അമേരിക്കയിലെ ഷിക്കാഗോ, ഒമാനിലെ മണൽപരപ്പ്, യൂറോപ്പിലെ ബൾഗേറിയൻ തെരുവുകൾ. ഇവിടെയൊക്കെ പൗരപ്രമുഖരുടെ കല്യാണത്തിലും സംഘടനകളുടെ വാർഷികത്തിലും നമ്മുടെ മന്ത്രിമാരെ കണ്ടുവോ ? ഒട്ടും അദ്ഭുതപ്പടേണ്ട, മന്ത്രിമാർ റിലോക്സേഷൻ മോഡിൽ ആണ്. കേട്ടില്ലേ, നമ്മുടെ യുവ മന്ത്രി പറഞ്ഞത്. "എന്റെ വയസ്സ് 37 ആണ്, തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല. കൂടെ ഒരു ചോദ്യം കൂടി അദ്ദേഹം ഉന്നയിച്ചു. "മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങളും വ്യക്തിജീവിതവും പാടില്ലേ?". തീർച്ചയായും വേണ്ടത് തന്നെയാണ്. താൻ സർക്കാർ ചെലവിലല്ല വിദേശയാത്ര നടത്തിയത് എന്നും, സ്വന്തം ചെലവിലാണ് കുടുംബസമേതം ഒമാനിലേക്ക് പോയതെന്നും മന്ത്രി വ്യക്തമാക്കുന്നുണ്ടെങ്കിലും ചിലത്, ഓർമിപ്പിക്കാതെ വയ്യല്ലോ.
അധികാരക്കസേരയിലെത്തി നാല് മാസമെത്തിയതേ ഉള്ളൂ. ഇതിനിടെ അടിയന്തര ധനസഹായം ഇതുവരെയായും കിട്ടിയില്ലെന്ന് പറഞ്ഞ് കുട്ടനാട്ടുകാർ വിലപിക്കുന്നുണ്ട്. കാലിയായ ഖജനാവ് ചൂണ്ടിക്കാട്ടി ധനമന്ത്രി കൂടിയായ വിഡി സതീശൻ കൈമലർത്തുന്നുണ്ട്. മരുന്നിന് പണമില്ലാതെ ആശുപത്രികളിൽ നിസ്സഹായരായി രോഗികൾ പരക്കം പായുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില കുന്നോളം കയറി നട്ടപ്പിരാന്ത് പിടിച്ച് ഒഴിവയറോടെ ജനം പ്രാകുന്നു. വൈദ്യുതി കിട്ടാതെ കേരളം ഇരുട്ടിലായി പരിതപിക്കുന്നുമുണ്ട്.
മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ ഭരണപക്ഷത്തിന്റെ ഓരോ വിദേശയാത്രയ്ക്കും എണ്ണിയെണ്ണി കണക്കുപറഞ്ഞവരും, ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതിനെതിരെ സമരച്ചൂട് കൂട്ടിയവരും ഇന്ന് അതേ കസേരയിലിരുന്ന് ചരിത്രം ആവർത്തിക്കുമ്പോൾ, ജനം ഇത് കാണുകയും അവർ കഷ്ടം വെക്കുന്നതും ഈ മന്ത്രിമാർ അറിയുന്നുണ്ടോ? ഇതാണോ നിങ്ങൾ മാറ്റം എന്ന് പറഞ്ഞ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച പുതിയ രാഷ്ട്രീയം ?
അധികാരത്തിലെത്തി മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് സതീശന്‍ സര്‍ക്കാര്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ വിദേശയാത്രപ്പെരുമഴ. മന്ത്രി ഒ ജെ ജനീഷ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി എന്നിവരുടെ വിദേശ സന്ദര്‍ശനം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിക്കഴിഞ്ഞു. മൂന്ന് പേരുടെയും സ്വകാര്യ സന്ദര്‍ശനമായിരുന്നു. ജനീഷ് ഒമാനും ചെന്നിത്തല അമേരിക്കയിലെ ഷിക്കാഗോയും കെ എം ഷാജി യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയുമായിരുന്നു സന്ദര്‍ശിച്ചത്. ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂറിന്റെ അബൂദബി സന്ദർശനവും ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ ബഹറൈൻ സന്ദർശനവും കഴിഞ്ഞിട്ട് അധിക നാളുകളായിട്ടില്ല. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മന്ത്രി പി സി വിഷ്ണുനാഥും വിദേശ യാത്ര നടത്തിയെങ്കിലും അവ ഔദ്യോഗിക യാത്രകളായിരുന്നു. മന്ത്രിമാർക്ക് വ്യക്തിപരമായ ജീവിതവും ചെറിയ സന്ദർശനങ്ങളും പാടില്ലെന്നത് കാലഹരണപ്പെട്ട ചിന്താഗതിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതികരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വകുപ്പ് മന്ത്രിമാർ ഹണിമൂൺ മൂഡിലും ഉല്ലാസയാത്രയിലുമാണെന്ന് പ്രതിപക്ഷം പരിഹസിക്കുന്നത്. ഇതിനിടെ, മലപ്പുറത്ത് വലിയ മഴക്കെടുതിയുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രിയുടെ ചാർട്ടേഡ് ൈഫ്ലറ്റും വിവാദമായി. വാടകയും എയർപോർട്ട് ഫീസും ഉൾപ്പെടെയുള്ള വലിയ തുകയുടെ ചെലവ് വഹിച്ചത് ആരാണ് എന്നതിൽ സർക്കാർ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. സൗജന്യമായാണോ അതോ മറ്റേതെങ്കിലും വ്യവസായി സ്പോൺസർ ചെയ്തതാണോ എന്ന കാര്യത്തിലും വ്യക്തതയില്ല. മന്ത്രിമാരുടെ വിദേശയാത്രകളുൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിന്റെ ചെലവുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുമ്പോൾ, പ്രതിപക്ഷ വിമർശനങ്ങളും ശക്തമാകുകയാണ്.
ആരാണ് പണം മുടക്കിയത് എന്ന ചോദ്യം ബാക്കി
കാലവര്‍ഷക്കെടുതിയില്‍ പത്തനംതിട്ടയിലെയും കോട്ടയത്തെയും ജനങ്ങള്‍ ദുരന്തമുഖത്ത് ആയിരുന്നപ്പോള്‍ ഹെലികോപ്റ്ററില്‍ കൊച്ചിക്ക് പറന്ന മുഖ്യമന്ത്രി ഏറെ പഴി കേട്ടതാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഭാര്യാപിതാവിനെ സന്ദര്‍ശിക്കാനെന്ന് ആദ്യം പറഞ്ഞും, നിക്ഷേപകരെ കാണാനെന്ന് പിന്നീട് തിരുത്തിയും ന്യായീകരിക്കാന്‍ ശ്രമിച്ച ആ കൊച്ചി യാത്രയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇതുവരെ പുറത്തുവന്നിട്ടില്ല. മുഖ്യമന്ത്രി കസേരയിലിരിക്കുന്നതിന് തൊട്ടുമുമ്പായി മംഗലാപുരത്തേക്ക് ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പറന്നത് എന്തിനാണെന്നും ആര്‍ക്കും അറിയില്ല. ഇപ്പോഴിതാ മലപ്പുറത്തെ മഴക്കെടുതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മറ്റൊരു ചാര്‍ട്ടേഡ് വിമാനത്തില്‍ കയറി കരിപ്പൂരില്‍ ഇറങ്ങുമ്പോഴും വി.ഡി. സതീശന്‍ പല ചോദ്യങ്ങളും ബാക്കി വയ്ക്കുകയാണ്. മലപ്പുറത്തെ സന്ദര്‍ശനം ഒരു അടിയന്തര സാഹചര്യത്തിലാണ്. നേരത്തെയുള്ള വിമര്‍ശനങ്ങള്‍ ഓര്‍ത്തിട്ടാകണം, മലപ്പുറത്തേക്ക് പോകാന്‍ സമയം കളയരുതെന്ന് മുഖ്യമന്ത്രി തീരുമാനിച്ചത്. പക്ഷേ, ആ യാത്ര ഒട്ടും സുതാര്യമല്ലെന്നു വേണം പറയാന്‍. ചാര്‍ട്ടേഡ് വിമാനത്തില്‍ വേണോ മുഖ്യമന്ത്രിക്ക് പോകാന്‍ എന്ന ചോദ്യത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കിയ മറുപടിയാണ് പുതിയ വിവാദത്തില്‍ സതീശനെ പെടുത്തിയത്. ആ വിമാനം സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം സൗജന്യമായി കിട്ടിയതാണെന്നാണ് സര്‍ക്കാര്‍ വക വ്യാഖ്യാനം. ഒരു രൂപ പോലും ഈയിനത്തില്‍ ഖജനാവിന് ചെലവായിട്ടില്ലെന്നുമായിരുന്നു വാദം. സർക്കാരിൽ നിന്ന് പണം ചെലവായില്ലെങ്കിൽ , ആരാണ് പണം മുടക്കിയതെന്ന ചോദ്യമാണ് ഉയരുന്നത്.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി നാല് കോടിയോളം വില വരുന്ന റെയ്ഞ്ച് റോവര്‍ ഔദ്യോഗിക വാഹനമാക്കിയത് സർക്കാരിന് ഒരു രൂപപോലും ബാധ്യത ഇല്ലെന്ന ന്യായീകരണം പറഞ്ഞാണ്. കോടികൾ വിലയുള്ള റേഞ്ച് റോവറിൽ കൊടിവെച്ചു പറക്കുമ്പോൾ, അത് വെറും സൗകര്യമാണെന്ന് ന്യായീകരിക്കുന്ന കെപിസിസി നേതൃത്വത്തിന്റെ വിചിത്രവാദം കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ തമാശയായി മാറിയിരിക്കുന്നു. ഷാജി വാഹനം തിരികെ ഏൽപ്പിച്ചു എന്ന് പറഞ്ഞ് പ്രശ്നം ഒഴിവാക്കാനാവില്ല; ഇനിയും വാഹനം തരാൻ ഉദ്ദേശിക്കുന്ന സുഹൃത്തുക്കളിൽ നിന്ന് വാഹനം കൈപറ്റും എന്ന് വെല്ലുവിളി മുഴക്കുകയും ചെയ്യുന്നുണ്ട്. സ്പോൺസേഴ്‌സ് വെറുക്കപ്പെട്ടവരല്ലെന്നും അവർക്ക് അർഹമല്ലാത്ത ഒന്നും സർക്കാർ ചെയ്തു കൊടുക്കില്ലെന്നുമായിരുന്നു മന്ത്രി കെ മുരളീധരന്റെ ന്യായം. കെപിസിസി പ്രസിഡന്റ് സണ്ണിജോസഫാകട്ടെ വിവാദ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു.
ആരാണ് സ്പോൺസർ ? അക്കാര്യം ജനം അറിയേണ്ടത് തന്നെ
മന്ത്രിമാർ സൗജന്യ യാത്രകളോ ചാർട്ടേഡ് വിമാനങ്ങളോ ആഡംബര കാറുകളോ സ്പോൺസർഷിപ്പായി സ്വീകരിക്കുന്നത് ഭരണഘടനാപ്രകാരമുള്ള സത്യപ്രതിജ്ഞ ലംഘനമാണ്—കാരണം അത് ആരോടെങ്കിലും പ്രത്യേക മമത കാണിക്കുന്ന പ്രവർത്തിയാണ്. മന്ത്രിമാരുടെ പെരുമാറ്റച്ചട്ട പ്രകാരം വിലയേറിയ സൗജന്യങ്ങളോ ഉപഹാരങ്ങളോ സ്വീകരിക്കാൻ പാടില്ല. Prevention of Corruption Act അനുസരിച്ച്, നിയമപരമായ ശമ്പളത്തിനപ്പുറമുള്ള ഏതൊരു ആനുകൂല്യവും സ്വീകരിക്കുന്നത് അഴിമതിയാണ്. ഇങ്ങനെ സൗജന്യ സേവനം നൽകിയവർക്ക് പിന്നീട് ഔദ്യോഗിക തീരുമാനങ്ങളിൽ ആനുകൂലം ലഭിക്കുകയാണെങ്കിൽ, അത് ഒന്നിന് പകരം മറ്റൊന്ന് നൽകുന്ന ‘അഴിമതി’യായി കണക്കാക്കും. “സർക്കാർ പണം ചെലവഴിച്ചിട്ടില്ല” എന്ന വാദം പോലും നിലനിൽക്കില്ല—ഔദ്യോഗിക പദവി ഉപയോഗിച്ച് മറ്റുള്ളവരിൽ നിന്ന് സേവനം സ്വീകരിക്കുന്നത് തന്നെ നിയമലംഘനമാണ്. ‘‘പദവികൾ ഇല്ലെങ്കിൽ ഈ വ്യവസായികൾ വിമാനവും കാറും സൗജന്യമായി വിട്ടുകൊടുക്കുമോ? എന്ന സമസ്ത എ.പി വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി എളമരം ഉയർത്തിയ ഈ ചോദ്യം പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. ആരോപണം തെളിയിക്കപ്പെട്ടാൽ പദവി നഷ്ടം മുതൽ ജയിൽ ശിക്ഷ വരെ ലഭിക്കാവുന്ന ഗുരുതര കുറ്റം കൂടിയാണിത്. സൗജന്യമായി കിട്ടിയതാണ്, സര്‍ക്കാരിന് ചെലവില്ലെന്നു പറഞ്ഞൊഴിയാന്‍ ഒരു സ്പോൺസേഡ് യാത്രക്കും കഴിയില്ല. ആരാണ് സ്പോൺസർ ? അക്കാര്യം ജനം അറിയേണ്ടത് തന്നെയാണ്. ഇതോടുകൂടി ഇന്നത്തെ സ്പോട്ടലൈറ്റ് സമാപിക്കുന്നു. നാളെ മറ്റൊരു വിഷയവുമായി എത്താം.