OPINION

റഹീമിനായി തുറന്ന വാതില്‍ നിമിഷപ്രിയക്കായി തുറക്കുമോ?

വധശിക്ഷക്ക് വിധിക്കപ്പെട്ട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ യെമനിലെ സനായിലെ ജയിലില്‍ നാളുകളെണ്ണിക്കഴിയുകയാണ്

Author : പി.പി. പ്രശാന്ത്

മരണശിക്ഷയില്‍നിന്ന് ജീവന്‍ തിരിച്ചുപിടിച്ച കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീം വ്യാഴാഴ്ച ജന്മനാട്ടിലെത്തിയിരിക്കുന്നു. പെരുന്നാള്‍ ദിനത്തില്‍ ആ നാടിനും റഹീമിന്റെ വീട്ടുകാര്‍ക്കും ആ തിരിച്ചുവരവ് നല്‍കിയ സന്തോഷം പറഞ്ഞറിയിക്കാനാവില്ല..സൗദി അറേബ്യയിലെ രണ്ട് പതിറ്റാണ്ടുകാലം നീണ്ട ജയില്‍വാസത്തിന് ശേഷം രാവിലെ 7.35ഓടെ റഹിം എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കരിപ്പൂരില്‍ വിമാനമിറങ്ങി. വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങിയ ശേഷം പൊട്ടിക്കരഞ്ഞുകൊണ്ടാണ് അദ്ദേഹം എല്ലാവര്‍ക്കും നന്ദി പറഞ്ഞത്. ഒട്ടേറേ പേരുടെ ഏറെനാളത്തെ പരിശ്രമത്തിന്റെ ഫലം കൂടിയായിരുന്നു പെരുന്നാള്‍ ദിനത്തിലെ ആ തിരിച്ചുവരവ്. അതേസമയം വധശിക്ഷക്ക് വിധിക്കപ്പെട്ട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ യെമനിലെ സനായിലെ ജയിലില്‍ നാളുകളെണ്ണിക്കഴിയുകയാണ്. വധശിക്ഷ ഒഴിവാക്കാനായി സര്‍ക്കാര്‍ തലത്തിലും സംഘടനാതലത്തിലുമായി കാര്യമായ ശ്രമങ്ങള്‍ നടന്നിരുന്നു..അവരുടെ മാതാവ് നിമിഷപ്രിയ തിരിച്ചെത്തും എന്ന് പ്രതീക്ഷിച്ച് കാത്തിരിപ്പുണ്ട്.. ഇന്നത്തെ സ്‌പോട്ട്‌ലൈറ്റ് പരിശോധിക്കുന്നു, റഹിമിനായി തുറന്ന വാതില്‍ നിമിഷപ്രിയക്കായി തുറക്കുമോ

റഹീമിനായി തുറന്ന വാതില്‍ നിമിഷപ്രിയക്കായി തുറക്കുമോ?

ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ കാരുണ്യത്തിലും ഒത്തൊരുമയിലുമാണ് ഉമ്മയുടെയും കുടുംബത്തിന്റെയും കാത്തിരിപ്പിലേക്ക് റഹീം മടങ്ങിയെത്തിയത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച രാത്രിയോടെ റിയാദിലെ ജയിലില്‍നിന്ന് മോചിതനായ റഹീം, കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 322 വിമാനത്തിലാണ് യാത്ര തിരിച്ചത്. റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും കുടുംബവും യാത്രയില്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഇക്കഴിഞ്ഞ മെയ് 26-നാണ് റഹീമിന്റെ മോചന ഉത്തരവ് ഇറങ്ങുകയും എക്‌സിറ്റ് വിസ ലഭ്യമാവുകയും ചെയ്തത്. ബുധനാഴ്ച ഉച്ചയോടെ ജയിലില്‍ നിന്നും നാടുകടത്തല്‍ സെല്ലിലേക്ക് മാറ്റിയ റഹീമിനെ, രാത്രിയോടെ വിമാനത്തില്‍ കേരളത്തിലേക്ക് അയച്ചു.

ജയിലഴിക്കുള്ളില്‍ 20 വര്‍ഷം

റിയാദ് അല്‍ ഖര്‍ജ് റോഡിലെ ഇസ്‌കാന്‍ ജയിലിലായിരുന്ന റഹീം, സൗദി ബാലന്‍ മരിച്ച കേസില്‍ 20 വര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്. 2006 നവംബറില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയ റഹീം, സ്‌പോണ്‍സറുടെ ശാരീരിക ബുദ്ധിമുട്ടുകളുള്ള മകനെ പരിചരിക്കുന്നതിനിടയിലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. വാഹനത്തില്‍ വെച്ച് കുട്ടി അക്രമാസക്തനാകാന്‍ ശ്രമിച്ചപ്പോള്‍ തടയുന്നതിനിടെ, അബദ്ധത്തില്‍ കൈതട്ടി കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ചിരുന്ന മെഡിക്കല്‍ ഉപകരണം തകരാറിലാവുകയും ശ്വാസതടസ്സം മൂലം കുട്ടി മരണപ്പെടുകയുമായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ റഹീം 2006 ഡിസംബര്‍ 25-ന് ജയിലിലായി. 2011 ഫെബ്രുവരി 2ന് റിയാദ് പബ്ലിക് കോടതി വധശിക്ഷ വിധിക്കുകയും അപ്പീല്‍ കോടതി അത് ശരിവെക്കുകയും ചെയ്തു. ഇതിനിടെ സുപ്രീം കോടതിയില്‍ നിന്ന് താല്‍ക്കാലിക സ്‌റ്റേ സമ്പാദിച്ചെങ്കിലും അത് നീക്കാന്‍ വാദിഭാഗം ആവശ്യപ്പെട്ടതോടെ റഹീമിന്റെ ജീവന്‍ വീണ്ടും അപകടത്തിലായി. ഒടുവില്‍ 2017 ഒക്ടോബര്‍ 12നാണ് കേസ് രേഖകള്‍ പരിശോധിച്ച പ്രത്യേക ബെഞ്ച് വധശിക്ഷ റദ്ദാക്കിയ ശേഷം ഇരയുടെ അവകാശികള്‍ക്ക് 'ദിയാധനം' ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന വിധി പുറപ്പെടുവിച്ചത്... ഇസ്‌ലാമിക നിയമപ്രകാരം ഇരയായ വ്യക്തിയുടെ കുടുംബത്തിന് കുറ്റവാളി നല്‍കുന്ന നഷ്ടപരിഹാരത്തുകയാണ് ദിയാധനം.15 മില്യണ്‍ സൗദി റിയാല്‍ അതായത് 34 കോടിയിലേറെ ഇന്ത്യന്‍ രൂപ ദിയാധനമായി നല്‍കിയാല്‍ മാപ്പ് നല്‍കാമെന്ന് കുട്ടിയുടെ കുടുംബം സമ്മതിച്ചു. ഇത്രയും വലിയ തുക സമയബന്ധിതമായി കണ്ടെത്തുക അസാധ്യമെന്ന് തോന്നിച്ചെങ്കിലും, ആഗോള മലയാളി സമൂഹം ഒത്തൊരുമയോടെ കൈകോര്‍ത്തതോടെയാണ് ദൗത്യം വിജയത്തിലെത്തിയത്. 2024-ല്‍ സമാനമായ ഒരു ചെറിയ പെരുന്നാള്‍ കാലത്താണ് റഹീമിനായുള്ള ഫണ്ട് സമാഹരണം പൂര്‍ത്തിയായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അബ്ദുല്‍ റഹീമിന്റെ 20 വര്‍ഷത്തെ ശിക്ഷാകാലാവധി പൂര്‍ത്തിയായത്.

നിമിഷപ്രിയ കാത്തിരിക്കുകയാണ്

റിയാദ് ജയിലില്‍ കഴിഞ്ഞിരുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി മലയാളികള്‍ ഒന്നടങ്കം കൈകോര്‍ത്ത് ചരിത്രം കുറിച്ചതുപോലെ, നിമിഷ പ്രിയയുടെ കേസും ശുഭപര്യവസാനത്തില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് പ്രവാസി ലോകവും കേരളക്കരയിലെ മനുഷ്യസ്‌നേഹികളും. 2008ലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ നഴ്സിങ് ജോലിക്കായി യെമനിലെത്തിയത്. 2015ഓടെ തലാല്‍ അബ്ദു മഹ്ദി എന്ന യമന്‍ പൗരനെ സ്‌പോണ്‍സറാക്കി 'അല്‍ അമന്‍' എന്ന ക്ലിനിക് ആരംഭിച്ചു. ബിസിനസ്സ് പങ്കാളിത്തം എന്നതിനപ്പുറം തലാല്‍ അബ്ദുമെഹ്ദി നിമിഷയുടെ ജീവിതം നിയന്ത്രിക്കാന്‍ തുടങ്ങി. തോക്കിന്‍മുനയില്‍ നിര്‍ത്തി പീഡിപ്പിച്ചതിനെതിരെ 2016-ല്‍ നിമിഷ യെമന്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 2017 ജൂലൈയില്‍ അമിത അളവില്‍ മയക്കുമരുന്ന് കുത്തിവെക്കപ്പെട്ട് തലാല്‍ കൊല്ലപ്പെടുകയും നിമിഷപ്രിയ അറസ്റ്റിലാകുകയും ചെയ്തു. 2020-ല്‍ യെമനിലെ വിചാരണ കോടതി നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചു. പീഡനങ്ങള്‍ സഹിക്കവയ്യാതെ അബദ്ധത്തില്‍ സംഭവിച്ചുപോയതാണെന്ന നിമിഷയുടെ വാദങ്ങള്‍ യെമന്‍ കോടതി അംഗീകരിച്ചില്ല. പിന്നീട് നല്‍കിയ അപ്പീലുകള്‍ 2023-ല്‍ യെമനിലെ പരമോന്നത കോടതി തള്ളിയതോടെ വധശിക്ഷ സ്ഥിരീകരിക്കപ്പെട്ടു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പുനല്‍കുകയോ, അല്ലെങ്കില്‍ 'ദിയാധനം' സ്വീകരിച്ച് ശിക്ഷാ ഇളവിന് തയ്യാറാവുകയോ ചെയ്താല്‍ മാത്രമേ ഇനി നിമിഷയ്ക്ക് മോചനമുള്ളൂ.

2025 ജൂലൈയില്‍ അവരുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവുണ്ടായെങ്കിലും, വധശിക്ഷ താല്‍ക്കാലികമായി മാറ്റിവെക്കാന്‍ യമന്‍ അധികൃതര്‍ തയ്യാറായി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ശക്തമായ നയതന്ത്ര ഇടപെടലുകളും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ മധ്യസ്ഥശ്രമങ്ങളുടെയും ഭാഗമായിരുന്നു ആ തീരുമാനം. സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ഇടപെടലും നിര്‍ണായകമായി. അന്താരാഷ്ട്ര യാത്രാവിലക്കുകള്‍ മറികടന്ന് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലെത്തി തലാലിന്റെ കുടുംബത്തെയും ഗോത്രത്തലവന്മാരെയും കണ്ട് മാപ്പപേക്ഷിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ദിയാ ധനം' നല്‍കി മാപ്പ് നേടാനുള്ള ചര്‍ച്ചകളും പൂര്‍ത്തിയായി. ദിയാ ധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ മഹ്ദിയുടെ കുടുംബം സന്നദ്ധമാകുമോ എന്ന് ഉറപ്പുലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്. ചുരുക്കത്തില്‍, നിയമപരമായ വധശിക്ഷാ വിധി നിലനില്‍ക്കുന്നുണ്ടെങ്കിലും, തലാലിന്റെ കുടുംബത്തില്‍ നിന്നും മാപ്പ് ലഭിക്കുന്നതിനായുള്ള അന്തിമവട്ട ചര്‍ച്ചകളിലാണ് ഇപ്പോഴും പ്രതീക്ഷ.

മനുഷ്യര്‍ക്കുവേണ്ടി നമുക്ക് കൈകോര്‍ക്കാം

അബ്ദുല്‍ റഹീമിന്റെ മോചനം വെളിപ്പെടുത്തുന്നത് കാരുണ്യത്തിന്റെ അതിരുകളില്ലാത്ത മലയാളി മനസ്സിനെ കൂടിയാണ്. ആഗോള മലയാളി സമൂഹം ഒരേ മനസ്സോടെ കൈകോര്‍ത്തപ്പോള്‍ ഇരുപത് വര്‍ഷത്തെ ഇരുണ്ട തടവറയ്ക്കപ്പുറം ഒരു മനുഷ്യന് പുതുജീവിതത്തിന്റെ പ്രഭാതമൊരുങ്ങി. ഈ വലിയ മനുഷ്യസ്‌നേഹത്തിന്റെ നാള്‍വഴികള്‍ ഒരു സാക്ഷ്യപത്രമാണ്. മലയാളിയുടെ ഒത്തൊരുമയ്ക്ക് മുന്നില്‍ ലക്ഷ്യം കണ്ട നിയമപോരാട്ടത്തിന്റെ സാക്ഷ്യം. റഹീമിന്റെ ജയില്‍മോചനം നല്‍കുന്ന ഈ വലിയ ആത്മവിശ്വാസം ഇപ്പോള്‍ ചെന്നെത്തിനില്‍ക്കുന്നത് യെമനിലെ സനയില്‍ അനിശ്ചിതത്വത്തിന്റെ നിഴലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ ജീവിതത്തിലാണ്. റഹീമിനായി ഉയര്‍ന്ന പ്രാര്‍ത്ഥനകളും സമാഹരിക്കപ്പെട്ട കാരുണ്യവും നിമിഷ പ്രിയയുടെ കുടുംബത്തിനും നാടിനും നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. മറ്റൊരു നാട്ടുകാരി കൂടി പ്രവാസത്തിന്റെ തടവറകളില്‍ നിന്ന് മോചിതയായി സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തുമെന്നുമുള്ള വിശ്വാസത്തിലാണ് നാടും നഗരവും. കാരണം, ഒരു ജീവനെ രക്ഷിക്കാന്‍ ലോകത്തിന്റെ ഏത് കോണിലിരുന്നും കൈകോര്‍ക്കാന്‍ മടിക്കാത്ത മനുഷ്യത്വമാണ് മലയാളിയുടെ ഏറ്റവും വലിയ കരുത്ത്. ആ കരുത്തില്‍ നിമിഷ പ്രിയയുടെ മോചനവും ഒരുനാള്‍ യാഥാര്‍ത്ഥ്യമാവുക തന്നെ ചെയ്യുമെന്ന് പ്രതീക്ഷിച്ച് സ്‌പോട്ട്‌ലൈറ്റ് സമാപിക്കുന്നു.

SCROLL FOR NEXT