സൊഹ്‌റാന്‍ മാംദാനിയുടെ രാഷ്ട്രീയ ഭൂകമ്പം. മീര നായരുടെ മകന്‍ സൊഹ്‌റാന്‍ മാംദാനി ന്യൂയോര്‍ക് മേയര്‍ ആകാനുള്ള സ്ഥാനാര്‍ത്ഥി ആയതിനെ ന്യൂയോര്‍ക് ടൈംസ് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. മാംദാനി ഭൂകമ്പം സൃഷ്ടിച്ചു എന്നു പറയാന്‍ കാരണമുണ്ട്. തോല്‍പ്പിച്ചത് ആന്‍ഡ്ര്യൂ കോമോയെയാണ്. കോമോ ആണെങ്കില്‍ കഴിഞ്ഞവര്‍ഷം ജോ ബൈഡനു പകരം പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കും എന്നു പ്രവചിക്കപ്പെട്ടിരുന്നയാളും. 11 സ്ത്രീകള്‍ നല്‍കിയ ലൈംഗിക പീഡന പരാതിയാണ് കോമോയ്ക്ക് തിരിച്ചടിയായത്. വെള്ളക്കാരുടെ ഇടയിലും ആഫ്രിക്കന്‍ വംശജരുടെ ഇടയിലും ഏഷ്യന്‍ വംശജരുടെ ഇടയിലുമെല്ലാം ഒരുപോലെ ഭൂരിപക്ഷം നേടിയാണ് മാംദാനി മേയറാകാനുള്ള സ്ഥാനാര്‍ത്ഥി ആയത്. ന്യൂയോര്‍ക്കില്‍ ഡെമോക്രാറ്റുകള്‍ക്കുള്ള അപ്രമാദിത്തം പരിഗണിച്ചാല്‍ മാംദാനി ഉറപ്പായും അടുത്ത മേയര്‍ ആകും.
മാംദാനിയെ നമ്മുടെ സ്വന്തം എന്നു വിളിക്കാന്‍ കാരണമുണ്ട്. കമലാ ഹാരിസിനെപ്പോലെ അമ്മ വഴി ഇന്ത്യന്‍ വംശജനായ മാംദാനിയാണ് അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിന്റെ മേയറാകുന്നത്. അതിനൊക്കെ അപ്പുറം ആഗോള പൗരന്‍ എന്നു ശരിക്കു വിളിക്കാവുന്നതാണ് മാംദാനിയെ. യുഗാണ്ടയിലെ കംപാലയില്‍ ജനിച്ച് ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൌണില്‍ ബാല്യം ചെലവഴിച്ച് ന്യൂയോര്‍ക്കില്‍ പഠിച്ചയാളാണ്. മാതാവ് വഴി ഇന്ത്യന്‍ പാരമ്പര്യവും പിതാവു വഴി യുഗാണ്ടന്‍ പാരമ്പര്യവും അവകാശപ്പെടാവുന്നയാള്‍. അതും മുപ്പത്തുമൂന്നാം വയസ്സില്‍. മാംദാനി വെറും ഡെമോക്രാറ്റ് അല്ല. ഡെമോക്രാറ്റുകള്‍ക്കിടയിലെ സോഷ്യലിസ്റ്റാണ്. തൊഴിലാളികള്‍, മധ്യവര്‍ഗം, ആഫ്രിക്കന്‍, ഏഷ്യന്‍ വിഭാഗങ്ങളിലാണ് മാംദാനി ബഹുദൂരം മുന്നിലെത്തിയത്. പ്രചാരണത്തിലുടനീളം അവതരിപ്പിച്ചത് അമേരിക്കയിലെ സാധാരണ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്. എ സിറ്റി വി ക്യാന്‍ അഫോഡ് എന്നായിരുന്നു മാംദാനിയുടെ പ്രചാരണ മുദ്രാവാക്യം. പാവപ്പെട്ടവര്‍ക്ക് ജീവിക്കാന്‍ കഴിയുന്ന നഗരം എന്ന ആ വാഗ്ദാനം പരക്കെ സ്വീകരിക്കപ്പെട്ടു. ന്യൂയോര്‍ക്കിലെ വാടക കുത്തനെ കുറയ്ക്കണം എന്ന മാംദാനിയുടെ ആവശ്യവും ഡെമോക്രറ്റുകള്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ടു. ഇതോടൊപ്പം മുപ്പത്തിമൂന്നുകാരന്റെ ഊര്‍ജ്ജസ്വലതയും ഗുണം ചെയ്തു. എക്‌സിലും ടിക്ടോക്കിലും ഇന്‍സ്റ്റഗ്രാമിലൊക്കെ ഈ ദിവസങ്ങളില്‍ മറ്റൊരു താരം ഉണ്ടായിരുന്നില്ല. മാംദാനിയുടെ പ്രചാരണ വിഡിയോകള്‍ പലതും വലിയതോതില്‍ വൈറലായി. ഒരുവേള, അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മല്‍സരമോ എന്നു തോന്നിക്കുന്നവിധമായിരുന്നു ജനപ്രീതി. ന്യൂയോര്‍ക്കിലെ ഇതുവരെ തുടര്‍ന്നുവന്ന നയങ്ങള്‍ തിരുത്താനുള്ള അവസരമാണ് മാംദാനിക്കു മുന്നില്‍ വന്നു നില്‍ക്കുന്നത്.
ഇതുവരെയുള്ള ന്യൂയോര്‍ക് മേയര്‍മാരൊക്കെ മുതലാളിമാരുടെ വക്താക്കളായിരുന്നു. വ്യവസായ വാണിജ്യ ഭീമന്‍മാര്‍ക്കും കോടീശ്വരന്‍മാര്‍ക്കും വേണ്ട സൗകര്യങ്ങളാണ് നഗരത്തില്‍ ഒരുക്കികൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ ജീവിതച്ചെലവ് താങ്ങാന്‍ സാധാരണക്കാര്‍ക്ക് സാധിക്കുമായിരുന്നില്ല. ശമ്പളമായി കിട്ടുന്ന തുകയിലേറെ വാടകയായി കൊടുക്കുന്ന സ്ഥിതി. തൊഴിലുണ്ടെങ്കിലും കയ്യിലൊന്നും ബാക്കിയുണ്ടാകില്ല. നഗരത്തിലെ മേയര്‍മാരെല്ലാം ഇതുവരെ വാടക കുറയ്ക്കുന്നതിനെക്കുറിച്ചായിരുന്നില്ല സംസാരിച്ചിരുന്നത്. വാടക കൂടും തോറും ജീവിതനിലവാരവും ഉയരുന്നു എന്നായിരുന്നു ന്യൂയോര്‍ക്ക് പോലുള്ള നഗരങ്ങളുടെ പൊതുവിചാരം. അതുകൊണ്ട് വാടക താഴ്ത്തുക എന്നത് സങ്കല്‍പ്പത്തില്‍പോലും ഇല്ലാത്ത കാര്യമായിരുന്നു. ആ തിരുത്താണ് മാംദാനിയ ജനപ്രിയനാക്കിയത്. ഭൂകമ്പമുണ്ടാക്കിത്തന്നെ ഡെമോക്രാറ്റുകള്‍ക്കിടയില്‍ നിന്ന് കയറിവരാന്‍ കഴിഞ്ഞത് അതുകൊണ്ടാണ്. ഡെമോക്രറ്റുകള്‍ക്കിടയിലെ സോഷ്യലിസ്റ്റ് പക്ഷത്തുനിന്ന് ഇതിനു മുന്‍പ് മേയര്‍ സ്ഥാനത്തേക്ക് അധികംപേര്‍ ജയിച്ചു കയറിയിട്ടില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിലേക്കു തിരിഞ്ഞ മേഖലകളിലാണ് മാംദാനി ശക്തമായ സാന്നിധ്യമാകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിന് വോട്ട് ചെയ്തതില്‍ നല്ലൊരു വിഭാഗം ഇത്തവണ മാംദാനിക്കായി നിലകൊള്ളും എന്നാണ് അനുമാനം. പ്രൈമറിയില്‍ ഇപ്പോഴുണ്ടാക്കിയ അഭൂതപൂര്‍വമായ മുന്നേറ്റം പ്രധാന തെരഞ്ഞെടുപ്പിലും ഉണ്ടാകും എന്നാണ് പ്രചാരണം. അമേരിക്കയിലെ മാധ്യമങ്ങളൊക്കെ ഒരുകാര്യം ഉറപ്പിച്ചു- അടുത്ത മേയര്‍ മാംദാനി തന്നെ.
പ്രസംഗമാണ് മാംദാനിയെ പെട്ടെന്ന് ജനപ്രിയനാക്കിയത്. ഏതു രാജ്യാന്തര വിഷയത്തിലും ഒരു സംശയംപോലുമില്ലാതെ നയം പറയാനുള്ള ചാതുരിയാണ് ഇഷ്ടക്കാരനാക്കിയത്. ബരാക് ഒബാമയും കമലാ ഹാരിസുമൊക്കെ പ്രതിനിധീകരിച്ച രാഷ്ട്രീയമുണ്ട്. അതിലേക്കു കൂടുതല്‍ ആഴത്തില്‍ ഇറങ്ങുകയാണ് മാംദാനി. ഈ തെരഞ്ഞെടുപ്പ് ലോകമെങ്ങും മാതൃകയാണ്. സോണിയാ ഗാന്ധിയെ ഇറ്റലിക്കാരി എന്ന് വിളിച്ച് ഇന്നും അധിക്ഷേപിക്കാറുണ്ട്. അങ്ങനെ അപമാനിച്ചവരും നേരത്തെ കമലാ ഹാരിസിനെ ഓര്‍ത്ത് തുള്ളിച്ചാടി. ഇപ്പോള്‍ മാംദാനിയെ ഓര്‍ത്ത് രോമാഞ്ചം കൊള്ളുന്നതും സോണിയയെ അപമാനിച്ചവര്‍ തന്നെയാണ്. നമ്മുടെ കാഴ്ചപ്പാടിലും രാഷ്ട്രീയത്തിലും വരേണ്ട വലിയ മാറ്റമാണ് മാംദാനി വിളിച്ചു പറയുന്നത്. നമ്മുടെ കുട്ടികള്‍ ഇവിടെത്തന്നെ പഠിച്ച്, ഇവിടെത്തന്നെ ജീവിക്കട്ടെ എന്നു പറയുന്നവരാണ് കൂടുതലും. പറന്നുപോകുന്നവരുടെ ലോകം എത്രവിശാലമാണെന്ന് മീരാ നായര്‍ കാണിച്ചു തരുന്നു. കമലയുടെ അമ്മ ശ്യാമളാ ഗോപാലനും അതു തന്നെയാണ് കാണിച്ചുതന്നത്. അനാവശ്യഭയംകൊണ്ട് നമ്മുടെ പ്രതിഭകളെ പിടിച്ചു നിര്‍ത്തേണ്ടതില്ല. അതേ സമയം വിദേശത്തുപോയി അടിമജോലികള്‍ ചെയ്യാനായി അയയ്‌ക്കേണ്ടതുമില്ല. വിദേശ വിദ്യാഭ്യാസം നേടി ഉന്നത ജോലികളിലേക്ക് ഇറങ്ങാന്‍ സധൈര്യം കുട്ടികളെ അയയ്ക്കണം. പാലക്കാട് വേരുകളുള്ള വിവേക് രാമസ്വാമി റിപ്പബ്ലിക്കന്‍ പക്ഷത്തു നിന്നു കാണിച്ചു തന്നതും ഇതുതന്നെയാണ്.
മാംദാനിക്കു വേണ്ടി വോട്ട് ചെയ്യാന്‍ ഇരമ്പിയെത്തിയത് ചെറുപ്പക്കാരാണ്. അത് വലിയൊരു മാറ്റമായിരുന്നു. സാധാരണ പ്രൈമറി വോട്ടുകളില്‍ മുഖംതിരിച്ച് നില്‍ക്കുന്നവരാണ് അമേരിക്കയിലെ ചെറുപ്പക്കാര്‍. പ്രധാന തെരഞ്ഞെടുപ്പിനോടു പോലും താല്‍പര്യമില്ലാതെ നിസംഗത പുലര്‍ത്തുന്നവരാണ്. അവരാണ് ആവേശപൂര്‍വം മാംദാനിക്കുവേണ്ടി വോട്ട് ചെയ്യാനെത്തിയത്. എണ്‍പതാം വയസ്സിലേക്കടുക്കുന്ന ട്രംപിനും, തൊണ്ണൂറായാലും പ്രസിഡന്റാകാം എന്ന് പ്രഖ്യാപിച്ചു മല്‍സരിച്ച ജോ ബൈഡനും പിന്നെ ലോകമെങ്ങുമുള്ള വൃദ്ധനേതൃത്വത്തിനും അതൊരു മുന്നറിയിപ്പാണ്. ചെറുപ്പക്കാര്‍ കടന്നുവരുമ്പോള്‍ യുവത കാണിക്കുന്ന ഈ ആവേശമാണ് ഭാവിയുടെ പ്രതീക്ഷ. എല്ലാ രാജ്യങ്ങളിലേയും സംസ്ഥാനങ്ങളിലേയും കോര്‍പറേഷനുകളിലേയും ഭരണകര്‍ത്താക്കള്‍ക്കുള്ള മുന്നറിയിപ്പാണത്. സൊഹ്‌റാന്‍ മാംദാനി നമ്മുടെ പ്രതീക്ഷയാണ്.