മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ കോൺഗ്രസ് നേതാവ് ചേന്തി അനില്‍ അറസ്റ്റിലായതാണ് ഇന്ന് തലക്കെട്ടായ വലിയ വാർത്തകളിലൊന്ന്. തിരുവനന്തപുരം ജില്ലയിലെ, ശ്രീകാര്യം, ചേന്തിയിൽ നടന്ന ചതയദിന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിലുള്ള പ്രതിഷേധമായിരുന്നു പശ്ചാത്തലം. ഈ അറസ്റ്റിലായ കോൺഗ്രസ് നേതാവ് ചേന്തി അനിൽ വെറുമൊരു ലോക്കൽ നേതാവല്ല. കോൺഗ്രസിൻ്റെ ജില്ലാ ജില്ലാ ഘടകത്തിൻ്റെ ഭാരവാഹിയാണ്. അർദ്ധരാത്രി ശ്രീകാര്യം പൊലീസ് വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത അനിലിനെതിരെ ഗുരുതര പരാമർശങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. മുഖ്യമന്ത്രിയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി എന്നാണ് പൊലീസ് റിപ്പോർട്ടിൽ. ചേന്തി അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണെന്നും മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയെന്നും പോലീസ് വ്യക്തമാക്കുന്നു. ഈ ഈ സംഭവത്തെ ഒരു വ്യക്തിയുടെ, ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരു വ്യക്തിയുടെ, അതിരുവിട്ട പെരുമാറ്റം മാത്രമായി കണക്കാക്കാനാകില്ല .കാരണം, മുഖ്യമന്ത്രി വി.ഡി.സതീശനെ വഴിയിൽ തടഞ്ഞത് ഒരു പ്രതിപക്ഷ പാർട്ടി പ്രവർത്തകനല്ല, മുഖ്യമന്ത്രിയുടെ സ്വന്തം പാർട്ടിയുടെ നേതാവാണ്.
സ്വന്തം പാർട്ടിക്കാരൻ മുഖ്യമന്ത്രിയെ തടഞ്ഞതെന്തിന് ?
ചേന്തി അനിൽ ഇപ്പോൾ റിമാൻഡ് തടവുകാരനായി ജയിലിലാണ്. മുഖ്യമന്ത്രിയെ തടഞ്ഞുവെച്ചതും അപമര്യാദയായി പെരുമാറിയതും ഗതാഗതം തടസ്സപ്പെടുത്തിയതും അടക്കം വകുപ്പുകൾ ചുമത്തിയാണ് അയാളെ റിമാൻഡ് ചെയ്തിരിക്കുന്നത്. പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ട് പ്രകാരം ചേന്തി അനിൽ ഗുരുതര ക്രിമിനൽ സ്വഭാവമുള്ളയാളാണ്. റൗഡി ലിസ്റ്റിൽ ഉള്ളയാളാണ്. മുഖ്യമന്ത്രിയെ മനപൂർവം ജനമധ്യത്തിൽ അവഹേളിക്കാനായിരുന്നു അയാളുടെ ശ്രമം. പ്രതിക്കെതിരെ ശ്രീകാര്യം, തുമ്പ, മെഡിക്കൽ കോളേജ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറയുന്നു. പൊതുപ്രവർത്തകരുടെ പേരിൽ കേസുകളുണ്ടാകുന്നത് സ്വാഭാവികം. എന്നാൽ കോൺഗ്രസ് സർക്കാർ നിയന്ത്രിക്കുന്ന പൊലീസ് ആണ് കോൺഗ്രസിൻ്റെ ഒരു ജില്ലാ ഭാരവാഹി റൗഡിപ്പട്ടികയിൽ ഉൾപ്പെട്ട സ്ഥിരം ക്രിമിനലാണെന്ന് പറയുന്നത്. അവിടെ ചില ഗൗരവപ്രശ്നങ്ങളുണ്ട്.
സംഘടനാ സംവിധാനത്തിൽ സുപ്രധാന ചുമതല വഹിച്ചുകൊണ്ടിരുന്ന ഒരു നേതാവ് സ്ഥിരം ക്രിമിനൽ ആണെന്ന കാര്യം കോൺഗ്രസ് പാർട്ടി അറിഞ്ഞിരുന്നില്ലേ? അങ്ങനെ ഒരു പശ്ചാത്തലമുള്ള വ്യക്തി പാർട്ടിയുടെ ജില്ലാ നേതൃത്വത്തിൽ എങ്ങനെ എത്തി? ഇദ്ദേഹം റൗഡിപ്പട്ടികയിൽ ഉള്ളയാളാണെന്ന് നേരത്തേ അറിയാമായിരുന്നെങ്കിൽ എന്തുകൊണ്ട് ഇതിന് മുമ്പ് നടപടിയുണ്ടായില്ല ?. ഇനി ഇക്കാര്യം പാർട്ടിക്ക് അറിവില്ലായിരുന്നു എന്ന് വാദത്തിന് വേണ്ടി സമർത്ഥിച്ചാൽ, കോൺഗ്രസിൻ്റെ സംഘടനാ സംവിധാനത്തിന് എന്താണ് സംഭവിച്ചത് ? മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അധിക്ഷേപിച്ച നടപടി അംഗീകരിക്കാനാവില്ല. അതൊരു ഗൗരവപ്പെട്ട ക്രമസമാധാന പ്രശ്നമാണ്. പക്ഷേ അടുത്ത ചോദ്യം അതിലേറെ പ്രധാനപ്പെട്ടതാണ്, രാഷ്ട്രീയപരമാണ്... ഇയാളെ ഇത്രയും കാലം പാർട്ടി സംവിധാനത്തിൽ നിലനിർത്തിയതിൻ്റെ ഉത്തരവാദിത്വം ആർക്കാണ് ?
ചേന്തിയിൽ നടന്നത് ഗ്രൂപ്പിസമോ റൗഡിസമോ ?
ഇനി ചേന്തി അനിലിൻ്റെ വാദം നോക്കാം. പൊലീസ് കസ്റ്റഡിയിലായിരിക്കുമ്പോഴും സംഭവിച്ചതെന്തെന്ന് അയാൾ തൻ്റെ ഭാഗത്ത് നിന്ന് വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. താൻ പാർട്ടിയിലെ ഗ്രൂപ്പിസത്തിൻ്റെ ഇരയാണെന്നാണ് അനിൽ ആരോപിക്കുന്നത്. ഒരു നേതാവ് ഒരു ഗ്രൂപ്പിനൊപ്പം നിന്നാൽ സംരക്ഷണം. മറ്റൊരു ഗ്രൂപ്പിനൊപ്പം പോയാൽ നടപടി. ഇങ്ങനെയാണോ കോൺഗ്രസിലെ സംഘടനാ നീതി?
ഗ്രൂപ്പിസം ഉണ്ടെന്ന് തന്നെ കരുതുക. അതുകൊണ്ട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാനുള്ള ലൈസൻസ് കിട്ടുമോ? വി.ഡി.സതീശൻ ഇപ്പോൾ കോൺഗ്രസ് നേതാവ് മാത്രമല്ല, കേരള സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയാണ്. ഒരു പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിലുള്ള പ്രതിഷേധം രാഷ്ട്രീയമായി ഉന്നയിക്കാം. ചോദ്യം ചെയ്യാം, വിമർശിക്കാം, പാർട്ടി വേദിയിൽ പരാതി പറയാം.
മുഖ്യമന്ത്രി സ്വന്തം പാർട്ടിയുടെ നേതാവാണെന്നതുകൊണ്ട് അദ്ദേഹത്തെ വഴിയിൽ തടയാൻ ആർക്കുമാകില്ല.
ഏതായാലും ചേന്തിയിൽ നടന്നതൊന്നും വിഭാഗീയ പ്രതിഷേധത്തിൻ്റെ സാധാരണ പരിധിക്കുള്ളിൽ സംഭവിക്കുന്നതല്ല. അപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ഡെക്കോറവും ആ പാർട്ടിയിലുള്ളവരുടെ അധികാരബോധ്യങ്ങളും നിയന്ത്രണം വിട്ടുപോവുകയാണോ..? അതും യുഡിഎഫ് സർക്കാർ അധികാരമേറ്റ് വെറും മൂന്ന് മാസം മാത്രം പിന്നിടുമ്പോൾ...?
ക്രിമിനൽ സാന്നിദ്ധ്യം കോൺഗ്രസ് അറിഞ്ഞില്ലേ ?
ഇനിയും ഒരു കാര്യം കൂടിയുണ്ട്. മുഖ്യമന്ത്രിയെ ചേന്തിയിലെ ചതയദിന പരിപാടിയിലേക്ക് പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ ക്ഷണിച്ചിരുന്നോ ? ക്ഷണിച്ചിരുന്നില്ല എന്ന പാർട്ടിയുടെ വിശദീകരണം കള്ളമാണെന്ന് ചേന്തി അനിലും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന പ്രാദേശിക നേതാക്കളും പറയുന്നു... മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ജില്ലാ നേതാക്കൾ നേരിട്ടെത്തി പരിപാടിക്ക് ക്ഷണിക്കുന്നതിൻ്റെ ചിത്രങ്ങളും ഇതിനിടെ പുറത്തുവന്നു... തലേദിവസം പോലും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നുവെന്നും സംഘാടകർ അവകാശപ്പെടുന്നു... ചേന്തിയിലെ പരിപാടി ഒഴിവാക്കാൻ കാരണമായി ക്രിമിനൽ പശ്ചാത്തലമുള്ള ചിലർ വേദിയിലുണ്ടാകുമെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്... പരിപാടി റദ്ദ് ചെയ്ത വിവരം മുഖ്യമന്ത്രി സംഘാടകരെ അറിയിച്ചിരുന്നതായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫും പ്രതികരിച്ചു... സംഘാടകരുടെ പശ്ചാത്തലം സംബന്ധിച്ച ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്ന് മന്ത്രി കെ.മുരളീധരനും വ്യക്തമാക്കി...
ഇത്തരമൊരു ഇൻ്റലിജൻസ് മുന്നറിയിപ്പുണ്ടാകുംവിധം ക്രിമിനൽ സാന്നിദ്ധ്യം കോൺഗ്രസ് ജില്ലാ നേതാക്കൾ നേരിട്ട് സംഘടിപ്പിച്ച പരിപാടിയിൽ വന്നതെങ്ങനെയാണ്... മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിയിൽ ആരെല്ലാം ഉണ്ടാകും എന്ന് സ്വാഭാവികമായും സ്പെഷ്യൽ ബ്രാഞ്ച് പരിശോധിക്കും. ഇത് സംബന്ധിച്ച് ഒരു സംഘടനാ പരിശോധനയും നടന്നിരുന്നില്ലേ ? ചേന്തി അനിൽ ഇന്നലെ കോൺഗ്രസിൽ എത്തിയ ഒരാളല്ല. പാർട്ടിയുടെ ജില്ലാ സംവിധാനത്തിന് സ്വന്തം നേതാക്കളുടെ പശ്ചാത്തലത്തെക്കുറിച്ച് പോലും വ്യക്തതയില്ലെങ്കിൽ അത് എത്ര ഗൗരവമുള്ള വീഴ്ചയാണത്. ഇനി ശരിക്കും ചേന്തി അനിൽ റൗഡിപ്പട്ടികയിൽ പെട്ടയാളാണോ? ആരോപണം മാത്രം കൊണ്ട് ഒരാളെ കുറ്റക്കാരനാക്കാനാകില്ല. കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ സ്വീകരിക്കാനാണ് എത്തിയത് പക്ഷേ മുഖ്യമന്ത്രിയുടെ സമീപനം ശരിയല്ലായിരുന്നു എന്നാണ് മറ്റൊരു ജില്ലാ നേതാവായ സുഹൈല്‍ ഷാജഹാന്‍ പ്രതികരിച്ചുകണ്ടത്... കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത് പ്രതിഷേധാർഹമാണെന്നും സുഹൈൽ ഷാജഹാൻ പറയുന്നു. കീഴ്ത്തട്ടിലെ പ്രവർത്തകരുമായി ബന്ധമില്ലാത്ത മുഖ്യമന്ത്രിയാണ് വി.ഡി.സതീശൻ എന്ന ഇവരുടെ വാദത്തിൽ എന്തെങ്കിലും കഴമ്പുണ്ടോ?
പ്രശ്നം സംഘടനാ സംവിധാനത്തിലാണ്
ഏതായാലും ഇതിനെ ‘വി.ഡി.സതീശൻ വേഴ്സസ് ഏതോ ഒരു ചേന്തി അനിൽ’ എന്നൊരു വ്യക്തിപരമായ തർക്കമാക്കി ചുരുക്കാൻ എളുപ്പമായിരിക്കും. പക്ഷേ അപ്പോൾ ഒരു രാഷ്ട്രീയ ചോദ്യം ഭംഗിയായി മറച്ചുവയ്ക്കാനാകും. കേരളത്തിലെ ഭരണപ്പാർട്ടിയായ കോൺഗ്രസിൽ എന്തെങ്കിലും അച്ചടക്കമുണ്ടോ? ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് ഏതെങ്കിലും മാനദണ്ഡമുണ്ടോ? പ്രതിപക്ഷം മുഖ്യമന്ത്രിയെ വിമർശിക്കുന്നതും വഴിയിൽ കരിങ്കൊടി കാട്ടുന്നതുമൊക്കെ ജനാധിപത്യത്തിൽ സ്വാഭാവികം. പക്ഷേ സ്വന്തം പാർട്ടിക്കാരാൽ ഒരു മുഖ്യമന്ത്രി വഴി തടയപ്പെടുന്ന ഒരു സാഹചര്യം കേരളത്തിൽ ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോ ? ഇത് എന്ത് രാഷ്ട്രീയ സംസ്കാരമാണ്? അനിഷ്ട സംഭവം ഉണ്ടായതിന് ശേഷം ഒരാളെ സസ്പെൻഡ് ചെയ്ത് ഇക്കഥ അവസാനിപ്പിച്ചാൽ സംഘടനാപരമായ പ്രശ്നം പരിഹരിക്കപ്പെടില്ല. ഒരു ജില്ലാ നേതാവ് മുഖ്യമന്ത്രിയുടെ വാഹനം തടയാൻ ധൈര്യപ്പെട്ടത് എങ്ങനെ? ഇവ്വിധം സംഘടനയ്ക്കുള്ളിലെ നിയന്ത്രണം നഷ്ടമായാൽ ഈ ഭരണം പുരോഗമിക്കുംതോറും കാര്യങ്ങൾ എവിടെച്ചെന്ന് നിൽക്കും ?
ഒരു രാഷ്ട്രീയ പാർട്ടി ഭാരവാഹികളെ നിയമിക്കുമ്പോൾ എന്താണ് പരിശോധിക്കുന്നത്?
സംഘടനാ പ്രവർത്തനം? രാഷ്ട്രീയ വിശ്വാസ്യത? പൊതുസ്വീകാര്യത? നിയമപരമായ പശ്ചാത്തലം? അച്ചടക്കം? അതോ ഇതൊന്നും പരിശോധിക്കാതെ ഗ്രൂപ്പിൻ്റെ ശുപാർശ മാത്രം നോക്കിയാണോ കോൺഗ്രസിൽ സ്ഥാനങ്ങൾ നൽകുന്നത്? അങ്ങനെയെങ്കിൽ പ്രശ്നം ചേന്തി അനിലിൽ മാത്രമല്ല, പ്രശ്നം സംഘടനാ സംവിധാനത്തിലാണ്.
തടഞ്ഞത് പ്രതിപക്ഷമായിരുന്നെങ്കിലോ ?
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പ്രതിപക്ഷം തടഞ്ഞാൽ കോൺഗ്രസ് എന്ത് പറയും? 'ജനാധിപത്യത്തിന് നേരെയുള്ള ആക്രമണം' എന്ന് പറയും. 'നിയമവാഴ്ചയെ വെല്ലുവിളിച്ചു' എന്ന് പറയും. 'മുഖ്യമന്ത്രിയുടെ സുരക്ഷ അപകടത്തിലാക്കി' എന്ന് പറയും. അതേ കാര്യം സ്വന്തം പാർട്ടിയിലെ ഒരാൾ ചെയ്താലോ? അച്ചടക്കലംഘനം, സസ്പെൻഷൻ എന്നൊക്കെ മാത്രം പറഞ്ഞാൽ മതിയോ?
‘ഗ്രൂപ്പിസം’ എന്ന വാക്ക് എന്ത് തോന്ന്യാസത്തിനും രക്ഷാകവചമാകരുത്. അതുപോലെ തന്നെ ‘അച്ചടക്കലംഘനം’ എന്ന ഒറ്റവാക്കിൽ എല്ലാം അവസാനിപ്പിക്കാനും പാടില്ല. ഗ്രൂപ്പിസമാണ് പ്രശ്നമെങ്കിൽ പാർട്ടി സംഘടനാപരമായി ഇടപെട്ട് അത് തിരുത്തണം... അല്ല, ഒരു ഗുണ്ടാ നേതാവിന് രാഷ്ട്രീയ സംരക്ഷണം നൽകി സംഘടനയുടെ നേതൃസ്ഥാനത്ത് നിലനിർത്തിയതാണെങ്കിൽ അത് ആദ്യം തിരുത്തണം... ഇനി, അടിത്തട്ട് പ്രവർത്തകരുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധവും സമീപനവുമാണ് പ്രശ്നമെങ്കിൽ അക്കാര്യം അദ്ദേഹവും പരിശോധിക്കട്ടെ. ഇതിലേതാണ് അടിസ്ഥാന പ്രശ്നമെന്ന് തിരിച്ചറിഞ്ഞാലേ ശ്രീകാര്യം ചേന്തിയിലെ സംഭവം ഒരു വ്യക്തിയുടെ, അഥവാ വ്യക്തികളുടെ പിഴവാണോ, അതോ കോൺഗ്രസിൻ്റെ സംഘടനാ സംസ്കാരത്തിൽ അധികാരലബ്ധിക്ക് ശേഷം രൂപപ്പെട്ട് വലിയൊരു രോഗലക്ഷണമാണോ എന്ന് മനസിലാകൂ. ചേന്തി അനിലിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ് ഈ അധ്യായം അടയ്ക്കുമോ, അതോ സ്വന്തം സംഘടനയുടെ കണ്ണാടിയിൽ നോക്കി യഥാർത്ഥ പ്രശ്നം കണ്ടെത്തുമോ ?