സ്പോട്ട്ലൈറ്റ്  News Malyalam 24x7
OPINION

SPOTLIGHT | ഭരണഘടനയില്‍ ഇല്ല! പക്ഷേ, ഭാരതാംബയെന്ന പേര് കേട്ടാല്‍?

ബിഹാര്‍ ഗവര്‍ണറായിരിക്കുമ്പോള്‍ രാജേന്ദ്ര അര്‍ലേക്കര്‍ പങ്കെടുത്ത നൂറുകണക്കിനു ചടങ്ങുകളുടെ ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ ഉണ്ട്. അതിലൊന്നും ഭാരതാംബയുടെ ഫോട്ടോയും പുഷ്പാര്‍ച്ചനയും കാണാനില്ല

Author : അനൂപ് പരമേശ്വരന്‍

ഭാരതാംബയെക്കുറിച്ചു വീണ്ടും വീണ്ടും പറയാതെ മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന നിലയിലേക്ക് വിഷയം മാറിയിരിക്കുന്നു. ഭാരതമെന്നു കേള്‍ക്കുമ്പോള്‍ അഭിമാനവും കേരളമെന്നു കേള്‍ക്കുമ്പോള്‍ ഞരമ്പുകളില്‍ ചോരത്തിളപ്പുമാണ് മഹാകവി വള്ളത്തോള്‍ പറഞ്ഞത്. അഭിമാനവും ചോരത്തിളപ്പും ഇപ്പോള്‍ എല്ലാവര്‍ക്കും ഒന്നിച്ച് ഉണ്ടാകുന്നുണ്ട്. ഭാരതമെന്നു കേട്ടാല്‍ അഭിമാനക്കാത്ത ഒറ്റയാളും കേരളത്തിലില്ല. എന്നാല്‍ ഭാരതാംബ എന്ന സങ്കല്‍പം സംഗതി വേറെയാണ്.

ഇന്ത്യയെ അമ്മയായി കണ്ട് സ്‌നേഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ഭാരതാംബയെ ദേവതയായി കണ്ട് ആരാധിക്കുന്നത് ആര്‍എസ്എസ് ആണ്. ഗണഗീതം ചൊല്ലി ശാഖയില്‍ വന്ദിക്കുന്നത് കാവിക്കൊടിയേന്തിയ ഭാരതാംബയെയാണ്. പിന്നിലൊരു സിംഹവുമുണ്ട്. ആ ചിത്രത്തിലെ ഇന്ത്യയുടെ ഭൂപടം പോലും ഭരണഘടന അംഗീകരിച്ചതല്ല. ഐക്യരാഷ്ട്ര സംഘടനയുടെ വെബ്‌സൈറ്റില്‍ വരുന്ന ഇന്ത്യയുടെ ഭൂപടം ഷെയര്‍ ചെയ്താല്‍ പോലും പാവപ്പെട്ടവര്‍ ജാമ്യംകിട്ടാത്ത കേസില്‍ ജയിലിലാകും. കാരണം അത് ഇന്ത്യ അംഗീകരിച്ച ഇന്ത്യയുടെ ഭൂപടമല്ല. ആ സ്ഥാനത്താണ് ഔദ്യോഗിക ഭൂപടവുമായി ഒരു ബന്ധവുമില്ലാത്ത ഇന്ത്യയെ വരച്ചുവെച്ചത് പൂവിട്ടുപൂജിക്കുന്നത്. കാവിക്കൊടിയേന്തിയ ഭാരതമാതാവ് ഏതായാലും ഭരണഘടനയുടെ പരിസരത്തുപോലുമില്ല. അങ്ങനെയൊരു ചിത്രം രാജ്ഭവനില്‍ ഇടംപിടിക്കുക. അതിലേറെ അത് ഔദ്യോഗിക പരിപാടികളുടെ ഭാഗമാവുക.

ഭാരതാംബയെന്ന പേര്‍ കേട്ടാല്‍...

ഭാരതാംബയുടെ ചരിത്രവും ഭൂപടത്തിലെ ഭൂമിശാസ്ത്രവുമല്ല വിഷയം. അതൊരു രാഷ്ട്രീയ ചിത്രമായിരിക്കുന്നു എന്നതാണ് വസ്തുത. ഇത്തരം സന്ദര്‍ഭങ്ങളില്‍ സുബ്രഹ്‌മണ്യ ഭാരതിയുടെ ഭാരതാംബ എന്താണെന്നും ആര്‍എസ്എസിന്റെ ഭാരതാംബ എന്താണെന്നും തരംതിരിച്ചു പറഞ്ഞിട്ടു കാര്യമില്ല. കാരണം, ഇതൊന്നും അറിയാത്തവരല്ല ഇതൊക്കെ ചെയ്യുന്നത്. എല്ലാം അറിഞ്ഞുകൊണ്ട് ഭാരതാംബയെ രാഷ്ട്രീയ ചിത്രമായി തന്നെ അവതരിപ്പിക്കുകയാണ്. അതു സംഘര്‍ഷത്തിനുള്ള കാരണമാക്കുകയാണ്. ആര്‍എസ്എസിന് കാവിക്കൊടിയേന്തിയ ഭാരതാംബ അവിഭാജ്യഘടകമാകാം. അത് ആര്‍എസ്എസ് ശാഖയിലും സ്വന്തം വീട്ടിലുമാണ് ഉപയോഗിക്കേണ്ടത്. ആര്‍എസ്എസ് പ്രചാരകനായിരുന്ന ഗവര്‍ണര്‍ക്ക് അതുപയോഗിക്കാം. പക്ഷേ ഔദ്യോഗിക പരിപാടികളില്‍ കഴിയില്ല. അത്തരം ആരാധനകളുടെ ഭാഗമാകേണ്ടവരല്ല ജനാധിപത്യ ഇന്ത്യയിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും. ഏത് ചടങ്ങിനു മുന്‍പും ഭാരതാംബയ്ക്ക് പുഷ്പാര്‍ച്ചന നടത്തേണ്ടത് ആര്‍എസ്എസ് പ്രചാരകരാണ്. മന്ത്രിമാരല്ല. ഇതൊക്കെ വീണ്ടും പറഞ്ഞാലും കേള്‍ക്കേണ്ടവര്‍ ചിരിക്കുകയേയുള്ളു. ഇപ്പോള്‍ വീണ്ടും വീണ്ടും നടത്തുന്ന ഈ ആരാധന പ്രകോപനം ഉണ്ടാക്കാന്‍ തന്നെ ചെയ്യുന്നതാണെന്നാണ് ആരോപണം. സരസ്വതിയേയോ ഗണപതിയേയോ ശിവനേയോ വിഷ്ണുവിനേയോ മുരുകനേയോ ആരാധിക്കുന്നതുപോലെയല്ല ഭാരതാംബയെ പൂജിക്കുന്നത്. മറ്റുമുപ്പത്തിമുക്കോടി ദേവകളെപ്പോലെയുമല്ല. ഇതൊരു രാഷ്ട്രീയ ബിംബമാണ് - എ പൊളിറ്റിക്കല്‍ ഐഡൊള്‍. അത് ഇന്ത്യയില്‍ ആര്‍എസ്എസ് മാത്രം ആരാധിക്കുന്നതാണ്. അതിന്റെ ആരാധന മറ്റുള്ളവര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുമോ? അങ്ങനെ ഏറ്റെടുക്കേണ്ട ആവശ്യമുണ്ടോ? ഇന്ത്യപോലെ മതേതര ജനാധിപത്യ ലോകത്ത് എന്തിനാണ് ഇങ്ങനെയൊരു ആരാധന?

സര്‍വകലാശാലയില്‍ നിന്ന് ആരാധനയിലേക്ക്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തെ ഇളക്കിമറിച്ചത് സര്‍വകലാശാല ഉപയോഗിച്ചാണ്. സര്‍ക്കാര്‍ നല്‍കിയ പട്ടികകള്‍ വെട്ടിയും സര്‍ക്കാര്‍ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കിയുമായിരുന്നു തുടക്കം. പിന്നീട് സ്വന്തം നിലയ്ക്ക് ബിജെപി പ്രവര്‍ത്തകരെ സര്‍വകലാശാലകളിലേക്കു നിയോഗിക്കാന്‍ തുടങ്ങി. അതുവരെ സര്‍ക്കാര്‍ നല്‍കിയിരുന്ന പട്ടിക അംഗീകരിക്കുകയോ തള്ളുകയോ മാത്രമായിരുന്നു ഗവര്‍ണര്‍മാര്‍ക്കു ചെയ്യാന്‍ കഴിയുമായിരുന്നത്. പുതിയ പട്ടിക ആവശ്യപ്പെടാം എന്നല്ലാതെ സ്വന്തം നിലയ്ക്ക് നിയമനം നടത്താന്‍ കഴിയുമായിരുന്നില്ല. അത്തരം കീഴ് വഴക്കങ്ങളെല്ലാം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ലംഘിച്ചു. അതിനു കോടതികളില്‍ നിന്നു തിരിച്ചടി വന്നപ്പോഴേക്കും പുതിയ ഗവര്‍ണര്‍ സ്ഥാനമേറ്റിരുന്നു. സര്‍വകലാശാലകളില്‍ അധികമൊന്നും പുതിയ ഗവര്‍ണര്‍ക്കു ചെയ്യാന്‍ സ്വാതന്ത്ര്യമില്ലെന്ന ഘട്ടത്തിലാണ് അടുത്ത വിവാദം തുടങ്ങുന്നത്. ഔദ്യോഗിക പരിപാടികളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയെ ആരാധിക്കുക. ഇത് വിശ്വാസത്തിന്റെ പ്രശ്‌നമല്ല, പ്രകോപനത്തിന്റെ മാത്രം പ്രശ്‌നമാണെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നു. ഒരു പൊതുചടങ്ങില്‍ എങ്ങനെയാണ് ഇത്തരമൊരു ചിത്രത്തെ ആരാധിക്കുന്നത് എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. അതു തന്റെ രീതിയാണെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അത് അംഗീകരിക്കാന്‍ കഴിയാത്ത മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചടങ്ങു ബഹിഷ്‌കരിക്കുക എന്നല്ലാതെ മറ്റൊരു മാര്‍ഗം മുന്നിലില്ല. ഇതേതായാലും ചര്‍ച്ച നടത്തി തീര്‍പ്പാക്കാന്‍ കഴിയുന്ന വിഷയമല്ല. ഈ ആരാധന തുടരുമെന്നു ഗവര്‍ണര്‍ പറയുന്നിടത്തോളം ബഹിഷ്‌കരണമല്ലാതെ സര്‍ക്കാരിനു മുന്നില്‍ വേറെ മാര്‍ഗങ്ങളുമില്ല.

എങ്ങനെ അവസാനിക്കും ഈ തര്‍ക്കം

ഈ തര്‍ക്കം അവസാനിച്ചാല്‍ അടുത്തത് ഉയര്‍ന്നുവരും. കാരണം ഇപ്പോള്‍ നടക്കുന്നത് ഒരു രാഷ്ട്രീയ യുദ്ധമാണ്. അത് നിരന്തരം നടക്കേണ്ടത് അതിന് ഇറങ്ങിപ്പുറപ്പെടുന്നവരുടെ ആവശ്യമാണ്. പശ്ചിമബംഗാളില്‍ സംസ്ഥാന സര്‍ക്കാരിനെ ഇരുത്തിപ്പൊറുപ്പിക്കാതെ വിഷമിപ്പിച്ച ഗവര്‍ണറാണ് ജഗദീപ് ധന്‍കര്‍. ധന്‍കര്‍ പിന്നീട് ഉപരാഷ്ട്രപതിയാകുന്നതാണ് രാജ്യം കണ്ടത്. കോടതികളായ കോടതികളില്‍ നിന്നൊക്കെ വലിയ വിമര്‍ശനം നേരിട്ടിട്ടും ധന്‍കര്‍ രാജ്യത്തെ രണ്ടാമത്തെ പദവിയിലേക്ക് എടുത്തുയര്‍ത്തപ്പെട്ടു. അതിന്റെ അര്‍ത്ഥം ഒന്നേയുള്ളൂ. മുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ശിരസാ വഹിക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്. അതുകൊണ്ടാണ് പ്രമോഷന്‍ ലഭിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാന്റെ കാര്യത്തിലും ആരുടേയോ അജണ്ട നടപ്പാക്കുന്നു എന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഇപ്പോഴുണ്ടാകുന്ന വിവാദങ്ങള്‍ ആര്‍എസ്എസ് സൃഷ്ടിക്കുന്നതാണെന്ന് ആരോപിക്കുന്നത് സംസ്ഥാന മന്ത്രിമാരാണ്. മന്ത്രിമാരെ നിയമിക്കുന്നത് ഗവര്‍ണറാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ് നിയമനമെങ്കിലും, ഗവര്‍ണറുടെ തൃപ്തിക്കനുസരിച്ച് എന്നാണ് ഔദ്യോഗികമായി ഉപയോഗിക്കുന്ന പ്രയോഗം. കൃഷി മന്ത്രി പി. പ്രസാദിലും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയിലുമുള്ള ഗവര്‍ണറുടെ തൃപ്തി നഷ്ടപ്പെട്ടു എന്നു വേണമെങ്കില്‍ പറയാം. പക്ഷേ, ഗവര്‍ണര്‍ക്കു മന്ത്രിമാരെ പിന്‍വലിക്കാന്‍ കഴിയില്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതുപോലെ തൃപ്തിയില്ലെന്നു പ്രഖ്യാപിച്ച മന്ത്രിമാര്‍ ഒരു സ്ഥാനചലനവും ഇല്ലാതെ തുടരുന്നതാണ് പിന്നീട് കണ്ടത്.

മറ്റ് ഗവര്‍ണര്‍മാരുടെ ഓഫീസ് എങ്ങനെ?

പി.എസ്. ശ്രീധരന്‍ പിള്ള ഗവര്‍ണറായ ഗോവ രാജ്ഭവന്‍ നോക്കുക. അവിടെ ഗവര്‍ണര്‍ ഇരിക്കുന്നതിനു നേരേ പിന്നില്‍ മുകളിലായി മഹാത്മാഗാന്ധിയുടെ ചിത്രമാണ്. വലതുവശത്ത് രാഷ്ട്രപതിയുടേയും ഇടതുവശത്ത് പ്രധാനമന്ത്രിയുടേയും ചിത്രമാണ്. അവിടെ ഗോള്‍വാള്‍ക്കറുടെയോ ഹെഡ്‌ഗേവാറിന്റെയോ ഒന്നും ചിത്രങ്ങള്‍ രാജ്ഭവനിലില്ല. ഔദ്യോഗിക ചടങ്ങുകളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയ്ക്ക് പുഷ്പാര്‍ച്ചന നടത്തുന്ന പതിവുമില്ല. ബിഹാര്‍ ഗവര്‍ണറായിരിക്കുമ്പോള്‍ രാജേന്ദ്ര അര്‍ലേക്കറുടെ പിന്നില്‍ ചുമരില്‍ ഉണ്ടായിരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെയും ചിത്രങ്ങളായിരുന്നു. തലയ്ക്കു നേരേ പിന്നില്‍ ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നവും. ബിഹാര്‍ ഗവര്‍ണറായിരിക്കുമ്പോള്‍ രാജേന്ദ്ര അര്‍ലേക്കര്‍ പങ്കെടുത്ത നൂറുകണക്കിനു ചടങ്ങുകളുടെ ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ ഉണ്ട്. അതിലൊന്നും ഭാരതാംബയുടെ ഫോട്ടോയും പുഷ്പാര്‍ച്ചനയും കാണാനില്ല. ആര്‍എസ്എസ് ബന്ധമുള്ള ചടങ്ങുകളില്‍ ഗവര്‍ണര്‍മാര്‍ പങ്കെടുക്കുമ്പോളല്ലാതെ ഭാരാതാംബ ചിത്രം ഇതിനുമുന്‍പ് മറ്റൊരിടത്തും കണ്ടിട്ടില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ പോലും ഗവര്‍ണര്‍മാര്‍ പുഷ്പാര്‍ച്ചന നടത്തുന്നതും കണ്ടിട്ടില്ല. കേരളത്തില്‍ ഇതൊരു രാഷ്ട്രീയ ചിത്രമായി ഉപയോഗിക്കുന്നു എന്ന് എല്‍ഡിഎഫ് ആരോപിക്കുന്നത് ഈ സാഹചര്യത്തിലാണ്. ഒരുകാര്യം സുവ്യക്തമായി പറയുന്നതു നല്ലതാണ്. ഈ വിഷയത്തില്‍ സമരം നടത്തേണ്ടത് എസ്എഫ്‌ഐയും എബിവിപിയും അല്ല. അവര്‍ക്ക് എന്തെങ്കിലും അയോഗ്യതയുണ്ട് എന്നല്ല ഇതിന്റെ അര്‍ത്ഥം. ഏതുവിഷയവും ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥിസംഘടനകള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ഇതൊരു പൊതുസമൂഹത്തിന്റെ വിഷയമാണ്. മുഖ്യധാരാപാര്‍ട്ടികളാണ് പ്രതികരിക്കേണ്ടത്. വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പൊലീസിന്റെ തല്ലു വാങ്ങിക്കൂട്ടാനുള്ള വിഷയമാക്കി ഇതിനെ മാറ്റേണ്ടതില്ല എന്നു മാത്രം പറയുന്നു.

SCROLL FOR NEXT