"എന്റെ ജനനം തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അപകടം." എന്ന് കുറിച്ചിട്ട് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല, ആത്മഹത്യയില്‍ അഭയം തേടിയിട്ട് പത്തുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ആത്മഹത്യാക്കുറിപ്പിലെ ആ വരികള്‍ ഇന്നും തുടര്‍ച്ചയായി ഉദ്ദരിക്കപ്പെടുന്നത്, കാമ്പസുകളില്‍ ജാതിയും നിറവും നോക്കിയുള്ള സാമൂഹിക വിവേചനവും ജാതിവെറിയും നിലനില്‍ക്കുന്നു എന്നതിനാല്‍ തന്നെയാണ്. സാമൂഹിക- സാംസ്‌കാരിക -വിദ്യാഭ്യാസ മേഖലകളില്‍ രാജ്യത്ത് മുമ്പില്‍ നില്‍ക്കുന്നു എന്ന് അഭിമാനിക്കുന്ന നമ്മുടെ സംസ്ഥാനത്തും ഇപ്പോഴിതാ മറ്റൊരു ജാതിവെറിയുടെ ഇരകൂടി ഉണ്ടായിരിക്കുന്നു. കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായ നിതിന്‍ രാജ് കെട്ടിടത്തില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകരില്‍ നിന്ന് ജാതി അധിക്ഷേപം നേരിട്ടിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സാമൂഹിക മനസ്സുകളില്‍ പുഴുക്കുത്തുകളുടെ ദുര്‍ഗന്ധം ഇന്നും പ്രകടമാണ് എന്നതിന് ഇതിനകം എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ജാതിയുടെയും നിറത്തിന്റെയും പേരില്‍ കേരളത്തിലും രാജ്യത്തും നടന്നുവരുന്ന സാംസ്‌കാരിക വംശീയതയിലേക്ക് കണ്ണോടിക്കുകയാണ് ഇന്നത്തെ സ്പോട്ട്ലൈറ്റ്.
നിതിന്‍ രാജ് ജാതിവെറിയുടെ ഇരയോ?
ഏപ്രില്‍ 10നാണ് കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ കോളജ് കെട്ടിടത്തില്‍ നിന്നും തിരുവനന്തപുരം ആനമങ്ങാട് സ്വദേശി നിതിന്‍ രാജ് ചാടി മരിച്ചത്. കോളജിലെ അധ്യാപകന്‍ മകനെ ജാതി പറഞ്ഞും 'പുഴുത്ത പട്ടി' എന്നു വിളിച്ചും അധിക്ഷേപിച്ചതായി ആരോപിച്ചത് നിതിന്‍ രാജിന്റെ പിതാവ് രാജനായിരുന്നു. പരസ്യമായി ജാതീയ അധിക്ഷേപം നടത്തിയെന്നും നിറത്തിന്റെ പേരിലും പിതാവിന്റെ തൊഴിലിന്റെ പേരിലും സ്ഥിരമായി അധിക്ഷേപിച്ചിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പരീക്ഷയ്ക്ക് തോല്‍പിക്കുമെന്നും പരാതിപ്പെട്ടാല്‍ നിന്റെ 'ബോഡി'യാകും ഇവിടെനിന്നു കൊണ്ടുപോകേണ്ടി വരികയെന്നും ഇടയ്ക്കിടെ ഭീഷണിപ്പെടുത്തിയിരുന്നതായി അവര്‍ ആരോപിച്ചു. അധ്യാപകരില്‍നിന്നു നേരിട്ട ദുരനുഭവം പറഞ്ഞ് നിതിന്റേതായി ഓഡിയോ സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. കോളജിലെ 3 അധ്യാപകര്‍ക്കെതിരെയാണ് ആരോപണങ്ങള്‍. സംഭവത്തില്‍ അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ.റാം, അധ്യാപിക ഡോ. കെ.ടി.സംഗീത നമ്പ്യാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. മനുഷ്യാവകാശ കമീഷനും കേസെടുത്തിട്ടുണ്ട്.
കേരളത്തില്‍ ഇതാദ്യമായല്ല
2004ല്‍ അടൂര്‍ ഐ.എച്ച്.ആര്‍.ഡി കോളേജ് വിദ്യാര്‍ഥിനി രജനി.എസ്. ആനന്ദ് ആത്മഹത്യചെയ്തത് കേരളത്തില്‍ ആദ്യകാലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യകളില്‍ ഒന്നായിരുന്നു. സാമ്പത്തികമായ അസമത്വവും, വായ്പ കെണിയും ആത്മഹത്യക്ക് കാരണമായതിന് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനത്തെക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ക്കും ഈ സംഭവം തുടക്കമിട്ടു. ഹോസ്റ്റല്‍ വാര്‍ഡന്റെ മാനസിക പീഡനം കാരണം ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിങ് വിദ്യര്‍ഥിനിയായ ചൈതന്യകുമാരി മാസങ്ങളോളം കോമയിലായ ശേഷമാണ് മരിച്ചത്. കേസില്‍ ജാതി വിവേചന ആരോപണങ്ങളും അന്വേഷണ പരിധിയിലുണ്ടായിരുന്നു. ജാതി വിവേചനം കാരണം തന്റെ പഠനം പത്ത് വര്‍ഷത്തോളം വൈകിപ്പിച്ചു എന്ന് ആരോപിച്ച് നിരാഹാര സമരം നടത്തിയ എം.ജി. സര്‍വകലാശാലയിലെ ഗവേഷക വിദ്യര്‍ഥിനി ദീപ.പി. മോഹനന്റെ പോരാട്ടം കേരള സമൂഹം ചര്‍ച്ച ചെയ്തിരുന്നു. ജാതി-മത അധിക്ഷേപങ്ങളെത്തുടര്‍ന്ന് മൂന്ന് മലയാളി വിദ്യാര്‍ഥികളും മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.
പ്രതിവര്‍ഷം 14000 ഓളം വിദ്യാര്‍ഥി ആത്മഹത്യകള്‍
ഇന്ത്യയിലെ വിദ്യാര്‍ഥികളുടെ ആത്മഹത്യാ സ്ഥിതിവിവരക്കണക്കുകള്‍ ആശങ്കാജനകമാംവിധം ഉയരുകയാണ്. പ്രതിവര്‍ഷം 14000 ഓളം വിദ്യാര്‍ഥികള്‍ ആത്മഹത്യചെയ്യുന്നുണ്ട് എന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ഔദ്യേഗിക ഏജന്‍സിയായ ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ അവസാന കണക്കുകള്‍ പുറത്തുവിട്ടത് 2025ലായിരുന്നു. അതും 2023ലെ കണക്കുകളായിരുന്നു അവ. ആ റിപ്പോര്‍ട്ട് പ്രകാരം 2023ല്‍ ഇന്ത്യയില്‍ ആകെ 13892 പേരാണ് ആത്മഹത്യചെയ്തത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആത്മഹത്യ നിരക്കില്‍ ഉണ്ടായതാകട്ടെ 65 ശതമാനത്തിന്റെ വര്‍ധനവും. 2021ല്‍ 13089 പേരും 2022ല്‍ 13,044 വിദ്യാര്‍ഥികളും ആത്മഹത്യചെയ്തു. അമിതമായ പഠന ഭാരം, കാമ്പസ് സെലക്ഷന്‍ ഉള്‍പ്പെടെ തൊഴില്‍പരമായ ആശങ്കകള്‍, ജാതി വിവേചനം, മാനസികമായ ഒറ്റപ്പെടല്‍ എന്നിവ ആത്മഹത്യകള്‍ക്ക് കാരണമാണ്. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന വിദ്യാര്‍ഥി ആത്മഹത്യകളില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ആത്മഹത്യകള്‍ കുറക്കാന്‍ ലക്ഷ്യമിട്ട് 15 മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചിരുന്നു.
ഏറ്റവും കൂടുതല്‍ മരണം ഐഐടികളില്‍
2005 മുതല്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്തെ ഐഐടികളിലെ 115 വിദ്യാര്‍ഥികളെങ്കിലും ആത്മഹത്യ ചെയ്തതായുള്ള ഐഐടി കാണ്‍പൂരിലെ പൂര്‍വ വിദ്യാര്‍ഥിയും ഗ്ലോബല്‍ ഐഐടി അലുമ്‌നി സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ സ്ഥാപകനുമായ ധീരജ് സിങ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മാസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. ഇതില്‍ 98 മരണങ്ങള്‍ ക്യാമ്പസിനുള്ളിലായിരുന്നെന്ന് വെളിപ്പെടുത്തുന്നു. ഇതില്‍ 56 തൂങ്ങിമരണങ്ങള്‍, 17 മരണങ്ങള്‍ കാമ്പസിന് പുറത്തും റിപ്പോര്‍ട്ട് ചെയ്തു. 2005 നും 2024 നും ഇടയില്‍, ഐഐടി മദ്രാസിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 26 മരണങ്ങളാണ് അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. 18 ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്ത് ഐഐടി കാണ്‍പൂരും 13 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് ഐഐടി ഖൊരഗ്പൂരും, 10 മരണങ്ങള്‍ രേഖപ്പെടുത്തി ഐഐടി ബോംബെയും തൊട്ടുപിറകിലുണ്ട്. 2021 മുതല്‍ വിദ്യാര്‍ഥി ആത്മഹത്യകളില്‍ വന്‍ വര്‍ധനവ് വന്നു. 65 വിദ്യാര്‍ഥികളാണ് അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യചെയ്തത്. ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗവും ദലിത്, ആദിവാസി, മുസ്ലീം അല്ലെങ്കില്‍ മറ്റ് പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ളവരായിരുന്നു. ദലിത് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ നേരിടുന്ന വിവേചനവും ഒറ്റപ്പെടലും ഇത്തരം മരണങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്.
ആത്മഹത്യ: വിദ്യാര്‍ത്ഥികളുടെ കണക്ക് തപ്പി കേന്ദ്രം
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ ആകെ കണക്കുകളല്ലാതെ വര്‍ഷവും സംസ്ഥാനങ്ങളും തിരിച്ചുള്ള കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈവശമില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോച്ചിങ് സെന്ററുകളിലും ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണവും ഇതിന്റെ സംസ്ഥാനം തിരിച്ചുള്ള കണക്കുകളും, ലിംഗം, ജാതി എന്നിവ തിരിച്ചുള്ള വിവരങ്ങളും ലഭ്യമാക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കൃത്യമായ കണക്കുകള്‍ ലഭിച്ചില്ല. പകരം നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകളെ ആശ്രയിക്കാനാണ് നിര്‍ദേശിച്ചത്. ഈ വിവരങ്ങള്‍ക്കായി നല്‍കിയ വെബ്‌സൈറ്റ് ലിങ്ക് പരിശോധിക്കുമ്പോള്‍ 2023 വരെയുള്ള വിവരങ്ങള്‍ മാത്രമാണുള്ളത്. പലപ്പോഴും ഈ ലിങ്ക് 'നോ റെക്കോര്‍ഡ് ഫൗണ്ട് 'എന്നാണ് കാണിക്കുന്നത്. 2026 ആയിട്ടും കൃത്യമായ ഡാറ്റ ലഭ്യമാക്കാത്തത് ദുരൂഹമാണ്. പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയെക്കുറിച്ചുള്ള വിവരങ്ങളിലും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.
നടപ്പാവാതെ രോഹിത് വെമുല ആക്ട്
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ജാതി വിവേചനവും പീഡനങ്ങളും അവസാനിപ്പിക്കുക എന്നതായിരുന്നു രോഹിത് വെമുല ആക്ടിന്റെ ലക്ഷ്യം. 2016-ല്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ ജാതി വിവേചനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ ഓര്‍മ്മയ്ക്കായാണ് ഈ നിയമത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയിരിക്കുന്നത്. ആക്ട് രാജ്യവ്യാപകമായി ഇതുവരെ നിലവില്‍ വന്നിട്ടില്ല. എങ്കിലും, കര്‍ണാടക, തെലുങ്കാന സംസ്ഥാനങ്ങളില്‍ ആക്ട് കൊണ്ട് വരാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ രാജ്യവ്യാപകമായി രോഹിത് വെമുല ആക്ട് നടപ്പിലാക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.
ലജ്ജിക്കുക കേരളമേ...
നിറത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യനെ വേര്‍തിരിച്ച് കാണുന്ന സംസ്‌കാരിക വംശീയത സമൂഹത്തിന്റെ മനസ്സിന് ബാധിച്ച ഏറ്റവും വലിയ ദുഷിപ്പാണ്. ജാതീയമായ ഉച്ചനീചത്വങ്ങളും വര്‍ണാധിഷ്ഠിതമായ മുന്‍വിധികളും ഇന്നും നിലനില്‍ക്കുന്നു എന്നത് നമ്മുടെ നവോഥാന ചിന്തകള്‍ക്കുള്ള തിരിച്ചടിയുമാണ്. കറുപ്പിനെ വെറുക്കുന്നവരും ജാതിയുടെ പേരില്‍ അയിത്തം കല്‍പിക്കുന്നവരും അവരുടെ മനസ്സിലെ ഇരുട്ടിനെ തിരിച്ചറിയേണ്ടതുണ്ട്. മുന്‍വിധികളെത്തുടര്‍ന്നുള്ള ആക്ഷേപത്തില്‍ പൊലിയുന്ന ഓരോ വിദ്യാര്‍ത്ഥിയുടെ ജീവനും ഒരു വ്യവസ്ഥിതിയുടെ പരാജയം കൂടിയാണ്. ഇനിയും ഇത്തരം ആത്മഹത്യകള്‍ ഉണ്ടാകാതിരിക്കട്ടെ.