ്രധാന പരീക്ഷാ നടത്തിപ്പുകളിൽ വീഴ്ചകൾ തുടർച്ചയായി ആവർത്തിക്കപ്പെടുന്നു. അതിനുളള പിഴയൊടുക്കേണ്ടി വരുന്നതാകട്ടെ വിദ്യാർത്ഥികളും. അതായത് പിഴവ് സർക്കാരിൻറേത്, പിഴ ഇരകളുടേത്! സ്വന്തം ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ നിന്ന് മുഖം തിരിക്കുന്ന കേന്ദ്ര സർക്കാർ ജനങ്ങളെ വീണ്ടും തോൽപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇതോടുകൂടി സ്പോട്ട്ലൈറ്റ് സമാപിക്കുന്നു.