വിലക്കയറ്റം സത്യമോ മിഥ്യയോ? സംസ്ഥാനത്ത് കൊടിയ വിലക്കയറ്റമെന്ന് പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടുവരുന്നു. വില കൂടിയ കുറെ ഇനങ്ങളുടെ പട്ടിക അവതരിപ്പിക്കുന്നു. സംസ്ഥാനത്ത് വിലക്കയറ്റം ഇല്ല എന്നു ഭക്ഷ്യമന്ത്രി വാദിക്കുന്നു. വില കുറഞ്ഞ ഇനങ്ങളുടെ പട്ടിക അവതരിപ്പിക്കുന്നു. പ്രതിപക്ഷം പറയുന്ന ഇനങ്ങളും ഭരണപക്ഷം പറയുന്ന ഇനങ്ങളും കൂട്ടിമുട്ടുന്നില്ല. ശരിക്കും വിലക്കയറ്റമുണ്ടോ? ഏതൊക്കെ ഇനങ്ങള്‍ക്കാണ് വില കൂടുന്നത്? അവശ്യസാധനങ്ങള്‍ക്ക് വലിയ തോതില്‍ വിലവര്‍ദ്ധിച്ചോ? കേരളത്തില്‍ മാത്രമായി വിലക്കയറ്റം സംഭവിക്കുന്നുണ്ടോ?
അരി എന്ന ഒറ്റയിനത്തില്‍ നിന്ന് ആരംഭിക്കുകയാണ്. അരിയുടെ ഇപ്പോഴത്തെ ദേശീയ ശരാശരി വില 43 രൂപ 12 പൈസ. മുന്‍വര്‍ഷത്തെ വില 43 രൂപ 46 പൈസ. 34 പൈസയുടെ കുറവുണ്ടായി. കേരളത്തില്‍ അരി വില ഇപ്പോള്‍ 49 രൂപ 21 പൈസ. ഒരു വര്‍ഷം മുന്‍പ് ഇതേ ദിവസം 49 രൂപ 23 പൈസ. കേരളത്തില്‍ ദേശീയ ശരാശരിയേക്കാള്‍ ആറു രൂപ കൂടുതലാണ്. ഒരു വര്‍ഷത്തിനിടെ വിലയില്‍ രണ്ടു പൈസയുടെ മാത്രം കുറവേ സംഭവിച്ചിട്ടുള്ളൂ. കര്‍ണാടകയിലെ വിലയിലേക്ക് സൂക്ഷിച്ചു നോക്കുക. ഒരു വര്‍ഷം മുന്‍പ് കേരളത്തേക്കാള്‍ വിലയായിരുന്നു അരിക്ക്. 54 രൂപ 63 പൈസയായിരുന്നു. അത് ഇപ്പോള്‍ 47 രൂപ 74 പൈസയായി കുറഞ്ഞു. ആറു രൂപ 90 പൈസയാണ് കര്‍ണാടകയില്‍ വിലയിലുണ്ടായ കുറവ്. ആന്ധ്രയിലേക്കു വന്നാലും ഈ അന്തരം കാണാം. 53 രൂപയില്‍ നിന്ന് 47 രൂപ 23 പൈസയിലേക്കു വില വീണു. കിലോയ്ക്ക് അഞ്ചു രൂപ 77 പൈസയുടെ കുറവ്. കര്‍ണാടകയിലും ആന്ധ്രയിലും വലിയ അന്തരമാണ് ഉണ്ടായത്. എന്നാല്‍ തമിഴ്‌നാട്ടിലേക്കു നോക്കൂ. അവിടെ 57 രൂപ 55 പൈസയായിരുന്നു കഴിഞ്ഞവര്‍ഷത്തെ വില. കേരളത്തേക്കാള്‍ എട്ടുരൂപയിലധികം വര്‍ധന. അവിടെ രണ്ടു രൂപയിലേറെ കുറഞ്ഞ് 55 രൂപ 42 പൈസയായി. അപ്പോഴും കേരളത്തേക്കാള്‍ ആറുരൂപയിലധികമാണ് തമിഴ്‌നാട്ടിലെ അരിവില. തെലങ്കാനയിലും കേരളത്തേക്കാള്‍ അഞ്ചുരൂപയിലധികം വില കൂടുതലുണ്ട്. ഒരു വര്‍ഷത്തിനിടയ്ക്ക് വില മാറാതെ നില്‍ക്കുകയാണ്. ഇതില്‍ ആന്ധ്ര അരിയുത്പാദന സംസ്ഥാനമാണ്. അവിടെ ഉയര്‍ന്ന വില ഉണ്ടായിരുന്നത് ഒരു വര്‍ഷം കൊണ്ടു താഴ്ന്നു. കര്‍ണാടകയിലും സ്ഥിതി അതു തന്നെ. കേരളത്തില്‍ ഒരു വര്‍ഷത്തിനിടെ കാര്യമായ മാറ്റമുണ്ടായിട്ടില്ല. പക്ഷേ അയല്‍സംസ്ഥാനങ്ങളില്‍ വില കുറയുന്ന തോതില്‍ ഇവിടെ കുറഞ്ഞിട്ടില്ല. ഇതാണ് ഇക്കാര്യത്തിലെ വസ്തുത.
ഇനിയുള്ള ഇനങ്ങള്‍ക്കു കേരളത്തിലെ വില എടുക്കാം. ചെറുപയറിന് ഒരു വര്‍ഷം മുന്‍പ് 129 രൂപ 85 പൈസ. ഒരു മാസം മുന്‍പ് 130 രൂപ 14 പൈസ. ഇപ്പോള്‍ 133 രൂപ 50 പൈസ. ഒരു മാസംകൊണ്ട് കേരളത്തില്‍ മൂന്നുരൂപയിലേറെ കൂടി. ഉഴുന്നു വില ഒരു മാസത്തിനിടെ അന്‍പതു പൈസ കൂടിയെങ്കിലും കഴിഞ്ഞവര്‍ഷത്തെ വിലയുമായി താരതമ്യപ്പെടുത്തിയാല്‍ വലിയ കുറവുണ്ടായി. കഴിഞ്ഞവര്‍ഷം 149 രൂപ ഇപ്പോള്‍ 128 രൂപ 60 പൈസ. ഇതെല്ലാം സംസ്ഥാന ശരാശരി വിലയാണ്. വിവിധ ജില്ലകളില്‍ വിവിധ വിലയാണ്. തുവരപ്പരിപ്പിനും വലിയ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം 180 രൂപ 38 പൈസ ആയിരുന്നത് ഇത്തവണ 127 രൂപ 57 പൈസയായി കുറഞ്ഞു. തുവരപ്പരിപ്പൊന്നും കേരളത്തില്‍ ഉത്പാദനമില്ലാത്തതിനാല്‍ ദേശീയ തലത്തിലുണ്ടായ കുറവാണ് ഇവിടെയും പ്രതിഫലിക്കുന്നത്. പീസ് പരിപ്പിന് ഒരു വര്‍ഷം കൊണ്ട് കിലോയ്ക്ക് 10 രൂപ കുറഞ്ഞു. 78 രൂപ 73 പൈസയില്‍ നിന്ന് 68 രൂപ 75 പൈസയായി കുറഞ്ഞു. പഞ്ചസാരയ്ക്ക് പക്ഷേ കിലോയ്ക്ക് രണ്ടു രൂപയിലധികം വര്‍ദ്ധിക്കുകയാണ് ചെയ്തത്. 43 രൂപ 88 പൈസയില്‍ നിന്ന് 46 രൂപ 32 പൈസയായി വര്‍ദ്ധിച്ചു.
പാലിന്റെ വില ഒരു വര്‍ഷമായി സംസ്ഥാനത്ത് വലിയ മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാന ശരാശരി 53 രൂപ എട്ടു പൈസയില്‍ നിന്ന് 53 രൂപ 60 പൈസയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. നാടന്‍ മുട്ടയുടെ വിലയില്‍ ഒരു വര്‍ഷം കൊണ്ട് അഞ്ചു രൂപയുടെ വര്‍ദ്ധനയുണ്ട്. ഡസന് 100 രൂപ 46 പൈസ ആയിരുന്നത് 105 രൂപ 29 പൈസയായി. വെളിച്ചെണ്ണയ്ക്കു സംഭവിച്ചത് പിന്നെ പറയാതിരിക്കുകയാണ് ഭേദം. ഒരു വര്‍ഷം മുന്‍പ് കിലോയ്ക്ക് 194 രൂപ 15 പൈസയായിരുന്നത് 443 രൂപ 29 പൈസയാണിപ്പോള്‍. പക്ഷേ കഴിഞ്ഞമാസം ഇതേ ദിവസം ഉണ്ടായിരുന്നതിനേക്കാള്‍ എട്ടുരൂപയുടെ അടുത്ത് വില കുറഞ്ഞിട്ടുണ്ട്. തേങ്ങയുടെ വിലയിലും നിനച്ചിരിക്കാതെയുണ്ടായത് വലിയ വര്‍ദ്ധനയാണ്. 43 രൂപ 23 പൈസയില്‍ നിന്ന് കിലോയ്ക്ക് 78 രൂപ 14 പൈസയിലേക്കുള്ള കുതിപ്പ്. കിലോയ്ക്ക് 35 രൂപയാണ് കൂടിയിരിക്കുന്നത്. മല്ലിയുടെ കാര്യത്തില്‍ ഒരു വര്‍ഷം കൊണ്ടു രണ്ടു രൂപ കൂടി. ചെറിയ ഉള്ളിക്ക് ഇപ്പോള്‍ 12 രൂപയുടെ കുറവുള്ള സമയമാണ്. സവാളയ്ക്കാണെങ്കില്‍ 35 രൂപയുടെ കുറവുണ്ട്. കഴിഞ്ഞവര്‍ഷം ഇതേ സമയം 61 രൂപ 38 പൈസയായിരുന്നത് ഇപ്പോള്‍ 26 രൂപ 14 പൈസയായി.
പച്ചക്കറിയിലെ അഞ്ച് ഇനങ്ങള്‍ പരിശോധനയ്ക്ക് എടുക്കുകയാണ്. വെണ്ടയ്ക്കാ വില കഴിഞ്ഞവര്‍ഷം ഇതേ സമയം 37 രൂപ 62 പൈസയായിരുന്നെങ്കില്‍ ഇപ്പോള്‍ 41 രൂപ ഏഴു പൈസയാണ് ശരാശരി വില. എന്നാല്‍ കഴിഞ്ഞ മാസത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഴുരൂപയിലധികം കുറഞ്ഞു. ബീന്‍സിന് കഴിഞ്ഞ വര്‍ഷം 70 രൂപ 38 പൈസയായിരുന്നത് ഈ വര്‍ഷം 53 രൂപ 50 പൈസയായി. കഴിഞ്ഞ മാസത്തേക്കാള്‍ എട്ടുരൂപയുടെ അടുത്ത് കുറഞ്ഞിട്ടുമുണ്ട്. വള്ളിപ്പയര്‍ വിലയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ മൂന്നു രൂപയുടെ കുറവും കഴിഞ്ഞ മാസത്തേക്കാള്‍ 15 രൂപയുടെ കുറവുമുണ്ട്. പാവയ്ക്ക വലിയ മാറ്റമില്ലാതെ തുടരുകയാണ്. എന്നാലും കഴിഞ്ഞ മാസത്തെ വിലയേക്കള്‍ നാലു രൂപയുടെ ആശ്വാസകരമായ കുറവുണ്ട്. തക്കാളിയുടെ വിലയില്‍ വലിയ കുറവുണ്ട്. കഴിഞ്ഞ മാസം 45 രൂപയായിരുന്നത് ഇത്തവണ 30 രൂപയായി കുറയുകയായിരുന്നു. ഒരു വര്‍ഷം മുന്‍പുള്ള വില നോക്കിയാലും മൂന്നു രൂപയുടെ കുറവുണ്ട്. എന്താണ് ഈ കണക്കുകളില്‍ നിന്നു വ്യക്തമാകുന്നത്? അരിയുടെ വിലയില്‍ വലിയ കുറവ് കേരളത്തില്‍ ഉണ്ടാകുന്നില്ല. എന്നാല്‍ ഉത്പാദന സംസ്ഥാനങ്ങളില്‍ ഉത്പാദനത്തിന് അനുസരിച്ച് വില താഴുകയും കൂടുകയും ചെയ്യുമ്പോഴും കേരളത്തിന് ആ ആനുകൂല്യം കിട്ടുന്നില്ല. അതിനു കാരണം ഇവിടെ ഉത്പാദനം കൂടാത്തതാണ്. മറ്റ് പലചരക്കുത്പന്നങ്ങളെല്ലാം നമ്മള്‍ ഇറക്കുമതി ചെയ്യുന്നതാണ്. അതിന് ദേശീയ വില തന്നെ ബാധകമാകുന്നുണ്ട്. പച്ചക്കറിയുടെ കാര്യത്തില്‍ തമിഴ്‌നാട്ടില്‍ ഉത്പാദനം കൂടിയതിനാല്‍ നമുക്ക് ആശ്വസിക്കാവുന്ന സമയമാണ്. വിലയില്‍ മുന്‍വര്‍ഷത്തേക്കാള്‍ നല്ല കുറവുണ്ട്. ഈ വസ്തുതകള്‍ പറയാം എന്നല്ലാതെ വലിയ വിലക്കയറ്റമുണ്ടെന്നു പറയാന്‍ കഴിയില്ല. അതുപോലെ വലിയ തോതില്‍ വില കുറഞ്ഞു എന്നും പറയാനാകില്ല. ആരൊക്കെയോ ആനയെകണ്ടതുപോലുള്ള വിവരണങ്ങളാണ് സഭയില്‍ നടക്കുന്നത്. അത് അതിനപ്പുറം ഒന്നുമില്ല.