സ്പോട്ട്ലൈറ്റ്  
OPINION

SPOTLIGHT | വോട്ട് ചേര്‍ത്തും വോട്ട് ചോര്‍ത്തിയും ജയിക്കുന്നവര്‍

ഓരോ ദിവസം കഴിയുന്തോറും വോട്ട് ചോരിയിലും വോട്ട് ചേര്‍ക്കലിലും പ്രശ്‌നസങ്കീര്‍ണമായ വിവരങ്ങളാണ് പുറത്തുവരുന്നത്. ആദ്യം ജനങ്ങളുടെ സംശയങ്ങള്‍ നീങ്ങട്ടെ. എന്നിട്ടാകാം വോട്ടെടുപ്പ്

Author : അനൂപ് പരമേശ്വരന്‍

വോട്ട് ചോരിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ ഒരു പ്രസ്താവനയുണ്ട്. മഹാരാഷ്ട്രയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനുമിടെയുള്ള അഞ്ചുമാസത്തില്‍ എഴുപത് ലക്ഷം വോട്ടുകള്‍ കൂടി എന്നായിരുന്നു അത്. ആ കൂടിയ വോട്ടെല്ലാം ബിജെപിക്കാണ് ലഭിച്ചത് എന്നുമായിരുന്നു രാഹുല്‍ ആരോപിച്ചത്. അതിന്റെ സത്യാവസ്ഥ ഇപ്പോള്‍ പുറത്തുകൊണ്ടുവരികയാണ് വിവിധ അന്വേഷണാത്മക ന്യൂസ് പോര്‍ട്ടലുകള്‍. 69 ലക്ഷത്തി ഒന്‍പതിനായിരത്തി അറുപത്തിനാല് വോട്ടുകളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും ഇടയില്‍ മഹാരാഷ്ട്രയില്‍ കൂടിയത്. ഈ അഞ്ചു മാസത്തിനിടെ എന്‍ഡിഎയ്ക്ക് കൂടിയിരിക്കുന്ന വോട്ടുകളുടെ എണ്ണം 67 ലക്ഷത്തി അറുപത്തിയോരായിരത്തി എണ്ണൂറ്റിയൊന്ന് വോട്ടും. നിയമസഭയിലേക്കും ലോക്‌സഭയിലേക്കും തീര്‍ത്തും ഭിന്നമായ വിധികള്‍ വരാറുണ്ട്. കേരളമാണ് അതിനൊരു ഉദാഹരണം. 2019ല്‍ 19 സീറ്റും യുഡിഎഫ് നേടിയെങ്കില്‍ 2021ല്‍ 99 സീറ്റുമായി എല്‍ഡിഎഫ് അധികാരത്തില്‍ വന്നു. പക്ഷേ, അതുപോലെയല്ല നാലു മാസത്തിനിടെ നടന്ന രണ്ടു തെരഞ്ഞെടുപ്പുകള്‍ക്കിടെ 69 ലക്ഷം വോട്ടുകള്‍ കൂടുന്നത്.

വോട്ട് ചേര്‍ത്തും വോട്ട് ചോര്‍ത്തിയും ജയിക്കുന്നവര്‍

ഇപ്പോള്‍ വിവാദമായിരിക്കുന്ന ബിഹാറിലേക്ക് ഒന്നു പോകാം. അവിടെ വോട്ട് ചേര്‍ക്കലല്ല, വോട്ട് ഒഴിവാക്കലാണ് നടപ്പാക്കിയിരിക്കുന്നത്. പറ്റ്‌ന, മധുബനി, കിഴക്കന്‍ ചമ്പാരന്‍. ഈ മൂന്നു ജില്ലകള്‍ മാത്രമെടുത്താല്‍ തന്നെ 10.63 ലക്ഷം വോട്ടുകളാണ് വെട്ടിമാറ്റിയിരിക്കുന്നത്. സംസ്ഥാനത്ത് മൊത്തം വെട്ടിമാറ്റിയ 65 ലക്ഷം വോട്ടുകളില്‍ 16 ശതമാനവും ഈ മൂന്നു ജില്ലകളിലാണ്. ആകെ 38 ജില്ലകളുള്ള ബിഹാറിലെ വെറും മൂന്നു ജില്ലകളുടെ മാത്രം സ്ഥിതിയാണിത്. ആകെ 243 സീറ്റുകളുള്ള ബിഹാറില്‍ 36 സീറ്റുകള്‍ ഈ മൂന്നു ജില്ലകളിലുമായാണ്. വെട്ടിമാറ്റിയിരിക്കുന്നതില്‍ 54 ശതമാനവും സ്ത്രീ വോട്ടുകളുമാണ്. ഈ വെട്ടിമാറ്റിയ വോട്ടുകളുടെ എണ്ണം തന്നെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇവിടെ ഉണ്ടായ ആകെ ഭൂരിപക്ഷവും. എല്ലാസ്ഥാനാര്‍ത്ഥികള്‍ക്കുമായി 10.5 ലക്ഷം ഭൂരിപക്ഷം കിട്ടിയ മൂന്നു ജില്ലകളില്‍ അത്രയും വോട്ടുകള്‍ തന്നെയാണ് വെട്ടിമാറ്റിയിരിക്കുന്നത്. ഇതോടെ ഫലം മാറിമറിയും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. ഇനി ഇതിൻ്റെ ഏറ്റവും ഗുരുതരമായ പ്രശ്‌നം കൂടി പറയാം. ഈ വെട്ടിമാറ്റിയിരിക്കുന്ന വോട്ടുകളില്‍ ബഹുഭൂരിപക്ഷവും മുസ്ലിം വോട്ടുകളാണ്. ശേഷിക്കുന്നവ ദളിത് വോട്ടുകളും. ബിജെപിയും ജെഡിയുവും ഇപ്പോള്‍ ഏറ്റവും വലിയ തിരിച്ചടി ഭയക്കുന്ന മൂന്നു ജില്ലകള്‍ കൂടിയാണ് ഇത്. അവിടെയാണ് 10 ലക്ഷത്തിലധികം വോട്ടുകള്‍ വെട്ടിമാറ്റിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ആരോപണം വോട്ട് ചേര്‍ക്കലാണെങ്കില്‍ ബിഹാറില്‍ വോട്ട് ചോര്‍ത്തലാണ്.

10 ലക്ഷത്തിലധികം വോട്ടുകള്‍ വെട്ടിമാറ്റിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ആരോപണം വോട്ട് ചേര്‍ക്കലാണെങ്കില്‍ ബിഹാറില്‍ വോട്ട് ചോര്‍ത്തലാണ്.

ബിഹാറിലെ വോട്ട് ചോര്‍ത്തല്‍

സ്ഥിരമായി താമസം മാറ്റി എന്നു കാണിച്ചാണ് 3,90,365 വോട്ടുകള്‍ ഈ മൂന്നു ജില്ലകളിലായി വെട്ടിമാറ്റിയത്. അവരെല്ലാവരും അതത് വീടുകളില്‍ തന്നെ പതിറ്റാണ്ടുകളായി താമസിക്കുന്നവരാണ്. 3,42,430 വോട്ടുകള്‍ വെട്ടിമാറ്റിയത് മരിച്ചു എന്നു ചൂണ്ടിക്കാണിച്ചാണ്. മൊത്തം വെട്ടിമാറ്റിയതിൻ്റെ 32 ശതമാനം വരുമിത്. ഇവരില്‍ ബഹുഭൂരിപക്ഷവും ജീവിച്ചിരിക്കുന്നവരാണ്. ഒരു പഞ്ചായത്തില്‍ മാത്രം നടത്തിയ സര്‍വേയില്‍ മരിച്ചു എന്നു കാണിച്ച് വെട്ടിമാറ്റിയതില്‍ 72 ശതമാനവും ജീവിച്ചിരിക്കുന്നവരാണെന്ന് കണ്ടെത്തി. കാണാനില്ല അഥവാ ഹാജരായില്ല എന്ന പേരില്‍ വെട്ടിമാറ്റിയിരിക്കുന്നത് 2,25,241 വോട്ടാണ്. തെളിവെടുപ്പിന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എത്തിയപ്പോള്‍ കാണ്ടെത്താനാകാത്ത വോട്ടര്‍മാര്‍ എന്നാണ് വിവക്ഷ. ഇവരെല്ലാവരും അതത് സ്ഥലങ്ങളില്‍ തന്നെയുണ്ടെന്നാണ് വിവിധ പോര്‍ട്ടലുകളും പാര്‍ട്ടികളും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഒരു ലക്ഷത്തി നാലായിരത്തി നാനൂറ്റി ഇരുപത്തിയാറ് വോട്ട് വെട്ടിമാറ്റിയിരിക്കുന്നത് വോട്ടിരട്ടിപ്പ് എന്നു കാണിച്ചാണ്. ഇവര്‍ക്കാര്‍ക്കും ഇപ്പോള്‍ ഒരിടത്തും വോട്ടില്ല. രണ്ടിടത്ത് വോട്ടര്‍പട്ടികയില്‍ പേരുണ്ടെങ്കില്‍ ഒരെണ്ണം വെട്ടിമാറ്റുന്നതാണ് രീതി. എന്നാല്‍ ഇവരെയെല്ലാം രണ്ടിടത്തു നിന്നും വെട്ടിമാറ്റിയിട്ടുണ്ട്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വലിയ അട്ടിമറിയുണ്ടായി എന്നു പറയുന്നത് ഇക്കാരണങ്ങള്‍ കൊണ്ടാണ്. ഗോപ്യമായി പൗരത്വമില്ലെന്ന പേരില്‍ ഒഴിവാക്കുന്നതിനൊപ്പം സെലക്ടീവ് ഡിലീഷനുമാണ് നടന്നിരിക്കുന്നത്. ബിജെപിയുടെ ഓഫീസില്‍ നിന്നുള്ള പട്ടിക ഉപയോഗിച്ചാണ് വെട്ടിമാറ്റല്‍ നടന്നത് എന്ന് കോണ്‍ഗ്രസും ആര്‍ജെഡിയും ആരോപിക്കുന്നത് ഈ സാഹചര്യത്തിലാണ്. എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയുവിൻ്റെ സ്വാധീന മേഖലകളില്‍ പോലും കാര്യമായ വോട്ട് ചോര്‍ത്തല്‍ നടന്നിട്ടുണ്ട്. ബിജെപിക്കു മാത്രം നേട്ടമുണ്ടാക്കാന്‍ ചെയ്തതാണ് ഇതെന്നാണ് ആരോപണം.

ഒരു ലക്ഷത്തി നാലായിരത്തി നാനൂറ്റി ഇരുപത്തിയാറ് വോട്ട് വെട്ടിമാറ്റിയിരിക്കുന്നത് വോട്ടിരട്ടിപ്പ് എന്നു കാണിച്ചാണ്. ഇവര്‍ക്കാര്‍ക്കും ഇപ്പോള്‍ ഒരിടത്തും വോട്ടില്ല

മഹാരാഷ്ട്രയില്‍ സംഭവിച്ചത്

മഹാരാഷ്ട്രയില്‍ നാലുമാസത്തിനിടെ സംഭവിച്ച വോട്ട് ചേര്‍ക്കലിൻ്റെ വ്യക്തമായ ചിത്രം വിവിധ ന്യൂസ് പോര്‍ട്ടലുകള്‍ പുറത്തുവിട്ടുകഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തത് അഞ്ചു കോടി 71 ലക്ഷത്തി എഴുപത്തിയൊന്‍തിനായിരത്തി ഒരുനൂറ്റിമുപ്പത്തിയൊന്ന് വോട്ടാണ്. നാലുമാസത്തിനു ശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത് ആറു കോടി 40 ലക്ഷത്തി എണ്‍പത്തിയെണ്ണായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റിയഞ്ച് വോട്ടും. രണ്ടും തമ്മിലുള്ള വ്യത്യാസം 69 ലക്ഷത്തിനും അല്‍പം മുകളില്‍. എന്‍ഡിഎയ്ക്കു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയത് രണ്ടുകോടി 43 ലക്ഷത്തി നാല്‍പത്തിയയ്യാരിത്തി മുന്നൂറ്റി നാല്‍പ്പത്തിയഞ്ച് വോട്ട്.

ബിഹാറില്‍ പറഞ്ഞിരുന്നതുപോലെ വെട്ടിമാറ്റിയിരിക്കുന്നത് സമീപകാലത്ത് വോട്ടര്‍മാരായ ചെറുപ്പക്കാരെയല്ല. നാല്‍പ്പതു വയസ്സിനു മുകളിലുള്ളവരാണ് വെട്ടിമാറ്റപ്പെട്ടവരില്‍ 62 ശതമാനവും

ബിജെപിയും ഷിന്‍ഡെയും ശിവസേനയും അജിത് പവാറിൻ്റെ എന്‍സിപിയും ചേര്‍ന്ന് നേടിയ വോട്ടാണ് ഇത്. അഞ്ചു മാസത്തിനു ശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ മൂന്നുകക്ഷികള്‍ക്കും കൂടി കിട്ടിയത് മൂന്നു കോടി 11 ലക്ഷത്തി ഏഴായിരത്തി ഒരുനൂറ്റി നാല്‍പ്പത്തിയാറ് വോട്ട്. അതായത് 67 ലക്ഷത്തിനു മുകളില്‍ വോട്ട്. 69 ലക്ഷം പുതിയ വോട്ടര്‍മാരെ ചേര്‍ത്ത തെരഞ്ഞെടുപ്പില്‍ 67 ലക്ഷം വോട്ട് എന്‍ഡിഎയ്ക്കു കൂടി. അഞ്ചുമാസത്തിനിടെ 69 ലക്ഷം വോട്ടുകള്‍ കൂടുക. എന്‍ഡിഎയ്ക്ക് 67 ലക്ഷം വോട്ടുകളും കൂടുക. പുതിയതായി ചേര്‍ത്ത വോട്ടുകളെല്ലാം എന്‍ഡിഎയ്ക്കാണ് കിട്ടിയത് എന്നു പറയാന്‍ ഇപ്പോള്‍ ഈ കണക്ക് മാത്രമേയുള്ളു. പക്ഷേ, ഈ കണക്ക് തെറ്റാണെന്ന് വാദിക്കാനും നിലവില്‍ തെളിവുകളില്ല.

ബിഹാറില്‍ നടന്നുകൊണ്ടിരിക്കുന്നത്

ബിഹാറില്‍ പറഞ്ഞിരുന്നതുപോലെ വെട്ടിമാറ്റിയിരിക്കുന്നത് സമീപകാലത്ത് വോട്ടര്‍മാരായ ചെറുപ്പക്കാരെയല്ല. നാല്‍പ്പതു വയസ്സിനു മുകളിലുള്ളവരാണ് വെട്ടിമാറ്റപ്പെട്ടവരില്‍ 62 ശതമാനവും. ഏതാണ്ട് മൂന്നില്‍ രണ്ട് വോട്ടര്‍മാരും അഞ്ചുമുതല്‍ പത്തുവരെ തെരഞ്ഞെടുപ്പുകളില്‍ മുന്‍പ് വോട്ട് ചെയ്തിട്ടുള്ളവരാണ്. സ്ഥിരതാമസക്കാരാണ് എന്നു മാത്രമല്ല സ്ഥിരം വോട്ടര്‍മാരുമാണ്. ഇതിലും വിചിത്രമായ ഒരു വിവരം കൂടിയുണ്ട്. വെട്ടിമാറ്റിയ സ്ത്രീവോട്ടുകളില്‍ ഭൂരിപക്ഷത്തിനും കാണിച്ചിരിക്കുന്ന കാരണം താമസം മാറ്റി എന്നാണ്. പുരുഷ വോട്ടുകളില്‍ കൂടുതല്‍ കാണിച്ചിരിക്കുന്ന കാരണം മരിച്ചു എന്നതും. താമസം മാറ്റി എന്നു കാണിച്ചിരിക്കുന്നവരില്‍ ഏറെയും മറ്റുനഗരങ്ങളിലേക്ക് ജോലിക്കു പോയിരിക്കുന്നവരാണ്.

വര്‍ഷത്തില്‍ മൂന്നു മാസം മുതല്‍ ആറുമാസം വരെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ജോലിക്കു പോകുന്നവരാണ് ഇവര്‍. ഇവര്‍ക്കൊന്നും ചെന്നു താമസിക്കുന്ന സ്ഥലങ്ങളില്‍ വോട്ടില്ല. ഇപ്പോള്‍ സ്വന്തം നാട്ടിലെ വോട്ട് നഷ്ടപ്പെടുകയും ചെയ്തു. മൂന്നോ ആറോ മാസം മറ്റു സംസ്ഥാനങ്ങളില്‍ തൊഴിലെടുത്ത ശേഷം കാര്‍ഷിക ജോലികളുടെ സമയത്ത് സ്വന്തം നാട്ടില്‍ ഉണ്ടാകുന്നവരെയാണ് ഇങ്ങനെ നാടുവിട്ടുപോയവരായി കാണിച്ചിരിക്കുന്നത്. ഇവരുടെയൊക്കെ കുടുംബാംഗങ്ങള്‍ ബിഹാറില്‍ തന്നെ താമസിക്കുന്നുമുണ്ട്. ഗൃഹനാഥനെ കണ്ടില്ലെങ്കില്‍ വീട്ടിലുള്ള ഏല്ലാവരുടേയും വോട്ടെങ്ങനെയാണ് റദ്ദാക്കുന്നത് എന്ന ചോദ്യത്തിനും ഉത്തരമില്ല. ഓരോ ദിവസം കഴിയുന്തോറും വോട്ട് ചോരിയിലും വോട്ട് ചേര്‍ക്കലിലും പ്രശ്‌നസങ്കീര്‍ണമായ വിവരങ്ങളാണ് പുറത്തുവരുന്നത്. ആദ്യം ജനങ്ങളുടെ സംശയങ്ങള്‍ നീങ്ങട്ടെ. എന്നിട്ടാകാം വോട്ടെടുപ്പ്.

SCROLL FOR NEXT