OPINION

വഫഖ് ബോർഡ് പുനഃസംഘടനയിൽ അവഗണിക്കപ്പെട്ടതാര്?

സമസ്ത മുശാവറയിൽ നിന്നും പുറത്താക്കിയ എം പി മുസ്തഫൽ ഫൈസിയെയും ജമാഅത്തെ ഇസ്ലാമി പ്രതിനിധിയെയും വഖഫ് ബോർഡിൽ അംഗമാക്കിയതിൽ സമസ്തക്കുള്ളിൽ കടുത്ത അതൃപ്തിയാണുള്ളത്.

Author : പി.പി. പ്രശാന്ത്

മുസ്ലീംലീഗ് നേതാവ് എം.സി. മായിന്‍ ഹാജിയെ ചെയര്‍മാനാക്കി വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചിരിക്കുന്നു. സമസ്ത, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ് വത്തുല്‍ മുജാഹിദ്ദീന്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്ക് പ്രതിനിധ്യം നല്‍കിയാണ് പുനഃസംഘടന നടന്നിരിക്കുന്നത്. അമുസ്ലീം അംഗങ്ങളുടെ കാര്യത്തില്‍ സുപ്രീം കോടതി ഉത്തരവിന് ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. പുതിയ പുനഃസംഘടനയില്‍ ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം ലഭിച്ചു. സമസ്ത മുശാവറയിൽ നിന്നും പുറത്താക്കിയ എം പി മുസ്തഫൽ ഫൈസിയെയും ജമാഅത്തെ ഇസ്ലാമി പ്രതിനിധിയെയും വഖഫ് ബോർഡിൽ അംഗമാക്കിയതിൽ സമസ്തക്കുള്ളിൽ കടുത്ത അതൃപ്തിയാണുള്ളത്. പുന:സംഘടനയിൽ സമസ്ത EK - AP വിഭാഗങ്ങൾക്ക് അവഗണന നേരിട്ടുവെന്ന വിമർശനവും ഉയരുന്നുണ്ട്.

വഫഖ് ബോർഡ് പുന:സംഘടനയിൽ അവഗണിക്കപ്പെട്ടതാര് ?

സംസ്ഥാന സർക്കാർ കേരള വഖഫ് ബോർഡ് പുനസംഘടിപ്പിച്ച ഉത്തരവ് ശനിയാഴ്ച രാവിലെയാണ് പുറത്തിറങ്ങിയത്. സുപ്രീംകോടതിയിലും ഹൈകോടതിയിലും നിലനിൽക്കുന്ന കേസ് ഉത്തരവിൽ ചുണ്ടിക്കാട്ടിയിട്ടുണ്ട്. പുതിയ ചെയർമാൻ. മായിൻഹാജി നേരത്തെ നിരവധി തവണ വഖഫ് ബോർഡ് അംഗമായിട്ടുണ്ട്. 11 അംഗങ്ങളിൽ ഒമ്പത് പേരെയാണ് ഇപ്പോൾ തെരഞ്ഞെടുത്തിരിക്കുന്നത്. ഇത്തവണ തദ്ദേശ വകുപ്പിൽ നിന്നുള്ള ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി. ചരിത്രത്തിലാദ്യമായി ബോറ പ്രതിനിധിയായി സിറാജ് ഡി കപസി വഖഫ് ബോർഡിലെത്തി. നിലവിലെ ബോർഡ് പിരിച്ചുവിട്ട് സമ്പൂർണ പുനഃസംഘടനയാണ് സർക്കാർ നടത്തിയത്. രണ്ട് അമുസ്‌ലിം അംഗങ്ങളെ ബോർഡിൽ ഉൾപ്പെടുത്തുന്നതിൽ സുപ്രീംകോടതിയിലും ഹൈകോടതിയിലും ഉള്ള കേസിലെ അന്തിമ വിധിക്ക് അനുസൃതമായാണ് തീരുമാനം.

പുനഃസംഘടനയില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് ചര്‍ച്ചകള്‍ ശക്തമാക്കിയത്. പിന്നാലെ കെ.എസ്. ഹംസ ചെയര്‍മാനായ വഖഫ് ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു. പുനഃസംഘടനയില്‍ കെ എസ് ഹംസ കോടതിയെ സമീപിക്കാനാണ് സാധ്യത. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ തന്നെ വഖഫ് ബോര്‍ഡ് പിരിച്ചുവിടാനുള്ള നയപരമായ തീരുമാനം ലീഗ് എടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ രൂപീകരിക്കപ്പെട്ട വഖഫ് ബോര്‍ഡിന് അഞ്ച് വര്‍ഷം കാലാവധി ഉള്ളത് നിയമപരമായി ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതില്‍ സര്‍ക്കാരിന് പ്രതിസന്ധിയായിരുന്നു. വഖഫ് ബോര്‍ഡില്‍ അമുസ്ലീങ്ങളെ ഉള്‍പ്പെടുത്താത്തതിന് എതിരെ ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ബോര്‍ഡ് സര്‍ക്കാരിന് പുനഃസംഘടിപ്പിക്കാമെന്നുകൂടി കോടതി പറഞ്ഞത്.

അതൃപ്തിയോടെ നേതാക്കൾ

സമസ്ത മുശാവറയിൽ നിന്നും പുറത്താക്കിയ എം പി മുസ്തഫൽ ഫൈസിയെയും ജമാഅത്തെ ഇസ്ലാമി പ്രതിനിധിയെയും വഖഫ് ബോർഡിൽ അംഗമാക്കിയതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സമസ്ത AP വിഭാഗത്തെ പൂർണമായി തഴഞ്ഞപ്പോൾ, EK വിഭാഗത്തിന്റെ ഭാഗമായി നിൽക്കുന്ന മുസ്ലിം ലീഗ് നേതാവ് MC മായിൻ ഹാജിയെ ചെയർമാനായി നിയമിച്ചു. എന്നാൽ ഔദ്യോഗിക നേതൃത്വത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്താതെ, സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളെ വിമർശിച്ചതിന്റെ പേരിൽ മുശാവറയിൽ നിന്നും പുറത്താക്കിയ മുസ്തഫൽ ഫൈസിയെ ഉൾപ്പെടുത്തിയത് കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. സമസ്തയിലെ ഇരു വിഭാഗത്തെയും അവഗണിച്ചുവെന്നാണ് AP വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫിയുടെ ആരോപണം. സർക്കാർ തീരുമാനം അന്യായവും അനീതിയുമാണെന്ന് റഹ്മത്തുള്ള സഖാഫി പ്രതികരിച്ചു. ലീഗ് ഭരിക്കുന്ന വകുപ്പിൽ അവരുടെ ആളെ തന്നെ എടുക്കുക എന്നത് ആവശ്യമാണല്ലോയെന്നായിരുന്നു സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ പരിഹാസ രൂപേണയുള്ള പരാമർശം. അണികളെ പിടിച്ചുനിർത്താൻ അത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. .കോടതി നിർദേശപ്രകാരമാണ് വഖഫ് ബോർഡ് പുന:സംഘടിപ്പിച്ചതെന്നും എല്ലാ വിഭാഗങ്ങളുമായി ചർച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്നും മന്ത്രി N ഷംസുദീൻ പറഞ്ഞു.

അമുസ്ലിം അംഗങ്ങളെ പ്രഖ്യാപിച്ചില്ലെങ്കിലും അവരെ ഉൾപ്പെടുത്തിയത് മത വിരുദ്ധമാണെന്നുള്ള ആക്ഷേപം നേരത്തെ മുസ്ലിം സംഘടനകൾ ഉന്നയിച്ചിരുന്നു. ബില്ലിനെതിരെ ഇടതുപക്ഷവും രംഗത്തുവന്നിരുന്നുവെങ്കിലും ഇപ്പോൾ അതേ നിയമം നടപ്പാക്കുകയാണ് സർക്കാർ ചെയ്തത്. എന്നാൽ വിവാദം ഒഴിവാക്കാൻ അമുസ്ലിം അംഗങ്ങളെ തൽക്കാലം വേണ്ടെന്ന് വെക്കുകയായിരുന്നു.

ഭാവിയിൽ ഇത് നിയമപ്രശ്നം ആകാനുള്ള സാധ്യത ഏറെയാണ്

വഖഫ് ബോർഡിലെ അമുസ്ലിം നാമനിർദേശം 2024 ഓഗസ്റ്റിൽ വഖഫ് ബോർഡുകളിൽ രണ്ട് അമുസ്‌ലിം അംഗങ്ങളെ നിർബന്ധമാക്കിക്കൊണ്ട് കേന്ദ്രം ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ ശക്തമായ എതിർപ്പാണ് ഉയർന്നത്. ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടതിനു പിന്നാലെ, ഒക്ടോബറിൽ കേരള നിയമസഭ ഒറ്റക്കെട്ടായി ഇതിനെതിരെ പ്രമേയം പാസാക്കി. അന്ന് എൽഡിഎഫും യുഡിഎഫും ഒരേസ്വരത്തിലാണ് ഈ നീക്കത്തെ പ്രതിരോധിച്ചത്. എന്നാൽ 2025 മെയ്-ജൂൺ മാസങ്ങളിൽ ബിജെപി നേതാവ് അഡ്വ. ഷോൺ ജോർജ് കേരള ഹൈക്കോടതിയെ സമീപിച്ചതോടെ സ്ഥിതി മാറി. കേന്ദ്ര നിർദേശപ്രകാരം അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് മാത്രമേ കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാവൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

ജൂലൈയിൽ കേസ് പരിഗണിക്കവേ, ചട്ടപ്രകാരമുള്ള നിയമപരമായ നടപടികളിലേക്ക് കടക്കാൻ തയാറാണെന്ന് പുതുതായി ചുമതലയേറ്റ സതീശൻ സർക്കാർ അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ സംസ്ഥാന സർക്കാർ ബിജെപിയുടെ അജണ്ടയ്ക്ക് മുന്നിൽ മുട്ടുമടക്കിയെന്ന് ഒരുപക്ഷം ആഞ്ഞടിച്ചപ്പോൾ, മുൻകാല നിലപാടുകൾ മറന്ന് മറുപക്ഷം ഇരട്ടത്താപ്പ് കളിക്കുകയാണെന്ന് ഭരണപക്ഷവും തിരിച്ചടിച്ചു. ഒടുവിൽ ഹൈക്കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ സർക്കാർ ബോർഡ് പുനഃസംഘടിപ്പിച്ചെങ്കിലും, തർക്കവിഷയമായ അമുസ്‌ലിം നാമനിർദ്ദേശത്തിൽ തൽക്കാലം തൊടാതെ മാറിനിൽക്കാനാണ് തീരുമാനം. കേസ് സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും അന്തിമ പരിഗണനയിലായതിനാൽ, കോടതി വിധി വന്നതിനുശേഷം മാത്രം അക്കാര്യം തീരുമാനിക്കാമെന്ന നിലപാടിലാണ് ഇപ്പോൾ സർക്കാർ.

മുന്നിലുള്ളത് വലിയ വെല്ലുവിളികൾ

വഖഫ് സ്വത്തുക്കളുടെ കാര്യക്ഷമമായ സംരക്ഷണവും ഭരണനിർവഹണവും ലക്ഷ്യമിട്ട് നടക്കേണ്ട പുനഃസംഘടന, ഒടുവിൽ എത്തിനിൽക്കുന്നത് രാഷ്ട്രീയ-സാമുദായിക തർക്കങ്ങളിലേക്കാണ്. കാലാവധി പൂർത്തിയാക്കാതെയുള്ള മുൻ ബോർഡിന്റെ പിരിച്ചുവിടൽ വരുംദിവസങ്ങളിൽ പുതിയ നിയമപോരാട്ടങ്ങൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്. അതേസമയം, സമസ്തയിലെ ആഭ്യന്തര ചേരിപ്പോരുകളും എ.പി വിഭാഗത്തിന്റെ പൂർണ്ണമായ അവഗണനയും ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യ പ്രാതിനിധ്യവും സൃഷ്ടിച്ച അതൃപ്തി കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിൽ സൃഷ്ടിക്കുന്ന അലയൊലികൾ ചെറുതാകില്ല. ഇതിനെല്ലാമുപരി, സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധിക്ക് വിധേയമായി വരാനിരിക്കുന്ന അമുസ്‌ലിം അംഗങ്ങളുടെ നിയമനം കേരളത്തിൽ എങ്ങനെ സ്വീകരിക്കപ്പെടുമെന്നതാണ് കാത്തിരുന്ന് കാണേണ്ട ഏറ്റവും വലിയ ഘടകം.

SCROLL FOR NEXT