സ്പോട്ട്ലൈറ്റ്  NEWS MALAYALAM 24x7
OPINION

SPOTLIGHT | കേരളത്തിന്റെ ഖജനാവിലെന്തുണ്ട്, നമുക്കെന്ത് കിട്ടും?

സംസ്ഥാനത്തിന്റെ നികുതി വരുമാനം കൂടിയോ, കുറഞ്ഞോ? ഈ വര്‍ഷം ഇനി എന്തൊക്കെ നമുക്കു കിട്ടാന്‍ സാധ്യതയുണ്ട്?

Author : അനൂപ് പരമേശ്വരന്‍

കേരളത്തിന്റെ കടത്തെക്കുറിച്ച്, നമ്മുടെ ധനസ്ഥിതിയെക്കുറിച്ച്, നാടിന്റെ ഖജനാവിനെക്കുറിച്ച് നിരന്തരം വാര്‍ത്തകള്‍ വരികയാണ്. ഏതാണ് ശരി, ഏതാണ് തെറ്റ് എന്നുപോലും അറിയാതെ ജനം വട്ടംകറങ്ങുകയാണ്. സിപിഐയുടെ സംസ്ഥാന സമ്മേളനത്തില്‍ പോലും കടുത്ത വിമര്‍ശനം നേരിട്ടത് ധനവകുപ്പാണ്. സിപിഐഎം ഭരിക്കുന്ന വകുപ്പുകള്‍ക്കല്ലാതെ മറ്റൊരു വകുപ്പിനും പണം കിട്ടുന്നില്ലെന്നു വരെ കടത്തി പറഞ്ഞ നിമിഷങ്ങളുണ്ടായി. ഖജനാവില്‍ എന്തുണ്ട് എന്ന് അറിഞ്ഞിട്ട് പൊതു ജനത്തിന് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. പക്ഷേ, പൊതുജനങ്ങള്‍ക്കായി പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാകുന്നുണ്ടോ എന്നതാണ് പ്രധാനം. എത്രയാണ് കടം, ഏതൊക്കെ പദ്ധതികള്‍ക്കാണ് പണം ചെലവഴിക്കുന്നത്? പൊതുജനങ്ങള്‍ക്ക് എന്തൊക്കെ കിട്ടുന്നു? സംസ്ഥാനത്തിന്റെ നികുതി വരുമാനം കൂടിയോ, കുറഞ്ഞോ? ഈ വര്‍ഷം ഇനി എന്തൊക്കെ നമുക്കു കിട്ടാന്‍ സാധ്യതയുണ്ട്?

ഖജനാവിലെന്തുണ്ട്, നമുക്കെന്ത് കിട്ടും?

ആദ്യം ഒരുകാര്യം വ്യക്തമായി പറയാം. കേരളം കടമെടുക്കുന്നു എന്നു പറഞ്ഞാല്‍ അത് കേന്ദ്ര സര്‍ക്കാരില്‍ നിന്നല്ല. കേന്ദ്ര സര്‍ക്കാര്‍ സാങ്കേതികമായി അനുമതി തരുന്നു എന്നു മാത്രമേയുള്ളു. പൊതു വിപണിയില്‍ നിന്നാണ് കടമെടുക്കുന്നത്. സംസ്ഥാനത്തിന്റെ ജിഎസ് ഡിപിയുടെ, എന്നു പറഞ്ഞാല്‍ മൊത്തം ഉത്പാദനത്തിന്റെ മൂന്നു ശതമാനം വരെയാണ് കടമെടുക്കാന്‍ അനുമതി. ആ കണക്കിന് ഈ വര്‍ഷം നാല്‍പ്പത്തിയയ്യാരിത്തി നാല്‍പ്പത്തിരണ്ടു കോടി അന്‍പത്തി രണ്ടു ലക്ഷം രൂപയ്ക്ക് കടമെടുക്കാന്‍ നമുക്ക് കഴിയും. ഇതില്‍ കൂടുതല്‍ ആവശ്യമുണ്ടെങ്കിലാണ് കേന്ദ്രത്തില്‍ നിന്ന് പ്രത്യേക അനുമതി വേണ്ടത്. കേന്ദ്രവുമായി സംസ്ഥാനത്തിന്റെ തര്‍ക്കം ഈ ആകെ തുകയിലല്ല. കിഫ്ബിക്ക് ലഭിക്കുന്ന കടവും സാമൂഹിക ക്ഷേമ പെന്‍ഷനുള്ള വായ്പയുമെല്ലാം മൊത്തം കടത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിലാണ് തര്‍ക്കം. അപ്പോള്‍ ആരാണ് കടം തരുന്നത്? അത് റിസര്‍വ് ബാങ്ക് അനുമതിയോടെ പൊതു വിപണിയില്‍ നിന്ന് എടുക്കുകയാണ്. എന്നുപറഞ്ഞാല്‍ സംസ്ഥാനം കടപ്പത്രം ഇറക്കുന്നു. ബാങ്കുകളാണ് അവ പ്രധാനമായും വാങ്ങുന്നത്. 10 മാസത്തേക്കു മുതല്‍ 10 വര്‍ഷത്തേക്കു വരെ വിവധ ആവശ്യങ്ങള്‍ക്ക് ഇറക്കുന്ന കടപ്പത്രങ്ങളുണ്ട്. അതിനു നല്‍കുന്ന പലിശയാണ് നമ്മുടെ കണക്കുകളില്‍ പ്രതിഫലിക്കുന്നത്. വായ്പ കേന്ദ്രത്തില്‍ നിന്നല്ല, പൊതുവിപണിയില്‍ നിന്നാണ്. അതു നമ്മുടെ അവകാശവുമാണ്. അങ്ങനെയാണെങ്കില്‍ കേരളം ഈ വര്‍ഷം എത്ര രൂപ കടമെടുത്തു?

കിഫ്ബിക്ക് ലഭിക്കുന്ന കടവും സാമൂഹിക ക്ഷേമ പെന്‍ഷനുള്ള വായ്പയുമെല്ലാം മൊത്തം കടത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിലാണ് തര്‍ക്കം. അപ്പോള്‍ ആരാണ് കടം തരുന്നത്?

ഈ വര്‍ഷം എത്രരൂപ കടമെടുത്തു?

രണ്ടാഴ്ച മുന്‍പു വരെ, അതായത് ഇക്കഴിഞ്ഞ ഓഗസ്റ്റ് 31 വരെ, സംസ്ഥാനം ഇരുപത്തിയാറായിരത്തി തൊള്ളായിരത്തി എഴുപത്തിനാലു കോടി 13 ലക്ഷം രൂപ കടമെടുത്തു. അതായത് ഈ വര്‍ഷം നമുക്ക് എടുക്കാന്‍ കഴിയുന്ന കടം നാല്‍പ്പത്തിയയ്യാരിത്തി നാല്‍പ്പത്തിരണ്ടു കോടി 54 ലക്ഷം രൂപയാണെന്ന് കണ്ടു കഴിഞ്ഞു. അതിന്റെ 59.89 ശതമാനവും കേരളം കടമെടുത്തു. ആദ്യ അഞ്ചുമാസം കൊണ്ടു തന്നെ അറുപതു ശതമാനത്തിന് തൊട്ടടുത്തെത്തി. അപ്പോള്‍ നമ്മുടെ അയല്‍ സംസ്ഥാനങ്ങളോ. വലിയ സംസ്ഥാനങ്ങളായ കര്‍ണാടകയും തമിഴ്‌നാടിനും ഒരു ലക്ഷം കോടിക്കടുത്ത് കടമെടുക്കാന്‍ അനുവാദമുണ്ട്. കര്‍ണാടകയ്ക്ക് തൊണ്ണൂറായിരത്തി നാനൂറ്റി ഇരുപത്തിയെട്ടു കോടിയും തമിഴ്‌നാടിന് ഒരു ലക്ഷത്തി ആറായിരത്തി തൊള്ളായിരത്തി അറുപത്തിമൂന്നു കോടിയും. കേരളത്തിന് അനുവാദമുള്ളതിന്റെ 100 ശതമാനത്തിലധികം ഈ രണ്ടു സംസ്ഥാനങ്ങള്‍ക്കും കടമെടുക്കാം. കേരളം 26,000 കോടിയാണ് ഇതുവരെ കടമെടുത്തതെങ്കില്‍ തമിഴ്‌നാട് 30,000 കോടി പിന്നിട്ടു. പക്ഷേ തമിഴ്‌നാടിന് ഇപ്പോഴും അനുവാദമുള്ളതിന്റെ 29 ശതമാനം മാത്രമേ ആയിട്ടുള്ളൂ. ഇതാണ് കേരളത്തിനു കടത്തിന്റെ കാര്യത്തിലുള്ള പരിമിതി. നമുക്ക് ജനസംഖ്യ കുറവാണ്. ഉത്പാദനത്തിലെ കുറവുണ്ട്. ചെറിയ സംസ്ഥാനമാണ് എന്നതിനാലുള്ള പരാധീനതകള്‍ വേറെയുമുണ്ട്. സംസ്ഥാനം കടമെടുത്തിട്ടുണ്ട്. അതു കേന്ദ്രത്തില്‍ നിന്നല്ല, പൊതു വിപണിയില്‍ നിന്നാണ്. കടമെടുപ്പു പരിധിയില്‍ ഇനി ശേഷിക്കുന്നത് നാല്‍പ്പതു ശതമാനം തുക മാത്രവുമാണ്. അപ്പോള്‍ കേരളത്തിന് വരുമാനമെങ്ങനെ?

കേരളത്തിന്റെ വരുമാനം കുറഞ്ഞോ?

ഓണം വന്നത് സെപ്റ്റംബറില്‍ ആണെങ്കിലും ഓണത്തിന്റെ കച്ചവടത്തില്‍ ഏറെയും നടന്നത് ഓഗസ്റ്റിലാണ്. ഓണം സെപ്റ്റംബര്‍ തുടക്കത്തിലാണ് എന്നതായിരുന്നു കാരണം. അങ്ങനെയുള്ള ഓഗസ്റ്റില്‍ സംസ്ഥാനത്തിന്റെ നികുതി വരുമാനം ഇതാ കൃത്യമായി പറയാം. ഒന്‍പതിനായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി രണ്ടു കോടി മുപ്പത്തിയാറു ലക്ഷം രൂപയാണ്. ആ തുക ജൂലൈയില്‍ നമുക്ക് ലഭിച്ചതിനേക്കാള്‍ കുറവാണ്. ജൂലൈയില്‍ നികുതി വരുമാനം പതിനായിരത്തി പന്ത്രണ്ടു കോടി 13 ലക്ഷം രൂപയായിരുന്നു. ഓണത്തിന്റെ കച്ചവടം നടക്കേണ്ട മാസത്തില്‍ അഞ്ഞൂറു കോടിയോളം കുറയുകയാണ് ചെയ്തത്. അതൊരു വലിയ പ്രതിസന്ധിയുടെ ലക്ഷണമാണ്. നമ്മള്‍ പൊതുജനങ്ങളുടെ കയ്യില്‍ വിപണിയിലിറക്കാന്‍ പണമില്ല എന്നതിന്റെ സൂചനയാണത്. ഓണംപോലെ ഏറ്റവും കൂടുതല്‍ കച്ചവടം നടക്കേണ്ട സമയത്തുപോലും കയ്യയച്ച് പണമിറക്കാന്‍ കഴിയുന്നില്ല. ഈ വര്‍ഷത്തെ മൊത്തം കച്ചവടത്തില്‍ നാലായിരം കോടി രൂപ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും അതു പര്യാപ്തമല്ല. ഒരു ലക്ഷത്തി ഇരുപതിനായിരം കോടി നികുതി വരുമാനം പ്രതീക്ഷിക്കുന്ന ബജറ്റില്‍ ഇതുവരെ 35 ശതമാനം മാത്രമേ വരുമാനം ഉണ്ടായിട്ടുള്ളു. കടമെടുക്കാവുന്ന പരിധിയില്‍ അറുപതു ശതമാനവും നമ്മള്‍ പിന്നിട്ടുവെന്നും കണ്ടു കഴിഞ്ഞു. ഈ പ്രതിസന്ധി ഉണ്ടാകുന്നത് കേരളത്തിന്റെ സവിശേഷമായ എന്തെങ്കിലും തകരാറുകൊണ്ടാണോ? അതറിയാന്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു നോക്കാം. തമിഴ്‌നാട്ടില്‍ രണ്ടേമുക്കാല്‍ ലക്ഷം കോടി രൂപയുടെ നികുതി വരുമാനം ലക്ഷ്യമിട്ട ബജറ്റാണ്. ഇതുവരെ ലഭിച്ചത് മുക്കാല്‍ ലക്ഷം കോടി രൂപ മാത്രം. ലക്ഷ്യമിട്ടതിന്റെ 26 ശതമാനം മാത്രമേ ആയിട്ടുള്ളു. കര്‍ണാടകയില്‍ രണ്ടര ലക്ഷം കോടി ലക്ഷ്യമിട്ടതില്‍ തൊണ്ണൂറ്റി നാലായിരം കോടി ലഭിച്ചു. കേരളത്തെപ്പോലെ തന്നെ 35 ശതമാനത്തിന്റെ പരിസരത്ത്. നികുതി വരുമാനം കൂടാത്തത് കേരളത്തില്‍ മാത്രമല്ല എന്നാണ് ഓരോ സംസ്ഥാനത്തേയും കണക്കുകള്‍ കാണിക്കുന്നത്.

സംസ്ഥാനം കടമെടുത്തിട്ടുണ്ട്. അതു കേന്ദ്രത്തില്‍ നിന്നല്ല, പൊതു വിപണിയില്‍ നിന്നാണ്. കടമെടുപ്പു പരിധിയില്‍ ഇനി ശേഷിക്കുന്നത് നാല്‍പ്പതു ശതമാനം തുക മാത്രവുമാണ്. അപ്പോള്‍ കേരളത്തിന് വരുമാനമെങ്ങനെ?

നമുക്ക് ഓരോരുത്തര്‍ക്കും എന്തുകിട്ടും?

സര്‍ക്കാര്‍ ചെലവഴിക്കുന്ന തുകയാണ് നമ്മുടെ ഓരോരുത്തരുടേയും കയ്യിലേക്ക് എത്തുന്നത്. ശമ്പളവും പെന്‍ഷനും കൊടുക്കുന്ന തുക എത്ര കൂടുതലായാലും അത് അതുപോലെ വിപണിയില്‍ എത്തുകയാണ് ചെയ്യുന്നത്. പത്തുശതമാനത്തില്‍ താഴെ മാത്രമേ സേവിങ്‌സ് ആയി പോകുന്നുള്ളൂ. ശമ്പളവും പെന്‍ഷനുമായി മുപ്പത്തിരണ്ടായിരം കോടി രൂപ ഇതുവരെ ചെലവഴിച്ചു കഴിഞ്ഞു. അതില്‍ ഇരുപത്തിയയ്യാരം കോടി രൂപയെങ്കിലും വിപണിയില്‍ ഇറങ്ങിയിട്ടുണ്ടാകും എന്നാണ് നിഗമനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു കിട്ടുന്ന ആ തുകയാണ് പെട്രോള്‍ അടിക്കാനും ഓട്ടോയും ടാക്‌സിയും വിളിക്കാനും ബസിന് കൊടുക്കാനും കൂലിപ്പണിക്കാര്‍ക്കു നല്‍കാനും പാലും മുട്ടയും പച്ചക്കറിയും പലചരക്കും വാങ്ങാനുമെല്ലാം ഉപയോഗിക്കുന്നത്. ഇതിനപ്പുറമുള്ള ചെലവുണ്ട്. അതായത് മൂലധന ച്ചെലവ്. അടിസ്ഥാന സൌകര്യ വികസനത്തിന് സര്‍ക്കാര്‍ ചെലവഴിക്കുന്ന തുകയാണത്. ഈ വര്‍ഷം 15,938 കോടി നീക്കിവച്ചതില്‍ ആറായിരത്തി അഞ്ഞൂറ്റി എഴുപത്തിയാറുകോടി ചെലവഴിച്ചു കഴിഞ്ഞു. ഏകദേശം 38 ശതമാനം. കടമെടുപ്പിന്റെ കാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ ആനുപാതികമായി കൂടുതല്‍ എടുത്തിട്ടുണ്ട്. അതിനുകാരണം നമുക്ക് കടമെടുപ്പ് പരിധി തീരെ കുറവാണ് എന്നതാണ്. പക്ഷേ, രാജ്യമെങ്ങും ഒരു മാന്ദ്യം നിലവിലുണ്ട്. ആ മാന്ദ്യം കേരളത്തിലും പ്രതിഫലിക്കുന്നുണ്ട് എന്നാണ് ഓരോ സംസ്ഥാനത്തിന്റെയും കണക്കുകള്‍ കാണിക്കുന്നത്. കേന്ദ്രം സംസ്ഥാനത്തിനു തരേണ്ട ഗ്രാന്‍ഡുണ്ട്. അതു പതിമൂവായിരം കോടി രൂപവരും. അതില്‍ 12 ശതമാനം അഥവാ 1697 കോടി മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ എന്നുകൂടി അറിയുക.

SCROLL FOR NEXT