ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വവും സ്വാതന്ത്ര്യവും കടലാസുകളിൽ തിളങ്ങിനിൽക്കുമ്പോഴും, അധികാരത്തിന്റെ ഉന്നത ശ്രേണികളിൽ ഇരിക്കുന്നവർക്കുപോലും ജാതിയുടെ പേരിൽ നേരിടേണ്ടി വരുന്ന അധിക്ഷേപങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിലെ ഉണങ്ങാത്ത മുറിവാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ, ദളിത് - പിന്നാക്ക - ആദിവാസി വിഭാഗങ്ങൾക്ക് രാഷ്ട്രീയത്തിൽ വലിയ തോതിൽ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട് എന്നത് സത്യമാണ്. എന്നാൽ, ഈ രാഷ്ട്രീയ പ്രാതിനിധ്യം പലപ്പോഴും കേവലം വോട്ട് ബാങ്ക് ലക്ഷ്യങ്ങൾക്കപ്പുറം അവർക്ക് യഥാർത്ഥ സാമൂഹിക അംഗീകാരം നേടിക്കൊടുക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇപ്പോഴിതാ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ പ്രസംഗിച്ച രാംലീല മൈതാന വേദിയിൽ ഹിന്ദുത്വ സംഘടനകൾ ശുദ്ധികലശം നടത്തിയതിൽ കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധിക്കുകയാണ്. താൻ അവഹേളിക്കപ്പെട്ടതായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ രാജ്യസഭയെ അറിയിച്ചിരിക്കുന്നു.
ഹല്‍ദ്വാനിയില്‍ സംഭവിച്ചത് അയിത്തമോ?
താന്‍ പ്രസംഗിച്ച വേദിയിൽ ശുദ്ധീകരണത്തിനായി യാഗം നടത്തിയെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ ദളിത് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെയാണ് രാജ്യസഭയില്‍ വെളിപ്പെടുത്തിയത്. ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് കഴിഞ്ഞ എട്ടാം തീയതി തന്റെ റാലിക്കുശേഷം വേദി ശുദ്ധീകരിക്കുന്നതിനായി യാഗം നടത്തിയെന്നും ബിജെപിയുമായി ബന്ധമുള്ളവരാണ് അതു ചെയ്തതെന്നും ഖാര്‍ഗെ രാജ്യസഭയില്‍ ആരോപിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു.‘സംഭവത്തെ രാഷ്ട്രീയ തര്‍ക്കമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇതിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍ അവഗണിക്കാന്‍ കഴിയില്ല. ഞാന്‍ ദലിതനാണ്. എന്നെ സംരക്ഷിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. പോരാടാനുള്ള കരുത്ത് എനിക്കുണ്ട്. എന്നാല്‍ നിങ്ങളെന്നെ തൊട്ടുകൂടാത്തവനായി കാണുകയും ശുദ്ധീകരണം നടത്തി അവഹേളിക്കുകയും ചെയ്യുന്നു. ജനാധിപത്യ സംവിധാനത്തിന് ചേരുന്നതാണോ ഇത്തരം പ്രവൃത്തികൾ? ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണ് ഈ പ്രവൃത്തി".
ഓഗസ്റ്റ് എട്ടിനാണ് ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് ഖാർഗെ റാലിയിൽ പങ്കെടുത്തത്. നമ്മളെല്ലാം ശുദ്ധീകരിക്കപ്പെട്ടവരാണെന്നും അതിനാല്‍ നമ്മളെ വീണ്ടും ശുദ്ധീകരിക്കേണ്ട ആവശ്യമില്ലെന്നും ഖാര്‍ഗെയെ അപമാനിക്കുന്നത് എല്ലാവരെയും അപമാനിക്കുന്നതിന് തുല്യമാണെന്നും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പ്രതികരിച്ചു. തൊട്ടുകൂടായ്മ സംസ്കാരം ബിജെപിക്കില്ലെന്നും വിഷയം ഗൗരവമായി അന്വേഷിക്കുമെന്നും കേന്ദ്രമന്ത്രി നഡ്ഡ മറുപടി നൽകി. മല്ലികാർജുൻ ഖാർഗെയെ അപമാനിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു.
ജാതി വിവേചനം ഇന്നും ഇന്നലെയും തുടങ്ങിയതല്ല
കോൺഗ്രസ് അധ്യക്ഷനായ മല്ലികാർജുൻ ഖാർഗെ നേരത്തെയും തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ജാതി വിവേചനങ്ങളെക്കുറിച്ച് പാർലമെന്റിലും പുറത്തും പലതവണ തുറന്നു സംസാരിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിലും മറ്റും ദളിതർ നേരിടുന്ന വിവേചനങ്ങളെ അദ്ദേഹം ശക്തമായി എതിർത്തിരുന്നു. ഇന്ത്യയുടെ പ്രഥമ പൗരനായ രാഷ്ട്രപതി മുതൽ താഴോട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ വരെ ജാതിയുടെ പേരിൽ അപമാനിക്കപ്പെട്ടിട്ടുണ്ട്. അംബേദ്കർ മുതൽ തുടങ്ങുന്നു, ജാതി വിവേചനത്തിന്റെ രാഷ്ട്രീയ ചരിത്രം. സ്കൂളിൽ പഠിക്കുന്ന കാലത്ത് ക്ലാസ് മുറിക്ക് പുറത്തിരുന്ന് പഠിക്കേണ്ടി വന്നതും, ദാഹിച്ചാൽ പൊതുകിണറ്റിൽ നിന്ന് വെള്ളം കുടിക്കാൻ വിലക്കുണ്ടായിരുന്നതും ഉന്നത ഉദ്യോഗസ്ഥനായിരുന്നപ്പോൾ നേരിട്ട അവഗണനയും അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ മുൻ ഉപപ്രധാനമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ജഗ്ജീവൻ റാമിന് നേരെയാണ് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ജാതി അധിക്ഷേപങ്ങളിലൊന്ന് നടന്നത്.... 1978-ൽ അദ്ദേഹം വാരണാസിയിൽ സമ്പൂർണാനന്ദിന്റെ ഒരു പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു. ജഗ്ജീവൻ റാം ഒരു ദളിതനായതിനാൽ പ്രതിമ അശുദ്ധമായി എന്ന് ആരോപിച്ച്, ചടങ്ങിന് ശേഷം ഉയർന്ന ജാതിക്കാർ ഗംഗാജലം ഉപയോഗിച്ച് ആ പ്രതിമ 'ശുദ്ധീകരിച്ചു'. .ഇന്ത്യയുടെ മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് , 2018-ൽ ഒഡീഷയിലെ പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രം സന്ദർശിക്കാൻ പോയപ്പോൾ തടയപ്പെട്ടതും പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനച്ചടങ്ങിൽ രാഷ്ട്രപതിയായ ദ്രൗപദി മുർമു മാറ്റി നിറുത്തപ്പെട്ടതും വിവേചനമായി വ്യാഖ്യാനിച്ചുള്ള വിലയിരുത്തലുകൾ വന്നിരുന്നു.
എന്ത് അശുദ്ധിയാണ് മനുഷ്യന് ?
ഇനി സംസ്ഥാനങ്ങളുടെ ഭരണത്തലവന്മാരായ ചില മുഖ്യമന്ത്രിമാർ അനുഭവങ്ങൾ പങ്കുവെച്ചത് നമുക്ക് ഓർത്തെടുക്കാവുന്നതാണ്. 2014-ൽ ബിഹാറിലെ ദലിത് മുഖ്യമന്ത്രിയായിരുന്ന ജിതൻ റാം മാഞ്ചി ഒരു ക്ഷേത്രം സന്ദർശിച്ചു. ക്ഷേത്രത്തിൽ നിന്ന് മടങ്ങിയതിന് പിന്നാലെ, ചിലർ ചേർന്ന് ആ ക്ഷേത്രം മുഴുവൻ വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കി. ഇത് ദളിതരുടെ മാത്രം അവസ്ഥയാണെന്ന് കരുതരുത്. ഒ.ബി.സി വിഭാഗത്തിൽനിന്നുള്ള ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനും സമാനമായ അനുഭവം ഉണ്ടായി. 2017-ൽ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു. പുതിയ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ആ ഔദ്യോഗിക വസതിയിലേക്ക് മാറുന്നതിന് തൊട്ടുമുൻപ്, പുരോഹിതന്മാരെ കൊണ്ടുവന്ന് അവിടെ ഗംഗാജലം തളിച്ച് 'ശുദ്ധീകരണ' കർമ്മങ്ങൾ നടത്തി. ഒരു മുൻ മുഖ്യമന്ത്രി താമസിച്ച വീട് ശുദ്ധീകരിക്കാൻ മാത്രം എന്ത് അശുദ്ധിയാണ് അവിടെ ഉണ്ടായിരുന്നത്? തന്റെ ജാതിയായിരുന്നു അവരുടെ പ്രശ്നമെന്ന വാദമുയർത്തി അഖിലേഷ് യാദവ് രംഗത്ത് വന്നിരുന്നു. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.എസ്.പി അധ്യക്ഷയുമായ മായാവതിക്ക് രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം കടുത്ത ജാതി അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
ദലിത് എം.പിയെ വിലക്കിയ ഗ്രാമം
കഴിഞ്ഞ കാലങ്ങളിലെ ഏറ്റവും ഞെട്ടിക്കുന്ന സംഭവങ്ങളിലൊന്ന് നടന്നത് 2019 സെപ്റ്റംബർ 16ന് കർണാടകയിലാണ്. ബിജെപി നേതാവും ചിത്രദുർഗ എം.പിയുമായിരുന്ന എ. നാരായണസ്വാമിക്ക് സ്വന്തം മണ്ഡലത്തിലെ പാവഗഡ താലൂക്കിലുള്ള ഗൊല്ലരഹട്ടി ഗ്രാമത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടു. വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ എം.പിയെ ഗ്രാമവാസികൾ തടഞ്ഞു. കാരണം, അദ്ദേഹം ഒരു ദളിതനായിരുന്നു. ഉയർന്ന ജാതിക്കാർ താമസിക്കുന്ന ആ ഗ്രാമത്തിൽ ദളിതർക്ക് പ്രവേശനമില്ല എന്നതായിരുന്നു അവരുടെ ന്യായം. ഒരു എംപിക്ക് പോലും ഈ ദുരനുഭവം ഉണ്ടായത് ഇന്ത്യൻ ജാതിവ്യവസ്ഥയുടെ ആഴം വ്യക്തമാക്കുന്നു. വിവാദങ്ങൾക്ക് ശേഷം, ഒട്ടേറെ മഠാധിപതികളുടെയും സാംസ്കാരിക നായകരുടെയും നേതൃത്വത്തിൽ അദ്ദേഹത്തെ അതേ ഗ്രാമത്തിൽ കൊണ്ടുപോയി പുഷ്പവൃഷ്ടി നടത്തി സ്വീകരണം നൽകിയതും അന്ന് വലിയ വാർത്തയായിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കുമാരി ഷെൽജയ്ക്ക് ഗുജറാത്തിലെ ദ്വാരക ക്ഷേത്രത്തിൽ വെച്ച് സമാനമായ ദുരനുഭവം ഉണ്ടായി. താൻ കേന്ദ്രമന്ത്രിയായിരുന്ന സമയത്ത് ക്ഷേത്രം സന്ദർശിച്ചപ്പോൾ അവിടെവെച്ച് ചിലർ തന്റെ ജാതി ചോദിച്ചുവെന്നും അധിക്ഷേപിച്ചുവെന്നും അവർ പിന്നീട് പാർലമെന്റിൽ തുറന്നു പറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെ ദളിത് വിഭാഗത്തിൽ നിന്നുള്ള ഒരു മുതിർന്ന നേതാവാണ്. താൻ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ പോലും പലപ്പോഴും ആളുകൾ തന്റെ ജാതിയെക്കുറിച്ച് ഓർമ്മിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പല വേദികളിലും പരസ്യമായി പറഞ്ഞിട്ടുണ്ട്. മുൻ കേന്ദ്രമന്ത്രിയും ഡി.എം.കെ നേതാവുമായ എ. രാജയും സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറിയായ ഡി. രാജയും തങ്ങൾക്ക് നേരിടേണ്ടി വന്ന ജാതി വിവേചനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞവരാണ്.
ദേശീയ പതാക ഉയർത്തുന്നതിലും വിലക്കോ ?
ഗ്രാമീണ ഇന്ത്യയുടെ ഉൾത്തളങ്ങളിലേക്ക് പോയാൽ സ്ഥിതി ഇതിലും ദയനീയമാണ്. തമിഴ്നാട്ടിലും മധ്യപ്രദേശിലും സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്താൻ വന്ന ദളിത് പഞ്ചായത്ത് പ്രസിഡന്റുമാരെ ഉയർന്ന ജാതിക്കാർ തടഞ്ഞ വാർത്തകൾ നാം സ്ഥിരമായി കേൾക്കുന്നു. മീറ്റിംഗുകളിൽ അവർക്ക് കസേര നിഷേധിക്കപ്പെടുന്നു, നിലത്ത് ഇരിക്കേണ്ടി വരുന്നു. അധികാരമുണ്ടായിട്ടും സമൂഹത്തിൽ ഇവർക്ക് ലഭിക്കുന്ന പരിഗണന എന്താണ് എന്നതാണ് ഉയരുന്ന ചോദ്യം. 2020-ൽ തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ ആത്തുപാക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ വി. അമൃതത്തിന് സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്താൻ സവർണ്ണ വിഭാഗങ്ങൾ വിലക്കേർപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി ജാതി അധിക്ഷേപങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് സോഷ്യൽ മീഡിയയിലാണ്. ദളിത് വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കുന്ന പലരും ജാതീയ അധിക്ഷേപങ്ങൾക്കിരയാകുന്നു. അവരുടെ രാഷ്ട്രീയ നിലപാടുകളെയല്ല പലരും വിമർശിക്കുന്നത്, മറിച്ച് അവരുടെ നിറത്തെയും, ശരീര പ്രകൃതിയെയും, ജാതിയെയും ആണ്. 'ഡിജിറ്റൽ അയിത്തം' എന്ന് വിളിക്കാവുന്ന ഇത്തരം പ്രവണതകളും തുടച്ചുമാറ്റപ്പെടേണ്ടതുണ്ട്.
ജാതിപ്പേരുകളുടെ പിൻവിളി തുടരാൻ പാടില്ല
ഇന്ത്യൻ പാർലമെന്റിലും നിയമസഭകളിലും ദളിത് - പിന്നാക്ക വിഭാഗങ്ങളുടെ ശബ്ദം ഉറക്കെ കേൾക്കുന്ന ഒരു കാലഘട്ടമാണിത്. എന്നാൽ, ഒരു ജനപ്രതിനിധി പങ്കെടുത്ത റാലിക്ക് ശേഷം ശുദ്ധീകരണം നടത്തുന്ന സംഭവങ്ങൾ നൽകുന്ന സന്ദേശം വളരെ വ്യക്തമാണ് നിയമങ്ങൾ കൊണ്ടോ രാഷ്ട്രീയ പദവികൾ കൊണ്ടോ മാത്രം ഇന്ത്യയിലെ ജാതി ചിന്തയെ ഇല്ലാതാക്കാൻ കഴിയില്ല. അതിന് സമൂലമായ ഒരു മാനസിക പരിവർത്തനം സാമൂഹിക തലത്തിൽ തന്നെ ആവശ്യമാണ്. അധികാരത്തിന്റെ പടവുകൾ കയറുമ്പോഴും പിന്നിൽ നിന്ന് വിളിക്കുന്ന ജാതിപ്പേരുകൾ അവസാനിക്കാത്ത കാലത്തോളം ഇന്ത്യ പൂർണ്ണാർത്ഥത്തിൽ ഒരു ജനാധിപത്യ രാജ്യമായി എന്ന് പറയാൻ കഴിയില്ല.