ലക്ഷക്കണക്കിന് തൊഴിലാളികളെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന വിധി സുപ്രീംകോടതിയിൽ നിന്ന് വന്നിരിക്കുന്നു. തൊഴിലാളികൾക്കു വ്യാപകമായ നിയമപരിരക്ഷ നൽകിക്കൊണ്ടു വ്യവസായത്തെ നിർവചിച്ച 1978-ലെ വിധി പുതിയ സാഹചര്യത്തിൽ ബാധകമാകില്ലെന്നാണ് കഴിഞ്ഞ ദിവസം 9 അംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ വ്യക്തമാക്കിയത്. അതായത്, ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡിന് കീഴിൽ 'വ്യവസായം' എന്നതിനെ അതിന്റെ സ്വന്തം വാചകങ്ങളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കുന്നത്. പുതിയ ലേബർ കോഡിന് ഈ പഴയ നിർവചനം ബാധകമാകില്ല എന്ന് തന്നെയാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
തൊഴിൽ സുരക്ഷ ഇല്ലാതാകുമോ?
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന് മുമ്പാകെയുള്ള പ്രധാന വിഷയം 1978-ലെ 'ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് കേസിൽ' ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ 'വ്യവസായം' എന്നതിനു നൽകിയ വിപുലമായ നിർവചനത്തെക്കുറിച്ചായിരുന്നു. നീതിന്യായ വ്യവസ്ഥ, ക്രമസമാധാനം, പ്രതിരോധം തുടങ്ങിയ സർക്കാരിന്റെ അടിസ്ഥാന ചുമതലകളെ മാത്രമേ 1947-ലെ വ്യവസായ തർക്ക നിയമത്തിന്റെ പരിധിയിൽ നിന്നും അന്ന് ഒഴിവാക്കിയിരുന്നുള്ളൂ. എന്നാൽ ഈ വിപുലമായ നിർവചനം 2020 ലെ പുതിയ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡിന്റെ വ്യാഖ്യാനത്തിന് ഉപയോഗിക്കാനാകില്ലെന്നാണ് ഇപ്പോൾ സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.
തൊഴിൽതർക്ക നിയമപരിധിയിൽ വരുന്ന, ത്രികക്ഷി ചർച്ചകളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ അവസരമുണ്ടായിരുന്ന വലിയ വിഭാഗം തൊഴിലാളികൾ ഇതോടെ അവരുടെ അവകാശങ്ങൾക്ക് പുറത്താകും. ആശുപത്രികൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു സംഘടിത വ്യവസായങ്ങൾ എന്നിവയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും ത്രികക്ഷി ചർച്ചയിലൂടെ പരിഹാരം കാണാമായിരുന്നു. തൊഴിലാളി സംഘടനകൾ, ലേബർ കോടതികൾ തുടങ്ങിയവയുടെ ഇടപെടലുകൾ കൊണ്ട് അവരുടെ അവകാശങ്ങൾ സംരക്ഷിച്ചിരുന്നു. തൊഴിലാളികളുടെ മാഗ്നാകാർട്ട എന്ന് അറിയപ്പെട്ട ഈ നിർവചനമാണ് പുതിയ വ്യവസായ നിർവചനത്തോടെ പഴങ്കഥയാകുന്നത്. പഴയ വിധിയിലെ അടിസ്ഥാന കാര്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും നിർവചനത്തിലെ ട്രിപ്പിൾ ടെസ്റ്റ് വ്യവസ്ഥകളിൽ ചില മാറ്റങ്ങൾ ആവശ്യമാണെന്ന് ആറ് ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. 1978 ലെ ഏഴ് അംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാൻ തീരുമാനിച്ച നടപടി ശരിയാണെന്നും ഭൂരിപക്ഷ വിധിയില്‍ പറയുന്നു.
എന്താണ് ട്രിപ്പിൾ ടെസ്റ്റ് ?
ഒരു സ്ഥാപനത്തെ തൊഴിൽ നിയമപ്രകാരം 'വ്യവസായം' ആയി കണക്കാക്കാൻ 1978-ൽ സുപ്രീം കോടതി മുന്നോട്ടുവെച്ച മൂന്ന് വ്യവസ്ഥകളാണ് ട്രിപ്പിൾ ടെസ്റ്റ് എന്ന് അറിയപ്പെടുന്നത്. വ്യവസ്ഥാപിതമായ ഒരു പ്രവർത്തനം, തൊഴിലുടമയും ജീവനക്കാരും തമ്മിലുള്ള സഹകരണം, മനുഷ്യരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സേവനം അല്ലെങ്കിൽ ഉൽപാദനം എന്നിവ ഉണ്ടെങ്കിൽ അതിനെ വ്യവസായമായി കണക്കാക്കാം എന്നതായിരുന്നു ട്രിപ്പിൾ ടെസ്റ്റ് എന്ന മാനദണ്ഡം. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ആയിരുന്നു ഈ മാനദണ്ഡങ്ങൾ മുന്നോട്ടുവെച്ചത്. ലാഭമോ നിക്ഷേപമോ അവിടെ വലിയ കാര്യമല്ലായിരുന്നു. ഈ വിശാലമായ വ്യാഖ്യാനത്തിലൂടെയാണ് വർഷങ്ങളായി ഇത്തരം സ്ഥാപനങ്ങളിലെ ലക്ഷക്കണക്കിന് സാധാരണ തൊഴിലാളികൾക്ക് ലേബർ കോടതികളുടെയും തൊഴിൽ നിയമങ്ങളുടെയും സംരക്ഷണം ലഭിച്ചിരുന്നത്.
2005 ൽ യുപി സർക്കാരും ജയ്ബിർ സിങ്ങും തമ്മിലുള്ള കേസിലാണ്, 1978 ൽ കോടതി നൽകിയത് വിശാല അർഥത്തിലുള്ള നിർവചനമേ ആകുന്നുള്ളുവെന്നു ചൂണ്ടിക്കാട്ടി വിഷയം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. 2017–ൽ ഇത് 9 അംഗ ബെഞ്ചിന്റെ പരിഗണനക്ക് വന്നു. നേരത്തേ അന്തിമമാക്കിയ കേസുകളെ പുതിയ വ്യാഖ്യാനം ബാധിക്കില്ലെന്നും ഇപ്പോഴത്തെ വിധിന്യായത്തിൽ നിരീക്ഷിച്ചിട്ടുണ്ട്. വ്യവസായ തർക്ക നിയമ പ്രകാരമുള്ള കോടതികൾ, ട്രൈബ്യൂണലുകൾ, തൊഴിൽ അധികാരികൾ എന്നിവയ്ക്കു മുന്നിൽ തുടരുന്ന കേസുകളിലും 1978 ലെ ട്രിപ്പിൾ ടെസ്റ്റ് പ്രകാരമായിരിക്കും തീരുമാനമെടുക്കുക. അതേസമയം 2020 ലെ പുതിയ ചട്ടത്തിലെ നിർവചനമാണു പുതിയ കേസുകളിൽ പരിഗണിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഇതോടെയാണ് പല മേഖലകളും വ്യവസായമെന്ന നിർവചനത്തിനു പുറത്താകുമെന്നും അതു വലിയ വിഭാഗം തൊഴിലാളികളുടെ തൊഴിൽ സുരക്ഷയെ ബാധിക്കുമെന്നും ആശങ്ക ഉയർന്നത്.
ശക്തമായ വിയോജിപ്പോടെ വിധി
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശർമ്മ, അലോക് ആരാധെ, വിപുൽ എം പഞ്ചോളി എന്നിവരാണ് ഭൂരിപക്ഷ വിധി എഴുതിയത്. ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജോയ‌്മല്യ ബാഗ്ചി എന്നിവർ ഇതിനോട് യോജിച്ച് പ്രത്യേക വിധികൾ എഴുതി. ജസ്റ്റിസുമാരായ ബി വി നാഗരത്ന, ദീപാങ്കർ ദത്ത, ഉജ്ജൽ ഭൂയാൻ എന്നിവർ വിയോജിച്ചു. ഏകദേശം 50 വർഷം പഴക്കമുള്ള 'ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് വിധി പുനഃപരിശോധിക്കുന്നതിനെ ശക്തമായി എതിർത്തത് ജസ്റ്റിസ് ബി.വി. നാഗരത്ന ആയിരുന്നു. സ്വകാര്യവൽക്കരണം കൂടിവരുന്ന സമ്പദ്‌വ്യവസ്ഥയിൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് "വ്യവസായം" എന്ന പദത്തിന്റെ വിശാലമായ നിർവചനം അത്യന്താപേക്ഷിതമാണെന്ന് അവർ ഊന്നിപ്പറഞ്ഞു. ജസ്റ്റിസ് ഉജ്ജൽ ഭുയാനുമായി പങ്കിട്ടുകൊണ്ട് സ്വതന്ത്ര നിരീക്ഷണം രേഖപ്പെടുത്തിയ ജസ്റ്റിസ് ദിപാങ്കർ ദത്തയും ഈ നിലപാടിനെ പിന്തുണച്ചു. വ്യവസായം എന്ന പദത്തിന്റെ വിശാലമായ നിർവചനം നിലനിർത്തേണ്ടത് എന്നത്തേക്കാളും ഇപ്പോൾ വളരെ പ്രധാനമാണെന്ന് അവർ അഭിപ്രായപ്പെട്ടു. തുടർച്ചയായ മൂന്ന് ദിവസത്തെ വാദം കേട്ട ശേഷം മാർച്ച് 19 നാണ് കോടതി വിധി പറയാൻ മാറ്റിവെച്ചത്. പുതിയ ലേബർ കോഡിന്റെ ഭരണഘടനാ സാധുത അവലോകനം ചെയ്യാതെയാണ് സുപ്രീം കോടതി വിധിയിലൂടെ ജീവനക്കാരുടെ അവകാശങ്ങൾ ഏകപക്ഷീയമായി കവർന്നെടുത്തതെന്ന ആരോപണമുയരുന്നുണ്ട്. യുപിസർക്കാരാണ് വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.
നഷ്ടമാകുന്നത് തൊഴിലാളികളുടെ സുരക്ഷാകവചം
1978-ലെ സുപ്രധാന വിധിയിലൂടെ തൊഴിലാളികൾക്ക് ലഭിച്ചിരുന്ന വലിയൊരു സുരക്ഷാകവചമാണ് ഭൂരിപക്ഷ വിധിയിലൂടെ സുപ്രീം കോടതി ഇപ്പോൾ ഇല്ലാതാക്കിയിരിക്കുന്നത്. വിധിയിലൂടെ തൊഴിലാളികളുടെ മൗലികാവകാശങ്ങൾ റദ്ദാകുന്നതിനെക്കുറിച്ച് ഭരണഘടനയുടെ കാവലായ സുപ്രീം കോടതി ചിന്തിക്കാതെ പോയതു ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കിയേക്കും എന്നതാണ് നിയമജ്ഞരിൽ നിന്ന് ഉയരുന്ന ആശങ്ക. ഉടമസ്ഥാവകാശം സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറിയതോടെ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളും ജീവനക്കാരും സ്വകാര്യമേഖലാ ജീവനക്കാരായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വ്യാവസായിക തർക്ക നിയമ പ്രകാരമുള്ള സംരക്ഷണം എന്ന ആവശ്യം നൽകിയിരുന്നതെന്നും ഇതിൽ ഇടപെടുന്നത് വ്യാവസായിക മേഖലയിലെ സമാധാനാന്തരീക്ഷത്തെ ബാധിക്കുമെന്നാണ് ജസ്റ്റിസ് നാഗരത്ന ഉൾപ്പെടെ ഉള്ളവരുടെ അഭിപ്രായം. നിയമത്തിന്റെ സാങ്കേതികത്വത്തിൽ ഊന്നിയുള്ള ഈ വിധിന്യായത്തിൽ യഥാർത്ഥത്തിൽ തോൽക്കുന്നത് നമ്മുടെ ഭരണഘടനാപരമായ നീതിയും ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതസുരക്ഷയുമാണ്. ഇതോടുകൂടി ഇന്നത്തെ സ്പോട്ട്ലൈറ്റ് സമാപിക്കുന്നു.