OPINION

മതേതരത്വം വെട്ടിനീക്കുമോ ആര്‍എസ്എസ്?

മതേതരത്വം ഇല്ലാതാക്കുക എന്നാല്‍ മതരാഷ്ട്രം ആവുക എന്നാണര്‍ത്ഥം. കാവിക്കൊടിയേന്തിയ ഭാരതാംബയെ സര്‍ക്കാര്‍ ചടങ്ങില്‍ പൂജിക്കാനുള്ള നീക്കവും ഇതേ വഴിയില്‍ വന്നതാകണം.

Author : അനൂപ് പരമേശ്വരന്‍

ഭരണഘടനയില്‍ ഇനി മതേതരത്വവും സോഷ്യലിസവും വേണോ എന്ന് ആലോചിക്കണം. പറഞ്ഞത് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ആണ്. ഇന്ത്യ ഭരിക്കുന്നത് ബിജെപി ആണെങ്കിലും പിന്നില്‍ ചരട് വലിക്കുന്നത് ആര്‍എസ്എസ് ആണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് ഈ പ്രസ്താവന അതീവ ഗൗരവമുള്ളതാണ്. പ്രധാനമന്ത്രി പറയുന്നതുപോലെ തന്നെ ഒരു നയപ്രഖ്യാപനവുമാണ്. ഇന്ത്യയെ ഇന്നത്തെ രൂപത്തില്‍ നിലനിര്‍ത്തുന്നത് മൂന്നു കാര്യങ്ങളാണ്. മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും. അതില്‍ മതേതരത്വവും സോഷ്യലിസവും എടുത്തുകളഞ്ഞാല്‍ പിന്നെ ജനാധിപത്യം ഒരു പാഴ്വാക്കാകും. എല്ലാ പൗരന്മാര്‍ക്കും തുല്യനീതി എന്ന സങ്കല്‍പമാണ് സോഷ്യലിസം. എല്ലാ മതങ്ങള്‍ക്കുമുള്ള സ്വാതന്ത്ര്യമാണ് മതേതരത്വം. മതേതരത്വം ഇല്ലാതാക്കുക എന്നാല്‍ മതരാഷ്ട്രം ആവുക എന്നാണര്‍ത്ഥം. കാവിക്കൊടിയേന്തിയ ഭാരതാംബയെ സര്‍ക്കാര്‍ ചടങ്ങില്‍ പൂജിക്കാനുള്ള നീക്കവും ഇതേ വഴിയില്‍ വന്നതാകണം.

മതേതരത്വം വെട്ടിനീക്കുമോ ആര്‍എസ്എസ്?

ഇന്ത്യയില്‍ ദേശീയ ഭാഷയും ദേശീയ പുഷ്പവും ദേശീയ മൃഗവും ദേശീയ വൃക്ഷവുമൊക്കെയുണ്ട്. പക്ഷേ ഒരു സ്റ്റേറ്റ് റിലീജിയന്‍ ഇല്ല. അതായത് ദേശീയ മതം ഇല്ല. അതാണ് നെഹ്‌റുവും അംബേദ്കറും വിഭാവന ചെയ്ത വിശാലമായ ഇന്ത്യ. മത രാഷ്ട്രങ്ങള്‍ക്കും ദേശീയ മതമുള്ള രാഷ്ട്രങ്ങള്‍ക്കുമെല്ലാം ഇന്ത്യയുടെ ബദലായിരുന്നു അത്. ദേശീയമതം ഇല്ലാത്ത രാഷ്ട്രമായ ഇന്ത്യ അതുകൊണ്ടു തന്നെ എല്ലാ അര്‍ത്ഥത്തിലും മതേതരമായിരുന്നു. നെഹ്‌റു തന്നെ എഴുതിയത് വായിക്കുക. മതവും രാഷ്ട്രീയവും കൂടിക്കലരുന്നതിലും വലിയ അപകടം വേറെയില്ല. വര്‍ഗീയതയുടെ രൂപത്തില്‍ അത് വരുന്നതിനെയാണ് നാം ചെറുക്കേണ്ടത്. ഇന്ത്യയുടെ നിലനില്‍പ്പിനു തന്നെ അതു ഭീഷണിയാകും. ഇങ്ങനെ മതേതരത്വ സങ്കല്‍പം ഏറ്റവും വ്യക്തമായി വരച്ചിട്ട് രാജ്യത്തിന് മാതൃക കാണിച്ചയാളാണ് നെഹ്‌റു. നെഹ്‌റു നാസ്തികനായിരുന്നു. ദൈവവിശ്വാസി ആയിരുന്നില്ല. എന്നാല്‍ ഗാന്ധിജി ഭക്തനായിരുന്നു. ഏറ്റവും മതേതരത്വത്തോടെ ദൈവവിശ്വാസിയായി എങ്ങനെ നിലനില്‍ക്കാം എന്നു പഠിപ്പിച്ചത് ഗാന്ധിജിയാണ്. ഇന്ത്യയിലെ വിശ്വാസികളായ ലക്ഷങ്ങള്‍ മാതൃകയാക്കിയതും ഗാന്ധിജിയെയാണ്. ഹേ റാം എന്നു വിളിക്കുമ്പോഴും ഹേ റഹിം എന്നുകൂടി അതിന് അര്‍ത്ഥമുണ്ടായിരുന്നു. ഇന്ത്യ സ്വതന്ത്ര്യം നേടുമ്പോള്‍ ആ ആഘോഷങ്ങള്‍ക്കൊന്നും നില്‍ക്കാതെ ബംഗാളിലേക്കു ഗാന്ധിജി പോയത് അതുകൊണ്ടാണ്. അവിടെ കലഹിക്കുന്ന ജനവിഭാഗങ്ങള്‍ക്കു നടുവില്‍ ഒരു വന്‍മതിലായി പ്രാര്‍ത്ഥനയുടെ അകമ്പടിയോടെയാണ് നിന്നത്. ഗാന്ധിജിയുടെ ആ പ്രാര്‍ത്ഥനയെ മറ്റു മതവിഭാഗങ്ങള്‍ സംശയത്തോടെ നോക്കിയതുമില്ല. സ്വന്തം മതത്തില്‍ നിന്നു തന്നെയാണ് ഗാന്ധിജിക്ക് ഭീഷണിയുണ്ടായത്. സ്വന്തം മതവിഭാഗക്കാര്‍ തന്നെയാണ് ഗാന്ധിജിയെ ഇല്ലാതാക്കിയതും.

സര്‍ക്കാരിനു ബാധകമായ നയം!

ബിജെപി രാജ്യം ഭരിക്കുമ്പോള്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി പറയുന്നത് ആ സര്‍ക്കാരിനെ ബാധിക്കുന്ന നയമാണ്. മതേതരത്വത്തിനെതിരേ ആര്‍എസ്എസ് നിലയുറപ്പിച്ചത് ഇന്നോ ഇന്നലെയോ അല്ല. ഇന്ത്യ ഹിന്ദുരാഷ്ട്രമാകണമെന്ന് സ്വാതന്ത്ര്യത്തിനു മുന്‍പ് പറയാന്‍ തുടങ്ങിയതാണ്. അന്നൊന്നും അത് രാജ്യത്തെ ബാധിക്കുന്ന കാര്യമായിരുന്നില്ല. എന്തുകൊണ്ടെന്നാല്‍ രാജ്യം ഭരിച്ചിരുന്നത് മതേതരത്വത്തിലും സോഷ്യലിസത്തിലും വിശ്വാസമുള്ളവരായിരുന്നു. ആര്‍എസ്എസ് ആണെങ്കില്‍ അക്കാലത്തെല്ലാം നിരോധനം നേരിടുന്നത് പതിവാക്കിയിരുന്ന സംഘടനയും. ഇന്ത്യയുടെ ഭരണവുമായി ഒരു ബന്ധവുമില്ലാത്ത സംഘടനയായാണ് ആര്‍എസ്എസിനെ കണക്കാക്കിയിരുന്നത്. അതുകൊണ്ടു തന്നെയാണ് അന്നൊക്കെ ആര്‍എസ്എസ് പറഞ്ഞിരുന്നത് ആരും ഗൗരവത്തില്‍ എടുക്കാതിരുന്നത്. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള യോഗത്തിലാണ് ഹൊസബാലെയുടെ പരാമര്‍ശം. ഈ പ്രസ്താവന വരുന്നത് രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് എന്ന ചര്‍ച്ചകള്‍ക്കിടെയാണ്.

അടിയന്തരാവസ്ഥയുടെ ലക്ഷണങ്ങള്‍

അടിയന്തരാവസ്ഥയേക്കാള്‍ കഠിനമാണ് ഇപ്പോഴെന്നാണ് സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറയുന്നത്. മതേതരത്വത്തെ പ്രതിസന്ധിയിലാക്കുന്ന ബില്ലുകള്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി പാസാക്കുന്നു. പല നിര്‍ണായക തീരുമാനങ്ങളും ചര്‍ച്ചയില്ലാതെ ഉത്തരവുകളിലൂടെ നടപ്പാക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സമാന്തര ഭരണം നടത്തുന്നു. പ്രതിപക്ഷ സര്‍ക്കാരുകള്‍ പാസാക്കുന്ന ബില്ലുകളൊക്കെ തടഞ്ഞുവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നു. വിമര്‍ശിക്കുന്ന പാര്‍ട്ടികളേയും നേതാക്കളേയും ഇഡിയേയും സിബിഐയേയും ഉപയോഗിച്ച് വേട്ടയാടുന്നു. വിമര്‍ശിക്കുന്ന മാധ്യമങ്ങളുടെ നിലനില്‍പ് അപകടത്തിലാക്കുന്നു. ഇങ്ങനെ അനേകം ഉദാഹരണങ്ങളാണ് അടിയന്തരാവസ്ഥയാണെന്നു വാദിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഡോ. അംബേദ്കര്‍ എഴുതിയ ഭരണഘടനയില്‍ മതേതരത്വവും സോഷ്യലിസവും ഉണ്ടായിരുന്നില്ല. ഇന്ദിരാഗാന്ധിയുടെ കാലത്ത് കൂട്ടിച്ചേര്‍ത്തതാണ് രണ്ടും. പിന്നീടു വന്ന സര്‍ക്കാരുകളൊന്നും അവ എടുത്തുകളഞ്ഞില്ല. അടിയന്തരാവസ്ഥയുടെ ഉത്പന്നങ്ങളായ ആ രണ്ടു വാക്കുകളും ഇനി വേണോ എന്ന് ആലോചിക്കണം. ഇങ്ങനെയാണ് ഹൊസബലെ പറഞ്ഞത്. മതേതരത്വം എഴുതിചേര്‍ക്കാതിരുന്നതിന് ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ. രാജ്യത്തെ മതേതരത്വം ഇങ്ങനെ അപകടത്തിലാകുമെന്ന ധാരണ ഉണ്ടായിരുന്നില്ല.

നെഹ്‌റുവും അംബേദ്കറും കരുതിയ ഇന്ത്യ

നെഹ്‌റുവും അംബേദ്കറും കര്‍ക്കശക്കാരായ മതേതരത്വ വാദികളായിരുന്നു. എന്നാല്‍ മതവും രാഷ്ട്രീയവും കൂടിക്കലര്‍ന്നു കിടക്കുന്ന ഇന്ത്യയില്‍ അവയെ നിയമപരമായി വേര്‍പെടുത്താനാവില്ലെന്ന് ഇരുവരും കരുതി. അങ്ങനെ വേര്‍പെടുത്തിയാല്‍ വലിയ ഏറ്റുമുട്ടലുകള്‍ക്കു വഴിവയ്ക്കുമെന്ന് അവര്‍ കണക്കുകൂട്ടി. അതൊഴിവാക്കാന്‍ മാത്രമാണ് ഭരണഘടനയില്‍ മതേതരത്വം എന്ന വാക്ക് ഉപയോഗിക്കാതിരുന്നത്. പാകിസ്താന്‍ മുസ്ലിം രാഷ്ട്രമായപ്പോള്‍ ഇന്ത്യ എല്ലാവര്‍ക്കുമുള്ള ജനാധിപത്യ രാജ്യമായാണ് വിഭാവന ചെയ്തത്. എന്നാല്‍ പിന്നീട് ഹിന്ദുരാഷ്ട്രത്തിനായുള്ള മുറവിളി ശക്തമായപ്പോഴാണ് ഇന്ദിരാഗാന്ധിയുടെ കാലത്ത് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയത്. അടിയന്തരാവസ്ഥകാലത്തെ ഏക നന്മ എന്ന് ആ തീരുമാനത്തെ വിശേഷിപ്പിക്കുന്നതും അതുകൊണ്ടായിരുന്നു. നന്മയും സത്യസന്ധതയും ഒക്കെപ്പോലെ മതേതരത്വവും എല്ലാവരിലും ഉള്‍ച്ചേരേണ്ട ഗുണമായിട്ടാണ് നെഹ്‌റുവും അംബേദ്കറും കണ്ടത്. അത് നിയമംമൂലം അടിച്ചേല്‍പ്പിക്കേണ്ട ഒന്നായി കണ്ടില്ല. മാനവികതയോടെ പെരുമാറണം എന്ന് മനുഷ്യനോട് പറയേണ്ടതില്ല എന്നാണ് വയ്പ്. മനുഷ്യനില്‍ നിന്നു പ്രതീക്ഷിക്കുന്നതു മാനവികതയാണ്. അങ്ങനെയൊരു മൂല്യമായാണ് മതേതരത്വത്തെ നെഹ്‌റുവും അംബേദ്കറും കണ്ടത്. എന്നാല്‍ ആ നന്മയെ ഇല്ലാതാക്കി മതത്തെ പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങള്‍ വ്യാപകമായപ്പോഴാണ് മറിച്ചൊരു ചിന്ത ഉടലെടുത്തത്.

കൂടുതല്‍ വിശാലമായ മതേതരത്വം

മതത്തെ ബഹുമാനിച്ചുകൊണ്ടു തന്നെ മതേതരത്വം സാധ്യമാണ് എന്ന നിലപാടുകാരായിരുന്നു നെഹ്‌റുവും അംബേദ്കറും. സാമൂഹിക ക്ഷേമ പദ്ധതികളിലൂടെ വര്‍ഗീയതയെ ഇല്ലായ്മ ചെയ്യാം എന്ന് നെഹ്‌റു കരുതി. എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒരുപോലെ സഹായങ്ങള്‍ കിട്ടുമ്പോള്‍ വര്‍ഗീയതയ്ക്കു സ്ഥാനമില്ലാതെ വരും. മതേതരത്വം അങ്ങനെ അപ്രഖ്യാപിത മൂല്യമായി തന്നെ നിലനില്‍ക്കും. ഹൊസബലെ ചോദിക്കുന്നത് അംബേദ്കര്‍ എഴുതിയ ഭരണഘടനയില്‍ ഇല്ലാത്ത മതേതരത്വം നമുക്കെന്തിനാണ് എന്നാണ്. എഴുതിവയ്ക്കാതെ വിശാലമായ മതേതരത്വമാണ് അംബേദ്കര്‍ സൃഷ്ടിച്ചത്. ഇപ്പോള്‍ ഹിന്ദുരാഷ്ട്രത്തിനായി വാദിക്കുന്നവരാണ് മതേതരത്വം വേണ്ട എന്നു പറയുന്നത്. അതാണ് അപകടകരം. മതേതരത്വം ഒഴിവാക്കുക എന്നാല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്നാണര്‍ത്ഥം. 78 വര്‍ഷത്തെ നമ്മുടെ അതിജീവനം തന്നെയാണ് അതോടെ പ്രതിസന്ധിയിലാകുന്നത്. അറിഞ്ഞുകൊണ്ടു ചെയ്യുന്ന ചില തെറ്റുകള്‍ ഒരിക്കലും പൊറുക്കാത്ത മുറിവുകളായി മാറും. അത് എല്ലാവരും ഓര്‍ത്തിരിക്കുന്നത് നന്ന്.

SCROLL FOR NEXT