കേരളത്തിന്റെ വികസന ചരിത്രത്തിനൊപ്പം ജനപ്രിയ മുഖമായി സഞ്ചരിച്ച പൊതുമേഖലാ സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്. എന്നാൽ ഇന്ന് സമാനതകളില്ലാത്ത സാമ്പത്തിക പടുകുഴിയിലാണ് ഈ സ്ഥാപനമെന്ന് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം വിരൽ ചൂണ്ടുന്നു. വൈദ്യുതിമേഖല സ്വകാര്യവത്കരണ പാതയിൽ മുന്നോട്ടുപോകണമെന്നും ആണവവൈദ്യുതിനിലയങ്ങൾ വേണമെന്നുള്ള ധവളപത്രത്തിലെ നിരീക്ഷണം ഇതിനകം വിവാദമായിക്കഴിഞ്ഞു. വൈദ്യുതി മേഖലയിലെ സ്വകാര്യവൽകരണ നീക്കങ്ങൾ നിർദേശിക്കപ്പെട്ട കേന്ദ്രവൈദ്യുതി നിയമ ഭേദഗതി നിയമം മുന്നോട്ടുവെക്കുന്ന പാതയിൽ തന്നെയാണ് സംസ്ഥാന സർക്കാരും നീങ്ങുന്നത്. ഉൽപ്പാദനക്ഷമതയിലെ കനത്ത ഇടിവും, സാമ്പത്തിക കെടുകാര്യസ്ഥതയും, വിപണിയിലെ വികലമായ ഇടപെടലുകളും മൂലം ബോർഡിന്റെ ആകെ ആസ്തി മൂല്യം പൂർണ്ണമായും ഇല്ലാതായിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ കെഎസ്ഇബിയെ ഒരു വാണിജ്യ സ്ഥാപനമെന്ന നിലയിൽ പുനഃസംഘടിപ്പിക്കാനും കേരളത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാനുമുള്ള കർശനമായ നിർദ്ദേശങ്ങളാണ് ധവളപത്രം മുന്നോട്ടുവെക്കുന്നത്.
കെഎസ്ഇബി സ്വകാര്യവൽകരണ പാതയിലേക്കോ?
ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സാമ്പത്തിക ഭദ്രത അളക്കുന്ന പ്രധാന മാനദണ്ഡമാണ് നെറ്റ്‌വർത്ത് അഥവാ അറ്റമൂല്യം. ലളിതമായി പറഞ്ഞാൽ, ഒരു സ്ഥാപനത്തിന്റെ കൈവശമുള്ള ആകെ ആസ്തികളിൽനിന്ന് അതിന്റെ ആകെ ബാധ്യതകൾ കുറയ്ക്കുമ്പോൾ കിട്ടുന്ന തുകയാണ് നെറ്റ്‌വർത്ത്.ബാധ്യതകൾ ആസ്തികളേക്കാൾ കൂടുതലാകുമ്പോഴാണ് നെഗറ്റീവ് നെറ്റ്‌വർത്ത് ഉണ്ടാകുന്നത്. അതായത്, ആ സ്ഥാപനത്തിന്റെ എല്ലാ സ്വത്തുക്കളും വിറ്റഴിച്ചാൽ പോലും തീർക്കാൻ കഴിയാത്തത്ര കടബാധ്യത വന്നിരിക്കുന്നു എന്ന അവസ്ഥയാണിത്.കേരള നിയമസഭയിൽ സമർപ്പിക്കപ്പെട്ട ധനകാര്യ ധവളപത്രത്തിലെ കണക്കുകൾ പ്രകാരം, സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും ഉയർന്ന നെഗറ്റീവ് നെറ്റ്‌വർത്തുള്ളത് കെഎസ്ഇബിക്കാണ്. തുടർച്ചയായ നഷ്ടങ്ങൾ കാരണം കെഎസ്ഇബിയുടെ ആകെ ആസ്തി മൂല്യം കുത്തനെ ഇടിഞ്ഞു. 2019-20-ൽ 10,605.59 കോടി രൂപ ആയിരുന്ന നെറ്റ് വർത്ത്, തുടർച്ചയായി ഇടിഞ്ഞ് 2024-25 ആയപ്പോഴേക്കും 35,149.12 കോടി എന്ന ഭീമമായ നെഗറ്റീവ് നിരക്കിലെത്തി. വർഷങ്ങളായുള്ള സഞ്ചിത നഷ്ടം ,പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങൽ,ഉയർന്ന കടബാധ്യതകൾ,പെൻഷൻ ഉൾപ്പെടെയുള്ള മറ്റ് സ്ഥിര ബാധ്യതകൾ തുടങ്ങിയവയാണ് നെഗറ്റീവ് നെറ്റ്‍വർത്തിലേക്ക് കെഎസ്ഇബിയെ എത്തിച്ചതിലെ മുഖ്യകാരണങ്ങൾ.
വിതരണ മേഖലയിലെ സ്വകാര്യവൽക്കരണം
പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനോ പുതിയ വലിയ നിക്ഷേപങ്ങൾ നടത്താനോ ഉള്ള സാമ്പത്തിക ശേഷി നിലവിൽ കെഎസ്ഇബിക്കില്ല. സർക്കാർ പെയ്ഡ്-അപ്പ് ക്യാപിറ്റൽ വഴിയും ടേം ലോണുകൾ വഴിയും കൃത്രിമമായി പണം പമ്പ് ചെയ്യുന്നത് കൊണ്ട് മാത്രമാണ് ബോർഡ് നിലനിൽക്കുന്നത്. ഇതിനുള്ള പ്രധാന പരിഹാരമായി ധവളപത്രം മുന്നോട്ടുവെക്കുന്നത് സ്വകാര്യ പങ്കാളിത്തമാണ്. കെഎസ്ഇബിയെ പൂർണ്ണമായി വിറ്റഴിക്കുക എന്നതല്ല, മറിച്ച് അതിന്റെ വിതരണ ശൃംഖലയിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരിക എന്നതാണ് ലക്ഷ്യമിടുന്നത്. ഡൽഹി, മുംബൈ, ഒഡീഷ മാതൃകയിൽ കേരളത്തെ വിവിധ സോണുകളായി തിരിച്ച് വിതരണ ചുമതല സ്വകാര്യ ഫ്രാഞ്ചൈസികൾക്ക് കൈമാറാം. സ്വകാര്യവൽക്കരണത്തിലൂടെ ആധുനിക സാങ്കേതികവിദ്യയും സ്മാർട്ട് മീറ്ററിംഗും വേഗത്തിൽ നടപ്പിലാക്കാൻ സാധിക്കും. ഇത് പ്രസരണ നഷ്ടവും വൈദ്യുതി മോഷണവും കുറയ്ക്കും. മത്സരസാഹചര്യം ഉണ്ടാകുമ്പോൾ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ മികച്ച സേവനം ലഭ്യമാകുമെന്നും ധവളപത്രം പറയുന്നു
കെഎസ്ഇബിയിലെ പ്രസരണ മേഖലയിൽ ആദ്യമായി സ്വകാര്യ പങ്കാളിത്തം അല്ലെങ്കിൽ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായുള്ള നടപടികൾക്ക് തുടക്കമിട്ടത് രണ്ടാം പിണറായി വിജയന്റെ കാലത്താണ്. 250 കോടി രൂപക്ക് മുകളിൽ ചെലവുവരുന്ന വലിയ പ്രസരണ ലൈനുകളുടെ നിർമാണ നടപടികളിൽ നിന്ന് പിൻവാങ്ങാനും താരിഫ് അധിഷ്ഠിത മത്സര ടെണ്ടർ വഴി സ്വകാര്യ ഏജൻസികളെ ഏൽപിക്കാനും ഒന്നര വർഷം മുമ്പ് നടപടി സ്വീകരിച്ചിരുന്നു. പിന്നീട് വേനൽക്കാലത്തെ വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനായി കെഎസ്ഇബി നടപ്പിലാക്കാൻ ഉദ്ദേശിച്ച ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം പദ്ധതി ഇപ്പോൾ പ്രമുഖ സ്വകാര്യ കമ്പനിയാണ് ഏറ്റെടുത്ത് നടത്തിവരുന്നത്.
ദീർഘകാല ഊർജ്ജ സുരക്ഷയും ആണവോർജ്ജ സാധ്യതകളും
ഭാവിയിൽ വരാൻപോകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ക്ലൗഡ് കമ്പ്യൂട്ടിങ്, ഡാറ്റാ സെന്ററുകൾ തുടങ്ങിയ വലിയ വ്യവസായങ്ങൾക്ക് വൻതോതിൽ വൈദ്യുതി ആവശ്യമുണ്ട്. വൈദ്യുതിനിരക്ക് പരമാവധി കുറക്കാൻ കഴിഞ്ഞില്ലെങ്കിൽ കേരളത്തിലേക്ക് വരാനിരിക്കുന്ന ഈ മേഖലയിലെ വൻ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും മറ്റ് സംസ്ഥാനങ്ങളിലേക്ക് വഴിമാറ്റപ്പെടും. ഇതിനായി സോളാർ വഴി 6,000 മെഗാവാട്ടും പമ്പ്ഡ് ഹൈഡ്രോ ഇലക്ട്രിക് പദ്ധതികൾ വഴി 8,000 മെഗാവാട്ടും ലക്ഷ്യമിടുന്നതിനൊപ്പം അണുവൈദ്യുതിമേഖലയിലെ നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കണമെന്ന് ധവളപത്രം ശുപാർശ ചെയ്യുന്നു. കേരളം പോലെ ജനസാന്ദ്രതയേറിയ സംസ്ഥാനത്ത് വലിയ ആണവനിലയങ്ങൾ പ്രായോഗികമല്ല. എന്നാൽ ഭാഭ അറ്റോമിക് റിസർച്ച് സെന്റർ വികസിപ്പിച്ചെടുത്ത ക്ലോസ്ഡ്-ലൂപ്പ് റിയാക്ടറുകൾ, കൂടാതെ കുറഞ്ഞ സ്ഥലത്ത് സുരക്ഷിതമായി സ്ഥാപിക്കാൻ കഴിയുന്ന സ്മോൾ മോഡുലാർ റിയാക്ടറുകൾ എന്നിവ വഴിയുള്ള അണുവൈദ്യുതി ഉൽപ്പാദന സാധ്യതകൾ സംസ്ഥാനം പ്രയോജനപ്പെടുത്തണമെന്ന് ധവളപത്രം ആവശ്യപ്പെടുന്നു. ഇത്തരം വൻകിട പദ്ധതികൾ തനിച്ച് നടപ്പിലാക്കാൻ കെഎസ്ഇബിക്ക് ശേഷിയില്ലാത്തതിനാൽ, അണുവൈദ്യുതി ഉൾപ്പെടെയുള്ള ഊർജ്ജ മേഖലകളിൽ കേന്ദ്ര പൊതുമേഖലാ നിക്ഷേപങ്ങളും സ്വകാര്യ നിക്ഷേപങ്ങളും അനുവദിക്കണമെന്ന് ധവളപത്രം വെളിപ്പെടുത്തുന്നു.
ഭരണഘടനാ ലംഘനവും സാമ്പത്തിക കെടുകാര്യസ്ഥതയും
ധവളപത്രം ബോർഡിന്റെ പ്രവർത്തനങ്ങൾക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിക്കുന്നത്.ഉപഭോക്താക്കളിൽ നിന്ന് പിരിച്ചെടുക്കുന്ന വൈദ്യുതി ഡ്യൂട്ടി സംസ്ഥാന സർക്കാരിന്റെ കോൺസോളിഡേറ്റഡ് ഫണ്ടിലേക്ക് അടയ്ക്കാതെ സ്വന്തം ആവശ്യങ്ങൾക്കായി കെഎസ്ഇബി മാറ്റുകയാണ്. ഇത് ഗുരുതരമായ ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. സർക്കാരിൽ നിന്നും വാങ്ങിയ വായ്പകളുടെ തിരിച്ചടവിലും പലിശ അടയ്ക്കുന്നതിലും ബോർഡ് വൻ വീഴ്ച വരുത്തി. പവർ പർച്ചേസിനും ശമ്പളത്തിനും പുറമെ വരുന്ന മറ്റ് ചെലവുകൾ അനിയന്ത്രിതമായി വർദ്ധിച്ചു. 2023-24-ൽ 212.45 കോടിയുടെ ലാഭം കെ.എസ്.ഇ.ബി കാണിക്കുന്നുണ്ടെങ്കിലും, ഇത് ബോർഡിന്റെ പ്രവർത്തനക്ഷമത കൊണ്ടായിരുന്നില്ല, കേന്ദ്രത്തിന്റെ അധിക വായ്പാ അനുമതിക്ക് വേണ്ടി സംസ്ഥാന സർക്കാർ കെഎസ്ഇബിയുടെ 752.52 കോടിയുടെ നഷ്ടം പ്രത്യേക ഉത്തരവിലൂടെ ഏറ്റെടുത്തത് കൊണ്ടാണ് കടലാസിൽ ഈ ലാഭം കാണിക്കാൻ സാധിച്ചതെന്ന് ധവളപത്രം ചൂണ്ടിക്കാട്ടുന്നു.
വിപണി ഇടപെടലുകളിലെ പരാജയവും ഉയർന്ന ചെലവും
കേരളത്തിന്റെ ആകെ വൈദ്യുതി ആവശ്യത്തിന്റെ 25 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നത്. ബാക്കി 75 ശതമാനത്തോളം വൈദ്യുതിയും സംസ്ഥാനത്തിന് പുറത്തുനിന്നും ഉയർന്ന വിലയ്ക്കാണ് വാങ്ങുന്നത്. അതേസമയം ആഭ്യന്തര വൈദ്യുതി ഉൽപ്പാദനത്തിനായി ബോർഡ് ചെലവഴിക്കുന്നത് ആകെ തുകയുടെ 0.02 ശതമാനത്തിൽ താഴെ മാത്രമാണ്! പുറത്തുനിന്ന് വാങ്ങുന്ന ഉയർന്ന ചെലവുകൾ കൃത്യമായി താരിഫിൽ പ്രതിഫലിക്കാത്തത് വിട്ടുമാറാത്ത റവന്യൂ കമ്മിക്ക് കാരണമായി. ഉദാഹരണത്തിന്, 2023-24-ൽ ഒരു യൂണിറ്റ് വൈദ്യുതിക്ക് ബോർഡിന് വന്ന ചെലവ് 7.88 രൂപ ആയിരുന്നു, എന്നാൽ ലഭിച്ച വരുമാനം 7.43 രൂപ മാത്രവും. അതായത് യൂണിറ്റിന് 45 പൈസ നഷ്ടം.ഈ അധികതുക ഉപഭോക്താക്കളിലേക്ക് കൈമാറാതിരുന്നതിനെ ധവളപത്രം വിമർശിക്കുന്നു.
ധവളപത്രത്തിലെ മറ്റ് പ്രധാന ശുപാർശകൾ
കെഎസ്ഇബിയുടെ നഷ്ടം സർക്കാർ ഏറ്റെടുക്കുന്ന രീതി അവസാനിപ്പിച്ച്, അർഹരായ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി സബ്‌സിഡി തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറണം. ഇത് ബോർഡിന്റെ സാമ്പത്തിക അച്ചടക്കം വർദ്ധിപ്പിക്കും. കെഎസ്ഇബി ചെയർമാൻമാരെ അടിക്കടി മാറ്റുന്ന രീതി പ്രവർത്തനക്ഷമതയെ ബാധിക്കുന്നുണ്ട്. ബോർഡിന്റെ തലപ്പത്ത് കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ ചെയർമാന് കുറഞ്ഞത് 3 മുതൽ 5 വർഷം വരെയുള്ള സ്ഥിരമായ കാലാവധി നൽകണം. പ്രൊഫഷണൽ യോഗ്യതയുള്ള വ്യക്തികളെ മാത്രമായിരിക്കണം ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കേണ്ടത് തുടങ്ങി നിരവധി ശുപാർശകൾ ധവളപത്രം എണ്ണിപ്പറയുന്നുണ്ട്. ഇതിൽ ഏതൊക്കെ നിർദേശങ്ങൾ ബജറ്റിൽ ഇടം കണ്ടെത്തും എന്ന് ഇനി കണ്ടുതന്നെ അറിയണം.