OPINION

ഒടുവിൽ എടുക്കാച്ചരക്കാകുമോ സ്മാർട്ട് മീറ്റർ?

ആദ്യഘട്ടത്തിൽ ഘടിപ്പിച്ച സ്മാർട്ട് മീറ്ററിൽ നിന്ന് തൽസമയ റീഡിങ് പോലും ലഭിക്കുന്നി​ല്ല എന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു. നവംബർ 11-ന് ടെൻഡർ കാലാവധി അവസാനിക്കാനിരിക്കെ, സ്മാർട്ട് മീറ്റർ പദ്ധതിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണ് ?

Author : പി.പി. പ്രശാന്ത്

സംസ്ഥാനത്ത് 50 ലക്ഷം ഗാർഹിക ഉപഭോക്താക്കൾക്കായി സ്മാർട്ട് വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കാനുള്ള കെഎസ്ഇബിയുടെ രണ്ടാം ഘട്ട പദ്ധതി കടുത്ത അനിശ്ചിതത്വത്തിലാണ്. ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനിക്ക് കരാർ നൽകുന്നതിന് പകരം, അന്തിമ തീരുമാനമെടുക്കാൻ സർക്കാരിന് ശുപാർശ നൽകുകയായിരുന്നു കെഎസ്ഇബി. സ്വകാര്യവൽക്കരണ നീക്കം ആരോപിച്ച് കഴിഞ്ഞ ഇടതുസർക്കാർ കൊണ്ടുവന്ന ബദൽ പദ്ധതിയായ കാപെക്സ് എന്ന ക്യാപിറ്റൽ എക്സ്പെൻഡിച്ചറിനെ അട്ടിമറിക്കാൻ വലിയ ശ്രമങ്ങളുള്ളതിനാൽ സർക്കാർ തീരുമാനം നിർണായകമാണ്. ടെൻഡറിൽ പ​ങ്കെടുത്ത് പത്താം സ്ഥാനം മാത്രമുള്ള അദാനി കമ്പനിക്ക് വേണ്ടിയാണ് ഈ ഒളിച്ചുകളി എന്നാണ് ​പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം. അതേസമയം ആദ്യഘട്ടത്തിൽ ഘടിപ്പിച്ച സ്മാർട്ട് മീറ്ററിൽ നിന്ന് തൽസമയ റീഡിങ് പോലും ലഭിക്കുന്നി​ല്ല എന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു. നവംബർ 11-ന് ടെൻഡർ കാലാവധി അവസാനിക്കാനിരിക്കെ, സ്മാർട്ട് മീറ്റർ പദ്ധതിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണ് ?

എടുക്കാച്ചരക്കാകുമോ സ്മാർട്ട് മീറ്റർ?

സംസ്ഥാനത്ത്‌ രണ്ടാംഘട്ടമായി കെഎസ്‌ഇബിയുടെ 50 ലക്ഷം സ്‌മാർട്ട്‌ വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കാനുള്ള ടെൻഡറിൽ ഗ്രിഡ്ക്രെസ്റ്റ് ടെക്‌നോളജീസ് അടങ്കൽ തുകയായ 2,385 കോടി രൂപയേക്കാൾ 41.34 ശതമാനം കുറഞ്ഞ നിരക്കിലാണ് ക്വാട്ട് ​ചെയ്തത്. കുറഞ്ഞ നിരക്കിൽ ടെൻഡർ ലഭിച്ചിട്ടും വർക്ക് ഓർഡർ നൽകാതെ വിഷയം ഫുൾ ബോർഡ് യോഗം മന്ത്രിസഭയുടെയും സർക്കാരിന്റെയും തീരുമാനത്തിന് വിട്ടതാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. നവംബർ 11-ന് ടെൻഡർ കാലാവധി അവസാനിക്കാനിരിക്കെ, തീരുമാനം മനഃപൂർവം വൈകിപ്പിക്കുന്നത് എന്തിന് വേണ്ടിയാണ് എന്ന ചോദ്യമാണ് ഉയരുന്നത്. ടെന്‍ഡറില്‍ കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനി ക്വോട്ട് ചെയ്തത് 1,399 കോടി രൂപയാണ്. മറ്റ് 9 കമ്പനികളും വന്‍ തുകയാണ് പറഞ്ഞിരുന്നത്. പത്താം സ്ഥാനത്തുള്ള അദാനി ഗ്രൂപ്പ് നല്‍കിയ തുക 3,568 കോടി രൂപയാണ്. ഈ പശ്ചാത്തലത്തിലാണ് കെഎസ്ഇബിയുടെ രണ്ടാം ഘട്ട സ്മാർട്ട് മീറ്റർ പദ്ധതി അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ഇടതുസംഘടനകൾ പ്രതിഷേധമുയർത്തുന്നത്.

ടോട്ടെക്സും കാപക്സും

ഈ വലിയ തുക ആദ്യമായി നൽകി പ്രവർത്തി ചെയ്യേണ്ടി വരുന്ന കാപക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നത് ഇപ്പോൾ സർക്കാരിന് പല തരത്തിലാണ് തലവേദന സൃഷ്ടിക്കുന്നത്. അത് അറിയണമെങ്കിൽ കേ​ന്ദ്രസർക്കാർ മുന്നോട്ട് വെച്ച ടോട്ടൽ എക്സ്പെൻഡിച്ചർ അഥവാ TOTEX മാതൃകയെപ്പറ്റി അറിയണം. സംസ്ഥാനത്തെ സ്മാർട്ട് മീറ്റർ വിവാദങ്ങൾ വേരുറപ്പിക്കുന്നത് അതിന്റെ നടത്തിപ്പ് രീതി എങ്ങിനെ വേണം എന്നുള്ളതിലാണ്. സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് വേണ്ടി വരുന്ന തുക പൂർണമായി ടെണ്ടർ ലഭിക്കുന്ന കമ്പനി തന്നെ മുടക്കുകയും, നിശ്ചിത കാലയളവിലേക്ക് മീറ്ററും അനുബന്ധ സൗകര്യങ്ങളും സ്ഥാപിച്ചു പരിപാലിച്ചു കാലാവധി തീരുന്ന മുറക്ക് കെ എസ് ഈ ബി ക്ക് കൈമാറുകയും ചെയ്യുന്ന രീതിയാണ് ടോട്ടൽ എക്സ്പെൻഡിച്ചർ അഥവാ TOTEX. അതായത് സർക്കാരിന് വലിയ തുക ആദ്യമേ തന്നെ നൽകേണ്ടതില്ല എന്നതാണ് ഇതിന്റെ മെച്ചം. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരുമെന്നും സ്വകാര്യവൽകരണ മാതൃക വേണ്ടെന്നും നിശ്ചയിച്ചാണ് കെഎസ്ഇബി സ്മാർട്ട് മീറ്റർ നടപ്പാക്കാൻ Capital Expenditure അഥവാ CAPEX എന്ന ബദൽ മാതൃക മുന്നോട്ടുവെച്ചത്. ഈ രീതിയിൽ സ്മാർട്ട് മീറ്ററുകൾ വാങ്ങുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള മുഴുവൻ മൂലധന ചെലവും സ്വകാര്യ ഏജൻസികളെ ഒഴിവാക്കി കെഎസ്ഇബിയോ സംസ്ഥാന സർക്കാരോ നേരിട്ട് വഹിക്കും. മീറ്ററിന്റെ വിലയും പ്രവർത്തനച്ചെലവും പ്രതിമാസ വാടകയായി ഈടാക്കുന്ന വലിയ സാമ്പത്തിക ബാധ്യതയിൽ നിന്നും സാധാരണ ഉപഭോക്താക്കളെ സംരക്ഷിക്കാനാകും എന്നായിരുന്നു അവകാശവാദം. എന്നാൽ കാപക്സിലും മീറ്റർ റെൻറ് , ഉപഭോക്താക്കളിൽ നിന്ന് പിരിക്കാൻ ഇതിനകം തീർച്ചപ്പെടുത്തിക്കഴിഞ്ഞു. ആദ്യഘട്ടത്തിൽ ടോട്ടെക്സ് മാതൃകയിൽ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച ​ശേഷമായിരുന്നു കാപക്സ് നടത്തിപ്പ് നടപടികളി​ലേക്ക് കെഎസ്ഇബി കടന്നത്. മൂന്നുലക്ഷം മീറ്ററുകൾ സർക്കാർ ഓഫിസുകളിൽ സജ്ജമാക്കാനുദ്ദേശിച്ച ആദ്യഘട്ടത്തിന്റെ പ്രവർത്തനം പൂർത്തിയായി വരികയാണ്.

എന്താണ് യഥാർഥ ആശങ്ക

രണ്ടാം ഘട്ട സ്മാർട്ട് മീറ്റർ പ്രവർത്തനത്തിന് എവിടെ നിന്ന് 1400 കോടി രൂപ കണ്ടെത്തും എന്നത് തന്നെയാണ് സർക്കാരിനെയും കെഎസ്ഇബിയെയും വലയ്ക്കുന്നത്. രണ്ടാം ഇടതുസർക്കാരിന്റെ അവസാന മാസങ്ങളിലാണ് സ്മാർട്ട്മീറ്ററിനായി കിഫ്ബി വായ്പ ലഭിക്കാനുള്ള നടപടികളുമായി ​കെഎസ്ഇബി മുന്നോട്ടുപോയത്. എന്നാൽ സർക്കാർ ഗ്യാരണ്ടി നിൽക്കുന്നതുമായി ബന്ധപ്പെട്ട സന്ദേഹങ്ങൾ കാരണം നടപടികൾ സ്തംഭിച്ചു. കിഫ്ബിവായ്പക്ക് എതിരായതിനാൽ ഈ സർക്കാരിന്റെ കാലത്ത് അതിലും പ്രതീക്ഷ ഇല്ല. യുഡിഎഫ് സർക്കാർ സ്മാർട്ട്മീറ്റർ നടപടികളിൽ നാളിതുവരെ വ്യക്തമായ തീരുമാനം എടുത്തതുമില്ല. കിഫ്ബിയെ ഒഴിവാക്കിയാൽ പവർ ഫിനാൻസ് കോർപറേഷൻ, റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ എന്നിവയിൽ നിന്നുള്ള വായ്പകളെയാണ് ​കെഎസ്ഇബിക്ക് ഇനി ആശ്രയിക്കാനുള്ളത്. മറ്റൊരു പ്രധാന സാങ്കേതിക കടമ്പ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതിയാണ്. ഭീമമായ ഈ കാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റിന് റെഗുലേറ്ററി കമ്മീഷന്റെ അപ്രൂവൽ ഇതുവരെ കെ.എസ്.ഇ.ബി വാങ്ങിയിട്ടില്ല. കമ്മീഷന്റെ മുൻകൂർ അനുമതിയില്ലാതെ വർക്ക് അവാർഡ് ചെയ്യാൻ നിയമപരമായി തടസ്സങ്ങളുണ്ട്. മുടക്കുന്ന തുക തിരിച്ചുപിടിക്കണമെങ്കിൽ മൾട്ടി ഇയർ താരിഫിലോ പ്രത്യേക പെറ്റീഷനിലോ ഉൾപ്പെടുത്തി താരിഫ് വർദ്ധനവിന് അപേക്ഷ നൽകേണ്ടി വരും. ഇത് ജനങ്ങൾക്കിടയിൽ മീറ്റർ റെന്റോ അധിക ചാർജ്ജോ ആയി വരികയും വലിയ തോതിൽ പ്രതിഷേധം ക്ഷണിച്ചുവരുത്തുകയും ചെയ്തേക്കും. കടുത്ത സാമ്പത്തിക ബാധ്യതയിലുള്ള കെഎസ്ഇബിക്ക് ഈ വായ്പ തിരിച്ചടവ് സാധ്യമാകുമോ എന്നതും ചോദ്യചിഹ്നമാണ്.

ആദ്യഘട്ട മീറ്ററുകൾ പരാജയമോ?

ആദ്യഘട്ടത്തിൽ സ്ഥാപിച്ച മീറ്ററുകൾ ഉദ്ദേശിച്ച ഫലം ചെയ്യുന്നില്ലെന്ന പരാതി ഉയർന്നു കഴിഞ്ഞു. സർക്കാർ ഓഫീസുകളിലും ട്രാൻസ്ഫോർമറുകളിലും ഹൈടെൻഷൻ ഫീഡറുകളിലും സ്ഥാപിച്ച മൂന്ന് ലക്ഷത്തോളം മീറ്ററുകളിൽ നിന്ന് തത്സമയ റീഡിങ് സെൻട്രൽ സെർവറിലേക്ക് എത്തുന്നില്ല. സാങ്കേതികമായി ബില്ലിങ് നടത്താൻ സാധിക്കുന്നുണ്ടെങ്കിലും, സ്മാർട്ട് മീറ്ററിന്റെ കാതലായ 'തത്സമയ ഡാറ്റ നിരീക്ഷണവും' ലോഡ് പ്ലാനിംഗും നടക്കുന്നില്ല.

തത്സമയ സിഗ്നലുകൾ കിട്ടാത്തതിനാൽ എല്ലാ മാസവും കെഎസ്ഇബിയിലെ അസിസ്റ്റന്റ് എൻജിനീയർമാർ നേരിട്ട് വാഹനങ്ങളുമായി ഫീൽഡിൽ പോയി മീറ്ററുകൾ നോക്കി റീഡിങ് എടുക്കേണ്ട അവസ്ഥയാണിപ്പോൾ. നിലവിൽ സ്ഥാപിച്ച മീറ്ററുകളുടെ മോശം പെർഫോമൻസ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യാൻ ഉദ്യോഗസ്ഥർ മടിക്കുകയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. മുൻപ് കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ഉൾപ്പെടെയുള്ളവയിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്മാർട്ട് മീറ്ററുകൾ ഘടിപ്പിച്ചപ്പോൾ കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് തകരാറുകളെത്തുടർന്ന് അത് തുടരാനായിരുന്നില്ല.

സർക്കാരിന് മേൽ വൻ സമ്മർദം

2026 മെയ് 15നാണ്‌ രണ്ടാംഘട്ടത്തിനുള്ള സാങ്കേതിക ബിഡ് തുറന്നത്‌. പിന്നീട് സാമ്പത്തിക ബിഡ്‌ തുറക്കുന്നത്‌ സെപ്‌തംബറിലേക്ക്‌ നീളുകയായിരുന്നു. അതായത് വായ്പ സംബന്ധിച്ച് വ്യക്തമായി ധാരണ വരുത്താതെയാണ് ​കെഎസ്ഇബി ടെണ്ടർ നടപടികളിലേക്ക് കടന്നതെന്ന് വ്യക്തം. ആകെ ചെലവിന്റെ 15 ശതമാനം സബ്സിഡിയാണ് കേ​​ന്ദ്രസർക്കാരിൽ നിന്ന് ലഭ്യമാകുക. രണ്ടാം ഘട്ടം അടങ്കൽ തുകയേക്കാൾ രാജ്യത്തെ തന്നെ റെക്കോഡ് കുറവിൽ ലഭിച്ചിട്ടും പ്രവർത്തി തുടങ്ങാത്തത് സർക്കാരിൽ വൻ സമ്മർദമാണ് സൃഷ്ടിച്ചിട്ടുള്ളത്. സാധാരണയായി ഏറ്റവും കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്യുന്നവർക്ക് തടസ്സമില്ലാതെ വർക്ക് ഓർഡർ നൽകേണ്ടതാണെങ്കിലും, എസ്റ്റിമേറ്റ് നിരക്കിനേക്കാൾ 25 ശതമാനത്തിൽ താഴെ വരുന്ന 'അൺവർക്കബിൾ' ക്വോട്ടേഷനുകൾ പ്രവൃത്തിയുടെ ഗുണനിലവാരത്തെ തകർക്കുമെന്നത് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ തടസ്സവാദം ഉന്നയിക്കുമോ എന്നത് കണ്ടറിയണം. ടെൻഡർ നടപടികൾ സ്തംഭിച്ചാൽ അത് സർക്കാർ അദാനിക്ക് വേണ്ടി ഒരുക്കുന്ന പദ്ധതിയാണ് എന്ന് ആരോപണമുയരുകയും ചെയ്യും. ഏതായാലും സ്മാർട്ട് മീറ്റർ പദ്ധതി ആവശ്യമാണെന്നിരിക്കേ പൊതുജനങ്ങൾക്ക് അധിക ബാധ്യതയില്ലാതെ കാര്യക്ഷമമായി അത് നടപ്പാക്കാനുള്ള വഴികളാണ് ഉരുത്തിരിയേണ്ടത്.

SCROLL FOR NEXT