OPINION

പിന്നെ എന്തിനാണ് പി.എം കെയേഴ്സ്?

അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ൾ​ക്കും ജ​ന​ക്ഷേ​മ​ത്തി​നു​മാ​യി സ​മാ​ഹ​രി​ച്ച തു​ക അ​ർ​ഹ​രാ​യ​വ​രി​ലേ​ക്ക് എ​ത്തു​ന്നി​ല്ല എ​ന്ന​താ​ണ് പു​റ​ത്തു​വ​ന്ന ക​ണ​ക്കു​ക​ൾ ന​ൽ​കു​ന്ന വ്യ​ക്ത​മാ​യ സൂ​ച​ന

Author : പി.പി. പ്രശാന്ത്

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച പി.​എം. കെ​യേ​ഴ്സ് ഫ​ണ്ടി​ൽ​നി​ന്ന് ചെ​ല​വ​ഴി​ച്ച​ത് 0.01 ശ​ത​മാ​നം തു​ക മാ​ത്ര​മാ​ണെ​ന്ന ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്നു. പി.എം കെയേഴ്സ് ഫ​ണ്ട് എ​ണ്ണാ​യി​ര​ത്തി​ല​ധി​കം കോ​ടി​യാ​യി കു​തി​ച്ചു​യ​രു​മ്പോ​ഴും ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കായി അവ വിനിയോഗിക്കാ​തെ കുമിഞ്ഞു കിടക്കുകയാണ്. ഇതോടെ പി.​എം. കെ​യേ​ഴ്സ് ഫ​ണ്ട് എന്തിനാണ് എന്ന ചോദ്യം ഉയരുന്നതോടൊപ്പം ഫണ്ടി​ന്റെ വി​നി​യോ​ഗത്തിലും സു​താ​ര്യ​ത​യിലും ഉയർന്ന വ​ലി​യ ചോ​ദ്യങ്ങൾ ഉത്തരം കിട്ടാതെ തുടരുന്നുണ്ട്. അതിലുപരി വയനാട് ദുരന്തത്തിൽ സംസ്ഥാനം ഫണ്ടില്ലാെത കഷ്ടപ്പെട്ടപ്പോഴും അതിന് നാമമാത്രമായ തുക മാത്രം തന്ന് മുഖം തിരിച്ച കേന്ദ്രസർക്കാരിനും ദേശീയ ദുരന്ത പ്രതികരണ നിധി എന്ന എൻ.ഡി.ആർ.എഫിനും എതിരായ ശക്തമായ വികാരമാണ് ഏറെ നാളായി പുറത്തുവിടാതിരുന്ന ഈ കണക്കുകൾ പുറത്തുവരുമ്പോൾ ഉയരുന്നത്.

പിന്നെ എന്തിനാണ് പി.എം കെയേഴ്സ്?

പി.​എം കെ​യേ​ഴ്സ് ഫ​ണ്ടി​ന്റെ വി​നി​യോ​ഗ​ത്തി​ലും സു​താ​ര്യ​ത​യി​ലും വ​ലി​യ കു​റ​വു​ണ്ടാ​യെ​ന്ന പുതിയ റിപ്പോർട്ടാണ് പുറത്തുവന്നിട്ടുള്ള​ത്. 2023 മുതൽ 2025 വരെയുള്ള രണ്ട് സാമ്പത്തിക വർഷങ്ങളിലെ ഓഡിറ്റ് കണക്കുകളാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഫ​ണ്ടി​ലെ ആ​കെ തു​ക റെ​ക്കോ​ർ​ഡ് ഉ​യ​ര​ത്തി​ൽ എ​ത്തി​യി​ട്ടും ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കാ​യി അ​ത് ചെ​ല​വ​ഴി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് വെളിപ്പെടുന്നത്.2019-20​ൽ 3,077 കോ​ടി രൂ​പ​യു​ണ്ടാ​യി​രു​ന്ന ഫ​ണ്ട് 2024-25 ആ​യ​പ്പോ​ഴേ​ക്കും 8,452 കോ​ടി​യാ​യി വ​ർ​ധി​ച്ചു. കോ​വി​ഡ് സ​മ​യ​ത്ത് കാ​ര്യ​മാ​യി തു​ക ചെ​ല​വ​ഴി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് അ​ത് നാ​മ​മാ​ത്ര​മാ​യി ചു​രു​ങ്ങു​ക​യാ​യിരുന്നു. 2023-25 സാമ്പത്തിക വർഷങ്ങളിൽ ആകെ 1,162 കോടി രൂപ ഫണ്ടിലേക്ക് എത്തിയപ്പോൾ, ഇതിൽ നിന്ന് ചെലവഴിച്ചത് വെറും 16 കോടി രൂപ മാത്രമാണ്. ഈ വർഷം സംഭാവനയായും ബാങ്ക് പലിശയായും 1,279 കോടി രൂപ ഫണ്ടിലെത്തിയെങ്കിലും, വെറും 87 ലക്ഷം രൂപ അതായത്, ആകെ തുകയുടെ 0.01% മാത്രമാണ് ചെലവഴിച്ചത്.നിലവിൽ 8,452 കോടി രൂപയാണ് ഫണ്ടിൽ മിച്ചമുള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് ഫണ്ടിലെ ആകെ തുകയിൽ 17.8 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

നൽകിയതിനെക്കാൾ കൂടുതൽ തുക തിരിച്ചെത്തി

കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ, പി.എം കെയേഴ്സ് ഫണ്ടിൽ നിന്നുള്ള ദുരിതാശ്വാസ ചെലവുകളേക്കാൾ കൂടുതൽ തുക വിവിധ ഏജൻസികൾ ഫണ്ടിലേക്ക് തിരികെ അടച്ചതായി കാണാം. ഉദാഹരണത്തിന്, ഈ വർഷം വെറും 88 ലക്ഷം രൂപ മാത്രം വിതരണം ചെയ്തപ്പോൾ 324 കോടിയിലധികം രൂപയാണ് ഫണ്ടിലേക്ക് തിരിച്ചെത്തിയത്. ഫണ്ടിലേക്കുള്ള പുതിയ സംഭാവനകളിൽ ഇപ്പോൾ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്; ആഭ്യന്തര സംഭാവനകളിൽ 30 ശതമാനത്തിന്റെയും വിദേശ സംഭാവനകളിൽ 18 ശതമാനത്തിന്റെയും കുറവുണ്ടായി. എന്നിരുന്നാലും, ഫണ്ടിലെ ആകെയുള്ള തുകയുടെ 93 ശതമാനവും സ്ഥിരനിക്ഷേപങ്ങളിലേക്ക് മാറ്റിയതിനാൽ അതിൽ നിന്നുള്ള പലിശയിനത്തിൽ വലിയൊരു വരുമാനം ഇപ്പോൾ ലഭിക്കുന്നുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം ഏകദേശം 475 കോടി രൂപയാണ് പലിശയായി ലഭിച്ചത്. ചുരുക്കത്തിൽ, ജനങ്ങളിൽ നിന്നുള്ള പുതിയ സംഭാവനകൾ കുറയുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള വിനിയോഗം നാമമാത്രമാകുകയും ചെയ്തെങ്കിലും, ബാങ്ക് നിക്ഷേപങ്ങളുടെ പലിശയിലൂടെ ഫണ്ട് വളർന്നുകൊണ്ടിരിക്കുകയാണ്.

എന്തിനാണ് മറ്റൊരു ട്രസ്റ്റ്?

കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യങ്ങളെ നേരിടാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി 2020 മാർച്ച് 27-ന് കേന്ദ്ര സർക്കാർ രൂപീകരിച്ചതാണ് പി.എം. കെയേഴ്സ് ഫണ്ട്. പ്രധാനമന്ത്രി എക്സ്-ഒഫീഷ്യോ ചെയർമാനും പ്രതിരോധ, ആഭ്യന്തര, ധനകാര്യ മന്ത്രിമാർ ട്രസ്റ്റിമാരുമായി പ്രവർത്തിക്കുന്ന പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ആണിത്...അതേസമയം പ്രകൃതി ദുരന്തമുണ്ടായാൽ അടിയന്തിര ദുരിതാശ്വാസ,പുനരധിവാസ പ്രവർത്തനങ്ങൾക്ക് അനുവദിക്കാനുള്ള ദേശീയ ദുരന്തപ്രതികരണ നിധി എന്ന എൻ.ഡി.ആർ.എഫും ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കാനുള്ള പദ്ധതികൾക്കായി അനുവദിക്കുന്ന തുകയായി ദേശീയ ദുരന്ത ലഘൂകരണ നിധി അഥവാ എൻ.ഡി.എം.എഫും കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക സംവിധാനമായി നിലവിലുണ്ട്. ഇതിന് പുറമെയാണ് പി.എം. കെയേഴ്സ് ഫണ്ട് കേന്ദ്രസർക്കാർ കൊണ്ടുവന്നത്. ഫണ്ടിലേക്കുള്ള സാമ്പത്തിക ഇളവുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങളും വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. കോർപ്പറേറ്റ് കമ്പനികൾ നൽകുന്ന സി.എസ്.ആർ ഫണ്ടുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചത് സംസ്ഥാന സർക്കാരുകളുടെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ ഫണ്ടുകളിലേക്കുള്ള സംഭാവനകളെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. കൂടാതെ, വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള എഫ്.സി.ആർ.എ വ്യവസ്ഥകളിൽ നിന്ന് ഈ ഫണ്ടിന് പൂർണ്ണ ഇളവ് നൽകിയതും ചർച്ചയായി.

വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് പുറത്ത്

പി.എം. കെയേഴ്സ് ഫണ്ട് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്ന ഒരു 'പബ്ലിക് അതോറിറ്റി' അല്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിലപാട് വലിയ പ്രതിഷേധങ്ങളായിരുന്നു ക്ഷണിച്ചുവരുത്തിയത്.... നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിൽ നിന്നും വ്യത്യസ്തമായി, ഫണ്ടിന്റെ കണക്കുകൾ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ ഓഡിറ്റ് ചെയ്യുന്നില്ല എന്നതും വിവാദങ്ങൾക്ക് ആക്കം കൂട്ടി. പകരം, സ്വകാര്യ ഓഡിറ്റർമാരെയാണ് ഇതിനായി സർക്കാർ നിയോഗിച്ചത്. ..സാ​മ്പ​ത്തി​ക ക​ണ​ക്കു​ക​ൾ പൊ​തു​സ​മ​ക്ഷം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ലു​ണ്ടാ​യ കാ​ല​താ​മ​സ​വും വിമർശനങ്ങൾക്കിടയാക്കി. 2022-23 ലെ ​സാ​മ്പ​ത്തി​ക ക​ണ​ക്കു​ക​ൾ 638 ദി​വ​സം ​ൈവ​കിയാണ് പ്ര​സി​ദ്ധീ​ക​രിച്ചത്. 2023-24 , 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ങ്ങ​ളി​ലെ​യും ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടു​ക​ൾ ഒ​ന്നി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ച​ത് യ​ഥാ​ക്ര​മം 869 ദി​വ​സ​വും 504 ദി​വ​സ​വും വൈ​കി​യാ​ണ്.

വിവാദങ്ങൾ കടുത്തതോടെ വിഷയം രാജ്യത്തെ വിവിധ കോടതികളുടെ പരിഗണനയിലുമെത്തി. സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ നൽകിയ ഹർജിയിൽ, പി.എം. കെയേഴ്സ് ഫണ്ടിലെ തുക നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിലേക്ക് മാറ്റാൻ സാധിക്കില്ലെന്ന് 2020 ആഗസ്റ്റിൽ സുപ്രീം കോടതി വിധിച്ചു. എന്നാൽ, സർക്കാർ ചിഹ്നങ്ങളും വെബ്സൈറ്റ് ഡൊമെയ്നും പ്രധാനമന്ത്രിയുടെ ചിത്രവും ഉപയോഗിക്കുന്നതിനാൽ ഫണ്ടിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും ഒരു സർക്കാർ സ്ഥാപനമായി കണക്കാക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിലടക്കം നിരവധി ഹർജികളാണ് നിലവിൽ ഫയൽ ചെയ്യപ്പെട്ടിട്ടുള്ളത്. ഫണ്ടിലേക്ക് സർക്കാരിന്റെ ഖജനാവിൽ നിന്ന് പണം നൽകുന്നില്ല എന്ന നിലപാടാണ് കേന്ദ്ര സർക്കാർ കോടതികളിൽ സ്വീകരിച്ചിരിക്കുന്നത്.

നഷ്ടപരിഹാരം കിട്ടാക്കനി; സംസ്ഥാനങ്ങളോട് അവഗണന

മ​​​​നു​​​​ഷ്യ​​​​നി​​​​ർ​​​​മി​​​​ത​​​​മോ പ്ര​​​​കൃ​​​​തി​​​​ദ​​​​ത്ത​​​​മോ ആ​​​​യ മ​​​​റ്റേ​​​​തെ​​​​ങ്കി​​​​ലും അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ, ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഏ​​​​തെ​​​​ങ്കി​​​​ലും ത​​​​ര​​​​ത്തി​​​​ലു​​​​ള്ള സ​​​​ഹാ​​​​യം ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നും പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന​​​​തി​​​​നും പി​​​​എം കെ​​​​യേ​​​​ഴ്സ് ഫ​​​​ണ്ട് ഉ​​​​പ​​​​യോ​​​​​ഗി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ഔ​​​​ദ്യോ​​​​​ഗി​​​​ക വെ​​​​ബ്സൈ​​​​റ്റി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്. എന്നാൽ വ​യ​നാ​ട്ടി​ലെ ചൂ​ര​ൽ​മ​ല-​മു​ണ്ട​ക്കൈ മേ​ഖ​ല​യി​ൽ 2024-ലു​ണ്ടാ​യ പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ന് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട ന​ഷ്ട​പ​രി​ഹാ​രം കി​ട്ടാ​ക്ക​നി​യാ​യി തു​ട​രുകയാണ്. 2221 കോടി രുപയാണ് കേരളം ആവശ്യപ്പെട്ടതെങ്കിലും ഇതുവരെയായി കേന്ദ്രം അനുവദിച്ചത് 260.56 കോടി മാത്രമാണ്. അതേസമയം , എ​ൻ.​ഡി.​ആ​ർ.​എ​ഫ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കൈ​മാ​റാ​നാ​യി അം​ഗീ​ക​രി​ച്ച തു​ക​യി​ൽ 53 ശ​ത​മാ​ന​വും കേ​ന്ദ്ര​സ​ർ​ക്കാ​ർ ചെ​ല​വിട്ടിട്ടില്ല. ദേ​ശീ​യ ദു​ര​ന്ത ​ല​ഘൂ​ക​ര​ണ നി​ധി​ എന്ന കേന്ദ്രത്തിന്റെ എം.ഡി.എം.എഫിൽ 75 ശ​ത​മാ​നം തു​ക​യും ചെ​ല​വാ​കാ​തെ കി​ട​ക്കു​ന്നുണ്ട്. പ്ര​ത്യേ​ക സ​ഹാ​യ​നി​ധി​യാ​യി കൈ​മാ​റാ​ൻ വ​ക​യി​രു​ത്തി​യ 20,000 കോ​ടി​യി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി വി​ട്ടു​കൊ​ടു​ത്ത​ത് 3350 കോ​ടി​മാ​ത്രമായിരുന്നു. പ്ര​കൃ​തി​ദു​ര​ന്ത​മു​ണ്ടാ​യാ​ൽ അ​ടി​യ​ന്ത​ര ദു​രി​താ​ശ്വാ​സ​ത്തി​ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് 100 കോ​ടി രൂ​പ​വ​രെ മു​ൻ​കൂ​ർ വാ​യ്പ അ​നു​വ​ദി​ക്കാ​മെ​ങ്കി​ലും അത് നടപ്പിലാക്കിയിട്ടി​ല്ലെ​ന്നും സി.​എ.​ജി. ക​ണ്ടെ​ത്തി.

അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ൾ​ക്കും ജ​ന​ക്ഷേ​മ​ത്തി​നു​മാ​യി സ​മാ​ഹ​രി​ച്ച തു​ക അ​ർ​ഹ​രാ​യ​വ​രി​ലേ​ക്ക് എ​ത്തു​ന്നി​ല്ല എ​ന്ന​താ​ണ് പു​റ​ത്തു​വ​ന്ന ക​ണ​ക്കു​ക​ൾ ന​ൽ​കു​ന്ന വ്യ​ക്ത​മാ​യ സൂ​ച​ന. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ബാ​ങ്കി​ലി​ട്ട് പ​ലി​ശ വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ന് പ​ക​രം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്കും സം​സ്ഥാ​ന​ങ്ങ​ൾ​ക്കും സ​മ​യ​ബ​ന്ധി​ത​മാ​യി സാ​മ്പ​ത്തി​ക സ​ഹാ​യം എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഏ​തൊ​രു ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ന്റെ​യും യ​ഥാ​ർ​ത്ഥ ല​ക്ഷ്യ​ം.അതിനായില്ലെങ്കിൽ പിന്നെ എന്തിനാണ് പി.എം കെയേഴ്സ് എന്ന സംവിധാനം എന്ന ചോദ്യം ഇനിയും ഉത്തരംകിട്ടാതെ അവശേഷിക്കുന്നു.

SCROLL FOR NEXT