സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ ഏറ്റവും ഉയര്‍ന്ന ശമ്പള സ്‌കെയിലുള്ള രണ്ട് പ്രധാന തസ്തികകളിലേക്ക് നടത്തിയ പൊതു പ്രാഥമിക പരീക്ഷയുടെ ഫലം പിഎസ്‌സി പ്രസിദ്ധീകരിച്ചത് 58 മാര്‍ക്കിന് മൂല്യനിര്‍ണ്ണയം ചെയ്യാതെയാണെന്ന വിവരം ഞെട്ടിച്ചത് താഴിലന്വേഷകരെ മാത്രമല്ല, കേരള പബ്ളിക് സര്‍വീസ് കമീഷന്‍ എന്ന ഭരണഘടന സ്ഥാപനത്തെ വിശ്വസിച്ചിരുന്ന പൊതുസമൂഹത്തെ ഒന്നടങ്കമാണ്. ആയിരക്കണക്കിന് തൊഴിലന്വേഷകരുടെ കഠിനാധ്വാനവും പ്രതീക്ഷകളുമൊക്കെയാണ് പിഎസ്‌സി നടത്തുന്ന ഓരോ പരീക്ഷയും പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആ പരീക്ഷകളുടെ നടത്തിപ്പിലും മൂല്യനിര്‍ണയത്തിലും ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ സത്യസന്ധത പുലര്‍ത്തേണ്ടതുമുണ്ടത്. എന്നാല്‍ രാഷ്ട്രീയ താല്‍പ്പര്യംവച്ച്, ഇഷ്ടക്കാരെ നിയമിക്കാന്‍ പിഎസ്‌സി പരീക്ഷയിലും തുടര്‍നടപടികളിലും ഇടപെടല്‍ നടക്കുന്നു എന്നറിയുമ്പോള്‍ ആ കുറ്റം മാപ്പ് അര്‍ഹിക്കാത്തതാണ്. സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ പരീക്ഷ ക്രമക്കേടിനെ സംബന്ധിച്ച വാര്‍ത്ത ന്യൂസ് മലയാളം പുറത്തുവിട്ടതിനെ തുടര്‍ന്ന് പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കാന്‍ കമീഷന്‍ തീരുമാനിച്ചിരിക്കുന്നു. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിക്ക് അനുസൃതമായി പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 228 ഉദ്യോഗാര്‍ഥികളുടെ പേപ്പറുകളും പുനര്‍മൂല്യനിര്‍ണയം നടത്തുമെന്ന ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെങ്കിലും പിഎസ്‌സി കഴിഞ്ഞ നാളുകളില്‍ നടത്തിയ പരീക്ഷകളുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
പിഎസ്‌സിയെ എങ്ങനെ വിശ്വസിക്കും?
സംസ്ഥാനത്ത് പിഎസ്‌സി നടത്തുന്ന ഏറ്റവും ഉയര്‍ന്ന പരീക്ഷയായ ആസൂത്രണ ബോര്‍ഡിലെ ചീഫ് തസ്തികയിലേക്ക് 2022-ലായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്. ചീഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ചീഫ് പ്ലാന്‍ കോ-ഓര്‍ഡിനേഷന്‍ ഡിവിഷന്‍, ചീഫ് പേഴ്സ്പക്്ടീവ് പ്ലാനിങ്് ഡിവിഷന്‍ എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് 2023 ജൂലൈ 13ന് പൊതു വിവരണാത്മക പരീക്ഷ നടന്നു. മൂന്നിനും രണ്ട് പേപ്പര്‍ വീതമായിരുന്നു പരീക്ഷ. അതില്‍ ആദ്യ പേപ്പര്‍ മൂന്ന് വിഭാഗക്കാര്‍ക്കും പൊതുവായിരുന്നു. അതിലെ ഒന്‍പതുമുതല്‍ 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരമാണ് മൂല്യനിര്‍ണയം നടത്താതെ വിട്ടത്. 2025 മേയ് 31ന് റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു. ഇതില്‍ രണ്ട് റാങ്ക് പട്ടികയിലേക്ക് നിയമന ശുപാര്‍ശ അയക്കുകയും ചെയ്തു. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് ആഴ്ചക്കുള്ളിലായിരുന്നു അതിവേഗ നിയമന ശുപാര്‍ശ നല്‍കിയത്. മൂന്നാം റാങ്ക് ലിസ്റ്റില്‍ തുടര്‍നടപടി സ്വീകരിച്ചിരുന്നില്ല. എന്നാല്‍ മൂല്യനിര്‍ണ്ണയം ചെയ്യാതിരുന്ന പത്തു ചോദ്യങ്ങള്‍ക്കു കൂടി മാര്‍ക്കിട്ടിരുന്നെങ്കില്‍ റാങ്ക് പട്ടിക തന്നെ മാറുമായിരുന്നിരിക്കെ, തിരുത്തല്‍ നടപടിക്കു പകരം ഉത്തരക്കടലാസ് പോലും ഉദ്യോഗാര്‍ത്ഥികള്‍ക്കു നല്‍കാതെ ഒളിച്ചുകളിക്കുകയായിരുന്നു പിഎസ്‌സി. ഒടുവില്‍ ഒരു ഉദ്യോഗാര്‍ത്ഥി വിവരാവകാശ നിയമപ്രകാരം അപ്പീല്‍ പോയതോടെയാണ് ഉത്തരക്കടലാസ് നല്‍കാന്‍ തയാറായതും പിഴവ് പുറത്തുവന്നതും. ക്രമക്കേട് പുറത്തറിഞ്ഞതോടെ, സംഭവം ആഭ്യന്തര വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ പിഎസ്‌സി യോഗം തീരുമാനിച്ചിരിക്കുകയാണ്.
പിഎസ്‌സി പരീക്ഷയില്‍ നടന്നത് വന്‍ അട്ടിമറി
സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഉയര്‍ന്ന തസ്തികകളിലേക്കുള്ള ഈ പിഎസ്‌സി പരീക്ഷകളില്‍ നടന്നത് വന്‍ അട്ടിമറിയാണെന്ന് വിവരാവകാശ രേഖകള്‍ വെളിപ്പെടുത്തുന്നുണ്ട്. ചീഫ് തസ്തികകളിലേക്ക് നടത്തിയ 100 മാര്‍ക്കിന്റെ പൊതുപരീക്ഷയില്‍ 58 മാര്‍ക്കിനുള്ള ഉത്തരങ്ങളും പിഎസ്‌സി നിയോഗിച്ച അധ്യാപകര്‍ പരിശോധിച്ചില്ല. 42 മാര്‍ക്കില്‍ മാത്രം മൂല്യനിര്‍ണയം നടത്തിയാണ് അണ്ടര്‍ സെക്രട്ടറി റാങ്കിലുള്ള തസ്തികയിലേക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് പിഎസ്‌സി നിയമനം നടത്തിയത്. ഇതില്‍ ഒന്നാം റാങ്കുകള്‍ ലഭിച്ചതാകട്ടെ കെജിഒഎ ഉള്‍പ്പെടെയുള്ള ഇടത് അനുകൂല സംഘടനാ നേതാക്കള്‍ക്കും. മുന്‍കാലങ്ങളില്‍ ആസൂത്രണ ബോര്‍ഡിലെ ചീഫ് റാങ്ക് പട്ടികയ്ക്കൊപ്പം ഓരോ ഉദ്യോഗാര്‍ഥിയുടെയും എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും മാര്‍ക്കുകള്‍ പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. മാര്‍ക്ക് ലിസ്റ്റ് പോലും പുറത്തുവിടാതെ 2025 ജൂണ്‍ 23-ന് പിഎസ്‌സി തിടുക്കപ്പെട്ട് നിയമന ശുപാര്‍ശകള്‍ കൈമാറി. തൊട്ടുപിന്നാലെ പ്രതിമാസം ഒന്നര ലക്ഷം രൂപയ്ക്ക് മുകളില്‍ ശമ്പളമുള്ള ഈ രണ്ട് തസ്തികകളിലും സര്‍ക്കാര്‍ നിയമനവും നടത്തി. ഉത്തരക്കടലാസുകളിലെ മാര്‍ക്കുകള്‍ കൂട്ടുമ്പോഴുള്ള മനുഷ്യസഹജമായ തെറ്റുകള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പിഎസ്‌സി മൂല്യനിര്‍ണയ രീതി ഓണ്‍സ്‌ക്രീനിലേക്ക് മാറ്റിയത്. സ്‌ക്രീനില്‍ നല്‍കുന്ന മാര്‍ക്കുകള്‍ കമ്പ്യൂട്ടര്‍ സിസ്റ്റം തന്നെ കൃത്യമായി കൂട്ടുന്നതിനാല്‍ പിഴവുകള്‍ ഉണ്ടാകില്ലെന്നായിരുന്നു പിഎസ്‌സിയുടെ വിശദീകരണം. എന്നാല്‍ ഈ അവകാശവാദങ്ങളെയെല്ലാം കാറ്റില്‍ പറത്തുന്നതാണ് പുതിയ വിവാദം.
2019ലും അട്ടിമറി നടന്നെന്ന്
2019-ല്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ചീഫ് സോഷ്യല്‍ സര്‍വീസ്, ചീഫ് പ്ലാന്‍ കോ-ഓര്‍ഡിനേഷന്‍, ചീഫ് ഡീസെന്‍ട്രലൈസ്ഡ് പ്ലാനിങ് എന്നീ 3 സുപ്രധാന തസ്തികകളിലേക്ക് നടന്ന പിഎസ്‌സി പരീക്ഷയും വിവാദത്തിലായിക്കഴിഞ്ഞു. നൂറുകണക്കിന് ഉദ്യോഗാര്‍ഥികളെഴുതിയ പരീക്ഷയില്‍ അര്‍ഹരായവരെ പുറത്താക്കി, ആസൂത്രണ ബോര്‍ഡിലെ ഇടത് അനുഭാവികളായ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് നിയമനം ഉറപ്പാക്കിയെന്ന വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്. എഴുത്തുപരീക്ഷയില്‍ പിന്നിലായ കെജിഒഎ നേതാവിനും ആസൂത്രണ ബോര്‍ഡിലെ കരാര്‍ ജീവനക്കാര്‍ക്കും ചീഫ് തസ്തികകളില്‍ ഒന്നാം റാങ്ക് നല്‍കിയത് അഭിമുഖത്തിലെ വഴിവിട്ട മാര്‍ക്ക് ദാനത്തിലൂടെയാണെന്ന രേഖകളും ന്യൂസ് മലയാളം പുറത്തുവിട്ടിട്ടുണ്ട്. ചീഫ് സോഷ്യല്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാമതെത്തിയ ദലിത് യുവതിയെ റാങ്ക് ലിസ്റ്റില്‍ നിന്ന് പുറത്താക്കാന്‍ പിഎസ്‌സി അഭിമുഖത്തില്‍ നല്‍കിയത് ഏറ്റവും കുറഞ്ഞ മാര്‍ക്കാണ്. പകരം പരീക്ഷയില്‍ പിന്നിലായ ആസൂത്രണ ബോര്‍ഡിലെ കരാര്‍ ജീവനക്കാരെ മുന്നിലെത്തിക്കാന്‍ നല്‍കിയതോ ചരിത്രത്തിലെ ഉയര്‍ന്നമാര്‍ക്കും. എഴുത്തുപരീക്ഷയുടെ ആകെ മാര്‍ക്കിന്റെ പന്ത്രണ്ടര ശതമാനം മാത്രമേ അഭിമുഖ പരീക്ഷക്ക് നല്‍കാവൂ എന്ന സുപ്രീംകോടതി ഉത്തരവ് പോലും കാറ്റില്‍ പറത്തിയായിരുന്നു മാര്‍ക്കിട്ടത്. ഈ അനീതിക്കെതിരെ ഉദ്യോഗാര്‍ഥികള്‍ സുപ്രീംകോടതി വരെ പോയി. പക്ഷേ ഇനി അഭിമുഖത്തില്‍ അമിതമായ മാര്‍ക്ക് നല്‍കില്ലെന്ന പിഎസ്‌സിയുടെ ഉറപ്പ് അംഗീകരിച്ചാണ് കോടതി അന്ന് ആ പരാതിയില്‍ തീര്‍പ്പുകല്‍പ്പിച്ചത്.
അഭിമുഖ മാര്‍ക്കിലെ തട്ടിപ്പുകള്‍
എഴുത്തുപരീക്ഷക്കൊപ്പം അഭിമുഖത്തിലെ മാര്‍ക്ക് കൂടി പരിഗണിച്ചാണ് പ്രധാന തസ്തികകളിലെല്ലാം പിഎസ്‌സി നിയമനം നടത്തുന്നത്. രണ്ടോ മൂന്നോ പിഎസ്‌സി അംഗങ്ങളും വിഷയവിദഗ്ധരും അടങ്ങുന്നതാണ് ഇന്റര്‍വ്യൂ ബോര്‍ഡ്. സാധാരണഗതിയില്‍ ഉദ്യോഗാര്‍ഥിയുടെ പ്രകടനം വിലയിരുത്തിയ ശേഷം ഓരോ അംഗവും നല്‍കുന്ന മാര്‍ക്കിന്റെ ആകെ തുകയാണ് അഭിമുഖ മാര്‍ക്കായി കണക്കാക്കുന്നത്. എന്നാല്‍ പിഎസ്‌സിയില്‍ വിഷയ വിദഗ്ധരടങ്ങുന്ന സമിതി ഉദ്യോഗാര്‍ഥിയുടെ മികവ് കണക്കിലെടുത്ത് എത്രമാര്‍ക്കിട്ടാലും ഇന്റര്‍വ്യൂ ബോര്‍ഡിലുള്ള പിഎസ്‌സിയുടെ സീനിയര്‍ അംഗം നല്‍കുന്ന മാര്‍ക്കിനായിരിക്കും മുന്‍ഗണന. ഉദ്യോഗാര്‍ഥി ബന്ധപ്പെട്ട തസ്തികയിലേക്ക് അയോഗ്യനാണെന്ന് വിഷയവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചാലും കമീഷന്‍ അംഗങ്ങള്‍ക്ക് അവരെ യോഗ്യരാക്കി തെരഞ്ഞെടുക്കാം. റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ച ഉദ്യോഗാര്‍ഥികളുടെ മാര്‍ക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാല്‍പോലും പിഎസ്‌സി നല്‍കാറില്ല.
പിഎസ്‌സി വിശ്വാസ്യത വീണ്ടെടുക്കണം
കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നവരുടെ എണ്ണം 23 ലക്ഷത്തോളമാണെന്നാണ് ഏകദേശ കണക്ക്. ഊണും ഉറക്കവും ഉപേക്ഷിച്ച് സ്വയം സമര്‍പ്പിച്ചു പഠിച്ചവരാണ് പിഎസ്‌സിയുടെ ഓരോ റാങ്ക് പട്ടികയിലും മുന്നിലെത്തുന്നത്. റാങ്ക് ലിസ്റ്റുകള്‍ റദ്ദാക്കിയതോ അന്വേഷണം പ്രഖ്യാപിച്ചതോ കൊണ്ടുമാത്രം പിഎസ്‌സിക്ക് നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചെടുക്കാനാവില്ല. കഠിനാധ്വാനം ചെയ്യുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷകളാണ് ഇത്തരം ക്രമക്കേടുകളിലൂടെ തകരുന്നത്. അതിനാല്‍ പിഎസ്‌സിയുടെ ഓരോ ഘട്ടത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും സുതാര്യമാക്കുകയും, ഇന്റര്‍വ്യൂ ബോര്‍ഡിലെ അമിതാധികാരം നിയന്ത്രിക്കുകയും വേണം.