OPINION

എരിയുന്ന എണ്ണപ്പാടം; വലയുന്ന ലോകം

യുദ്ധം ഏപ്രിലിലേക്ക് കടന്നാല്‍ ബാരലിന് 180-200 ഡോളറിലേക്ക് വില കയറുമെന്ന് സൗദി മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു

Author : പി.പി. പ്രശാന്ത്

ലോകം നിശ്ചലമാകുന്ന എണ്ണയുദ്ധമായിരിക്കുമോ പശ്ചിമേഷ്യന്‍ സംഘര്‍ഷം വഴിവെക്കുക എന്ന ആശങ്ക ഉയര്‍ന്നുകഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരമായ ഇറാന്റെ സൗത്ത് പാര്‍സ് വാതക പാടത്തില്‍ ഇസ്രായേല്‍ ബോംബിട്ടതിന് തിരിച്ചടിയായി ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജനിലയങ്ങള്‍ ലക്ഷ്യമിട്ട് കനത്ത പ്രത്യാക്രമണം നടത്തിയതില്‍ പകച്ച് നില്‍ക്കുകയാണ് ലോകം. ഗള്‍ഫിലെ എണ്ണപ്പാടങ്ങള്‍ എരിഞ്ഞുതുടങ്ങിയിരിക്കുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരിവിപണി കൂപ്പുകുത്തി. ഒരൊറ്റ ദിവസം കൊണ്ട് 12 ലക്ഷം കോടിയുടെ രൂപ ഈ തീക്കളിയില്‍ ഒലിച്ചുപോയി. ക്രൂഡ് ഓയില്‍ വില കുതിച്ചുകയറി, യുദ്ധം ഏപ്രിലിലേക്ക് കടന്നാല്‍ ബാരലിന് 180-200 ഡോളറിലേക്ക് വില കയറുമെന്ന് സൗദി മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാകും. വിലക്കയറ്റം സര്‍വമേഖലകളെയും ബാധിക്കും.

എരിയുന്ന എണ്ണപ്പാടം; വലയുന്ന ലോകം

ആഗോള ഊര്‍ജ വിപണിയെ മുള്‍മുനയില്‍ നിര്‍ത്തിയാണ് 20 ദിനം പിന്നിട്ട യുദ്ധം തുടരുന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ശേഖരമാണ് ഖത്തര്‍ തീരത്തിനും ഇറാന്‍ തീരത്തിനുമിടയില്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ സ്ഥിതി ചെയ്യുന്ന സൗത്ത് പാര്‍സ് പ്രകൃതി വാതക പാടം. ഇതില്‍ ഇറാന്റെ ഭാഗത്തുള്ളത് സൗത്ത് പാര്‍സ് എന്നും ഖത്തറിന്റെ ഭാഗത്തുള്ളത് നോര്‍ത്ത് പാര്‍സ് എന്നും അറിയപ്പെടുന്നു. ഏകദേശം 1800 ട്രില്യണ്‍ ക്യൂബിക് അടിയാണ് ഈ വാതക ശേഖരത്തിനുള്ളത്. ലോകത്തിനൊന്നടങ്കം തുടര്‍ച്ചയായി 13 വര്‍ഷം ഉപയോഗിക്കാനുള്ള പ്രകൃതിവാതകം സൗത്ത് പാര്‍സില്‍ ഉണ്ടെന്നാണ് കണക്ക്. ഇറാന്റെ ആഭ്യന്തര ഊര്‍ജ ഉപഭോഗത്തിന്റെ ഏറ്റവും വലിയ സ്രോതസ്സാണിത്. ഇതാണ് ആക്രമിക്കപ്പെട്ടത്. ഇസ്രായേലിന്റെ നടപടിയുടെ പ്രത്യാക്രമണമായാണ് ഖത്തര്‍, കുവൈത്ത്, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലെ തന്ത്ര പ്രധാന എണ്ണ, വാതക നിലയങ്ങളെ ഇറാന്‍ ആക്രമിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക ഉല്‍പാദന കേന്ദ്രമായ ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ സമുച്ചയത്തില്‍ രണ്ട് വട്ടം ആക്രമണം ഉണ്ടായി. എണ്ണപ്പാടങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ ശക്തമാക്കിയതോടെ വരാനിരിക്കുന്ന സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കൈയൊഴിഞ്ഞ് ട്രംപ്, ഇനിയില്ലെന്ന് നെതന്യാഹു

സൗത്ത് പാര്‍സിലെ ആക്രമണം തങ്ങള്‍ അറിഞ്ഞുകൊണ്ടല്ലെന്നും പെട്ടെന്നുണ്ടായ വികാരത്തില്‍ ഇസ്രായേല്‍ ചെയ്തു പോയതാണെന്നും പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സംഘര്‍ഷങ്ങളെ മയപ്പെടുത്താന്‍ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, ഖത്തറിനു നേരെ തുടര്‍ന്നും ആക്രമണമുണ്ടായാല്‍ സൗത്ത് പാര്‍സ് ഉള്‍പ്പെടെയുള്ള നിലയങ്ങള്‍ക്കു നേരെ ശക്തമായ ആക്രമണം സംഘടിപ്പിക്കുമെന്നും ഇറാനെ സമ്പൂര്‍ണമായും തകര്‍ത്തു കളയുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ട്രംപിന്റെ അഭ്യര്‍ഥന മാനിച്ച് ഇറാന്റെ സൗത്ത് പാര്‍സ് വാതകപ്പാടം ഇനി ആക്രമിക്കില്ലെന്നും ഇറാനെതിരെ കരയുദ്ധം തുടങ്ങുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ നടപടി ലോകത്തിന്റെ ഊര്‍ജ സുരക്ഷയെ തന്നെ ഗുരുതരമായി ബാധിക്കുമെന്നു ഖത്തര്‍ മുന്നറിയിപ്പു നല്‍കി. ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെയുള്ള ഇറാന്റെ ആക്രമണം അവസാനിപ്പിക്കണമെന്ന് 12 ഗള്‍ഫ്-അറബ്- ഇസ്ലാമിക രാജ്യങ്ങള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. അസര്‍ബൈജാന്‍, ബഹ്റൈന്‍, ഈജിപ്ത്, ജോര്‍ദാന്‍, കുവൈത്ത്, ലെബനന്‍, പാകിസ്ഥാന്‍, ഖത്തര്‍, സൗദി അറേബ്യ, സിറിയ, തുര്‍ക്കി, യു.എ.ഇ എന്നീ രാജ്യങ്ങളാണ് സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയത്.

യുദ്ധം നീണ്ടാല്‍ എണ്ണവില 200 ഡോളറിലെത്തും

യുദ്ധം നീണ്ടുനില്‍ക്കുകയും ഇറാനുമായുള്ള സംഘര്‍ഷം മൂലമുണ്ടാകുന്ന ഇന്ധന വിതരണ തടസ്സങ്ങള്‍ നിലനില്‍ക്കുകയും ചെയ്താല്‍ അന്താരാഷ്ട്ര എണ്ണവില ബാരലിന് 180 ഡോളറിനു മുകളില്‍ എത്താനുള്ള സാധ്യതയുണ്ടെന്ന് സൗദി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ലോകരാജ്യങ്ങളെ സാമ്പത്തിക മാന്ദ്യത്തിലാക്കുമെന്നും വിലക്കയറ്റത്തിന് ഇടയാക്കും എന്നാണ് ആശങ്ക. മാര്‍ച്ച് 13 മുതല്‍ ക്രൂഡ് വില 100 ഡോളറില്‍ താഴെയായിട്ടില്ല. വ്യാഴാഴ്ച ബ്രെന്‍ഡ് ക്രൂഡ് വില ബാലിന് 111.45 ഡോളര്‍വരെ ഉയര്‍ന്നിരുന്നു. എണ്ണപ്പാടങ്ങളെ ആക്രമിക്കില്ലെന്ന് ട്രംപും നെതന്യാഹുവും വ്യക്തമാക്കിയതോടെ ക്രൂഡ് ഓയില്‍ വിലയില്‍ വെള്ളിയാഴ്ച നേരിയ കുറവ് വന്നു. ബാരലിന് 106.66 ഡോളറാണ് ഇന്നത്തെ വില. യുദ്ധാരംഭത്തിന് ശേഷം ഇന്ത്യന്‍ എണ്ണവിലയില്‍ 50 ശതമാനത്തിലധികം വര്‍ധനവുണ്ടായി.

ഇന്ത്യയെ എങ്ങനെ ബാധിക്കും

യുഎസ്, ഓസ്ട്രേലിയ, റഷ്യ എന്നിവര്‍ക്കൊപ്പം ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഉല്‍പാദക രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ഖത്തര്‍. ഇന്ത്യയാകട്ടെ, പ്രകൃതിവാതകത്തിന്റെ 50 ശതമാനവും രാജ്യാന്തര വിപണിയില്‍നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ 20 ശതമാനവും പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നത് ഖത്തറില്‍ നിന്നാണ്. 2024-25ല്‍ 639 കോടി ഡോളറിന്റെ പ്രകൃതിവാതകമാണ് ഖത്തറില്‍നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതുകൂടാതെ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എല്‍.പി.ജി, ഇറക്കുമതി ചെയ്യുന്നതും ഖത്തറാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 321 കോടി ഡോളറിന്റെ എല്‍പിജി ഖത്തറില്‍നിന്ന് വാങ്ങിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് നേരത്തെ തന്നെ പ്രകൃതിവാതക ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് റാസ് ലഫാന്‍ ആക്രമണം വീണ്ടും പ്രതിസന്ധിയുണ്ടാക്കും.

വിജയത്തോട് അടുക്കുകയാണെന്നും വേഗത്തില്‍ യുദ്ധം അവസാനിക്കുമെന്നുമാണ് നെതന്യാഹു അവകാശപ്പെടുന്നത്. യുദ്ധം ഉടന്‍ തീരുമെന്ന് ഡൊണള്‍ഡ് ട്രംപും പറയുന്നുണ്ട്. എന്നാല്‍ ഇസ്രായേല്‍-യുഎസ് സഖ്യസേന കൊലപ്പെടുത്തിയ ഇറാന്‍ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയുടെ പിന്‍ഗാമിയായി സഈദ് ജലീലിയെ നിയോഗിക്കാനൊരുങ്ങുകയാണ് ഇറാന്‍. ഉന്നത നേതാക്കളെ കൊലപ്പെടുത്തിയ യുഎസ്-ഇസ്രയേല്‍ സഖ്യത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖംനേയി ആവര്‍ത്തിക്കുന്നു. ഏതായാലും യുദ്ധം നീണ്ടാല്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങള്‍ക്ക് വന്‍ ദുരിതമായിരിക്കും സമ്മാനിക്കുക.

SCROLL FOR NEXT