സ്പോട്ട്ലൈറ്റ്  News Malayalam 24x7
OPINION

SPOTLIGHT | സ്വാതന്ത്ര്യ ദിനത്തെ ശുദ്ധ വെജിറ്റേറിന്‍ ആക്കുമ്പോള്‍

രാജ്യം സ്വതന്ത്രയായ ദിവസം ആഗ്രഹിക്കുന്നതെല്ലാം കഴിച്ച് ജനത സന്തോഷത്തോടെ ജീവിക്കേണ്ടതാണ്

Author : അനൂപ് പരമേശ്വരന്‍

ഒരിക്കലും സംഭവിക്കരുത് എന്ന് ആഗ്രഹിച്ചതൊക്കെ ഇന്ത്യയില്‍ നടക്കുകയാണ്. സ്വാതന്ത്ര്യ ദിനത്തില്‍ മാംസഭക്ഷണം സമ്പൂര്‍ണമായി നിരോധിക്കുകയാണ് മഹാരാഷ്ട്രയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. ഏകാദശിക്കും അഷ്ടമിക്കും നവമിക്കുമൊക്കെ മതപരമായ വികാരം പറഞ്ഞ് മുന്‍പ് നിരോധനം പതിവുണ്ട്. സ്വാതന്ത്ര്യ ദിനത്തെക്കൂടി വെജിറ്റേറിയനാക്കുന്നത് പക്ഷേ, എല്ലാ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറത്താണ്. രാജ്യം സ്വതന്ത്രയായ ദിവസം ആഗ്രഹിക്കുന്നതെല്ലാം കഴിച്ച് ജനത സന്തോഷത്തോടെ ജീവിക്കേണ്ടതാണ്. അതിനുപകരം ഭക്ഷണ സ്വാതന്ത്ര്യം എടുത്തുകളയുകയാണ് മഹാരാഷ്ട്രയിലെ കല്യാണും മലേഗാവും സംഭാജി നഗറും ജല്‍ഗാവും നാഗ്പൂരുമൊക്കെ. സ്വാതന്ത്ര്യ ദിനത്തെ മതപരവും ആചാരപരവുമായ ഒരു ദിനമാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. സ്വാതന്ത്ര്യത്തെക്കുറിച്ചും റിപ്പബ്ലിക്കിനെക്കുറിച്ചുമുള്ള എല്ലാ സ്വപ്നങ്ങളുമാണ് ഇവിടെ തകര്‍ന്നടിയുന്നത്. നാനാജാതി മതസ്ഥര്‍ ജീവിക്കുന്ന രാജ്യത്ത് ഹിന്ദുമതത്തിന്റെ ചിട്ടകള്‍ മാത്രം അടിച്ചേല്‍പ്പിക്കുകയാണ്. അതും സ്വാതന്ത്ര്യ ദിനം പോലെ ജനതയ്‌ക്കെല്ലാം ഏറ്റവും പ്രിയപ്പെട്ട ഒരു ദിവസത്തില്‍.

സ്വാതന്ത്ര്യ ദിനത്തെ ശുദ്ധ വെജിറ്റേറിന്‍ ആക്കുമ്പോള്‍

ആരുടെ വികാരം വ്രണപ്പെട്ടിട്ടാണ് സ്വാതന്ത്ര്യ ദിനത്തെ വെജിറ്റേറിയനാക്കുന്നത്? ഗാന്ധിജയന്തിക്ക് മദ്യവില്‍പന നിരോധിക്കുന്നതുപോലെയാണോ സ്വാതന്ത്ര്യ ദിനത്തില്‍ മാംസവില്‍പന തടയുന്നത്? രണ്ടും തമ്മിലുള്ള അജഗജാന്തര വ്യത്യാസം മഹാരാഷ്ട്ര മുഖ്യമന്ത്രിക്കു മനസ്സിലാകാത്തതാണോ. മനസ്സിലായില്ല എന്നു നടിക്കുന്നതാണോ? മഹാരാഷ്ട്രയില്‍ 1988ല്‍ ഇറങ്ങിയ ഒരു സര്‍ക്കാര്‍ ഉത്തരവില്‍ മാസം വില്‍പന തടയണം എന്ന നിര്‍ദേശമുണ്ടായിരുന്നു. അതുപക്ഷേ, ഒരുകാലത്തും നിര്‍ബന്ധപൂര്‍വം നടപ്പാക്കിയിരുന്നില്ല. ഈ വര്‍ഷമാണ് വിവിധ നഗരസഭകള്‍ അത് ഏറ്റെടുത്തതും കടകളെല്ലാം പൂട്ടാന്‍ ഉത്തരവിട്ടതും. ഒരു ദിവസത്തേക്കു വേണ്ടിയാണെങ്കില്‍ പോലും ഭക്ഷണ ശീലങ്ങളില്‍ കൈകടത്താന്‍ സര്‍ക്കാരിന് കഴിയുമോ? നൊബേല്‍ ജേത്രി ഹാന്‍ കാങ്ങിന്റെ വെജിറ്റേറിയന്‍ എന്ന നോവലുണ്ട്. ഒരു സ്വപ്നത്തെ തുടര്‍ന്ന് സ്വയം വെജിറ്റേറിയനാണെന്നു പ്രഖ്യാപിക്കുന്ന വീട്ടമ്മയുടെ കഥയാണത്. സ്വയം വെജിറ്റേറിയനാണെന്നു പ്രഖ്യാപിക്കുക മാത്രമല്ല വീട്ടില്‍ ഒരിക്കലും നോണ്‍വെജിറ്റേറിയന്‍ കയറ്റാനും പാടില്ലെന്നും തീരുമാനിക്കുകയാണ്. ആ തീരുമാനം കുടുംബബന്ധങ്ങളിലുണ്ടാക്കുന്ന ഉലച്ചില്‍ വലിയ വലിയ രാഷ്ട്രങ്ങളിലെ ഏകാധിപതിമാരുടെ സ്വഭാവ വിശേഷങ്ങളിലേക്കു വരെ വിരല്‍ ചൂണ്ടുന്നുണ്ട്. അതിനു സമാനമാണ് സ്വാതന്ത്ര്യ ദിനത്തില്‍ ഇനിയാരും നോണ്‍വെജിറ്റേറിയന്‍ കഴിക്കരുത് എന്ന ഉത്തരവ്. മനുഷ്യജന്മത്തിന്റെ ഏറ്റവും സഹജമായ സ്വാതന്ത്ര്യമാണ് ഭക്ഷണ സ്വാതന്ത്ര്യം. ഇഷ്ടമുള്ളതെന്തും കഴിക്കാനും ഇഷ്ടമുള്ളത് മാത്രം കഴിക്കാനും ജീവികളായി പിറന്നവര്‍ക്കു ലഭിക്കുന്ന അവകാശമാണത്. കടുവയും സിഹവും മാംസം മാത്രം കഴിക്കുകയും ആനയും കാണ്ടാമൃഗവും സസ്യഭക്ഷണം മാത്രം കഴിക്കുകയും ചെയ്യുന്നത് ഈ ശീലത്തിന്റെ ഭാഗമാണ്. അത്തരമൊരു സ്വാതന്ത്ര്യമാണ് മഹാരാഷ്ട്രയിലെ ബഹുഭൂരിപക്ഷം ജനതയ്ക്കും അടിയറ വയ്‌ക്കേണ്ടി വരുന്നത്.

ഭക്ഷണ സ്വാതന്ത്ര്യം ഇല്ലാതാകുമ്പോള്‍

നമുക്കുള്ളതു സ്വാതന്ത്ര്യ ദിനാചരണം അല്ല. സ്വാതന്ത്ര്യ ദിനാഘോഷമാണ്. അതൊരു സെലിബ്രേഷനാണ്. ആഘോഷിക്കലാണ്. നമുക്ക് ഉത്സവം തന്നെയാണ്. ആ ദിനത്തില്‍ എന്തുകഴിക്കണമെന്നും പാടില്ലെന്നും നഗരസഭകള്‍ തീരുമാനിക്കുന്നതാണ് ഏറ്റവും അസ്വാഭാവികമായ കാര്യം. ഏകാദശിക്കും മഹാവീര്‍ ജയന്തിക്കുമൊക്കെ അങ്ങനെ വ്രതമെടുക്കുന്നവര്‍ക്ക് വെജിറ്റേറിയനാകാം. അല്ലാതെ അതിന്റെ പേരില്‍ മുഴുവന്‍ ജനതയും വെജിറ്റേറിയന്‍ ആകേണ്ടതില്ല. ശബരിമല മണ്ഡലകാലത്ത് കേരളത്തില്‍ മാംസഭക്ഷണം ആരും കഴിക്കരുത് എന്ന് പറയാന്‍ കഴിയില്ല. റമദാനില്‍ നോമ്പെടുക്കുന്നത് ഇസ്ലാമിക വിശ്വാസികള്‍ മാത്രമാണ്. പീഡാനുഭവ സ്മരണയില്‍ നോമ്പെടുക്കുന്നത് ക്രൈസ്തവര്‍ മാത്രമാണ്. അത്തരം ചിട്ടകളൊക്കെ അതത് ആളുകള്‍ക്കു മാത്രമാണ് ബാധകമാകുന്നത്. സ്വാതന്ത്ര്യ ദിനത്തിന് മതപരമായോ വിശ്വാസപരമായോ ഒരു പ്രാധാന്യവുമില്ല. സ്വാതന്ത്ര്യം വിശ്വാസമല്ല, ഒരു സത്യമാണ്. ആ സത്യത്തെയാണ് ആഘോഷിക്കുന്നത്. അതിന് വിഘാതമായി ഒരു തരത്തിലുള്ള ചിട്ടകളും വരാന്‍ പാടുള്ളതല്ല. അല്ലെങ്കില്‍ തന്നെ സ്വാതന്ത്ര്യ ദിനത്തില്‍ മാംസഭക്ഷണം നിരോധിച്ച് എന്തുസന്ദേശമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ രാജ്യമെങ്ങും വ്യാപിപ്പിക്കാന്‍ നോക്കുന്ന ഭാരത് മാതാ സങ്കല്‍പമുണ്ട്. കാവിക്കൊടിയേന്തിയ, അനുഗമിക്കാന്‍ സിംഹമുള്ള ഭാരത് മാതാവാണത്. ഇന്ത്യയുടെ ജനാധിപത്യവുമായോ സ്വാതന്ത്ര്യവുമായോ ആ ഭാരത് മാതാവിന് ഒരു ബന്ധവുമില്ല . ആര്‍എസ്എസ് ശാഖകളില്‍ പീഠത്തിലിരുത്തി ആരാധിക്കുന്നത് ഈ രൂപത്തെയാണ്. ഇത് ആരാധനാ മൂര്‍ത്തിയാക്കി മാറ്റുന്നത് ആര്‍എസ്എസ് താല്‍പര്യം നടത്താന്‍ മാത്രമാണ്.

ഭാരത് മാതാവും വെജിറ്റേറിയനിസവും

ഭാരത് മാതാ ആരാധനമൂര്‍ത്തിയാകുന്നതുപോലെയാണ് സ്വാതന്ത്ര്യ ദിനത്തെ വെജിറ്റേറിയന്‍ ദിനമാക്കുന്നതും. 142 കോടി പിന്നിട്ട ഈ ജനസഞ്ചയത്തില്‍ 70 ശതമാനത്തിലധികവും നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരാണ്. വെറും 30 ശതമാനത്തിന്റെ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് അവര്‍കൂടി വെജിറ്റേറിയന്‍ ആകേണ്ടി വരുന്നത്. ഈ കണക്കുപോലും ശരിയല്ലെന്നാണ് വിശദമായ പഠനം നടത്തിയ ആന്ത്രോപ്പോളജിസ്റ്റ് ബാലമുരളി നടരാജന്‍ പറയുന്നത്. സമ്മര്‍ദ്ദത്തിന്റെ ഫലമായി പെരുപ്പിച്ചു കാണിക്കുന്നതാണ് 30 ശതമാനമൊക്കെ വെജിറ്റേറിയന്‍ ആണെന്ന വാദമെന്നാണ് ബാലമുരളിയുടെ പഠനത്തില്‍ തെളിഞ്ഞത്. 20 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ വെജിറ്റേറിയന്‍ ആയി ഇന്ത്യയില്‍ ഉണ്ടാകില്ലെന്നാണ് ബാലമുരളി വാദിക്കുന്നത്. മറ്റു ചില പഠനങ്ങളില്‍ വെജിറ്റേറിയന്‍ മാത്രം കഴിക്കുന്നവര്‍ 10 ശതമാനം പോലും ഉണ്ടാകില്ല എന്നും പറയുന്നു. അങ്ങനെ വന്നാല്‍ ജനസംഖ്യയുടെ 80-90 ശതമാനത്തെയും അവഗണിച്ചുകൊണ്ടാണ് ഇത്തരം വെജിറ്റേറിയന്‍ ഉത്തരവുകള്‍ പുറത്തുവരുന്നത്. തന്നെയുമല്ല, ഉയര്‍ന്ന വരുമാനക്കാരായ കുറെ ആളുകളുടെ വീടുകള്‍ മാത്രമാണ് പൂര്‍ണ വെജിറ്റേറിയനായി കണ്ടെത്താനും കഴിഞ്ഞിട്ടുള്ളു. താഴെത്തട്ടിലുള്ളവര്‍ ഏതാണ്ടു പൂര്‍ണമായും നോണ്‍ വെജിറ്റേറിയന്‍ ഇഷ്ടപ്പെടുന്നവരാണ്. ദരിദ്രവിഭാഗത്തിന് നിലനില്‍പിനാവശ്യമായ ഊര്‍ജം നല്‍കുന്നത് മാംസഭക്ഷണമാണ്. വലിയ നഗരങ്ങളില്‍ മുംബൈയില്‍ 18 ശതമാനവും ചെന്നൈയില്‍ ആറു ശതമാനവും കൊല്‍ക്കൊത്തയില്‍ നാലു ശതമാനവും മാത്രമാണ് വെജിറ്റേറിയന്‍ കഴിക്കുന്നവരുള്ളത്. വെജിറ്റേറിയന്‍മാര്‍ നിറയെ ഉണ്ടെന്നു രേഖപ്പെടുത്തിയിട്ടുള്ള ഡല്‍ഹിയില്‍ പോലും അവരുടെ എണ്ണം 30 ശതമാനത്തില്‍ കൂടുതലില്ല എന്നാണ് നാഷനല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പറയുന്നത്.

നിരോധിക്കപ്പെട്ട ബീഫ് തേടിപ്പോകുന്നവര്‍

നിരോധിക്കപ്പെട്ട സംസ്ഥാനങ്ങളില്‍ പോലും ബീഫ് തേടിപ്പോകുന്നവരുണ്ട്. അവര്‍ക്കത് ലഭിക്കുന്നുമുണ്ട്. ഇന്ത്യയുടെ സംസ്‌കാരത്തില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം അത്രയേറെ ഇഴുകി ചേര്‍ന്നതാണ്. അങ്ങനെ ജീവന്റെ ഭാഗമായ മാംസഭക്ഷണത്തെ സ്വാതന്ത്ര്യ ദിനത്തില്‍ ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നതിലും വലിയ കളങ്കം വേറേയില്ല. മഹാപാപം എന്നു വിളിക്കേണ്ടത് ഇത്തരം പ്രവൃത്തികളെയാണ്. ഇപ്പോള്‍ മഹാരാഷ്ട്രയിലെ ചില നഗരങ്ങളിലും ഹൈദരാബാദിലുമൊക്കെ വന്നുകഴിഞ്ഞ ഈ ഉത്തരവ് ഭാവിയില്‍ രാജ്യം മുഴുവന്‍ എത്തിയേക്കും. അതോടെ ഒരു ജനത ലോകത്തിനു മുന്നില്‍ അപഹാസ്യരാവുകയാണ് അക്ഷരാര്‍ത്ഥത്തില്‍ ചെയ്യുന്നത്. നമ്മള്‍ ബ്രട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത് സ്വദേശീയമായ വസ്ത്രം ധരിക്കുന്നതിനും സ്വദേശീയമായ ഭക്ഷണം കഴിക്കുന്നതിനുമാണ്. ആ പരമമായ സ്വാതന്ത്ര്യത്തേയാണ് ജനതയ്ക്ക് അടിയറ വയ്‌ക്കേണ്ടി വരുന്നത്. സ്വാതന്ത്ര്യദിനത്തെ പച്ചക്കറിയാക്കുന്നതിലും ഭേദം ജനതയോട് പട്ടിണികിടക്കാന്‍ പറയുന്നതാണ്.

SCROLL FOR NEXT