സമീപകാലത്തെ ഏറ്റവും അര്‍ത്ഥരഹിതമായ വിവാദമാണ് റാവാഡ ചന്ദശേഖര്‍ ഡിജിപി ആയതുമായി ബന്ധപ്പെട്ടുണ്ടായത്. കൂത്തുപറമ്പു കേസില്‍ സിപിഐഎമ്മിന് മുഖ്യപ്രതി എം.വി. രാഘവനായിരുന്നു. ആ രാഘവന്‍ അവസാന കാലത്ത് സിപിഐഎം സഹയാത്രികനായി. എം വി രാഘവന്റെ മകന്‍ എം.വി. നികേഷ് കുമാര്‍ അഴീക്കോട് സിപിഐഎം സ്ഥാനാര്‍ത്ഥിയായി. ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമാണ്. റാവാഡ ചന്ദ്രശേഖര്‍ പ്രതിപ്പട്ടികയില്‍ വന്നത് തലശ്ശേരി എഎസ്പി എന്ന നിലയിലാണ്. അന്ന് പൊലീസ് സംഘത്തിനു നേതൃത്വം നല്‍കിയ ഡിവൈഎസ്പി ഹക്കിം ബത്തേരി സസ്‌പെന്‍ഷനിലായി. സസ്‌പെന്‍ഷന്‍ കാലത്ത് പെന്‍ഷനായി. പിന്നാലെ ഹൈക്കോടതി ഹക്കീമിന് എതിരായ കേസ് റദ്ദാക്കുകയും ചെയ്തു. ആ ഹക്കിം ബത്തേരി ഇപ്പോഴില്ല. റാവാഡ ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ നടപടി റദ്ദാക്കിയത് സുപ്രീം കോടതിയാണ്. റാവാഡ ചന്ദ്രശേഖര്‍ പിന്നെയും 13 വര്‍ഷം കൂടി കേരള കേഡറില്‍ തുടര്‍ന്നു. 17 വര്‍ഷമായി കേന്ദ്രസര്‍വീസിലുമായിരുന്നു. സത്യത്തില്‍ കൂത്തുപറമ്പ് വെടിവയ്പില്‍ എന്താണ് റാവാഡയുടെ പങ്ക്?
കൂത്തുപറമ്പ് വെടിവയ്പില്‍ റാവാഡയും
സമരംചെയ്യുന്നവര്‍ക്കും അതു പ്രതിരോധിക്കുന്ന പൊലീസിനും എക്കാലത്തേക്കുമുള്ള മുന്നറിയിപ്പാണ് കൂത്തുപറമ്പ് വെടിവയ്പ്പ്. കൂത്തുപറമ്പിലെ സമരം സഹകരണ മെഡിക്കല്‍ കോളജ് സ്വകാര്യവല്‍ക്കരിക്കുന്നതിന് എതിരേയായിരുന്നു. ആ വെടിവയ്പ് നടന്ന് പത്തുവര്‍ഷം തികയും മുന്‍പ് സംസ്ഥാനത്ത് നിരവധി സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ വന്നു. പിന്നെയും പത്തുവര്‍ഷം കൂടി കഴിഞ്ഞതോടെ സര്‍ക്കാര്‍ മേഖലയിലെ മെഡിക്കല്‍ കോളജുകളുടെ എണ്ണത്തെ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ മറികടന്നു. അന്നത്തെ സമരംപോലും അതോടെ അപ്രസക്തമായി. പൊലീസിനും ഗുരുതര വീഴ്ചയുണ്ടായി. പൗരന്മാരുടെ ഒരാള്‍ക്കൂട്ടവും ഭീകരപ്രവര്‍ത്തനത്തിന് ഇറങ്ങില്ല എന്നാണ് പൊലീസ് ആദ്യം മനസ്സിലാക്കേണ്ടത്. അവര്‍ സംഘടിച്ചുവന്നാല്‍ സംസാരത്തിലൂടെ പ്രശ്‌നം പരിഹരിക്കണം. ജനങ്ങളുടെ ജീവന്‍ ബലികഴിച്ച് ഒരു ഭരണാധികാരിയേയും സംരക്ഷിക്കേണ്ട ബാധ്യത പൊലീസിനില്ല. ജനാധിപത്യത്തില്‍ പൗരന്മാര്‍ തന്നെയാണ് പ്രഥമസ്ഥാനത്ത്. ജനങ്ങളുടെ ജീവനും സ്വത്തിനുമാണ് സംരക്ഷണം നല്‍കേണ്ടത്. ആള്‍ക്കൂട്ടം കലാപമുണ്ടാക്കും എന്ന നിലയുള്ളിടത്തേക്ക് മന്ത്രിമാരെ വിടാതിരിക്കുക എന്നതാണ് പൊലീസിന്റെ ജോലി. മന്ത്രിമാരെ തടയാനാകണം പൊലീസ് ബലപ്രയോഗം നടത്തേണ്ടത്. കമ്പും കോലും മാത്രം കയ്യിലേന്തിവരുന്ന യുവാക്കളെ നേരിടാന്‍ വെടിവയ്ക്കുക എന്നതിലും വലിയ തെറ്റ് വേറേയില്ല. ഇത്തരം ഘട്ടങ്ങളില്‍ മന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പൊലീസിനെ പിരിച്ചുവിടുകയാണ് നല്ലത്. പൗരന്മാര്‍ക്കെതിരായ വെടിവയ്പ് തെറ്റല്ലെന്ന നയമാണ് ഇപ്പോഴും റാവാഡ ചന്ദ്രശേഖരിന് ഉള്ളതെങ്കില്‍ സംഗതി കൂടുതല്‍ കടുപ്പമാകും. 31 വര്‍ഷംകൊണ്ട് ആ മനസ്സ് സമാധാന വഴികളിലേക്കു പാകപ്പെട്ടിട്ടുണ്ടാകും എന്ന് തല്‍ക്കാലം ആശ്വസിക്കാം.
കൂത്തുപറമ്പില്‍ എന്തിനു വെടിവച്ചു?
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എം.വി. രാഘവനെ വധിക്കാന്‍ പദ്ധതിയിട്ടതിനാലാണ് വെടിവയ്പ് വേണ്ടിവന്നതെന്നാണ് റാവാഡ ചന്ദ്രശേഖര്‍ തലശ്ശേരി കോടതിയില്‍ മൊഴി നല്‍കിയത്. ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജനെതിരേയും മൊഴിയുണ്ട്. രാഘവനെ പോകാന്‍ അനുവദിക്കില്ലെന്ന് എം.വി. ജയരാജന്‍ ഉള്‍പ്പെടെ പറഞ്ഞു എന്നാണ് റാവാഡ കോടതിയെ അറിയിച്ചത്. വെടിവയ്ക്കാന്‍ നിര്‍ദേശിച്ചത് എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് ആണെന്നും മൊഴിയിലുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരേ എസ്എഫ്‌ഐ ആരംഭിച്ച സമരത്തിന്റെ രണ്ടാം ഘട്ടമായിരുന്നു അത്. സമരം ഡിവൈഎഫ്‌ഐ ഏറ്റെടുത്ത സമയം. മുഴുവന്‍ മന്ത്രിമാരേയും വഴിയില്‍ തടയാനായിരുന്നു ഡിവൈഎഫ്‌ഐ തീരുമാനം. എം.വി. രാഘവനോട് അന്നു വിരോധത്തിന് കൂടുതല്‍ കാരണം ഉണ്ടായിരുന്നു. സിപിഐഎം നിയന്ത്രണത്തിലുണ്ടായിരുന്ന സഹകരണ സംഘങ്ങളില്‍ പലതിനേയും രാഘവനാണ് യുഡിഎഫ് പാളയത്തിലെത്തിച്ചത്. കൂത്തുപറമ്പില്‍ അന്ന് സര്‍വീസ് സഹകരണ ബാങ്കിന്റെ ഉദ്ഘാടനമായിരുന്നു. എന്തു സമരമുണ്ടെങ്കിലും പങ്കെടുക്കുമെന്ന് എം.വി. രാഘവന്‍ പ്രഖ്യാപിച്ചു. വന്നാല്‍ തടയുമെന്ന് ഡിവൈഎഫ്‌ഐയും നിലപാടെടുത്തു. രാവിലെ പത്തുമണിക്കാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എട്ടുമണിക്കു തന്നെ ആയിരത്തിലേറെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ യോഗസ്ഥലത്ത് മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചു. ഇത്തരം ഘട്ടത്തില്‍ മന്ത്രിയും പൊലീസും എന്താണ് ചെയ്യേണ്ടത്?
മന്ത്രിമാര്‍ക്കും വാശി അത്ര നല്ലതല്ല
ഏതു പാര്‍ട്ടിക്കാരാണെങ്കിലും പ്രതിഷേധിക്കുന്നത് നാട്ടിലെ പൗരന്മാരാണെന്ന ബോധം മന്ത്രിക്കും പൊലീസിനും ഉണ്ടാകണം. മന്ത്രി പങ്കെടുക്കരുത് എന്ന് എഎസ്പി റവാഡ ഉള്‍പ്പെടെ റിപ്പോര്‍ട്ട് നല്‍കിയതാണ്. ജില്ലാ പൊലീസും മന്ത്രിയോട് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടു. പങ്കെടുക്കുക തന്നെ ചെയ്യുമെന്നും സുരക്ഷ ഒരുക്കേണ്ടത് പൊലീസ് ആണെന്നും എം.വി. രാഘവന്‍ പ്രഖ്യാപിച്ചു. അതൊരു യുദ്ധപ്രഖ്യാപനമായിരുന്നു. ആള്‍ക്കൂട്ടത്തെ കണ്ട് പിന്മാറിയാല്‍ പിന്നെ ഒരു പരിപാടിയും നടക്കില്ല എന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. അതു ന്യായമാണ് എന്നു തോന്നുമെങ്കിലും യുക്തി എന്നൊരു സംഗതിയുണ്ട്. കൂത്തുപറമ്പിലോ തലശ്ശേരിയിലോ അല്ലാതെ എവിടെ വേണമെങ്കിലും മന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ കേരള പൊലീസിനു കഴിയുമായിരുന്നു. കൂത്തുപറമ്പിലെ ജ്വലിക്കുന്ന യുവാക്കളുടെ മുന്നിലേക്ക് വെല്ലുവിളിയുമായി പോയി നില്‍ക്കേണ്ട നില മന്ത്രി ഒഴിവാക്കുകയായിരുന്നു വേണ്ടിയിരുന്നത്. ഹീറോയിസം കാണിക്കേണ്ടത് കേരള പൊലീസിനെക്കൊണ്ട് ചുടുചോറ് വാരിച്ചല്ല എന്ന് മന്ത്രിമാര്‍ക്കുള്ള മുന്നറിയിപ്പാണ് കൂത്തുപറമ്പ്. അതുപോലെ സമരം ചെയ്യുന്നവര്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും കൂത്തുപറമ്പ് ഓര്‍മിപ്പിക്കുന്നുണ്ട്. മന്ത്രിമാരെ വഴിയില്‍ തടയുക പോലുള്ള സമരമാര്‍ഗങ്ങള്‍ പ്രാകൃതമാണ്. ജനാധിപത്യത്തില്‍ ഗാന്ധിയന്‍ മാര്‍ഗത്തിലുള്ള സമരങ്ങള്‍ മാത്രമാണ് ആശാസ്യം. സത്യഗ്രഹങ്ങളും ഉപവാസങ്ങളുമെല്ലാമുള്‍പ്പെട്ട സഹന സമരങ്ങള്‍ തന്നെയാണ് ആദ്യാവസാനം ഉണ്ടാകേണ്ടത്. കലാപം നടത്തേണ്ട കാലമൊക്കെ എന്നേ കഴിഞ്ഞുപോയി. കലാപങ്ങള്‍കൊണ്ട് രക്തസാക്ഷികള്‍ മാത്രമാണ് ഉണ്ടാകുന്നത്. ആവശ്യങ്ങളൊന്നും നടപ്പാകുന്നില്ല.
റവാഡ എന്ന ഡിജിപി ചെയ്യേണ്ടത്?
കൂത്തുപറമ്പ് വെടിവയ്പ്പ് ഉണ്ടാകുമ്പോള്‍ റവാഡ ചന്ദ്രശേഖര്‍ തീരെ ചെറുപ്പമാണ്. സര്‍വീസില്‍ കയറിയിട്ട് മൂന്നുവര്‍ഷം തികയുന്നതേ ഉണ്ടായിരുന്നുള്ളൂ. പരിചയക്കുറവും പക്വതയില്ലായ്മയും നന്നായി ഉണ്ടായിരുന്നു എന്നര്‍ത്ഥം. അന്നത്തെ റവാഡയല്ല ഇന്ന് ഡിജിപിയായി ചുമതലയേറ്റിരിക്കുന്നത്. രണ്ടുവര്‍ഷത്തെ പൂര്‍ണസര്‍വീസും ബാക്കിയുണ്ട്. ആ റവാഡയില്‍ നിന്ന് എന്താണ് കേരളം ആഗ്രഹിക്കുന്നത്? മനുഷ്യപ്പറ്റുള്ള ഒരു പൊലീസിനെ സൃഷ്ടിക്കാന്‍ റവാഡയ്ക്കു കഴിയുമോ എന്നാണ് ചോദ്യം. ചെന്നു കയറുന്നവരുടെ മുഴുവന്‍ പിതാവിനും മാതാവിനും വിളിച്ചുകൊണ്ടിരുന്ന പൊലീസുകാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. പക്ഷേ, പൊതുജനങ്ങള്‍ക്ക് ഇന്നും പൊലീസ് എന്നു കേട്ടാല്‍ ഭയമാണ്. ഉരുട്ടിക്കൊലകളും ക്രൂരമര്‍ദനങ്ങളും ഇപ്പോഴും സ്റ്റേഷനുകളില്‍ നടക്കുന്നുണ്ട്. സമരം ചെയ്യുന്ന പ്രതിപക്ഷ സംഘടനകളെ ശത്രുക്കളായി കാണുന്ന പൊലീസുമുണ്ട്. പൊലീസ് എന്നാല്‍ മീഡിയേറ്റര്‍മാരാകണം. മധ്യസ്ഥര്‍ എന്ന വാക്കു കേള്‍ക്കുമ്പോള്‍ തന്നെ ചില പൊലീസുകാര്‍ക്ക് കൈകാല്‍ പെരുത്തുവരുന്നുണ്ടാകും. വിചാരണയും വിധിയുമൊക്കെ കോടതികളാണ് നടത്തേണ്ടത്. മുന്നില്‍ക്കിട്ടുന്ന പ്രതിയ്‌ക്കെതിരേ തെളിവുകള്‍ ശേഖരിക്കുന്ന ജോലി മാത്രമാണ് പൊലീസിനു മുന്നിലുള്ളത്. മന്ത്രിക്കൊപ്പം റോന്ത്ചുറ്റുന്നത് മന്ത്രിയുടെ സുരക്ഷയ്ക്കു മാത്രമാണ്. വഴിയരികില്‍ നിന്ന് കരിങ്കൊടി വീശുന്നവരെ തല്ലാനും കൊല്ലാനുമല്ല. കരിങ്കൊടി വീശുന്നവരെ ഒതുക്കേണ്ടത് പൊലീസിന്റെ പണിയുമല്ല. മന്ത്രി തന്നെയാണ് അവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണേണ്ടത്. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കുക എന്ന ജോലി ചെയ്യേണ്ടത് മന്ത്രിമാരാണ്, പൊലീസല്ല. കൂത്തുപറമ്പ് ആവര്‍ത്തിക്കാതിരിക്കാന്‍ കേരള പൊലീസിനെ പഠിപ്പിക്കുക എന്ന കര്‍ത്തവ്യമാണ് ഡിജിപി റാവാഡ ചന്ദ്രശേഖര്‍ ഏറ്റെടുക്കേണ്ടത്. സമാധാന കാംക്ഷികളായ പൊലീസിനെയാണ് പരുവപ്പെടുത്തിയെടുക്കേണ്ടത്. കെ.വി. റോഷന്‍, കെ.കെ. രാജീവ്, കെ. ബാബു, ഷിബുലാല്‍, മധു, പിന്നെ പുഷ്പനും. ഇവരുടെ ജീവനും ജീവിതത്തിനും ഇതു പകരമാകില്ല. പക്ഷേ, ഇനിയെങ്കിലും ഇങ്ങനെ രക്തസാക്ഷികള്‍ ഉണ്ടാകാതിരിക്കണം.