OPINION

വാഹനങ്ങളെ പരീക്ഷണ ശാലയാക്കി ഇന്ധന വിപ്ലവമോ?

പെട്രോളിൽ എഥനോൾ ശതമാനം കൂട്ടുന്നതിനെതിരെയുള്ള വിയോജിപ്പ് കഴിഞ്ഞ കുറേ മാസങ്ങളായി വാഹന ഉപഭോക്താക്കൾക്കിടയിൽ പുകയുന്നുണ്ട്

Author : പി.പി. പ്രശാന്ത്

25 ശതമാനം എഥനോൾ ചേർന്ന പെട്രോൾ ഉടൻ വിപണിയിലെത്തിക്കില്ലെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. പെട്രോളിൽ പടിപടിയായി കൂടുതൽ എഥനോൾ കലർത്തുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ രാജ്യത്ത് ജനരോഷം ശക്തമായ സാഹചര്യത്തിലാണ് ഈ തീരുമാനം. പെട്രോളിൽ എഥനോൾ ശതമാനം കൂട്ടുന്നതിനെതിരെയുള്ള വിയോജിപ്പ് കഴിഞ്ഞ കുറേ മാസങ്ങളായി വാഹന ഉപഭോക്താക്കൾക്കിടയിൽ പുകയുന്നുണ്ട്. എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കുന്നത് വഴി വാഹനങ്ങളുടെ മൈലേജ് കുറയുന്നുവെന്നും, എഞ്ചിനുകൾക്ക് ഗുരുതരമായ തകരാറുകൾ സംഭവിക്കുന്നുവെന്നുമുള്ള വ്യാപക പരാതികൾ സോഷ്യൽ മീഡിയയിലും യൂട്യൂബ് ചാനലുകളിലും നിറയുകയാണ്. ഇതിനിടെയാണ് രാജ്യത്ത് പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന പദ്ധതി വിജയകരമായ പരീക്ഷണഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. കൂടെ മറ്റൊരു കാര്യം കൂടെ പറഞ്ഞിരുന്നു. E20 പെട്രോൾ പദ്ധതി ഒരു പരീക്ഷണം മാത്രമാണെന്ന്. എന്നാൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് വ്യക്തമാക്കിയ കേന്ദ്ര പെട്രോളിയം മന്ത്രാലയം കേസുമായി ബന്ധപ്പെട്ടുണ്ടായ പ്രസ്താവന എഥനോൾ സംഭരണ കരാറുകളുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും E20 ഇന്ധനത്തിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചുള്ളതല്ലായിരുന്നു എന്ന് പറഞ്ഞ് തടിതപ്പി.

എഥനോൾ പെട്രോൾ

എന്തിനു തിടുക്കം

വലിയ തോതിൽ ഇന്ധനം ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് സാമ്പത്തികമായി നേട്ടം നൽകുന്നതും ഇന്ധനത്തിനായി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതുമായ ഒരു പദ്ധതിയായാണ് ഇതിന്റെ തുടക്കം. ബ്രസീലും അമേരിക്കയും പോലെ നേരത്തെ തന്നെ എഥനോൾ കലർന്ന പെട്രോൾ ഉപയോഗിച്ച് തുടങ്ങിയ പല രാജ്യങ്ങളുമുണ്ട്. 30 ശതമാനം മുതൽ 95 ശതമാനം വരെ എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കുന്ന ബ്രസീൽ ആണ് എഥനോൾ ഉപയോഗത്തിൽ ലോക രാജ്യങ്ങളിൽ ഏറ്റവും മുൻപിൽ. മലിനീകരണം കുറയ്ക്കാനും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാനും എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കുന്നതിലൂടെ സാധിക്കുമെന്നതാണ് ഇതിന്റെ ഒരു നേട്ടം.

ഇന്ധനത്തിനായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാമെന്നതിനാൽ വലിയ തോതിൽ ഇന്ധനം ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഈ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത് സ്വാഭാവികം മാത്രമാണ്.. പക്ഷെ തിടുക്കത്തിൽ ഇത് നടപ്പിലാക്കാനുള്ള ശ്രമമാണ് തിരിച്ചടിയാകുന്നത്. നിലവിൽ ഇന്ത്യ രാജ്യവ്യാപകമായി നടപ്പിലാക്കിയിട്ടുള്ള E20 പദ്ധതി വഴി പെട്രോൾ ഉപയോഗത്തിൽ 20 ശതമാനത്തിന്റെ കുറവാണ് ഉണ്ടാകുന്നത്.. ഇതിലൂടെ പ്രതിവർഷം ഏകദേശം 1,000 കോടി ലിറ്ററിലധികം പെട്രോളിന്റെ ഉപയോഗം ഒഴിവാക്കാനും, അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി അത്രയും കുറച്ച് കോടിക്കണക്കിന് രൂപയുടെ വിദേശനാണയം സംരക്ഷിക്കാനും രാജ്യത്തിന് സാധിക്കുമെന്നാണ് അവകാശവാദം.

എഥനോൾ പെട്രോളിലേക്ക് എത്തിയ വഴി

23 വർഷങ്ങൾക്ക് മുൻപാണ് ഇന്ത്യയിൽ 'എഥനോൾ ബ്ലെൻഡിംഗ് പ്രോഗ്രാം' ആരംഭിച്ചത്. വാജ്‌പേയി സർക്കാരിന്റെ കാലത്തായിരുന്നു രാജ്യത്തെ 'ഫ്‌ലെക്‌സ് ഫ്യൂവൽ' പദ്ധതിയുടെ തുടക്കം. 2006 ൽ കേരളം അടക്കം 20 സംസ്ഥാനങ്ങളിൽ 5% എഥനോൾ അടങ്ങിയ E5 പെട്രോൾ വിൽപന ആരംഭിച്ചു. 2009ൽ 10 ശതമാനം എഥനോൾ അടങ്ങിയ E10 പെട്രോൾ വിൽക്കാൻ എണ്ണക്കമ്പനികൾക്ക് അനുമതി നൽകി. 2018ൽ എഥനോൾ ഉൽപാദന ശേഷി പ്രോത്സാഹിപ്പിക്കാൻ റിഫൈനറികൾക്ക് നികുതി ഇളവുകൾ പ്രഖ്യാപിച്ചു. 2022ൽ രാജ്യത്തെ മുഴുവൻ പമ്പുകളും പൂർണ്ണമായും E10 പെട്രോളിലേക്ക് മാറി. 2025ൽ 20% എഥനോൾ അടങ്ങിയ E20 പെട്രോൾ രാജ്യത്തെല്ലായിടത്തും ലഭ്യമായിത്തുടങ്ങി. 2030ലാണ് കൊണ്ടുവരാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും അഞ്ച് വർഷം മുമ്പ് തന്നെ നമ്മൾ E20 ഉപയോഗത്തിലേക്ക് കടന്നു. 2026 ഏപ്രിൽ ഒന്ന് മുതൽ രാജ്യത്തെ മുഴുവൻ പമ്പുകളിലും ഇ 20 പെട്രോൾ മാത്രമേ വിൽക്കാവൂ എന്ന നിയമം പ്രാബല്യത്തിൽ വന്നു. അതായത് വെറും 4 വർഷങ്ങൾക്കുള്ളിൽ നമ്മൾ E10 പെട്രോളിൽ നിന്നും E20 പെട്രോളിലേക്കുള്ള മാറ്റം പൂർത്തിയാക്കി. 20 ശതമാനം എഥനോൾ അടങ്ങിയ പെട്രോൾ ഉപയോഗത്തിന് അനുയോജ്യമല്ലാത്ത വാഹനങ്ങൾ കൂടുതലുള്ള വിപണിയിൽ, E20 പെട്രോൾ മാത്രം ലഭ്യമാക്കിയതോടെ, മാസങ്ങൾക്കുള്ളിൽ തന്നെ രാജ്യത്തിൻറെ പല ഭാഗങ്ങളിൽ നിന്നും വാഹനങ്ങളുടെ മൈലേജ് കുറയുന്നതായും എഞ്ചിനുകൾക്ക് തകരാറുകൾ സംഭവിക്കുന്നതായുമുള്ള വ്യാപക പരാതികൾ ഉയർന്നു.. ഇതിനെത്തുടർന്നാണ് ഇപ്പോൾ 2030 ഓടെ നടപ്പിലാക്കാനിരുന്ന E25 പദ്ധതി താൽകാലികമായി നീട്ടിവെക്കാൻ തീരുമാനമായിട്ടുള്ളത്.

വാഹനങ്ങൾക്ക് എന്ത് സംഭവിക്കും

E20 ഇന്ധനത്തിനെതിരെ ഉയരുന്ന പ്രധാന വിമർശനം എൻജിനുകൾക്ക് കേടുപാട് സംഭവിക്കുന്നതും വാഹനങ്ങൾക്ക് മൈലേജ് കുറയുന്നതുമാണ്. പഴയ വാഹനങ്ങളിലെ ഇന്ധന വിതരണ സംവിധാനത്തിലെ റബ്ബർ ഭാഗങ്ങളെ എഥനോൾ വേഗത്തിൽ ജീർണ്ണിപ്പിക്കുകയും ദ്രവിപ്പിക്കുകയും ചെയ്യും. ഇത് വഴി ഇന്ധനച്ചോർച്ച ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മറ്റൊന്ന് തുരുമ്പെടുക്കലാണ്. എഥനോളിന് അന്തരീക്ഷത്തിലെ ഈർപ്പം പെട്ടെന്ന് വലിച്ചെടുക്കാനുള്ള കഴിവുണ്ടായതിനാൽ ഇന്ധനടാങ്കിൽ വെള്ളം കലരുന്നത് വഴി ഇന്ധന വിതരണ സംവിധാനത്തിലെ ലോഹ ഭാഗങ്ങളിൽ തുരുമ്പുണ്ടാകാനുള്ള സാധ്യത വർധിക്കുന്നു.. നീണ്ടകാലത്തെ ഉപയോഗം കൊണ്ട് എഞ്ചിനിലെ വാൽവുകൾ, പിസ്റ്റൺ ഹെഡ്ഡ് എന്നിവയ്ക്ക് അമിതമായ തേയ്മാനം സംഭവിക്കുമെന്നതാണ് മറ്റൊരു പ്രശ്‍നം. പഴയ വാഹനങ്ങളിൽ ഏകദേശം 5% മുതൽ 10% വരെയും ചിലപ്പോൾ അതിലധികവും മൈലേജ് കുറയുന്നതായും ആളുകൾ പരാതിപ്പെടുന്നുണ്ട്. ഇന്ത്യ പോലെ മൈലേജിന് ഏറ്റവും പ്രാധാന്യം നൽകുന്ന ഒരു രാജ്യത്ത് ഇത് വളരെ പ്രധാനമാണ്. 2023 ഏപ്രിലിന് ശേഷം പുറത്തിറങ്ങിയ പുതിയ BS6 Phase-2 വാഹനങ്ങൾ മാത്രമാണ് രാജ്യത്ത് e20 പെട്രോൾ ഉപയോഗത്തിനായി നിർമ്മിക്കപ്പെട്ടിട്ടുള്ളത്. വാഹന നിർമ്മാതാക്കൾക്കും ഉപഭോക്താക്കൾക്കും പുതിയ സാഹചര്യത്തിലേക്ക് മാറാൻ സമയം കൊടുത്തിരുന്നെങ്കിൽ ഇങ്ങനെയൊരു സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് വിദഗ്ധർ പറയുന്നു. എഥനോൾ ബ്ലെൻഡഡ്‌ പെട്രോൾ ഉപയോഗത്തിൽ ലോകത്ത് ഏറ്റവും മുൻപിൽ നിൽക്കുന്ന ബ്രസീൽ ഏതാണ്ട് 30 വർഷത്തിലേറെയെടുത്താണ് e30 പെട്രോളിലേക്ക് മാറിയത് എന്നത് ഉദാഹരണമായി അവർ ചൂണ്ടിക്കാണിക്കുന്നു.

ആശങ്കകൾ തീരുന്നില്ല

എഥനോൾ കലർന്ന പെട്രോളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആശങ്കകൾ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര പെട്രോളിയം - പ്രകൃതിവാതക മന്ത്രാലയം പറയുന്നു. E20 പെട്രോൾ വാഹനങ്ങളുടെ പ്രകടനത്തേയോ ഇന്ധനക്ഷമതയേയോ കാര്യമായി ബാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.. അപ്പോഴും പഴയ വാഹനങ്ങളിലെ ചില റബ്ബർ ഭാഗങ്ങൾക്ക് സാധാരണയേക്കാൾ വേഗത്തിൽ ദ്രവിക്കാനും കേടു വരാനും സാധ്യതയുണ്ടെന്ന് മന്ത്രാലയം ഔദ്യോഗികമായി സമ്മതിക്കുകയും ചെയ്യുന്നുണ്ട്. E20 പെട്രോൾ ഉപയോഗിക്കുന്നതു വഴി വാഹനങ്ങളുടെ വാറണ്ടിയോ ഇൻഷൂറൻസ് പരിരക്ഷയോ നഷ്ടമാവും എന്ന പ്രചാരണവും മന്ത്രാലയം തള്ളുന്നു... എഥനോൾ കലർന്ന പെട്രോൾ സാർവത്രികമാക്കിയ ശേഷം ഇന്ത്യയിൽ ഇന്ധന മേഖലയിൽ മാത്രം ഏകദേശം 1,016 മുതൽ 1,050 കോടി ലിറ്റർ എഥനോൾ പ്രതിവർഷം ആവശ്യമുണ്ട്. മറ്റ് രാസ, ഫാർമസ്യൂട്ടിക്കൽ, വ്യാവസായിക ആവശ്യങ്ങൾക്കായി വേണ്ടിവരുന്ന ഏകദേശം 334 കോടി ലിറ്റർ കൂടി ചേരുമ്പോൾ, ഇന്ത്യയുടെ മൊത്തം വാർഷിക ആവശ്യം ഏകദേശം 1,350 കോടി ലിറ്ററാണ്. 2028-ഓടെ ഇന്ത്യയുടെ എഥനോൾ ആവശ്യകത പ്രതിവർഷം 1,600 കോടി ലിറ്ററിലേക്ക് ഉയരുമെന്ന് കണക്കാക്കപ്പെടുന്നു.

എഥനോൾ വിപ്ലവം ഗുണകരമോ

കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ കുടുംബത്തിന് മാനസ് ആഗ്രോ പോലെയുള്ള എഥനോൾ ഉത്പാദന കമ്പനികളിലുള്ള ബിസിനസ് പങ്കാളിത്തം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരിതെളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വസതിക്കു മുന്നിൽ തങ്ങളുടെ വാഹനങ്ങളുമായി സമരം ചെയ്യുമെന്നു കോൺഗ്രസ് അനുകൂല സംഘടനയായ ഐഎൻടിയുസി മുന്നറിയിപ്പു നൽകിയിരുന്നു. എഥനോൾ ഉൽപാദന കമ്പനികൾക്കു വേണ്ടി ഗഡ്കരി ശക്തമായി വാദിക്കുകയാണെന്നും അദ്ദേഹത്തിന്റെ 2 ആൺമക്കൾ എഥനോൾ ഉൽപാദന കമ്പനികളുടെ നേതൃത്വത്തിലുണ്ടെന്നുമുള്ള ആരോപണം കോൺഗ്രസ് ഏറെക്കാലമായി ഉയർത്തുന്നുണ്ട്.. രാജ്യത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങളും സാധാരണക്കാരായ വാഹന ഉടമകളുടെ പ്രായോഗികമായ ആശങ്കകളും തമ്മിലുള്ള ഒരു വലിയ സംഘർഷമാണ് ഈ വിഷയത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ജനരോഷത്തെത്തുടർന്ന് E25 പെട്രോളിന്റെ നടപ്പിലാക്കൽ താൽക്കാലികമായി നീട്ടിവെച്ചുവെങ്കിലും, ഈ വിഷയത്തിൽ സാങ്കേതികമായ വ്യക്തതയും ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കലും അനിവാര്യമാണ്. പുതിയ ഇന്ധനത്തിലേക്ക് മാറാൻ വാഹന നിർമ്മാതാക്കൾക്കും ഉപയോക്താക്കൾക്കും സമയമനുവദിക്കുന്ന ഒരു ദീർഘകാല പദ്ധതിയാകും രാജ്യത്തിനനുയോജ്യമാവുക.

SCROLL FOR NEXT