പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന വര്‍ഷം പിആര്‍ പ്രവര്‍ത്തനത്തിനായി കിഫ്ബിയില്‍ നിന്ന് 100 കോടിയിലധികം രൂപ ചെലവഴിച്ചതായി ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കിഫ്ബിയടെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർമാരായ 'സൂരി ആൻഡ് കമ്പനി' നടത്തിയ ഓഡിറ്റിങ്ങിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പിലാക്കുകയെന്നതാണ് കിഫ്ബിയുടെ പ്രധാന ലക്ഷ്യം. ഈ അടിസ്ഥാനതത്വങ്ങളില്‍ നിന്ന് വ്യതിചലിച്ച് കൊണ്ടാണ് കിഫ്ബി 'എന്റെ കേരളം', 'സി.എം വിത്ത് മി' പരിപാടികള്‍ക്കായി 2025-26 വര്‍ഷത്തില്‍ ഈ തുക ചെലവിട്ടതെന്നാണ് വിമർശനം ഉയരുന്നത്. കിഫ്ബിയുടെ പ്രവർത്തനം പഠിക്കാൻ യുഡിഎഫ് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഈ മാസം 15 ന് സമർപ്പിക്കാനിരിക്കേയാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. കിഫ്ബിയെ ഇങ്ങനെ കയറൂരിവിടരുതെന്ന് പ്രഖ്യാപിച്ച് ധവളപത്രം ഇറക്കിയശേഷമാണ് യുഡിഎഫ് സർക്കാർ കിഫ്ബി തുടരണോ അതോ ഘടന പരിഷ്‍കരിക്കണോ എന്ന് തീരുമാനിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചത്.
കിഫ്ബി പിണറായി കാലത്തെ പിആർ ഏജൻസിയോ?
2025-26 വർഷത്തെ കിഫ്ബിയുടെ ഓഡിറ്റ് ചെയ്ത കണക്കുകൾ പ്രകാരം സർക്കാരിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് 2025 ഏപ്രിൽ-മെയ് മാസങ്ങളിൽ വിവിധ ജില്ലകളിൽ നടത്തിയ 'എന്റെ കേരളം' പ്രദർശന മേളക്കായി 96.44 കോടി രൂപയാണ് ചെലവഴിച്ചത്. 'സി.എം വിത്ത് മി' പരിപാടിക്കായി മറ്റൊരു 6.14 കോടി രൂപയും വകയിരുത്തി. ഈ രണ്ട് ചെലവുകളും പരിപാടികളുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പദ്ധതിച്ചെലവുകളായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഭൂരിഭാഗം തുകയായ 60.12 കോടി രൂപ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള 46 ദിവസങ്ങൾക്കുള്ളിലാണ് ചെലവഴിച്ചത്. 79.98 കോടി രൂപ മീഡിയ പരസ്യങ്ങൾക്കും പ്രചാരണ പ്രവർത്തനങ്ങൾക്കുമായി ചെലവിട്ടിട്ടുണ്ട്. ഇതിൽ 62.39 കോടി രൂപയുടെ ബില്ലുകൾ ഹാജരാക്കാൻ കിഫ്‌ബിക്ക് കഴിഞ്ഞില്ലെന്നും, മറ്റൊരു 7.45 കോടി രൂപയ്ക്കും ആവശ്യമായ ബില്ലുകൾ ലഭ്യമല്ലായിരുന്നുവെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
ഏജൻസികളെ തിരഞ്ഞെടുത്തതിന്റെ രേഖകൾ വ്യക്തമായി സ്ഥാപിക്കാൻ കഴിഞ്ഞില്ലെന്നും, ബില്ലുകൾ ഇല്ലാത്തതിനാൽ മീഡിയ സെല്ലിന്റെ സർട്ടിഫിക്കറ്റും സിഇഒയുടെ അംഗീകാരവും മാത്രമാണ് പരിശോധിച്ചതെന്നും ഓഡിറ്റർമാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏജൻസികളെ ഉചിതമായ നടപടിക്രമങ്ങളിലൂടെയാണ് തിരഞ്ഞെടുത്തതെന്നും നിരക്കുകൾ ന്യായമാണെന്നും കിഫ്ബി ഓഡിറ്ററെ അറിയിച്ചു. കിഫ്ബിയുടെ ബ്രാൻഡ് മൂല്യവും വിശ്വാസ്യതയും വർധിപ്പിക്കുന്നതിനും മാർക്കറ്റിൽ നിന്ന് തുടർന്ന് ഫണ്ട് സമാഹരിക്കുന്നതിനും വേണ്ടിയാണ് ഈ പ്രചാരണം നടത്തിയതെന്നാണ് കിഫ്ബി അധികൃതരുടെ വിശദീകരണം. എക്സിബിഷനുകളുടെ ഇൻഫ്രാസ്ട്രക്ചർ ചെലവുകൾ കിഫ്ബിക്ക് വഹിക്കാമെന്നും, 'എന്റെ കേരളം' പരിപാടിയിലൂടെ കിഫ്ബിയുടെ പദ്ധതികൾ കൂടിയാണ് ജനങ്ങളിലേക്ക് എത്തിച്ചതെന്നും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്.
ഫണ്ടിന്‍റെ ദുരുപയോഗത്തിന് നടപടി വേണമെന്ന്
അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഫണ്ട് രാഷ്ട്രീയ പ്രചാരണങ്ങൾക്കായി ഉപയോഗിക്കുന്നത് ദുരുപയോഗമാണെന്നും സർക്കാർ ഇക്കാര്യത്തിൽ കർശന നടപടിയെടുക്കണമെന്നും സാമ്പത്തിക വിദഗ്ധൻ കെ.പി. കണ്ണൻ അഭിപ്രായപ്പെട്ടു. .സർക്കാർ ഗ്രാന്റുകൾക്ക് പുറമെ കിഫ്ബിയുടെ ഫണ്ടുകളിൽ ഭൂരിഭാഗവും കടങ്ങളായതിനാൽ അവ പരസ്യങ്ങൾക്കോ പ്രചാരണങ്ങൾക്കോ വേണ്ടി ചെലവഴിക്കാൻ പാടില്ല. എന്നാൽ കിഫ്ബി വായ്പാ ഫണ്ടുകൾ, സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണങ്ങൾക്കും പരസ്യങ്ങൾക്കുമായി മാറ്റിവെച്ചത് ചട്ടലംഘനവും ഫണ്ട് ദുരുപയോഗവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കിഫ്ബിയുടെ മാധ്യമ പ്രചാരണച്ചെലവുകൾ ഓഡിറ്റ് പരിശോധനയ്ക്ക് വിധേയമാകുന്നത് ഇതാദ്യമല്ല. ടെൻഡറില്ലാതെ ഏജൻസികൾക്ക് 30.83 കോടി രൂപയിലധികം നൽകിയതിനെ തുടർന്ന് കിഫ്ബിയുടെ 2024-25 ലെ അക്കൗണ്ടുകളിലും ഓഡിറ്റർമാർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. 2022-23 സാമ്പത്തികവർഷത്തിലും സമാനമായ വിഷയം ഉന്നയിക്കപ്പെട്ടു.
വിദഗ്ധ സമിതി റിപ്പോർട്ട് 15ന്
കിഫ്ബി മികച്ച ലാഭ മോഡലായി പുനഃസംഘടിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇക്കഴിഞ്ഞ ജൂലൈ 13നാണ് 5 അംഗ കിഫ്ബി പുനഃസംഘടന സമിതി സര്‍ക്കാര്‍ രൂപീകരിച്ചത്. മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം. സമിതിയുടെ കാലാവധി ഒക്ടോബര്‍ 13 ന് അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഒക്ടോബര്‍ 15നു റിപ്പോര്‍ട്ട് ധന മന്ത്രികൂടിയായ മുഖ്യമന്ത്രിക്കു സമര്‍പ്പിക്കാന്‍ സമിതി തീരുമാനിച്ചത്. സെന്റര്‍ ഫോര്‍ ഡവലപ്‌മെൻ്റ് സ്റ്റഡീസ്, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ തുടങ്ങിയവയുടെ സഹായത്തോടെയാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയത്. വി.ഡി. സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ പുറത്തിറക്കിയ സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവള പത്രത്തില്‍ കിഫ്ബി പുനഃസംഘടിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഏതായാലും നിലവിലെ രൂപത്തില്‍ കിഫ്ബി തുടരില്ലെന്ന കാര്യം വ്യക്തമാണ്. അതിനിടെ വി. ഡി. സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ സമ്പൂര്‍ണ കിഫ്ബി യോഗം നവംബര്‍ 15 നു ചേര്‍ന്നേക്കും. ഇക്കഴിഞ്ഞ ജൂണ്‍ 3ന് വി. ഡി. സതീശന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം പ്രകാരം 56,000 കോടി രൂപയുടെ കടബാധ്യതയാണ് കിഫ്ബി സംസ്ഥാന സര്‍ക്കാരിന് വരുത്തിയിട്ടുള്ളത്.
കിഫ്ബി ഘടനയും വിവാദവും
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പിലാക്കാൻ കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് നിയമം അനുസരിച്ച് 1999 നവംബര്‍ 11നാണ് കിഫ്ബി ആരംഭിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ 2016ല്‍ അധികാരമേറ്റെടുത്തപ്പോള്‍ കിഫ്ബിയുടെ ചട്ടങ്ങള്‍ പരിഷ്‌ക്കരിച്ചു. ഇതനുസരിച്ച് പെട്രോളിയം ഇന്ധനങ്ങളിൽ ഒരു ശതമാനം സെസ് ഏർപ്പെടുത്തി. കൂടാതെ, വർഷം തോറും 10 ശതമാനം വർധന വരുത്തി അഞ്ചാം വർഷം മുതൽ മോട്ടോർ വാഹന നികുതിയുടെ 50 ശതമാനവും കിഫ്ബിയുടെ പ്രധാന വരുമാന സ്രോതസ്സാക്കി. നേരത്തെ കിഫ്ബിയുടെ 2150 കോടിയുടെ മസാല ബോണ്ട് ഇടപാടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന സിഎജിയുടെ കണ്ടെത്തല്‍ കേരളത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിതെളിച്ചിരുന്നു. മസാല ബോണ്ട് വഴി കിഫ്ബി പണം സമാഹരിച്ചത് രാജ്യത്തിനു പുറത്തു നിന്നു സംസ്ഥാനങ്ങള്‍ കടമെടുക്കരുതെന്ന ഭരണഘടനാ അനുച്ഛേദത്തിന്റെ ലംഘനമാണ് എന്ന് സിഎജി കണ്ടെത്തി. വിവാദത്തിന് പിന്നാലെ മൂന്ന് വര്‍ഷം നീണ്ട ഇ.ഡി. അന്വേഷണവും നടന്നു. ഇഡി അന്വേഷണത്തില്‍ ഫെമ ചട്ട ലംഘനം കണ്ടെത്തുകയും ഒടുവില്‍ കിഫ്ബി മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇഡി കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും മസാല ബോണ്ടിന്റെ പണം തിരിച്ചു നല്‍കിയെന്നുമാണ് അന്ന് സര്‍ക്കാര്‍ വിശദീകരിച്ചത്.
നിലനിൽക്കുമോ അതോ പുനരവതരിക്കുമോ?
കഴിഞ്ഞ കാലങ്ങളിൽ കിഫ്ബി അതിന്റെ ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിച്ചു എന്നാണ് ഓഡിറ്റ് കണക്കുകൾ വെളിപ്പെടുത്തുന്നത്. പക്ഷേ കേരളത്തിൽ നടക്കുന്ന ചർച്ച കിഫ്ബി തുടരുമോ ഘടന മാറുമോ എന്നതാണ്.. കാരണം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലടക്കം ഭൗതികസൗകര്യവികസനത്തില്‍ കിഫ്ബി യുഗം വൻ കുതിച്ചുചാട്ടമുണ്ടാക്കിയിരുന്നു. കിഫ്ബി എന്നത് ഒരു പ്രോഫിറ്റ്-മേക്കിംഗ് കമ്പനി അല്ല; അടിസ്ഥാന സൗകര്യ വികസനമാണ് അതിന്റെ ലക്ഷ്യമായി തുടരുന്നത്. നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾക്ക് ഫണ്ട് വേണം. അതിനാൽ ഉടൻ അടച്ചുപൂട്ടാനും കഴിയില്ല. കിഫ്ബിയുടെ നിലവിലെ ഘടന പൊളിച്ചെഴുതി കൂടുതൽ സുതാര്യവും കുറ്റമറ്റതുമായ ഒരു സാമ്പത്തിക മാതൃകയാക്കി മാറ്റുക എന്നത് നിലവിലെ സർക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്. കിഫ്ബി അതിന്റെ യഥാർത്ഥ ലക്ഷ്യമായ അടിസ്ഥാന സൗകര്യ വികസനത്തിലേക്ക് തിരികെ നടക്കുമോ അതോ മറ്റൊരു രുപത്തിൽ പുനരവതരിക്കുമോ എന്നത് വരുംകാല തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇതോടുകൂടി ഇന്നത്തെ സ്പോട്ട്ലൈറ്റ് സമാപിക്കുന്നു.