ഒരു കമ്മ്യൂണിസ്റ്റുകാരന്റെ കയ്യില്‍ രണ്ട് തോക്കുകള്‍ ഉണ്ടായിരിക്കണം... ഒന്ന് വര്‍ഗ്ഗ ശത്രുവിന് നേരെയും, രണ്ട്, വഴിപിഴക്കുന്ന സ്വന്തം നേതൃത്വത്തിനെതിരെയും എന്ന് പറഞ്ഞത് വിയറ്റ്നാമീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനായ ഹോചിമിന്‍ ആണ്. സിപിഐഎമ്മില്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ കൈയിലെ ആ തോക്ക് പാര്‍ട്ടി ഘടകങ്ങളിലെ സ്വയംവിമര്‍ശനങ്ങളും തുറന്നുപറച്ചിലുകളുമാണ്... നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ പരാജയശേഷം താഴെത്തട്ടില്‍ നിന്നുള്ള വിമര്‍ശനം കേള്‍ക്കാനുള്ള ഘടനാപരമായ നടപടികളിലാണ് സിപിഐഎം. സംസ്ഥാന സമിതി-സംസ്ഥാന സെക്രട്ടേറിയറ്റ്, ജില്ല സെക്രട്ടേറിയറ്റ് യോഗങ്ങള്‍ എന്നിവ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. ജില്ലാ കമ്മിറ്റി യോഗങ്ങള്‍ നടന്നുവരികയാണ്. അതിരൂക്ഷ വിമര്‍ശനമാണ് സംസ്ഥാന സമിതിയുടെ തോല്‍വി വിലയിരുത്തിയ റിപ്പോര്‍ട്ടിനും പിണറായി വിജയനെ പ്രതിപക്ഷ നേതാവായി വീണ്ടും തെരഞ്ഞെടുത്ത നടപടിക്കെതിരെയും ഉയരുന്നത്.
'വിമര്‍ശനങ്ങളില്‍ പൊള്ളി സി.പി.ഐ.എം'
കഴിഞ്ഞ ആഴ്ച മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവായി നിശ്ചയിച്ചത് സിപിഐഎം പൊളിറ്റ് ബ്യൂറോയില്‍ വോട്ടെടുപ്പിലൂടെ ആയിരുന്നു. പി.ബിയിലെ പൊതുധാരണയ്ക്കു വിരുദ്ധമായി, പ്രതിപക്ഷ നേതാവായി പിണറായിയുടെ പേരുമാത്രം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ച സാഹചര്യത്തിലാണ് സിപിഐഎം കേന്ദ്രനേതൃത്വത്തിന് വീണ്ടും യോഗം ചേര്‍ന്നു തീരുമാനമെടുക്കേണ്ടിവന്നത്. 17 പേര്‍ പങ്കെടുത്ത പി.ബിയില്‍ പത്തുവോട്ടിന്റെ പിന്തുണയോടെ പിണറായി പ്രതിപക്ഷനേതാവായി. ഏഴുപേര്‍ തീരുമാനത്തിന് എതിര് നിന്നു.
തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താന്‍ ചേര്‍ന്ന പി.ബിയില്‍ പ്രതിപക്ഷ നേതൃപദവി പിണറായിക്ക് നല്‍കാന്‍ തീരുമാനമെടുത്തിരുന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് പ്രതിപക്ഷനേതാവായി പിണറായിയുടെ പേര് നിര്‍ദേശിക്കപ്പെട്ടതും പിന്നീട് അംഗീകാരം ലഭിച്ചതും. തുടര്‍ന്ന് മെയ്, ജൂണ്‍ മാസങ്ങളില്‍ പാര്‍ടിയുടെ എല്ലാ ഘടകങ്ങളെയും വിളിച്ചുചേര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങള്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയറ്റ് യോഗങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ജില്ലാ കമ്മിറ്റികള്‍ നടന്നുവരികയാണ്. ഇനി ഏരിയാ കമ്മിറ്റികളും ലോക്കല്‍ കമ്മിറ്റികളും ബ്രാഞ്ച് കമ്മിറ്റികളും ചേരേണ്ടതുണ്ട്. ഇത്തരം ചര്‍ച്ചകള്‍ കൂടി പരിഗണിച്ചാണ് പാര്‍ട്ടി, തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
സംസ്ഥാന സമിതി റിപ്പോര്‍ട്ട് പറഞ്ഞുവെക്കുന്നത്
എല്ലാ അംഗങ്ങളും തുറന്നു സംസാരിക്കണമെന്ന മുന്‍ നിര്‍ദേശത്തോടെയാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ട് സംസ്ഥാന സമിതിക്ക് മുമ്പില്‍ വെച്ചത്. വീഴ്ചകളുണ്ടായിട്ടുണ്ടെന്നും ജനവികാരം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ത്തന്നെ പറയുന്നുണ്ട്. അതേസമയം, ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് ഉറപ്പിക്കുന്നുമുണ്ട്. എന്നിട്ടും എന്തുകൊണ്ട് ജനങ്ങള്‍ എതിരായെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രശ്നങ്ങള്‍ പരിശോധിക്കുകയും കൃത്യമായ ഇടപെടല്‍ നടത്തുകയും ചെയ്യുക എന്ന ഉത്തരവാദിത്തം നേതൃത്വം നിര്‍വഹിച്ചോയെന്ന് ആത്മപരിശോധന നടത്തണമെന്ന് ചര്‍ച്ചയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണം സംഘടനാപരമായ വീഴ്ചകൂടിയാണ്. യു.ഡി.എഫിന് പ്രചാരണായുധമാക്കാനുള്ള പലകാര്യങ്ങളും നല്‍കിയത് പാര്‍ട്ടിയിലെ പ്രശ്നങ്ങളാണ്. തളിപ്പറമ്പിലെ സ്ഥാനാര്‍ഥിത്വം സംസ്ഥാനത്താകെ അവര്‍ പ്രചാരണത്തിന് ഉപയോഗിച്ചു. സംസ്ഥാനസെക്രട്ടറിയുടെ വിശദീകരണം പലപ്പോഴും ജനങ്ങള്‍ക്ക് മനസ്സിലാകുന്നതായിരുന്നില്ല.... സിപിഐക്കെതിരെയും കേരള കോണ്‍ഗ്രസ് എമ്മിനെതിരെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പരാജയം താഴെത്തട്ടില്‍ നിന്ന് പരിശോധിക്കണമെന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു...
ജില്ലാ സെക്രട്ടേറിയറ്റുകളില്‍ അതിരൂക്ഷ വിമര്‍ശനം
തെരഞ്ഞെടുപ്പ് തോല്‍വി അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗങ്ങളില്‍ സിപിഐഎം നേതൃത്വത്തിനെതിരെ ജില്ലാ സെക്രട്ടേറിയറ്റുകളില്‍ അതിരൂക്ഷ വിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടിവന്നത്... പി.കെ ശ്യാമളയെ മല്‍സരിപ്പിച്ചതില്‍ കണ്ണൂരിലും കൊല്ലത്തും വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും ശൈലിയാണ് തിരിച്ചടിക്ക് കാരണമെന്നും അംഗങ്ങള്‍ പറഞ്ഞു. ചിലര്‍ക്ക് മാത്രം സൗകര്യങ്ങളും സ്ഥാനങ്ങളും ലഭിച്ചുവെന്നും ഒന്നും കിട്ടാത്തവര്‍ അസ്വസ്ഥരായെന്നും കണ്ണൂര്‍ സെക്രട്ടേറിയറ്റില്‍ അംഗങ്ങള്‍ വിമര്‍ശിച്ചു. തളിപ്പറമ്പില്‍ ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിടുന്നത് തടയാന്‍ നേതാക്കള്‍ ശ്രമിച്ചില്ലെന്നും പോകുന്നവര്‍ പോകട്ടെയെന്ന് ചിന്തിച്ചത് തിരിച്ചടിയായെന്നും വിമര്‍ശനം ഉണ്ടായി....
ഭരണവിരുദ്ധ വികാരമല്ല, മുഖ്യമന്ത്രിയുടെയും സെക്രട്ടറിയുടെയും ശൈലികളാണ് ജനങ്ങള്‍ എതിര്‍ത്ത് വോട്ടുചെയ്യാന്‍ കാരണമെന്നാണ് കണ്ണൂരില്‍ ഉയര്‍ന്ന മറ്റൊരു വിമര്‍ശനം. വീട്ടില്‍ പോയി ചോദിക്കെന്ന് പിണറായി വിജയന്‍ പറഞ്ഞത് എന്തിനെന്നും, സദസില്‍ നിന്ന് വന്ന ചോദ്യം കേട്ടില്ലെന്ന് നടിച്ചാല്‍ എന്തായിരുന്നു കുഴപ്പമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷിനെ മാറ്റണമെന്നും ആവശ്യം ഉയര്‍ന്നു... തൃത്താലയിലെ തോല്‍വിക്ക് കാരണം പാര്‍ട്ടിയിലെ ഗ്രൂപ്പിസമെന്ന് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. നെന്മാറയില്‍ ഭൂരിപക്ഷം കുറയാന്‍ കാരണം പാര്‍ട്ടിയിലെ അനൈക്യമാണെന്നും അഭിപ്രായമുയര്‍ന്നു. എറണാകുളത്ത് സിപിഎമ്മിനുണ്ടായ സമ്പൂര്‍ണ പരാജയത്തില്‍ മുന്‍ മന്ത്രി പി. രാജീവിന് രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നു... സെക്രട്ടേറിയറ്റുകള്‍ പൂര്‍ത്തിയായ സ്ഥിതിയ്ക്ക് ജില്ലാ കമ്മിറ്റി യോഗങ്ങളിലേക്ക് സിപിഐഎം കടന്നിട്ടുണ്ട്.
പിണറായി വിജയനും എം.വി. ഗോവിന്ദനും പദവികള്‍ ഒഴിയണം
പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനവും എം.വി. ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി പദവിയും അടിയന്തരമായി ഒഴിയണമെന്നു സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ കൂട്ട ആവശ്യമുയര്‍ന്നു... അല്ലാത്തപക്ഷം, ഇരുവരെയും പാര്‍ട്ടി ഒഴിവാക്കണം. ഉത്തരവാദിത്തം നിറവേറ്റാത്ത സംസ്ഥാന സെക്രട്ടേറിയറ്റും ഉടന്‍ പുനഃസംഘടിപ്പിക്കണം. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായതു ഭരണവിരുദ്ധ തരംഗമല്ല, പിണറായി -ഗോവിന്ദന്‍ വിരുദ്ധ തരംഗമാണെന്നും തെരഞ്ഞെടുപ്പ് വിശകലനത്തിനു ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ അംഗങ്ങള്‍ വിമര്‍ശിച്ചു. പേരാവൂരില്‍ കെ.കെ. ശൈലജയെ ഈഗോയുടെ പേരില്‍ കുരുതി കൊടുത്തുവെന്നും അവിടെ മത്സരിക്കേണ്ടിയിരുന്നത് പിണറായി വിജയന്‍ ആയിരുന്നുവെന്നും പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞദിവസം പത്തനംതിട്ട, കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ ഉയര്‍ന്ന രൂക്ഷവിമര്‍ശനത്തിന്റെ ആവര്‍ത്തനമാണ് രണ്ടിടത്തെയും ജില്ലാ കമ്മിറ്റി യോഗങ്ങളിലും കണ്ടത്. പിണറായിയുടെ ധാര്‍ഷ്ട്യം നിറഞ്ഞ പദപ്രയോഗങ്ങളാണു തോല്‍വിക്കു പ്രധാന കാരണമെന്നും അഭിപ്രായമുയര്‍ന്നു.
ആഗോള അയ്യപ്പ സംഗമം പാളി
തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ആഗോള അയ്യപ്പ സംഗമം പാളിയെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തുടനീളം പാര്‍ട്ടി നേരിട്ട പ്രതിസന്ധികള്‍ക്കെല്ലാം ഇതും ഒരു കാരണമായെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇടതുപക്ഷ സര്‍ക്കാര്‍ ഒരു കാരണവശാലും നടത്താന്‍ പാടില്ലാത്ത പരിപാടിയായിരുന്നു ആഗോള അയ്യപ്പ സംഗമം. ഇത് പാര്‍ട്ടിയുടെ അടിസ്ഥാന നിലപാടുകള്‍ക്ക് വിരുദ്ധമായെന്നും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അനുകൂലമാകേണ്ട സാഹചര്യങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചുവെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ ഉയര്‍ന്ന സ്വര്‍ണക്കൊള്ള ആരോപണത്തില്‍ പാര്‍ട്ടി എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അംഗങ്ങള്‍ ചോദ്യമുന്നയിച്ചു.
പ്രവര്‍ത്തകരോടുള്ള വീണജോര്‍ജിന്റെ സമീപനത്തെക്കുറിച്ചും രൂക്ഷ വിമര്‍ശനമുയര്‍ന്നു. വീണാ ജോര്‍ജിനെ പരാജയപ്പെടുത്താന്‍ ഒരുവിഭാഗം നേതാക്കള്‍ ശ്രമിച്ചെന്ന ആരോപണവും ഉണ്ടായി. വെള്ളാപ്പള്ളിയുടെ വര്‍ഗീയ പ്രസ്താവനകളെ തള്ളിപ്പറയാന്‍ പാര്‍ട്ടിക്കാവാഞ്ഞത് ന്യൂനപക്ഷങ്ങളെ അകറ്റി എന്ന് എറണാകുളം ജില്ല കമ്മിറ്റിയില്‍ അഭിപ്രായമുണ്ടായി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും മൗനം ന്യൂനപക്ഷങ്ങളില്‍ സംശയം ജനിപ്പിച്ചതായും അംഗങ്ങള്‍ കുറ്റപ്പെടുത്തി.
സംസ്ഥാന സെക്രട്ടറിയുടെ ശരീരഭാഷക്കെതിരെ വിമര്‍ശനം
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളെ കാണുമ്പോഴുള്ള ധാര്‍ഷ്ട്യം നിറഞ്ഞ വാക്കുകളും ശരീരഭാഷയും പ്രവര്‍ത്തകരിലും അനുഭാവികളിലും അവമതിപ്പുണ്ടാക്കിയെന്നായിരുന്നു കണ്ണൂര്‍ ജില്ല കമ്മിറ്റിയിലെ വിമര്‍ശനം. തെരഞ്ഞെടുപ്പിലെ അടിയൊഴുക്ക് കണ്ടെത്താന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ അണികള്‍ തിരുത്തിക്കും-അതാണ് പാര്‍ട്ടി കോട്ടകളില്‍ കണ്ടതെന്നും വിമര്‍ശനമുയര്‍ന്നു. ജനറല്‍ സെക്രട്ടറി എം.എ.ബേബിയുടെയും പിണറായി വിജയന്റെയും എം.വി.ഗോവിന്ദന്റെയും പേര് എടുത്തുപറഞ്ഞും നേതാക്കളുടെ പൊതുവീഴ്ചകള്‍ എണ്ണിപ്പറഞ്ഞും അംഗങ്ങള്‍ വിമര്‍ശനത്തിന്റെ കെട്ടഴിച്ചു. ഭരണവിരുദ്ധ വികാരമില്ല, പിണറായി വിരുദ്ധമായി യാതൊന്നും സംഭവിച്ചില്ല തുടങ്ങിയ പ്രസ്താവനകള്‍ അംഗങ്ങള്‍ ചോദ്യംചെയ്തു. കൂട്ടായ നേതൃത്വമാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ട് മുഖ്യമന്ത്രിക്ക് മാത്രം ഉത്തരവാദിത്വമില്ലെന്ന ബേബിയുടെ പ്രസ്താവനയ്ക്കെതിരേയും വിമര്‍ശനം ഉയര്‍ന്നു. പിണറായി ഏകാധിപതിയെ പോലെയെന്ന് പാലക്കാട് ജില്ലാ കമ്മിറ്റിയിലും വിമര്‍ശനമുയര്‍ന്നു പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് നൂറ്റാണ്ടിന്റെ മണ്ടത്തരമെന്ന് കോഴിക്കോട്ടെ ജില്ലകമ്മിറ്റി യോഗത്തില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
പാര്‍ട്ടി തിരുത്തും കരുത്തരാകും
തിരിച്ചടിക്ക് കാരണമായ ദൗര്‍ബല്യങ്ങള്‍ കണ്ടെത്താനുള്ള ആഴത്തിലുള്ള പരിശോധനയാണ് നടക്കുന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബി ആവര്‍ത്തിച്ച് പറയുന്നുണ്ട്. സമീപകാലത്തൊന്നും ഉയരാത്ത വിമര്‍ശങ്ങളാണ് പാര്‍ട്ടിഘടകങ്ങളില്‍ നിന്ന് പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും ഏറ്റുവാങ്ങേണ്ടിവരുന്നത്. പാര്‍ട്ടി കമ്മിറ്റികളില്‍ നിന്നും ജനങ്ങളില്‍ നിന്നും അഭിപ്രായം കേട്ട് തിരുത്തലുകള്‍ വരുത്തി കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന് പാര്‍ട്ടി നേതൃത്വം സമ്മേളനങ്ങളില്‍ ഉറപ്പുനല്‍കുന്നുണ്ട്.. ഇനി തിരിച്ചടികള്‍ സംബന്ധിച്ച ആത്മപരിശോധന നടത്തി തിരുത്തല്‍ നടപടികളിലേക്കാണ് പാര്‍ട്ടി കടക്കേണ്ടത്. പാര്‍ട്ടിയെ സ്നേഹിക്കുന്ന വലിയ ജനസമൂഹം, എന്ത് തിരുത്തല്‍ നടപടികളാണ് പാര്‍ട്ടിയില്‍നിന്ന് ഉണ്ടാകുക എന്ന് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്.