OPINION

നരനായാട്ട് തുടർന്ന് ഡൽഹി പൊലീസ്....

എസ്‌ഐആർ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധം രണ്ടാഴ്‌ച പിന്നിടുമ്പോഴും കേന്ദ്രസേനകളെയും പൊലീസിനെയും വിന്യസിച്ച്‌ ഗ്യാനേഷ്‌ കുമാറിന്‌ ചുറ്റും ഇരുമ്പുമറ തീർക്കുകയാണ്‌ മോദി സർക്കാർ.

Author : പി.പി. പ്രശാന്ത്

നരനായാട്ട് തുടരുകയാണ് ഡൽഹി പൊലീസ്. ഡൽഹി കൊണാട്ട് പ്ലേസിൽ വിദ്യാർഥി-യുവജന പ്രതിഷേധത്തെ പൊലീസ് തല്ലിച്ചതച്ചു. സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസിനെയും ജെയ്ക്ക് സി തോമസിനെയും കേന്ദ്ര പൊലീസ് വലിച്ചിഴച്ചു. കസ്റ്റഡിയിലെടുത്ത സമരക്കാരെ അതിക്രൂരമായി മർദിക്കുകയും ചെയ്തു. സുപ്രീംകോടതിയുടെ നിർദേശമെത്തിയിട്ടും സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്നതിൽ കഴിഞ്ഞ ദിവസത്തെ സമീപനത്തിൽ നിന്നും ഒരു തരിമ്പും മാറിയി​ല്ലെന്ന് അവർ തെളിയിച്ചു.​​ സിജെപി, ഡിവൈഎഫ്ഐ, എഐവൈഎഫ് ഉൾപ്പെടെയുള്ള സംഘടനാപ്രവർത്തകരാണ് ക്രൂരമായ മർദനത്തിന് വിവിധ ഇടങ്ങളിലായി ഇരയാകേണ്ടിവന്നത്. ഇടതുപക്ഷ സംഘടനകളുടെ മേൽകൈയിലായിരുന്നു ഞായറാഴ്ച​ത്തെ പ്രതിഷേധവും നടന്നത്.

വേട്ടയാടൽ തുടർന്ന് ഡൽഹി പൊലീസ്

തെരഞ്ഞെടുപ്പ് നടപടി അട്ടിമറിച്ച മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാനേഷ് കുമാറിനെതിരായ ‘ജന്തർമന്തർ 2.0’ പ്രക്ഷോഭം അടിച്ചമർത്താൻ വ്യാപക അറസ്റ്റും തടങ്കലും ഡൽഹി പൊലീസ് ഇന്നും തുടർന്നു. എസ്എഫ്ഐ, എഐഎസ്എഫ്, ഡിവൈഎഫ്ഐ, സിജെപി പ്രവർത്തകർ സംയുക്തമായി നടത്തിയ പ്രതിഷേധം കൊണാട്ട് ​േപ്ലസിൽ വെച്ച് തടഞ്ഞ പൊലീസ് , പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാർഥികളെ കേന്ദ്രസേനയും പൊലീസും വലിച്ചിഴച്ചാണ് നീക്കിയത്. പെൺകുട്ടികളെ അടക്കം കഴുത്തിൽ കുത്തിപിടിച്ചാണ് വാനിൽ കയറ്റിയത്. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജിക്ക് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക്ക് സി തോമസിനെ റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്ത പൊലീസ്,വാഹനത്തില്‍ വെച്ച് അർധനഗ്നനാക്കി മർദ്ദിച്ചു. പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെ സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസിനെ അതിക്രൂരമായാണ് കേന്ദ്ര പൊലീസ് കൈയേറ്റം ചെയ്ത് കസ്റ്റഡിയിലെടുത്തത്. ഇടിവണ്ടിയിലേക്ക് തൂക്കിയെടുത്തെറിയപ്പെട്ട ബ്രിട്ടാസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്ന സ്ഥിതി പോലും ഉണ്ടായി. ഡിസിപി തിരിച്ചറിഞ്ഞത് കൊണ്ട് മാത്രമാണ് ജീവന്‍ രക്ഷപ്പെട്ടതെന്നാണ് ബ്രിട്ടാസ് ഇതേ കുറിച്ച് പറഞ്ഞത്. പിന്നാലെ ഡല്‍ഹി പൊലീസ് വഴിയില്‍ തള്ളിയ ബ്രിട്ടാസ് ഏറെ നേരം വഴിയില്‍ കിടക്കുകയും ചെയ്തു.

സുപ്രീംകോടതിയുടെ ശക്തമായ താക്കീത്

രാജ്യതലസ്ഥാനത്ത് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളും കസ്റ്റഡി നടപടികളും ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി നിർണായക പരാമർശങ്ങളാണ് ഇന്ന് നടത്തിയത്. ഇത് തന്നെയാണ് ഇന്നത്തെ ശ്രദ്ധേയമായ ഒരു സംഭവം. ക്രമസമാധാന പാലനത്തിന്റെ പേരിൽ പൊലീസിന് ഭരണകൂടത്തേക്കാള്‍ വലിയ സ്വതന്ത്രമായ അവകാശങ്ങളൊന്നുമില്ലെന്ന് പ്രത്യേക സിറ്റിങ്ങിൽ ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി വ്യക്തമാക്കി. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങൾക്കിടെ മെട്രോ സ്റ്റേഷനുകൾ അടച്ചതും ഇന്റർനെറ്റ് വിച്ഛേദിച്ചതും പതിനായിരക്കണക്കിന് ആളുകളെ കസ്റ്റഡിയിലെടുത്തതും ചോദ്യം ചെയ്ത് മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമി അടക്കമുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. കസ്റ്റഡിയിലുള്ളവരുടെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിൽ കോടതിക്ക് പൊലീസുകാരനെന്നോ, അഭിഭാഷകനെന്നോ, സാധാരണ പൗരനെന്നോ ഉള്ള വേർതിരിവില്ലെന്നും എല്ലാവർക്കും തുല്യ സംരക്ഷണമാണുള്ളതെന്നും സുപ്രീം കോടതി ഓർമ്മിപ്പിച്ചു.

നിയമവഴി തേടി ഇന്ത്യ മുന്നണി

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന് നിവേദനം സമർപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ മുന്നണി. തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തി നിവേദനം സമർപ്പിക്കും. സമരത്തിന്റെ പശ്ചാത്തലത്തിൽ സിപിഐഎം. ജനറൽ സെക്രട്ടറി എം.എ. ബേബി നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇറക്കിയ ഉത്തരവ് പാലിച്ചില്ലെന്നുകാട്ടിയുള്ള കോടതിയലക്ഷ്യ ഹർജിയും എത്തിയിട്ടുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരുടെ നിയമനം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് സൂരി പയാല സുപ്രീംകോടതിയിൽ ഹർജി നൽകി. 2023-ലെ തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമന നിയമപ്രകാരം നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് ആരോപണം. 2024 മാർച്ച് 14-ലെയും 2025 ഫെബ്രുവരി 17-ലെയും വിജ്ഞാപനങ്ങൾ ചോദ്യം ചെയ്യുന്ന ഈ ഹർജി ഒക്ടോബർ 27-ന് സുപ്രീംകോടതി പരിഗണിക്കും.അതേസമയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എസ്‌ഐആർ പ്രക്രിയയെയും ശക്തമായി പിന്തുണച്ചുകൊണ്ട് 124 മുൻ ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥർ പൗരന്മാർക്കായി തുറന്ന കത്ത് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

ഇടതുമുന്നണി മുഖ്യ ശത്രുവോ​?

സിജെപിക്ക് പിന്നിൽ ഇടതുപക്ഷ സംഘടനകളാണെന്ന് ആദ്യം അടിവരയിട്ട് പറഞ്ഞത് ആർഎസ്എസ് മുഖവാരിക ഓ‍ർ​ഗനൈസർ ആയിരുന്നു. കോക്രോച്ച് ജനതാ പാർട്ടി ഓൺലൈനിൽ ആരംഭിച്ച പ്രചാരണം ജന്തർ മന്തറിലെ തെരുവുകളിലേക്ക് എത്തിയതോടെ പതിവുപോലെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളും രംഗത്തിറങ്ങിയെന്നായിരുന്നു ലേഖനത്തിൽ പറഞ്ഞത്. ജെൻസിക്കിടയിൽ എസ്എഫ്‌ഐക്ക് പിന്തുണയേറുന്നതായി ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തതും ഇതിനോട് ചേർത്ത് വായിക്കാം. ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടുള്ള സമരം ഇന്ത്യൻ വിദ്യാർത്ഥികളെ എസ്എഫ്‌യിലേക്ക് ആകൃഷ്ടരാക്കി എന്നാണ് ടൈംസ് ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്. ജെൻസി പ്രക്ഷോഭത്തിന് പിന്നാലെ പല സംസ്ഥാനങ്ങളിലും എസ്എഫ്ഐ മെമ്പർഷിപ്പിൽ വലിയ വർധനവാണ് ഉണ്ടായതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

രാജ്യത്തെ മാവോയിസ്റ്റ് മുക്തമാക്കുമെന്ന് പ്രഖ്യാപിച്ച്, തീവ്ര കമ്മ്യൂണിസ്റ്റ് ആശയധാരയും ഇന്ത്യയിലെ മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ആശയങ്ങളും രാജ്യത്തിൻ്റെ ശത്രുക്കളാണ് എന്ന് അമിത് ഷാ ആവർത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. ഈ പശ്ചാത്തലത്തിലാണ് സിജെപിയുടെ നീറ്റ് വിരുദ്ധ പ്രക്ഷോഭത്തിൽ സിജെപിയോടൊപ്പം ഇടതുയുവജന വിദ്യാർഥി സംഘടനകളും സജീവമാകുന്നത്. ഇപ്പോഴിതാ ഒരു പടികൂടി കടന്ന ജന്തർ മന്ദർ 2.0 പ്രക്ഷോഭത്തിൽ മുഖ്യ ​തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ ഇടതുപക്ഷവും ഇടതു സംഘടനകളും സജീവമാകുകയാണ്. ദേശീയപ്രാധാന്യമുള്ള ഒരു പ്രതിഷേധത്തിന്റെ നിർണായക നിമിഷത്തിൽ ഇടതുപ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ നരനായാട്ടിന് ഈ പശ്ചാത്തലം കൂടിയുണ്ട്.

ഗ്യാനേഷ്‌ കുമാറിന്‌ എന്തേ ഇത്ര പരിഗണന​?

ആർഎസ്‌എസിലൂടെ വളർന്ന മുതിർന്ന ബിജെപി നേതാവ്‌ ധർമ്മേന്ദ്ര പ്രധാന്‌ നൽകാത്ത പരിഗണനയും സംരക്ഷണവും ഐഎഎസ്‌ ഉദ്യോഗസ്ഥൻ മാത്രമായിരുന്ന മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്‌ എന്തിന്‌ നൽകുന്നുവെന്ന ചോദ്യം സംഘപരിവാർ വൃത്തങ്ങളിലും സജീവമാകുന്നുണ്ട്. രാജ്യതലസ്ഥാനം തുടർച്ചയായി പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക്‌ വേദിയാകുേമ്പോൾ എസ്‌ഐആർ വിഷയത്തിൽ ചർച്ചയ്‌ക്ക്‌ പോലും സന്നദ്ധമാകാതെ അടിച്ചമർത്തൽ നടപടികൾക്കാണ്‌ സർക്കാർ മുതിരുന്നത്‌.

നീറ്റ്‌ പരീക്ഷയുടേതടക്കം തുടർച്ചയായി ചോദ്യപേപ്പറുകൾ ചോർന്ന ഘട്ടത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട്‌ സിജെപിയും എസ്‌എഫ്‌ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാർഥി സംഘടനകളുമാണ്‌ ജന്തർമന്തറിൽ അനിശ്‌ചിതകാല സമരത്തിന്‌ മുൻകൈയ്യെടുത്തത്‌. സമരത്തെ തുടക്കത്തിൽ അടിച്ചമർത്താൻ സർക്കാർ മുതിർന്നെങ്കിലും ജനപങ്കാളിത്തം വർധിച്ചതോടെ ചർച്ചകളിലേക്ക്‌ വഴിമാറി. വിദ്യാർത്ഥി– യുവജന പ്രക്ഷോഭം രാജ്യമെങ്ങും പടർന്നതോടെ ആർഎസ്എസുകാരനായ ധർമ്മേന്ദ്ര പ്രധാനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്‌ ഷായും നിഷ്‌ക്കരുണം കൈവിട്ടു. എന്നാൽ എസ്‌ഐആർ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധം രണ്ടാഴ്‌ച പിന്നിടുമ്പോഴും കേന്ദ്രസേനകളെയും പൊലീസിനെയും വിന്യസിച്ച്‌ ഗ്യാനേഷ്‌ കുമാറിന്‌ ചുറ്റും ഇരുമ്പുമറ തീർക്കുകയാണ്‌ മോദി സർക്കാർ. ഈ പരിധി വിട്ട സംരക്ഷണത്തിൽ പല മുതിർന്ന ബിജെപി നേതാക്കളും അതൃപ്‌തരാണ്‌ എന്ന വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്.

പ്രക്ഷോഭ രംഗത്തെ കോൺഗ്രസിന്റെ അസാന്നിധ്യം

ജെൻസീ ജനകീയ കൂട്ടായ്മയുടെ സമരസമീപനങ്ങളോട് തുടക്കംമുതൽ അകൽച്ച പാലിക്കുന്നതിന്റെ തുടർച്ചയായാണ് കോൺഗ്രസ് ഇത്തവണയും സി​ജെപി ആഹ്വാനം ചെയ്ത സമരമുഖത്തുനിന്ന് മാറിനിന്നത്. ഇടതുപാർട്ടികൾ, പ്രത്യേകിച്ച് സിപിഐഎം, സിപിഐഎംഎല്‍, സിപിഐ തുടങ്ങി, സിപിഎമ്മിന്റെ ബംഗാളിലെ പ്രഖ്യാപിത ശത്രുവായിരുന്ന മമതാ ബാനർജിയും, ആപ്പും ശനിയാഴ്ചത്തെ പ്രക്ഷോഭത്തിന് പിന്തുണയുമായെത്തി. ഇപ്പോഴത്തെ സമരങ്ങളിലൂടെ ലഭിക്കുന്ന രാഷ്ട്രീയോർജ്ജത്തിന്റെ ആത്യന്തിക ഗുണഭോക്താക്കളാകേണ്ടത് മുഖ്യ പ്രതിപക്ഷ കക്ഷിയെന്നനിലയിൽ കോൺഗ്രസ് തന്നെയാകുമ്പോൾ ഇത്തരത്തിൽ പൊതുപ്രക്ഷോഭങ്ങളിൽ നിന്ന് മാറിനിൽക്കേണ്ടതു​ണ്ടോ എന്ന ചോദ്യം പാർട്ടിക്കകത്ത് നിന്നുപോലും ഉയരുന്നുണ്ട്.

സിജെപിയാണ് സമരം പ്രഖ്യാപിച്ചതെങ്കിലും സമരക്കളത്തിൽ ശനിയാഴ്ചയും ഞായറാഴ്ചയും നിറഞ്ഞുനിന്നത് ഇടതുപാർട്ടികളാണ്. അഭിജിത് ദീപ്കയെയും ധ്രുവ് രാഠിയെയുംപോലെയുള്ള അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന സമരനേതാക്കളുടെ പ്രഭ ഏറ്റെടുത്ത് മുന്നോട്ടുനീങ്ങിയ ഇടതുപക്ഷത്തിന് കൂടുതൽ രാഷ്ട്രീയശ്രദ്ധ നേടിക്കൊടുക്കുന്നുണ്ട് ഈ പ്രക്ഷോഭങ്ങൾ. അതേസമയം. ഭരണകൂടം കൂടുതൽ സമ്മർദ്ദത്തിലേക്ക് നീങ്ങുകയാണെന്നും ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ പ്രതിപക്ഷം പിന്നോട്ടുപോകില്ലെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എക്സിൽ വ്യക്തമാക്കി. ഇന്ത്യ സഖ്യമായി ശക്തമായി പ്രതിഷേധിക്കാനുള്ള ഒരുക്കത്തിലാണ്​ പ്രതിപക്ഷം. അവയും കൂടി എത്തുമ്പോൾ ഡൽഹി വരും ദിവസങ്ങളിലും പ്രക്ഷോഭ മുഖരിതമായേക്കും.

SCROLL FOR NEXT