കലാപങ്ങള്‍ വീണ്ടും വീണ്ടും ഓര്‍മിക്കുന്നത് ഒട്ടും നല്ലതിനല്ല. എന്നാല്‍ മുന്‍മുഖ്യമന്ത്രി എ.കെ. ആന്റണി അസാധാരണമായി ഒരു വാര്‍ത്താസമ്മേളനം വിളിച്ച് മൂന്ന് അന്വേഷണ റിപ്പോര്‍ട്ടുകള്‍ വീണ്ടും പുറത്തുവിടാന്‍ നിര്‍ദേശിച്ചു. ഒന്ന്, 1995 ഒക്ടോബറില്‍ നടന്ന ശിവഗിരിയിലെ പൊലീസ് നടപടി. രണ്ടാമത്തേത് മുത്തങ്ങ വെടിവയ്പ്. മൂന്നാമത്തേത് മാറാട് കലാപത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്. രണ്ടും മൂന്നും സംഭവങ്ങള്‍ നടന്നത് 2001ലെ എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്ത്. 14 പേര്‍ കൊല്ലപ്പെട്ട വര്‍ഗീയ കലാപമായിരുന്ന മാറാട് കലാപത്തില്‍ നിന്ന് ആരംഭിക്കാം. അത് അന്വേഷിച്ചത് ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മിഷനാണ്.
ആ റിപ്പോര്‍ട്ട് മാറാടിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ ഭാവിയിലേക്കു നിര്‍ണായകമാണ്. മാറാട്ടെ രണ്ടു കലാപങ്ങളും അതതു സംഘടനകളുടെ നേതൃത്വം അറിയാതെ സംഭവിക്കില്ല എന്നായിരുന്നു കമ്മിഷന്റെ പ്രധാന നിഗമനം. രാജ്യാന്തര ഭീകരസംഘടനകളുടെ സാന്നിധ്യം ഈ കലാപത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പ്രാദേശികമായ സംഘടനകള്‍ വളര്‍ച്ചയ്ക്കുള്ള വഴിയായി ഈ കലാപത്തെ ഉപയോഗിച്ചു. മാത്രമല്ല സമയോചിതമായി ഇടപെടേണ്ട ജില്ലാ ഭരണകൂടം പക്ഷം ചേരുകയും ചെയ്തുവെന്നും കമ്മിഷന്‍ എഴുതി. പൊലീസ് മനസ്സുവച്ചിരുന്നെങ്കില്‍ കൂടുതല്‍ ദുരന്തങ്ങളുണ്ടായ രണ്ടാം മാറാട് കലാപം സംഭവിക്കുമായിരുന്നില്ല എന്നാണ് കമ്മിഷന്റെ പ്രധാന നിഗമനം.
വളരെ നിസ്സാരമായ സംഭവത്തില്‍ നിന്നാണ് ആദ്യത്തെ മാറാട് കലാപം ആരംഭിക്കുന്നതെന്നാണ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതുവര്‍ഷപ്പിറവിയോട് അനുബന്ധിച്ചു 2001 ഡിസംബര്‍ 31-ന് ഉണ്ടായ വാക്കുതര്‍ക്കം പൊലീസോ പ്രാദേശിക നേതൃത്വമോ ഇടപെട്ടിരുന്നെങ്കില്‍ അപ്പോള്‍ തന്നെ പരിഹരിക്കപ്പെടുമായിരുന്നു. പൊലീസ് നോക്കിനില്‍ക്കുമ്പോഴാണ് ആദ്യ കലാപം നടക്കുന്നത്. 2002 ജനുവരി ഒന്ന്, രണ്ട് തിയതികളില്‍ ആയിരുന്നു അത്. ഇരുവിഭാഗങ്ങളില്‍ നിന്നുമായി അഞ്ചുപേരാണ് മരിച്ചത്. മരിച്ചവരില്‍ ഹിന്ദുക്കളും മുസ്ംലിംകളും ഉണ്ടായിരുന്നു. അറസ്റ്റിലായത് 393 പേരാണ്. ഇതില്‍ 213 പേര്‍ ആര്‍എസ്എസ്/ബിജെപി പ്രവര്‍ത്തകരാണ്. 86 പേര്‍ ലീഗ് പ്രവര്‍ത്തകര്‍. 78 പേര്‍ സിപിഐഎം പ്രവര്‍ത്തകരുമായിരുന്നു.
ഈ സംഭവം ഒരു വിഭാഗത്തിലുണ്ടാക്കിയ അസ്വസ്ഥതകള്‍ ചിലര്‍ മുതലെടുക്കുകയായിരുന്നെന്നാണ് കമ്മിഷന്റെ നിഗമനം. അതാണ് രണ്ടാം കലാപത്തിലേക്കു നയിച്ചത്. നിയമനടപടികള്‍ ഊര്‍ജിതമാക്കുകയും ആദ്യകലാപത്തിലെ ആളുകള്‍ക്കു പരമാവധി ശിക്ഷ നല്‍ കുകയും ചെയ്തിരുന്നെങ്കില്‍ രണ്ടാം കലാപം സംഭവിക്കില്ലായിരുന്നുവെന്നാണു റിപ്പോര്‍ട്ടിലെ പ്രധാന നിരീക്ഷണം. ജില്ലാ കലക്ടറായ ടി.ഒ. സൂരജും സിറ്റി പൊലീസ് കമ്മിഷണറായിരുന്ന സഞ്ജീവ് കുമാര്‍ പട്ജോഷിയും സ്ഥിതിഗതികള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതില്‍ വീഴ്ച വരുത്തി. ഇതാണ് കമ്മിഷന്റെ പ്രധാന കണ്ടെത്തല്‍.
രണ്ടാം കലാപം മുസ്ലിം ലീഗിന്റെയും എന്‍ഡിഎഫിന്റെയും പിഡിപിയുടേയും പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ആസുത്രണം ചെയ്തത്. വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിച്ചാണ് ഇതു നടപ്പാക്കിയത്. വെറും പ്രതികാരം മാത്രമായി ഈ കലാപത്തെ കാണാന്‍ കഴിയില്ലെന്നും അന്വേഷണ കമ്മിഷന്‍ പറയുന്നു. സംഘടനകള്‍ വളര്‍ച്ചയ്ക്കുള്ള വഴി തേടാന്‍ ഉപയോഗിച്ച മാര്‍ഗം കൂടിയായിരുന്നു ഇത്. മറുവിഭാഗത്തിലെ എട്ടുപേരാണ് 2003 മേയ് രണ്ടിനു നടന്ന രണ്ടാം കലാപത്തില്‍ കൊല്ലപ്പെട്ടത്. അക്രമി സംഘത്തിലെ ഒരാളും കൊല്ലപ്പെട്ടു. പൊലീസ് സമ്പൂര്‍ണ പരാജയമാണ് എന്നതിന്റെ തെളിവായിരുന്നു രണ്ടാം കലാപമെന്നും കമ്മിഷന്‍ കുറ്റപ്പെടുത്തി.
പൊലീസിനെ അതിനിശിതമായി തന്നെ വിമര്‍ശിക്കുന്നതാണ് രണ്ടാം കലാപത്തിലുള്ള അന്വേഷണ കമ്മിഷന്‍ കണ്ടെത്തലുകള്‍. അഞ്ചുപേര്‍ മരിച്ച ഒരു കലാപമുണ്ടായ ശേഷം പൊലീസ് ജാഗ്രത പാലിച്ചിരുന്നെങ്കില്‍ രണ്ടാം കലാപം ഉണ്ടാകുമായിരുന്നില്ല. ജില്ലാ ഭരണകൂടവും വേണ്ടത്ര ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ല എന്നും ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മിഷന്‍ എഴുതി വച്ചു. ദിവസങ്ങള്‍ക്കു മുന്‍പേ ആയുധങ്ങള്‍ ശേഖരിച്ചു കലാപം ആസൂത്രണം ചെയ്തതു പൊലീസ് അറിയാതെ പോയതു വലിയ വീഴ്ചയാണ്. അക്രമികളെ സംരക്ഷിക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വളഞ്ഞുനിന്നതും ആസൂത്രണത്തിന്റെ തെളിവാണ്. തോമസ് പി. ജോസഫ് കമ്മിഷന്‍ ഇങ്ങനെ എ.കെ. ആന്റണിയുടെ കാലത്തെ പൊലീസിനെ അതി നിശിതമായി തന്നെയാണ് മാറാട് കലാപത്തില്‍ വിമര്‍ശിക്കുന്നത്.
മുത്തങ്ങ വെടിവയ്പിലേക്കു നയിച്ച സംഭവങ്ങള്‍ മുത്തങ്ങയില്‍ മാത്രമല്ല നടന്നത്. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് 2002-ല്‍ നടത്തിയ കുടില്‍കെട്ടല്‍ സമരത്തോടെയാണ് ആദിവാസി പ്രശ്നം ഇടവേളയ്ക്കു ശേഷം വീണ്ടും പൊതുമണ്ഡലത്തില്‍ എത്തുന്നത്. 48 ദിവസം നീണ്ട സമരത്തിനൊടുവില്‍ എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും അഞ്ച് ഏക്കര്‍ വീതം ഭൂമി നല്‍കാമെന്നു സര്‍ക്കാര്‍ സമ്മതിച്ചു. ഗോത്രമഹാസഭാ നേതാക്കളായ എം. ഗീതാനന്ദന്‍, സി.കെ ജാനു എന്നിവര്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുമായി നടത്തിയ ചര്‍ച്ചകളിലായിരുന്നു തീരുമാനം. എന്നാല്‍ വയനാട്ടില്‍ ഭൂമി നല്‍കാന്‍ കഴിഞ്ഞില്ല. റവന്യു ഭൂമി ലഭ്യമല്ല എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. കരാര്‍ ലംഘിക്കുകയാണെന്ന് ആരോപിച്ച് ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങയിലെ വന്യജീവി സംരക്ഷണ കേന്ദ്രം കയ്യേറി ഊരായി പ്രഖ്യാപിച്ചു. കേന്ദ്ര വനംമന്ത്രി ടി.ആര്‍ ബാലു ആദിവാസികളെ ഒഴിപ്പിക്കണമെന്നു സര്‍ക്കാരിനു കത്തു നല്‍കി. 19-ന് നൂല്‍പ്പുഴ പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനമുണ്ടായി. അന്നാണ് യഥാര്‍ത്ഥ പൊലീസ് നീക്കവും ഉണ്ടായത്. തകരപ്പാടി വഴി വന്‍ പൊലീസ് സംഘമാണ് ആദിവാസി മേഖലകളിലേക്കു മാര്‍ച്ച് ചെയ്തത്. കണ്ണൂര്‍ എഎപി ബറ്റാലിയനില്‍ നിന്നുള്ള പൊലീസുകാരും സുല്‍ത്താന്‍ബത്തേരി, മാനന്തവാടി സ്റ്റേഷന്‍ പരിധികളിലെ പൊലീസുകാരും സംഘത്തില്‍ ഉണ്ടായിരുന്നു. 750 കോണ്‍സ്റ്റബിള്‍മാരുടെ സംഘമായിരുന്നു അത്. വനംവകുപ്പ് ജീവനക്കാരും ഒപ്പമുണ്ടായിരുന്നു.
കല്‍പ്പറ്റ ഡിവൈ.എസ്.പി പി.കെ ഉണ്ണി, മാനന്തവാടി ഡിവൈ.എ സ്.പി കെ.വി സതീശന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സുചീന്ദര്‍ പാല്‍, ഡപ്യൂട്ടി കലക്ടര്‍ കെ.സി ഗോപിനാഥ് എന്നിവരാണു സംഘത്തെ നയിച്ചത്. ഏറ്റമുട്ടലിനിടെ പൊലീസ് നിറയൊഴിച്ചു. ജോഗി എന്ന ആദിവാസി വെടിയേറ്റു വീണു. ആദിവാസികള്‍ തിരിച്ചു നടത്തിയ ആക്രമണത്തില്‍ കണ്ണൂര്‍ എആര്‍ ക്യാംപിലെ കോണ്‍സ്റ്റബിള്‍ വിനോദ് വെട്ടേറ്റു മരിച്ചു. ഏതാനും ആദിവാസികളെ ഒഴിപ്പിക്കാന്‍ ഇത്രവലിയ പൊലീസ് സന്നാഹം വലിയ അമ്പരപ്പായിരുന്നു. അതു തന്നെയാണ് പ്രശ്‌നങ്ങള്‍ കൈവിട്ടുപോകാനുള്ള കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ശിവഗിരിയിലേക്കും ഇതുപോലെ വന്‍ പൊലീസ് സന്നാഹം അയച്ചത് യുദ്ധസമാന സാഹചര്യം ഉണ്ടാക്കി എന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. അഞ്ഞൂറോളം പൊലീസുകാരാണ് സന്യാസിമാരേയും നാട്ടുകാരേയും നേരിട്ടത്. അന്തേവാസികള്‍ അടക്കം ഇരുനൂറോളം പേര്‍ക്കു പരുക്കേറ്റു. ആശ്രമത്തിനും കേടുപാടുകള്‍ ഉണ്ടായി. മാറാട്, മുത്തങ്ങ, ശിവഗിരി. ഈ മൂന്നു പൊലീസ് നടപടികളിലും പൊറുക്കാന്‍ പറ്റാത്ത വീഴ്ചകള്‍ കമ്മിഷനുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതത് കാലത്തെ ജില്ലാ ഭരണകൂടങ്ങള്‍ക്കും അവയെ നിയന്ത്രിക്കുന്ന സംസ്ഥാന ഭരണകൂടത്തിനുമുള്ള വീഴ്ചകളും ആ റിപ്പോര്‍ട്ടുകളിലുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ പൊതു ജനങ്ങള്‍ അറിയുക തന്നെ വേണം. എന്തുകൊണ്ടെന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇതുമാത്രമാണ് പോംവഴി.