OPINION

പാരിയത്ത്കാവ് കുടിയൊഴിപ്പിക്കലില്‍ ഇനി എന്ത്?

കോടതി വിധികള്‍ മാനിച്ചുകൊണ്ട് തന്നെ, അവിടെയുള്ള കുടുംബങ്ങള്‍ക്ക് അര്‍ഹമായ പുനരധിവാസം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ ഉത്തരവാദിത്തം.

Author : പി.പി. പ്രശാന്ത്

എറണാകുളം ജില്ലയിലെ കിഴക്കമ്പലം മലയിടംതുരുത്തിന് സമീപമുള്ള പാരിയത്ത്കാവ് ഉന്നതിയിലെ ഭൂമി തര്‍ക്കവും നിലവിലെ കുടിയൊഴിപ്പിക്കല്‍ വിവാദങ്ങളും വാര്‍ത്തകളില്‍ സജീവമാണ്. ദശാബ്ദങ്ങളായി തുടരുന്ന ഒരു സങ്കീര്‍ണ്ണമായ നിയമ-സാമൂഹിക ചരിത്ര പശ്ചാത്തലമാണ് ഈ പ്രദേശത്തിനുള്ളത്. ഒരു നൂറ്റാണ്ടിലേറെയായി ഈ പ്രദേശത്ത് വീട്കെട്ടി താമസിച്ചുവരുന്ന ജനത. ഭൂമി തങ്ങളുടെതാണ് എന്ന് അവകാശപ്പെട്ട് സ്വകാര്യവ്യക്തി നടത്തുന്ന ആറ് ദശാബ്ദത്തോളമെത്തിയ നിയമ പേരാട്ടം. ഒടുവില്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കുടിയൊഴിപ്പിക്കല്‍ നടപടികളെത്തുന്നു ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കുന്ന ജനകീയ പ്രതിരോധം. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളിലാണ് ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ ഉണ്ടാകുന്നത്. ഒടുവിലിതാ വിധി നടപ്പാക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഹൈകോടതിയും വ്യക്തമാക്കിയിരിക്കുന്നു. കോടതി ഉത്തരവ് നടപ്പാക്കേണ്ടിവന്നാല്‍ എട്ടു കുടുംബങ്ങള്‍ വഴിയാധാരമാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പിച്ചുപറയുന്നു.

പാരിയത്ത്കാവ് കുടിയൊഴിപ്പിക്കലില്‍ ഇനി എന്ത്?

അരനൂറ്റാണ്ടുനീണ്ട ഭൂമി തര്‍ക്കമാണ് പാരിയത്ത്കാവിലേത്. കുന്നത്തുനാട് താലൂക്കില്‍ വാഴക്കുളം മലയിടംതുരുത്തിലുള്ള 19 ഏക്കര്‍ സര്‍ക്കാര്‍ പുറമ്പോക്കില്‍ രണ്ടര ഏക്കര്‍ സ്വകാര്യ സ്ഥലമാണെന്നാണ് അവകാശവാദം. നിലവില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന എട്ട് ദലിത് കുടുംബങ്ങള്‍ തലമുറകളായി ഈ ഭൂമിയില്‍ താമസിച്ചുവരുന്നവരാണ്. തങ്ങള്‍ താമസിക്കുന്നത് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലാണെന്നും അതിനാല്‍ തങ്ങള്‍ക്ക് അവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്നുമാണ് ഇവിടെയുള്ള 'ഉന്നതി' നിവാസികളായ കുടുംബങ്ങള്‍ വാദിക്കുന്നത്. ഇവര്‍ക്ക് പട്ടയം നല്‍കാന്‍ മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ നടന്നിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അത് പൂര്‍ണ്ണമായി നടപ്പിലായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശങ്കരന്‍ നായര്‍ എന്ന വ്യക്തിയും അദ്ദേഹത്തിന്റെ കുടുംബവും ഈ ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് സിവില്‍ കോടതിയെ സമീപിച്ചതോടെയാണ് തര്‍ക്കം ആരംഭിക്കുന്നത്. പരേതനായ ശങ്കരന്‍ നായര്‍, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ഒരു വശത്തും, അവിടെ താമസക്കാരായ പരേതനായ കാളുകുറുമ്പന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ മറുവശത്തുമായി 46-ഓളം പേര്‍ ഈ കേസില്‍ കക്ഷികളാണ്.

ആറ് പതിറ്റാണ്ടിന്റെ നിയമപോരാട്ടം

ആറുപതിറ്റാണ്ടായി ഈ നിയമപോരാട്ടം വിവിധ കോടതികളിലായി നടക്കുന്നുണ്ട്. നാലുവര്‍ഷം മുമ്പ്, 2022ലാണ് സുപ്രീം കോടതി സ്വകാര്യ വ്യക്തിക്ക് അനുകൂലമായി അന്തിമ വിധി പുറപ്പെടുവിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനായി കയ്യേറ്റക്കാര്‍ എന്ന് വിധിക്കപ്പെട്ട ദലിത് കുടുംബങ്ങളെ ഒഴിപ്പിച്ച്, സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി കര്‍ശന ഉത്തരവിട്ടു. മേയ് 20-ന് നടന്ന സംഘര്‍ഷഭരിതമായ ഒഴിപ്പിക്കല്‍ ശ്രമത്തിന് ശേഷം, നടപടികള്‍ പൂര്‍ത്തിയാക്കി മേയ് 26-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുന്‍സിഫ് കോടതി പൊലീസിനും അഡ്വക്കറ്റ് കമ്മീഷനും കര്‍ശന നിര്‍ദേശം നല്‍കി. മുന്‍സിഫ് കോടതി ഉത്തരവിനെതിരെയും ദളിത് കുടുംബങ്ങളുടെ സംരക്ഷണാര്‍ഥവും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതിനെ തുടര്‍ന്ന് കേരള ഹൈക്കോടതി ഈ വിഷയത്തില്‍ ഇടപെട്ടു. കോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് മാര്‍ഗ്ഗമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, എന്നാല്‍ കുടുംബങ്ങളുടെ വിഷയം സമാധാനപരമായി പരിഹരിക്കുന്നതിനായി സര്‍ക്കാരിന് രണ്ടാഴ്ചത്തെ സാവകാശം കൂടി അനുവദിച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കലില്‍ സാങ്കേതികത പറയുകയല്ല വേണ്ടതെന്നും കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കുകയാണ് വേണ്ടതെന്നും ഹൈകോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. നേരത്തേ 14 തവണ അഭിഭാഷക കമീഷന്‍ നടപടിക്കെത്തിയപ്പോഴെല്ലാം ഉന്നതി നിവാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വാങ്ങേണ്ടിവന്നിരുന്നു.

സംഘര്‍ഷഭൂമിയായി പരിയത്ത്കാവ്

മേയ് 20 ന് അഡ്വക്കേറ്റ് കമ്മീഷനും പൊലീസും ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി എത്തിയപ്പോള്‍ നാട്ടുകാരും സമരസമിതിയും തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പൊലീസ് ലാത്തിചാര്‍ജിലും വാട്ടര്‍ കാനന്‍ പ്രയോഗത്തിലും 12 പേര്‍ക്ക് അന്ന് പരിക്കേറ്റു. ഒരാള്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് നടപടി ഉടനടി അവസാനിപ്പിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ്ചെന്നിത്തല ഡിജിപിക്ക് നിര്‍ദേശം നല്‍കി. ഇതിനു പിന്നാലെ പൊലീസ് പിന്മാറി. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് അമ്പതോളം പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.

നിലവിലെ സാഹചര്യത്തില്‍ കോടതി നടപടികളില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷി ചേരാനും, സുപ്രീം കോടതിയില്‍ നിന്ന് കൂടുതല്‍ സാവകാശം തേടാനും തീരുമാനിച്ചിട്ടുണ്ട്. പാവപ്പെട്ട കുടുംബങ്ങളെ പെരുവഴിയിലാക്കാതെ പുനരധിവാസവും നിയമപരമായ പരിഹാരവും കണ്ടെത്താനുള്ള സമവായ ചര്‍ച്ചകള്‍ ജില്ലാ കളക്ടറുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ സജീവമായി നടക്കുന്നു. സുപ്രീംകോടതി നിര്‍ദേശം നടപ്പാക്കിയാലും എട്ട് കുടുംബങ്ങള്‍ പെരുവഴിയിലാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വാര്‍ത്തസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം ദലിത് കുടുംബങ്ങളെ പെരുവഴിയിലാക്കിക്കൊണ്ടുള്ള കുടിയൊഴിപ്പിക്കല്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകള്‍ പ്രദേശത്ത് സമരപ്പന്തല്‍ ഉയര്‍ത്തി ശക്തമായി പ്രതിഷേധിക്കുകയാണ്. സിപിഐഎം, ഡിവൈഎഫ്‌ഐ, പട്ടികജാതി ക്ഷേമ സമിതി തുടങ്ങിയവരാണ് സജീവമായി സമരരംഗത്തുള്ളത്. വിഷയം യുഡിഎഫ് മന്ത്രിസഭക്കെതിരെയുള്ള ആയുധമാക്കാന്‍ ഇടതുപാര്‍ട്ടികള്‍ ആവതും ശ്രമിക്കുന്നുണ്ട്. പത്തുവര്‍ഷത്തെ ഇടതുഭരണത്തില്‍ കുടുംബങ്ങളെ സംരക്ഷിക്കാന്‍ നടപടികളെടുക്കാതെ ഇപ്പോള്‍ രംഗത്തുവരുന്നത് ഇരട്ടത്താപ്പാണെന്ന് യുഡിഎഫ് ആരോപിക്കുന്നു.

വേണ്ടത് നിയമ പരിപാലനവും ദലിത് കുടുംബങ്ങളുടെ സംരക്ഷണവും

പാരിയത്ത്കാവ് ഭൂമി തര്‍ക്കവും അതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും നിയമവ്യവസ്ഥയും മാനുഷിക മൂല്യങ്ങളും തമ്മിലുള്ള സങ്കീര്‍ണ്ണമായ ഏറ്റുമുട്ടലിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സുപ്രീം കോടതി ഉള്‍പ്പെടെയുള്ള പരമോന്നത നീതിപീഠങ്ങളുടെ വിധികള്‍ നടപ്പാക്കാന്‍ ഭരണകൂടവും പൊലീസും ബാധ്യസ്ഥരാണെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. എന്നാല്‍, തലമുറകളായി ജീവിച്ചുപോന്ന മണ്ണില്‍ നിന്ന് ഒരു ദലിത് സമൂഹത്തെ പെരുവഴിയിലേക്ക് ഇറക്കിവിടുമ്പോള്‍ ഉണ്ടാകുന്ന സാമൂഹികവും മാനുഷികവുമായ പ്രത്യാഘാതങ്ങളെ വിസ്മരിക്കാനാകില്ല. നിലവില്‍ കേരള ഹൈക്കോടതി അനുവദിച്ച രണ്ടാഴ്ചത്തെ സാവകാശം ഈ പ്രശ്നത്തില്‍ സമാധാനപരമായ ഒരു വഴിത്തിരിവിന് കാരണമാകുമെന്ന് പ്രത്യാശിക്കാം. കോടതി വിധികള്‍ മാനിച്ചുകൊണ്ട് തന്നെ, അവിടെയുള്ള കുടുംബങ്ങള്‍ക്ക് അര്‍ഹമായ പുനരധിവാസം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ ഉത്തരവാദിത്തം. നിയമത്തിന്റെ കര്‍ക്കശമായ നടപ്പാക്കലുകള്‍ക്കൊപ്പം പാവപ്പെട്ടവന്റെ ജീവിക്കാനുള്ള അവകാശത്തെക്കൂടി സംരക്ഷിക്കുന്ന ഒരു മധ്യവര്‍ത്തി നിലപാടിലൂടെ മാത്രമേ ഈ വിഷയത്തില്‍ ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താന്‍ സാധിക്കൂ.

SCROLL FOR NEXT