പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി പരക്കുകയാണ്. ലെബനനില്‍ ഇസ്രായേല്‍ നടത്തുന്ന തുടര്‍ച്ചയായ സൈനിക ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ ഇറാന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഹോര്‍മുസിനു പുറമേ മറ്റൊരു തന്ത്രപ്രധാന കടലിടുക്കായ ബാബ് അല്‍ മന്ദബ് കൂടി അടക്കാന്‍ ഇറാന്‍ നീക്കം തുടങ്ങുകയും ചെയ്തു. അങ്ങനെ സംഭവിച്ചാല്‍ ആഗോള എണ്ണ വിപണിയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന നീക്കമാകും ഇത്. ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ പുതിയ ആക്രമണങ്ങള്‍ക്ക് ഇസ്രായേല്‍ ഉത്തരവിടുകയും അമേരിക്കയും ഇറാനും നേര്‍ക്കുനേര്‍ സൈനിക ആക്രമണങ്ങള്‍ നടത്തുകയും ചെയ്തതാണ് സ്ഥിതിഗതി ഇപ്പോള്‍ കൂടുതല്‍ വഷളാക്കിയത്. ഇതോടെ നിലവിലുള്ള നയതന്ത്ര ശ്രമങ്ങള്‍ തകരുമെന്ന ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
ഈ യുദ്ധദുരിതത്തിന് അന്ത്യമില്ലേ?
പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി സൃഷ്ടിച്ച് ഇറാന്റെ സൈനികകേന്ദ്രങ്ങളില്‍ അമേരിക്ക കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തിയിരുന്നു. അന്താരാഷ്ട്ര സമുദ്രപരിധിയില്‍ സര്‍വീസ് നടത്തുകയായിരുന്ന അമേരിക്കയുടെ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടതിനെത്തുടര്‍ന്ന് ഗോരുക് നഗരത്തിലെയും ക്വഷം ദ്വീപിലെയും ഇറാന്റെ റഡാര്‍, ഡ്രോണ്‍ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ബോംബിങ് നടത്തിയതെന്ന് െൈവറ്റ്ഹൗസ് സ്ഥിരീകരിച്ചു. തൊട്ടുപിന്നാലെ മേഖലയിലെ യുഎസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ പ്രത്യാക്രമണം നടത്തി. കുവൈത്തില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഇറാന്‍ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ ആകാശത്തുവച്ച് തകര്‍ത്തതായി യുഎസ് അവകാശപ്പെട്ടു.
ഏപ്രിലിലെ വെടിനിര്‍ത്തല്‍ കരാര്‍ ഹിസ്ബുള്ള ആവര്‍ത്തിച്ച് ലംഘിച്ചുവെന്നും ഇസ്രായേല്‍ അതിര്‍ത്തിക്കുള്ളിലേക്ക് ആക്രമണം നടത്തിയെന്നും ആരോപിച്ച് ഇസ്രായേല്‍ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഇത് മേഖലയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കിയിട്ടുണ്ട്. ദഹിയേയില്‍ നിന്ന് ആയിരക്കണക്കിന് താമസക്കാരാണ് ഇതേത്തുടര്‍ന്ന് പലായനം ചെയ്തത്. അതേസമയം വടക്കന്‍ ഇസ്രായേലിലെ സൈന്യത്തിനും സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ റോക്കറ്റ്, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു. ഇരുപക്ഷത്തുനിന്നും തുടര്‍ച്ചയായുണ്ടാകുന്ന വെടിവെയ്പ്പുകള്‍, വലിയൊരു സുരക്ഷാ വീഴ്ചയിലേക്ക് നയിച്ചേക്കാമെന്നും കൂടുതല്‍ വിപുലമായ ഒരു കരാറിലെത്താനുള്ള ശ്രമങ്ങളെ അത് പാളം തെറ്റിച്ചേക്കാമെന്നുമുള്ള ആശങ്കകള്‍ക്ക് ഇതോടെ ആക്കം കൂടിയിട്ടുണ്ട്.
ബാബ് അല്‍ മന്ദബ് അടക്കുമോ എന്ന് ആശങ്ക
ലെബനനില്‍ ഇസ്രായേല്‍ സൈനിക ആക്രമണം തുടരുന്ന സഹചര്യത്തില്‍ ചെങ്കടലിന്റെ തെക്കന്‍ പ്രവേശന കവാടത്തിലെ ബാബ് അല്‍ മന്ദബ് കടലിടുക്കില്‍ ഗതാഗതം തടയുന്നതിന് ഇറാനും സഖ്യകക്ഷികളും ആലോചിക്കുന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലെബനനിലെ ഇസ്രായേലിന്റെ ആക്രമണം ചൂണ്ടിക്കാട്ടി അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറിയതായി ഇറാന്‍ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
എന്നാല്‍ ബാബ് അല്‍ മന്ദബിലെ ഗതാഗതം തടസ്സപ്പെടുത്തുമെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ആഗോള എണ്ണവിപണിയെ ആശങ്കയിലാക്കിയിട്ടുണ്ട്. സംഘര്‍ഷം ഹോര്‍മുസിനപ്പുറത്തേക്ക് വ്യാപിക്കുമെന്ന വാര്‍ത്ത പരന്നതോടെ എണ്ണവില കുത്തനെ ഉയര്‍ന്നുകഴിഞ്ഞു. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ 15 ശതമാനം ബാബ് അല്‍ മന്ദബിലൂടെയാണ് കടന്നു പോകുന്നത്. യെമനിനും ആഫ്രിക്കന്‍ ഹോണിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ബാബ് അല്‍ മന്ദബ്, ചെങ്കടലിലേക്കും സൂയസ് കനാലിലേക്കും ഉള്ള ഒരു ഇടുങ്ങിയ കവാടമാണ്.
നയതന്ത്ര ശ്രമങ്ങള്‍ തുടരുന്നു
സൈനികമായ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും നയതന്ത്ര ശ്രമങ്ങള്‍ തുടരുകയാണ്. ഇസ്രായേലും ലെബനനും തമ്മിലുള്ള അടുത്ത റൗണ്ട് ചര്‍ച്ചകള്‍ ഈ ആഴ്ച വാഷിംഗ്ടണില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം, വെടിനിര്‍ത്തല്‍ നീട്ടുന്നതിനെക്കുറിച്ചും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ തുടരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ് അറിയിച്ചു..ലബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ താന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഇസ്രായേല്‍ സേനയ്ക്ക് നേരെയുള്ള ആക്രമണം നിര്‍ത്താന്‍ ഹിസ്ബുള്ള പ്രതിനിധികള്‍ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഹിസ്ബുല്ല തങ്ങളുടെ നഗരങ്ങള്‍ക്കും പൗരന്മാര്‍ക്കും നേരെ വെടിയുതിര്‍ക്കുന്നത് തുടര്‍ന്നാല്‍ ബെയ്‌റൂട്ടില്‍ വ്യോമാക്രമണം നടത്തുമെന്നും, തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ സൈന്യം ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുമെന്നും നെതന്യാഹു ട്രംപിനോട് വ്യക്തമാക്കിയതായി ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പിന്നീട് അറിയിച്ചു. അതേസമയം തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുകയാണെന്ന് ലെബനന്റെ നാഷണല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ലെബനനെതിരെയുള്ള ഇസ്രായേലിന്റെ ആക്രമണം തുടരുകയാണെങ്കില്‍, ടെഹ്റാന്‍ യുഎസുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കുക മാത്രമല്ല, കടുത്ത പ്രത്യാക്രമണത്തിലേക്ക് കടക്കുമെന്നും ഇറാന്‍ വക്താക്കള്‍ മുന്നറിയിപ്പുനല്‍കി. അമേരിക്കയുമായുള്ള ആശയവിനിമയം തുടരുകയാണെന്ന് സ്ഥിരീകരിച്ച ഇറാന്‍ വിദേശമന്ത്രി അബ്ബാസ് അരാഗ്ചി കരാര്‍ അന്തിമമായി ഒപ്പുവയ്ക്കുംവരെ ഒന്നിനും ഉറപ്പില്ലെന്നും കൂട്ടിച്ചേര്‍ത്തു.
നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രമ്പ് വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ ലെബനനില്‍ ആക്രമണം ശക്തമാക്കിയതിന്റെ പേരില്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയെ ട്രംപ് രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തിയെന്ന് യു.എസ് മാധ്യമമായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. നെതന്യാഹുവിന്റെ നീക്കങ്ങള്‍ ഇറാനുമായുള്ള തന്റെ നയതന്ത്ര ശ്രമങ്ങളെ അപകടത്തിലാക്കുന്നതില്‍ കുപിതനായ ട്രംപ്് ഇസ്രായേല്‍ പ്രധാനമന്ത്രിയെ 'ഭ്രാന്തന്‍' എന്ന് വിളിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ലോകവേദിയില്‍ ഇസ്രായേലിന്റെ യശ്ശസ്സിന് കോട്ടം തട്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയതായും രണ്ട് യു.എസ് ഉദ്യോഗസ്ഥരെയും പേര് വെളിപ്പെടുത്താത്ത മറ്റൊരാളെയും ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമേഷ്യയില്‍ ഉണ്ടാകുന്ന പുതിയ നയതന്ത്ര, യുദ്ധ നീക്കങ്ങളെ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഇസ്രായേല്‍ തെരഞ്ഞെടുപ്പുമായും ബന്ധപ്പെടുത്തി ഇസ്രായേല്‍ മാധ്യമങ്ങളില്‍ വിശകലനങ്ങള്‍ വരുന്നുണ്ട്.. ഇറാനുമായി അമേരിക്ക നടത്തുന്ന നയതന്ത്ര ചര്‍ച്ചകള്‍ ഇസ്രായേലിന്റെ യുദ്ധലക്ഷ്യങ്ങളെ പൂര്‍ണ്ണമായി തകര്‍ക്കുന്നതാണെന്ന കടുത്ത വിമര്‍ശനവുമായി ഇസ്രായേലി പ്രതിപക്ഷ നേതാവ് യായര്‍ ലാപിഡ് രംഗത്ത് വന്നു. മെച്ചപ്പെട്ട ഒരു കരാറിലെത്താന്‍ സ്വാധീനം ചെലുത്തുന്നതില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി ചേര്‍ന്ന് നെതന്യാഹുവിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള നീക്കത്തിലാണ് യായര്‍ ലാപിഡിന്റെ യേഷ് അതീദ് പാര്‍ട്ടി.
ഇറാന്‍ പ്രസിഡന്റ് രാജി സന്നദ്ധനോ?
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ രാജിവെയ്ക്കാന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സുപ്രധാന തീരുമാനങ്ങളെടുക്കുന്നതില്‍നിന്ന് തന്റെ സര്‍ക്കാരിനെ ഒഴിവാക്കുന്നതും തീവ്രനിലപാടുള്ള വിഭാഗത്തിന് ഭരണത്തില്‍ അമിതമായ സ്വാധീനം കിട്ടുന്നതുമാണ് പ്രസിഡന്റിനെ രാജിക്ക് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പരമോന്നത നേതാവിന്റെ ഓഫീസിന് അദ്ദേഹം രാജിക്കത്ത് കൈമാറിയതായാണ് 'ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇറാന്‍ പ്രസിഡന്റിന്റെ ഓഫീസ് ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. വിദേശമാധ്യമങ്ങള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രസിഡന്റിന്റെ ഓഫീസ് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
സമാധാനമെത്തുമോ അതോ നിത്യജീവിതം ദുസ്സഹമാകുമോ?
പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പ്രതിഫലനമെന്നോണം കുതിച്ചുയരുന്ന ഇന്ധന-പാചകവാതക വിലവര്‍ദ്ധനവ് കേവലം ഒരു സാമ്പത്തിക പ്രതിസന്ധി മാത്രമല്ല, മറിച്ച് സാധാരണക്കാരന്റെ അടുക്കളമുതല്‍ രാജ്യത്തിന്റെ പൊതുവിപണിയെ വരെ നിശ്ചലമാക്കുന്ന കടുത്ത സാമൂഹിക ആഘാതമാണ് സൃഷ്ടിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റം നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണാതീതമാക്കുമ്പോള്‍, ജനങ്ങളുടെ ജീവനും ജീവിതോപാധികള്‍ക്കുമാണ് ഇവിടെ പൊള്ളലേല്‍ക്കുന്നത്. യുദ്ധം ഇനിയും നീണ്ടാല്‍ നിത്യജീവിതം അസാധ്യമാക്കും വിധം വിലക്കയറ്റം നമ്മെ വരിഞ്ഞുമുറുക്കുമെന്നുറപ്പ്. സംഘര്‍ഷം പരിഹരിക്കാന്‍ ഇപ്പോള്‍ അമേരിക്കയുടെ മുന്‍കൈയില്‍ നടക്കുന്ന സമാധാന ശ്രമം എത്രത്തോളം ഫലം ചെയ്യുമെന്ന് കണ്ടറിയണം. ഫലം കണ്ടില്ലെങ്കില്‍ അമേരിക്ക- ഇസ്രായേല്‍, ഇറാന്‍-ലബനന്‍ അച്ചുതണ്ടിനപ്പുറം ഈ യുദ്ധപ്രതിസന്ധി പരിഹരിക്കാനുള്ള ലോക രാഷ്ട്രങ്ങളുടെ ശ്രമം ഉയര്‍ന്നേ തീരൂ. സ്‌പോട്ട്‌ലൈറ്റ് ഇതോടുകൂടി സമാപിക്കുന്നു.