OPINION

ഇറാന്‍-യുഎസ് യുദ്ധത്തിന് തിരശ്ശീല വീഴുമോ?

യുദ്ധസാഹചര്യം തുടര്‍ന്നാല്‍ ഗുരുതരമായ ആഗോള സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നാണ് ലോകബാങ്കിന്റെ മുന്നറിയിപ്പ്.

Author : പി.പി. പ്രശാന്ത്

പശ്ചിമേഷ്യയില്‍ വീണ്ടുമൊരു സമാധാന പ്രതീക്ഷയ്ക്ക് വഴിതുറന്ന് ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വന്നിരിക്കുന്നു. ഇനി ഒരിക്കലും ആണവായുധം വികസിപ്പിക്കില്ലെന്ന ഉറപ്പ് ഇറാനില്‍ നിന്ന് ലഭിച്ചെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. കരാര്‍ ഒപ്പിടാനുള്ള നടപടികള്‍ തുടങ്ങിയതായും ട്രംപ് അറിയിച്ചിരിക്കുന്നു. പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില കുറയുകയും ഇന്ത്യന്‍ രൂപ നില മെച്ചപ്പെടുത്തുകയും ചെയ്തത് വിപണിക്ക് ഊര്‍ജം പകര്‍ന്നിട്ടുണ്ട്. കരാറിന്റെ കരട് രേഖകളില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കുമ്പോള്‍ ആശങ്കകള്‍ പൂര്‍ണ്ണമായി ഒഴിഞ്ഞുപോയിട്ടുമില്ല. യുദ്ധസാഹചര്യം തുടര്‍ന്നാല്‍ ഗുരുതരമായ ആഗോള സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നാണ് ലോകബാങ്കിന്റെ മുന്നറിയിപ്പ്.

ജോര്‍ജിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ബര്‍ട്ട് ജോണ്‍സിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ വിര്‍ച്വല്‍ ടെലിറാലിയിലാണ് ഇറാനുമായുള്ള യുദ്ധം അവസാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇറാന്‍ ഇനി ഒരിക്കലും ആണവായുധം കൈവശം വയ്ക്കില്ലെന്ന് സമ്മതിച്ചുവെന്നും, അതായിരുന്നു അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് തൊട്ടുമുമ്പ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ്, ഇറാനുമായുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും ഈ വാരാന്ത്യത്തില്‍ തന്നെ കരാര്‍ ഒപ്പുവെക്കാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കിയിരുന്നു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലില്‍' പങ്കുവെച്ച സന്ദേശത്തില്‍, ഇറാനിലെ ഉന്നത നേതൃത്വവുമായി നയതന്ത്രതലത്തില്‍ ധാരണയായതിനെ തുടര്‍ന്ന് ആസൂത്രണം ചെയ്തിരുന്ന സൈനികാക്രമണങ്ങള്‍ റദ്ദാക്കിയതായി ട്രംപ് അറിയിച്ചു. അമേരിക്കയ്ക്ക് പുറമെ ഇസ്രായേല്‍, സൗദി അറേബ്യ, യുഎഇ, ഖത്തര്‍, തുര്‍ക്കി, പാകിസ്ഥാന്‍ തുടങ്ങിയ പ്രാദേശിക കക്ഷികളെല്ലാം കരാറിന്റെ പൊതുരൂപരേഖ അംഗീകരിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഇതിന്റെ ഭാഗമാണെന്നും എന്നാല്‍ കരാര്‍ പൂര്‍ത്തിയാകും വരെ നാവിക ഉപരോധം തുടരുമെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.

ട്രംപിനെ തിരുത്തി ഇറാന്‍

ട്രംപിന്റെ ഏകപക്ഷീയമായ പ്രഖ്യാപനത്തിനെതിരെ ഇറാന്റെ വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നിട്ടുണ്ട്... കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും എന്നാല്‍ തങ്ങളുടെ നയപരമായ അതിര്‍വരമ്പുകള്‍ മറികടന്നുള്ള ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖായി വ്യക്തമാക്കി. വിഷയം നിലവില്‍ ഇറാന്റെ ഉന്നത തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സമിതികളുടെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, തങ്ങള്‍ ഈ സമാധാന ധാരണാപത്രത്തിന്റെ ഭാഗമല്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്‍ജമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ഉണ്ടാക്കിയ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പൂര്‍ണ്ണമായി നടപ്പിലാക്കാനും മേഖലയെ കൂടുതല്‍ യുദ്ധത്തിലേക്ക് തള്ളിവിടാതിരിക്കാനും യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ഇരുപക്ഷത്തോടും ആവശ്യപ്പെട്ടു.

ആഗോള വിപണിയില്‍

യുഎസ് -ഇറാന്‍ സമാധാന കരാര്‍ ഈ വാരാന്ത്യത്തില്‍ ഒപ്പുവെച്ചേക്കുമെന്ന സൂചനകള്‍ വിപണിയെ സ്വാധീനിച്ചതോടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച വ്യാപാരത്തില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 88.79 ഡോളറിലെത്തി. ഇതോടെ എണ്ണവില കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കുറയുമെന്നും അമേരിക്കയും ഇറാനും തമ്മില്‍ ധാരണയില്‍ എത്തുമെന്നുമുള്ള പ്രതീക്ഷകള്‍ ശക്തമായതോടെ ഇന്ത്യന്‍ രൂപക്ക് വെള്ളിയാഴ്ച നേട്ടത്തിന്റെ ദിനമായിരുന്നു. ഡോളറിനെതിരെ രൂപ 65 പൈസ ഉയര്‍ന്ന് 95.20 എന്ന നിലയിലെത്തി. ആഗോള ക്രൂഡ് ഓയില്‍ വില കുറഞ്ഞതും രൂപക്ക് പിന്തുണയായി. രൂപയുടെ മുന്നേറ്റം ഓഹരി വിപണിക്കും ആശ്വാസം പകര്‍ന്നു. സെന്‍സെക്‌സ് 921.30 പോയന്റ് ഉയര്‍ന്ന് 74,753.85ലും നിഫ്റ്റി 254.20 പോയന്റ് ഉയര്‍ന്ന് 23,417.25ലുമെത്തി.

ധാരണയായില്ലെങ്കില്‍ കടുത്ത ആഗോള സാമ്പത്തിക പ്രതിസന്ധി

മിഡില്‍ ഈസ്റ്റില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ ഉടന്‍ അവസാനിച്ചില്ലെങ്കില്‍ ലോകം കടുത്ത ആഗോള സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചാ നിരക്കായിരിക്കും വരും നാളുകളില്‍ ലോകം സാക്ഷ്യം വഹിക്കുകയെന്ന് ലോകബാങ്ക് പുറത്തുവിട്ട 'ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്‌പെക്ട്‌സ്' റിപ്പോര്‍ട്ട് പറയുന്നു...ഊര്‍ജ്ജ വിലയിലുണ്ടായ കുതിച്ചുചാട്ടം, വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം, ഉയര്‍ന്ന പലിശനിരക്കുകള്‍ എന്നിവ വിലയിരുത്തി 2026ലെ ആഗോള വളര്‍ച്ചാ പ്രവചനം ലോകബാങ്ക് തിരുത്തിയിട്ടുണ്ട്. ജനുവരിയില്‍ പ്രവചിച്ച 2.9 ശതമാനത്തില്‍ നിന്നും 2.5 ശതമാനമായാണ് ഇത്തവണ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചിരിക്കുന്നത്. പ്രതിസന്ധി തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ അന്താരാഷ്ട്ര എണ്ണവില സൂചികയായ ബ്രെന്റ് ക്രൂഡ് വില ഈ വര്‍ഷം ബാരലിന് ശരാശരി 94 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 36 ശതമാനം കൂടുതലാണ്. കൂടാതെ രാസവളങ്ങളുടെ വിലയില്‍ വലിയ വര്‍ധനവുണ്ടാകുമെന്നും ഇത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു... ഇതോടെ അടിസ്ഥാന വിഭവങ്ങള്‍ ലഭിക്കുന്നതില്‍ വലിയ പ്രതിസന്ധി ലോകത്ത് സംജാതമാകും. നിലവിലെ പ്രതിസന്ധിയില്‍ ഏറ്റവും വലിയ തിരിച്ചടി നേരിടുക വികസ്വര രാജ്യങ്ങളാണ്.

വരുന്നത് താല്‍കാലിക ധാരണ പത്രം

നിലവില്‍ ചര്‍ച്ച ചെയ്യുന്നതും വരുമെന്ന് പ്രതീക്ഷിക്കുന്നതും ഒരു താല്‍ക്കാലിക ധാരണാപത്രം മാത്രമാണ്. ഇത് ഒപ്പുവെക്കുന്നതോടെ 60 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നേക്കും. ഈ സമയത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കവിഷയങ്ങളില്‍ അന്തിമ കരാറിലെത്താനാണ് ശ്രമം. മുമ്പും പലതവണ ഇറാനുമായി കരാറില്‍ എത്തിയെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ നടന്നിട്ടില്ല..നിലവില്‍ പ്രഖ്യാപിക്കപ്പെട്ട സമാധാന നീക്കം വിജയിക്കാന്‍ 50% സാധ്യത മാത്രമാണുള്ളത്; എപ്പോള്‍ വേണമെങ്കിലും ഇത് തകരാമെന്ന് വിദേശകാര്യ വിദഗ്ധര്‍ നിരീക്ഷിക്കുന്നു...അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ പ്രകാരം നിര്‍ദ്ദിഷ്ട താല്‍കാലിക ധാരണാപത്രത്തിലെ പ്രധാന വ്യവസ്ഥകള്‍ ഇവയാണ്: വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെക്കുന്നതോടെ രണ്ടുമാസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വരും. യുദ്ധത്തെ തുടര്‍ന്ന് തടസ്സപ്പെട്ട ഹോര്‍മുസ് കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്യാനും കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാനും തീയതി നിശ്ചയിക്കും. ഇറാന്‍ വ്യവസ്ഥകള്‍ പാലിച്ചാല്‍ സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കുകയും വിദേശത്ത് മരവിപ്പിച്ച ഇറാന്റെ ആസ്തികള്‍ വിട്ടുകൊടുക്കുകയും ചെയ്യും. വരും വര്‍ഷങ്ങളില്‍ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണവും ആണവായുധ നിര്‍മ്മാണവും പൂര്‍ണ്ണമായി നിര്‍ത്തിവെക്കും. പക്ഷേ നിര്‍ദിഷ്ട കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടില്ല.

സമാധാനമെത്തുമോ, വിലക്കയറ്റത്തിനും

അമേരിക്കയില്‍ ഇന്ധനവില കുതിച്ചുയരുന്നതില്‍ ജനങ്ങള്‍ക്കുള്ള അമര്‍ഷം ട്രംപിന്റെ ജനപ്രീതിയെ ബാധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിയാകുമോ എന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭയപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ യുദ്ധം അവസാനിപ്പിക്കേണ്ടത് ട്രംപിന്റെ ആഭ്യന്തര രാഷ്ട്രീയ ആവശ്യം കൂടിയാണ്. മുന്‍പും പലതവണ ഇറാനുമായി കരാറിലെത്തിയെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം പരാജയപ്പെടുകയായിരുന്നു. നിലവിലെ ഈ സമാധാന നീക്കം വിജയിക്കാന്‍ പകുതി സാധ്യത മാത്രമാണുള്ളതെന്നും എപ്പോള്‍ വേണമെങ്കിലും കാര്യങ്ങള്‍ മാറിമറിയാമെന്നുമാണ് നയതന്ത്രവിദഗ്ധരുടെ വിലയിരുത്തല്‍. വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ സമാധാന നീക്കങ്ങളില്‍ തങ്ങള്‍ പങ്കാളിയല്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കുമ്പോള്‍ കടുത്ത ആശങ്കയാണ് ഉയരുന്നത്. അതിനാല്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ഓരോ നീക്കവും വലിയ പ്രതീക്ഷയിലാണ് ലോകം ഏറ്റുവാങ്ങുന്നത്. ഇതോടുകൂടി ഇന്നത്തെ സ്‌പോട്ട്‌ലൈറ്റ് സമാപിക്കുന്നു. നാളെ മറ്റൊരു വിഷയവുമായി എത്താം.

SCROLL FOR NEXT