മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളെയും പ്രതിപക്ഷ പ്രക്ഷോഭത്തെയും ന്യായവാദങ്ങൾ നിരത്തി പ്രതിരോധിക്കുകയാണ് കേന്ദ്രസർക്കാർ. ന്യായീകരിക്കുന്നത് സർക്കാരിനെയല്ല, മറിച്ച് സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായി കരുതപ്പെടുന്ന തിരഞ്ഞെടുപ്പ് കമ്മിഷനെയാണ്. പാക് ബന്ധവും ബംഗ്ലാദേശ് മോഡൽ അട്ടിമറി ആരോപണങ്ങളുമായി കളം നിറയാൻ തുനിഞ്ഞിറങ്ങിക്കഴിഞ്ഞു ബിജെപിയും സഖ്യകക്ഷികളും. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് CJP സ്ഥാപകൻ അഭിജിത് ദീപ്കെ ആഹ്വാനം ചെയ്ത ‘ലെഹ്റാ ദോ തിരംഗ’യും ഡൽഹിയെ ചൂട് പിടിപ്പിച്ചുകഴിഞ്ഞു ഇടതുപക്ഷം 'പീപ്പിൾ എഗൈൻസ്റ്റ് എസ്ഐആർ' എന്ന വിശാല ജനകീയ പ്ലാറ്റ്ഫോമിന് രൂപം നൽകിയിട്ടുണ്ട്. അടിത്തട്ടിൽ നിന്നുള്ള ബഹുജന വിഭാഗങ്ങളെ ഉൾകൊള്ളിച്ചുള്ള പ്രക്ഷോഭമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇനിയും പ്രതിരോധം തീർത്തില്ലെങ്കിൽ കാൽചുവട്ടിൽ നിന്ന് മണ്ണ് ഒലിച്ചുപോകും എന്ന തിരിച്ചറിവാണ് കേന്ദ്രസർക്കാരിനെ പരസ്യമായ വെല്ലുവിളികളിലേക്ക് എത്തിച്ചത്. അക്കാര്യം കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങിെന്റ പ്രസ്താവനയിൽ നിഴലിക്കുകയും ചെയ്തു. അതേസമയം പൊതുജനങ്ങളിൽ നിന്നുള്ള എതിർപ്പ് രൂക്ഷമായതോടെ എസ്ഐആർ നടപടികളിൽ നിന്ന് പതിയെ പിൻവാങ്ങുന്ന നടപടികളിലാണ് ഇലക്ഷൻ കമീഷൻ.
ഗ്യാനേഷിന് പിന്തുണച്ച് കേന്ദ്രം എസ്ഐആറിൽ നിന്ന് പിൻവാങ്ങുന്നോ ?
കോൺഗ്രസും സഖ്യകക്ഷികളും എസ്ഐആറിന്റെ മറവിൽ യുവാക്കളെ കരുക്കളാക്കി, ബംഗ്ലാദേശ് മോഡൽ ഭരണമാറ്റം നടത്താനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആരോപിച്ചിരിക്കുന്നു. തെരുവുകളിലെ അരാജകത്വവും ജനക്കൂട്ടത്തിന്റെ ശക്തിയും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് കാത്തിരിക്കാതെ അധികാരം പിടിച്ചെടുക്കുന്ന ഈ മാതൃകയാണ് ഇന്ത്യയിലും ആവർത്തിക്കാൻ ചിലർ ശ്രമിക്കുന്നതെന്നതെന്നാണ് രാജ് നാഥ് സിങ്ങിന്റെ ആരോപണം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കില്ലെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ബംഗ്ലാദേശ് യുവജനങ്ങൾക്ക് 'റെഡ് സല്യൂട്ട്' അർപ്പിച്ചുകൊണ്ട്, ഇന്ത്യയിലെ ജെൻ-സീ പ്രസ്ഥാനങ്ങൾക്ക് വഴി കാണിച്ചുതന്നത് ബംഗ്ലാദേശിലെ പോരാട്ടമാണെന്ന് നേഹാ ബോറ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അവിടെ നടന്നത് ജനാധിപത്യത്തിനും വോട്ടവകാശത്തിനും വേണ്ടിയുള്ള സമരമായിരുന്നുവെന്നും, സമാനമായ പോരാട്ടമാണ് ഇപ്പോൾ ഇന്ത്യയിലും നടക്കുന്നതെന്നും അവർ വ്യക്തമാക്കി. ഈ പ്രസ്താവനയാണ് രാജ്നാഥിന്റെ ആരോപണത്തിന് കാരണമായത്. ബംഗ്ലാദേശ് മോഡൽ അട്ടിമറി എന്നത് 2024 ജൂലൈ-ഓഗസ്റ്റിലെ അതിശക്തമായ വിദ്യാർത്ഥി-നേതൃത്വത്തിലുള്ള പ്രക്ഷോഭമാണ്. ജോലി ക്വോട്ട സമ്പ്രദായത്തിനെതിരെ തുടങ്ങിയ സമരം അതിവേഗം രാഷ്ട്രീയ അസംതൃപ്തിയുടെ പേരിൽ രാജ്യവ്യാപകമായി പടർന്നു. ആയിരക്കണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ടു, പ്രതിഷേധത്തിൽ ഷെയ്ഖ് ഹസീനയുടെ സർക്കാർ തകരുകയും അവർക്ക് ഇന്ത്യയിൽ അഭയം തേടേണ്ടിവരികയും ചെയ്തു.
ലക്ഷ്യം നേഹാ ബോറ അല്ല ഇടതുപക്ഷമാണ്
സിപിഐഎംഎൽ ലിബറേഷന്റെ വിദ്യാർത്ഥി സംഘടന ഐസയുടെ നേതാവായ നേഹാ ബോറയെ രാജ് നാഥ് സിംങ് ലക്ഷ്യമിടുമ്പോൾ അത് ഒരു വിദ്യാർത്ഥി നേതാവിനെതിരെയുള്ള വ്യക്തിപരമായ ആക്രമണമല്ല; ഇടതുപക്ഷ ശബ്ദത്തിനെതിരെയുള്ള നീക്കമായി അതിനെ വ്യാഖ്യാനിക്കേണ്ടിവരും. വാക്കുകളെ ‘ഭീഷണി’യായി ചിത്രീകരിച്ച്, മുഴുവൻ ഇടതുപക്ഷ ആശയങ്ങളെയും സംശയത്തിന്റെ നിഴലിലാക്കുകയാണ് അവർ. കാരണം എസ്.ഐ.ആർ വിവാദത്തിൽ ബിജെപിയെയും കേന്ദ്ര സർക്കാരിനെയും അങ്കലാപ്പിലാക്കുന്നത് ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന ശക്തമായ രാഷ്ട്രീയ-ബഹുജന പ്രതിരോധ തന്ത്രങ്ങളാണ്. പ്രക്ഷോഭങ്ങളെ 'ദേശദ്രോഹം', 'പാക് പിന്തുണ', 'ദിമാഗി നക്സൽ' എന്നിങ്ങനെ മുദ്രകുത്തി പ്രതിരോധിക്കാൻ ഭരണകൂടം ശ്രമിക്കുമ്പോൾ, അതിനെ ജനകീയ അടിത്തറയോടെ നേരിടാനൊരുങ്ങുകയാണ് ഇടതുപാർട്ടികൾ.
കേവലം രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയിൽ ഒതുങ്ങാതെ പൗരസമൂഹ സംഘടനകൾ, വിദ്യാർത്ഥി-കർഷക പ്രസ്ഥാനങ്ങൾ എന്നിവരെക്കൂടി ഉൾപ്പെടുത്തി സമരം വിപുലീകരിക്കുന്ന തിരക്കിലാണ് ഇടതുപക്ഷം... ഇതിന്റെ ഭാഗമായി ഡൽഹിയിലെ സുർജിത് ഭവനിൽ കൺവെൻഷൻ വിളിച്ച് 'പീപ്പിൾ എഗൈൻസ്റ്റ് എസ്.ഐ.ആർ' എന്ന വിശാല ജനകീയ പ്ലാറ്റ്ഫോമിന് രൂപം നൽകുകയും, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് തുടങ്ങിയവരെ സമരവേദിയിലെത്തിച്ച് തെരുവിലിറങ്ങി പോരാടുകയും ചെയ്യുന്നു. അതേ സമയം ഘട്ടം ഘട്ടമായുള്ള ദേശീയ പ്രക്ഷോഭ പദ്ധതികളാണ് ഇന്ത്യ മുന്നണിയും കോൺഗ്രസും ആസൂത്രണം ചെയ്തിട്ടുള്ളത്. വികേന്ദ്രീകൃത പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോവുകയാണ് കോൺഗ്രസും.
എസ്ഐആറിൽ നിന്ന് പിൻവാങ്ങുന്നോ ?
വിവാദമായ എസ്ഐആർ പ്രക്രിയ അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി പ്രത്യേക വോട്ടർപട്ടിക പുതുക്കലിനുള്ള സമയക്രമം ഇലക്ഷൻ കമീഷൻ പ്രഖ്യാപിച്ചുകഴിഞ്ഞു. പതിവായി നടക്കാറുള്ള വാർഷിക പ്രക്രിയയായ സ്പെഷ്യൽ സമ്മറി റിവിഷൻ എന്ന എസ്എസ്ആർ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കലണ്ടറിൽ ഉള്ളതായിരുന്നെങ്കിലും, വിവാദമായ എസ്ഐആർ നടപടികളിൽ നിന്നുള്ള പിന്മാറ്റമെന്നോണമാണ് ഇപ്പോൾ ഇതിലേക്ക് തിടുക്കപ്പെട്ട് മാറുന്നത്... 18 വയസ്സ് തികഞ്ഞ പുതിയ വോട്ടർമാരെ ചേർക്കുന്നതിനും മരിച്ചവരുടെ പേരുകൾ ഒഴിവാക്കി വിവരങ്ങൾ തിരുത്തുന്നതിനുമുള്ള പ്രക്രിയയാണ് എസ്എസ്ആർ.
ഇതിലൂടെ വോട്ടർപട്ടിക സമഗ്രമായി പുനഃക്രമീകരിക്കപ്പെടുകയും രാഷ്ട്രീയ പാർട്ടികൾക്ക് പരിശോധിക്കാൻ അവസരം നൽകുകയും ചെയ്യും. ഇതോടെ സ്വാഭാവികമായും വോട്ടർപട്ടികയിലെ ചിത്രം പാടെ മാറും. എസ്ഐആറിലൂടെയുള്ള തിരക്കിട്ട അഴിച്ചുപണികൾക്ക് പകരം സമഗ്രവും സുതാര്യവുമായ എസ്എസ്ആർ നേരത്തെ തന്നെ നടപ്പിലാക്കിയിരുന്നെങ്കിൽ മുൻകാല തെരഞ്ഞെടുപ്പ് ഫലങ്ങളിൽ വലിയ വ്യത്യാസം ഉണ്ടായേനെ. വോട്ടർമാരെ പുറന്തള്ളാനുള്ള രാഷ്ട്രീയ ആയുധമായിരുന്നോ അതോ ഭരണനേട്ടത്തിനായുള്ള തിരക്കുപിടിച്ച പരീക്ഷണമായിരുന്നോ എസ്ഐആർ എന്ന ചോദ്യങ്ങൾക്ക്, പുതുക്കിയ പട്ടിക വരുന്നതോടെ കൂടുതൽ വ്യക്തത ലഭിക്കും.
കമ്പ്യൂട്ടർ തന്നെ വ്യാജ പരാതികൾ ഉണ്ടാക്കും വിധം
ഇലക്ഷൻ കമ്മീഷൻ പോർട്ടലായ 'ഇആർഒ-നെറ്റി’ന്റെ ക്രമക്കേടുകൾ സംബന്ധിച്ച് ഓരോ ദിവസവും പുതിയ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. വോട്ടർപട്ടികയിൽ നിന്ന് ആളുകളെ ഒഴിവാക്കാൻ കമ്പ്യൂട്ടർ തന്നെ വ്യാജ പരാതികൾ ഉണ്ടാക്കുക! കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാമെങ്കിലും, ഇലക്ഷൻ കമ്മീഷന്റെ എസ്.ഐ.ആർ പ്രക്രിയയ്ക്കിടെ നടന്നത് അത്തരമൊരു ഗുരുതരമായ ചട്ടലംഘനമാണ്. സാധാരണയായി ഒരാൾ മരണപ്പെടുകയോ സ്ഥലം മാറുകയോ ചെയ്താൽ, അയാളെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാൻ മറ്റൊരു പൗരൻ നൽകേണ്ട പരാതി ഫോമാണ് 'ഫോം 7'. നിയമപ്രകാരം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരിട്ട് ഈ ഫോം നൽകാൻ യാതൊരു അധികാരവുമില്ല. എന്നാൽ 'ഇ.ആർ.ഒ-നെറ്റ്' എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വന്തം സോഫ്റ്റ്വേർ തനിയെ ഫോം 7' ഉണ്ടാക്കിയെടുത്തു ..മാത്രമല്ല, അതിൽ ഉദ്യോഗസ്ഥരെത്തന്നെ പരാതിക്കാരായി കാണിച്ച് അവരുടെ ഡിജിറ്റൽ ഒപ്പും വെച്ചു എന്ന വെളിപ്പെടുത്തൽ റിപ്പോർട്ടേഴ്സ് കലക്ടീവ് പോർട്ടൽ പുറത്തുവിട്ടിട്ടുണ്ട്. രേഖകളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന പേരിൽ ഈ തന്ത്രത്തിലൂടെ ഉത്തർപ്രദേശിൽ മാത്രം വെട്ടിമാറ്റിയത് 87,000-ലധികം വോട്ടുകളാണ്. ഉത്തരാഖണ്ഡിൽ ഒഴിവാക്കപ്പെട്ടത് 95,000-ത്തിലേറെ വോട്ടർമാർ! ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം, ഇത്തരം പ്രവർത്തിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖാമൂലം യാതൊരു ഉത്തരവോ മാർഗ്ഗരേഖയോ നൽകിയിട്ടില്ല എന്നതാണ്.
എസ്ഐആറിൽ നിന്ന് തലയൂരാനാകുമോ?
ജനങ്ങളെത്തള്ളി ഗ്യാനേഷ് കുമാറിന് പ്രതിരോധം തീർക്കുന്നതോടെ ഗ്യാനേഷ് ചെയ്തതെല്ലാം സർക്കാരിനും ഭരണനേതൃത്വത്തിനും വേണ്ടിയായിരുന്നു എന്ന പ്രതിപക്ഷ ആരോപണം ശക്തിപ്പെടുകയാണ്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ ആരോപണങ്ങൾവന്ന് തറയ്ക്കുന്നതും പ്രധാനമന്ത്രിയിലും ആഭ്യന്തരമന്ത്രിയിലുമാണ്. അതിനാൽത്തന്നെ രാഷ്ട്രീയപ്രതിരോധം സൃഷ്ടിക്കൽ അത്യാവശ്യമാണെന്ന് ബിജെപി കരുതുന്നുണ്ട്. അതോടൊപ്പം നാൾക്കുനാൾ പുറത്തുവരുന്ന ഓരോ റിപ്പോർട്ടുകളും എസ്ഐആർ ക്രമക്കേടുകളുടെ ഗൗരവം തുറന്നുകാട്ടുന്നുണ്ട്. ശക്തമായ പ്രക്ഷോഭങ്ങളോടൊപ്പം ഇത്തരം പുതിയ അന്വേഷണാത്മക റിപ്പോർട്ടുകൾ കൂടി പുറത്തുവരുന്നതോടെ എസ്ഐആർ നടപടികളിൽ നിന്ന് തലയൂരാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമം എത്രമാത്രം ഫലം ചെയ്യും എന്ന് കണ്ടറിയണം. ഇതോടുകൂടി ഇന്നത്തെ സ്പോട്ട്ലൈറ്റ് സമാപിക്കുന്നു. നാളെ മറ്റൊരു വിഷയവുമായി എത്താം.