OPINION

ഇനിയെങ്കിലും വോട്ടു ചർച്ചയിൽ വികസനം വിഷയമാകുമോ ?

ക്ഷേമപദ്ധതികളും വാർധക്യ പദ്ധതികളും ഫലം ചെയ്യുമോ?

Author : പി.പി. പ്രശാന്ത്

സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ബാക്കിനിൽക്കെ മുന്നണികളുടെ പ്രചാരണം അവസാന ലാപ്പിലാണ്. ദേശീയ നേതാക്കളുടെ പര്യടനങ്ങളും ആരോപണ പ്രത്യാരോപണങ്ങളും തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിപ്പിക്കുന്നു.. പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും വീണ്ടുമെത്തിയതോടെ കേരളം തെരഞ്ഞെടുപ്പ് ചൂടിലമർന്നുകഴിഞ്ഞു..നാളിതുവരെയും തെരഞ്ഞെടുപ്പ് ഡീലിലും വർഗീയ കക്ഷികൂട്ടുകെട്ടിലും കുടുങ്ങിക്കിടന്ന തെരഞ്ഞെടുപ്പ് ചർച്ചകളെ , വികസന ചർച്ചകളിലേക്ക് മടക്കിക്കൊണ്ടുവരാൻ ശ്രമിക്കുകയാണ് ഭരണപക്ഷം. പ്രചാരണം ചൂട് പിടിപ്പിച്ച് ഇതുവരെ നടന്ന വിവാദങ്ങൾ ജനമനസ്സുകളെ ബാധിക്കുമോ ? അതോ ജനങ്ങളിലെത്തിയ ജനക്ഷേമ പദ്ധതികളാണോ വിധി നിർണയിക്കുക എന്ന് അലോചിക്കേണ്ടിയിരിക്കുന്നു.

വോട്ടു ചർച്ചയിൽ വികസനം എത്തുമോ ?

മീനച്ചൂടിനെ തോൽപിക്കുന്ന തെരഞ്ഞെടുപ്പ് ചൂടിൽ സ്ഥാനാർഥികളും അണികളും വെന്തുരുകുകയാണ്. ജനമനസ്സുകളിൽ ഒളിപ്പിച്ചുവെച്ച വിധി എന്താകുമെന്ന ആധിയിൽ പരക്കംപാഞ്ഞുള്ള പ്രചാരണത്തിലാണ് പാർട്ടികൾ. തെരഞ്ഞെടുപ്പ് ചർച്ചകളെ എവിടെ തളച്ചിടുമെന്നതിൽ തന്ത്രങ്ങൾ മെനയുകയാണ് നേതാക്കൾ. വിസ്മയങ്ങളിൽ നിന്ന് ഡീലുകളിലേക്ക് തെരഞ്ഞെടുപ്പ് ചർച്ചകൾ ചേക്കേറിയപ്പോൾ എവിടെ പോയി വികസന ചർച്ചകൾ എന്ന് ജനം ചോദിച്ചത് ഒടുവിൽ രാഷ്ട്രീയ നേതൃത്വം കേട്ടെന്ന് തോന്നുന്നു. അവസാന ലാപിൽ വികസനം തന്നെയാണ് പ്രചാരണത്തെ മുന്നോട്ട് നയിക്കുക എന്നതിന്റെ സൂചനകൾ എത്തുന്നുണ്ട്. ഡീലിൽ മറുപടി പറഞ്ഞ് മടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങളുെടെ വികസനപ്പട്ടിക നിരത്തി ഫേസ്ബുക്ക് പോസ്റ്റിട്ടിട്ടുണ്ട്. ഇനി ഇതിലാകാം സംവാദമെന്ന്  പറഞ്ഞാണ് പോസ്റ്റ്. 

വിവാദങ്ങളിൽ ഒതുങ്ങി പ്രചാരണ രംഗം

വികസനവും ക്ഷേമവും പിടിവള്ളിയാക്കി വോട്ടുറപ്പിക്കാനിറങ്ങിയ ഇടതുമുന്നണിയെ ഡീൽ വിവാദത്തിലേക്ക് യുഡിഎഫ് വലിച്ചിട്ടുവെന്നതാണ്  പ്രചാരണത്തിന്റെ ഒന്നാം ഘട്ടത്തിലെ സവിശേഷത. പത്ത് മണ്ഡലങ്ങളിലെ  ‘സി.പി.എം-ബി.ജെ.പി’ ഡീൽ ആരോപിച്ച് പ്രതിപക്ഷ നേതാവാണ് വിവാദം കൊഴുപ്പിച്ചത്.തൊണ്ണൂറുകളിലെ കോലീബി സഖ്യം ഓർമിപ്പിച്ച് മുഖ്യമന്ത്രി തന്നെ പ്രത്യാക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചു. സിപിഐഎമ്മിനെ കടന്നാക്രമിച്ച് മുന്നേറുന്നതിനിടെ അനവസരത്തിൽ ‘മുഖ്യമന്ത്രിചർച്ച’ ഉയർന്നതാണ് കോൺഗ്രസ് പാളയത്തിലെ കല്ലുകടി. വർഗീയത പറഞ്ഞുള്ള ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥിയുടെ വോട്ടുപിടുത്ത ശ്രമത്തിലും  തുടർചർച്ചകൾ ഉണ്ടായി. സ്വർണക്കൊള്ള വീണ്ടും ചർച്ചയാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുണ്ട്. എസ്‌ഡിപിഐ വോട്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുെടെ അലകൾ ഇനിയും തീർന്നിട്ടില്ല.

ക്ഷേമപദ്ധതികളും വാർധക്യ പദ്ധതികളും ഫലം ചെയ്യുമോ?

സാമൂഹ്യ സുരക്ഷാ പെൻഷനുകൾ "ഘട്ടം ഘട്ടമായി" പ്രതിമാസം 2,500 രൂപയാക്കി ഉയർത്തുമെന്നത് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടത് ജനാധിപത്യ മുന്നണി നൽകിയ വലിയ വാഗ്ദാനമായിരുന്നു. തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ, തങ്ങളുടെ അഞ്ചുവർഷ കാലാവധി തീരാറായപ്പോഴേക്കും പെൻഷൻ തുക 1,600 രൂപയിൽ നിന്ന് 2,000 രൂപയായി വർദ്ധിപ്പിച്ചു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച വികസന-ക്ഷേമപദ്ധതികൾ തന്നെയാണ് ഇത്തവണത്തെ ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരണായുധം..ഇവ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്ന് കണ്ടറിയണം. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ക്ഷേമ ഗ്യാരണ്ടികൾ ആണ് യുഡിഎഫിന്റെ  പ്രധാന വാഗ്ദാനം. ക്ഷേമ പെൻഷൻ 3,000 രൂപ ആക്കി വർദ്ധിപ്പിക്കും, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായം, 25 ലക്ഷം രൂപയുടെ  'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്', യുവാക്കൾക്ക് 5 ലക്ഷം രൂപ  വരെ പലിശരഹിത വായ്പ എന്നിവയാണ് വാഗ്ദാനങ്ങൾ.

വയോജനങ്ങളുടെ വോട്ട് ആർക്ക്?

2011-ൽ 12 ലക്ഷം മാത്രമായിരുന്ന പെൻഷൻ ഗുണഭോക്താക്കൾ.... 2021-ൽ അത്  52 ലക്ഷമായി ഉയരുന്നു, 2026-ഓടെ 62 ലക്ഷത്തിലേക്ക് എത്തിയിരിക്കുന്നു. 2011-ൽ 300- 400 രൂപയായിരുന്ന പെൻഷൻ തുക 2021-ൽ 1600 രൂപയായി ഏകീകരിച്ചത് സാധാരണക്കാരുടെ ജീവിതനിലവാരത്തിൽ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. പെൻഷൻ ഗുണഭോക്താക്കളുടെ വോട്ടിംഗ് രീതിയെക്കുറിച്ച് പ്രമുഖ ഇലക്ടറൽ റിസർച്ച് ഏജൻസിയായ CSDS എന്ന സ്ഥാപനം, 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടത്തിയ പഠനത്തിലെ കണക്കുകൾ സാമൂഹിക സുരക്ഷാ പദ്ധതികളുടെ വ്യാപ്തിയും ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് വിജയങ്ങളും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന്  വെളിപ്പെടുത്തുന്നു.

2016-ൽ എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ വോട്ട് വിഹിതത്തിൽ ചെറിയ കുറവുണ്ടായെങ്കിലും  ക്ഷേമപദ്ധതികൾ നടപ്പിലാക്കിയതോടെ 2021-ൽ അത് 45.43% ആയി വർദ്ധിച്ചു എന്നും  ചരിത്രപരമായ ഭരണത്തുടർച്ചയ്ക്ക് വഴിയൊരുക്കാൻ ഇത് കാരണമായി എന്നുമാണ് പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. പെൻഷൻ ലഭിക്കുന്ന വോട്ടർമാരിൽ പകുതിയിലധികം പേരും ഇടതുപക്ഷത്തെ പിന്തുണച്ചപ്പോൾ, ആനുകൂല്യങ്ങൾ ലഭിക്കാത്ത വിഭാഗങ്ങൾക്കിടയിൽ യു.ഡി.എഫിനാണ് മുന്നേറ്റം ഉണ്ടായത്. ഈ 10 ശതമാനത്തിന്റെ നിർണ്ണായകമായ വ്യത്യാസമാണ് കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തെ തിരുത്തിക്കുറിച്ച് ഇടതുപക്ഷത്തിന് ചരിത്രപരമായ ഭരണത്തുടർച്ച നൽകിയത്. 2026-ൽ ഗുണഭോക്താക്കളുടെ എണ്ണം 62 ലക്ഷത്തിലേക്ക്  വർധിക്കുമ്പോൾ, 'സാമൂഹിക സുരക്ഷയുടെ രാഷ്ട്രീയം' ഇടതുപക്ഷത്തിന് കൂടുതൽ അനുകൂലമായേക്കും.

സംവാദം നടക്കുമോ.. വികസനത്തിൽ.?

കാര്യമായി പ്രതികരണമുണ്ടായില്ലെങ്കിലും ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഒരുപാട് പരസ്യ സംവാദ വെല്ലുവിളിയുണ്ടായി. തൃത്താല മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി മന്ത്രി എം.ബി. രാജേഷ് എതിർ സ്ഥാനാർഥി കോൺഗ്രസിലെ വി.ടി. ബൽറാമിനെ വെല്ലുവിളിച്ചതായിരുന്നു ആദ്യത്തേത്. പിന്നീട് മന്ത്രി വി. ശിവൻകുട്ടിയും എതിർസ്ഥാനാർഥി ബി.ജെ.പി അധ്യക്ഷൻ രാജീവ്  ചന്ദ്രശേഖരനുമായും, രാജീവ് ചന്ദ്രശേഖരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും മുഖ്യമന്ത്രിയുമായും വെല്ലുവിളികൾ നടന്നു. ഒന്നിനും തുടർചർച്ചകൾ ഉണ്ടായില്ലെന്ന് മാത്രം.

പരസ്യ പ്രചാരണം കഴിയുന്നത് വരെ ഇനിയും സംവാദ വെല്ലുവിളികൾ വോട്ടർമാർ കേൾക്കേണ്ടിവരും. കേവലം സൗജന്യങ്ങൾക്കപ്പുറം നാടിന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള വികസനത്തെയും അടിസ്ഥാന സൗകര്യത്തെയും കുറിച്ചുള്ള ആരോഗ്യകരമായ സംവാദങ്ങൾ തന്നെയാണ് ആവശ്യം. ജനപ്രതിനിധികളെയും ജനപ്രതിനിധി സഭയെയും തെരഞ്ഞെടുക്കുമ്പോൾ വികസന അജണ്ട ചർച്ചാവിഷയമാകുന്നത് ജനാധിപത്യത്തെ കൂടുതൽ കരുത്തുറ്റതാകും.

SCROLL FOR NEXT