OPINION

വന്ദേമാതരത്തിൽ കോൺഗ്രസിന് പിഴച്ചോ?

ആദ്യ വരികൾക്ക് ശേഷം ഗാനം തുടർന്നപ്പോൾ സോണിയ ഗാന്ധിയും ഖാർഗെയും ഇത് തടയാൻ ശ്രമിച്ചെങ്കിലും വന്ദേമാതരം മുഴുവനായും ആലപിക്കപ്പെടുകയായിരുന്നു

Author : പി.പി. പ്രശാന്ത്

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേ മാതരം രണ്ട് ചരണം കഴിഞ്ഞും തുടർന്ന​പ്പോൾ സോണിയ ഗാന്ധിയും ഖാർഗെയും ഒന്ന് ഞെട്ടി. ഇരുവരും നിറുത്താൻ എന്ന പോലെ കൈകൊണ്ട് എന്തോ കാണിച്ചു.രാഹുൽഗാന്ധി ആലപിക്കുന്നയാളെ തുറിച്ചുനോക്കി ആശ്ചര്യം ​​പ്രകടിപ്പിച്ചു. പക്ഷേ വന്ദേ മാതരം ആലാപനം തുടരുകയും പൂർത്തിയാക്കുകയും ചെയ്തു. പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി മുഴുവൻ വന്ദേ മാതരവും പാടുന്നുവെന്ന വിമർശനമാണ് കോൺ​ഗ്രസ് ഇ​തോ​ടെ ഏറ്റുവാങ്ങേണ്ടി വന്നത്. വന്ദേ മാതരം ഒന്നാകെ ആലപിക്കാൻ ആഹ്വാനം െചയ്ത ഉത്തരവ് എങ്ങനെ പാലിക്കപ്പെട്ടു എന്ന് തന്നെയാണ് രാജ്യം ഉറ്റു​നോക്കിയത്.

വന്ദേമാതരത്തിൽ കോൺഗ്രസിന് പിഴച്ചോ?

ചരിത്രത്തിലാദ്യമായാണ് സ്വാതന്ത്ര്യദിനാഘോഷത്തിൽ രാജ്യം വന്ദേ മാതരം പൂർണമായും ആലപിച്ചത്. സ്വാതന്ത്ര്യദിനാഘോഷ പരിപാടിയുടെ തുടക്കത്തിലായിരുന്നു ദേശീയഗീതമായ ‘വന്ദേ മാതരത്തിന്റെ മുഴുവൻ ആലാപനം നടന്നത്. തുടർന്ന് ദേശീയഗാനം ആലപിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാകയുയർത്തുകയും ചെയ്തു.‘വന്ദേ മാതരം’ ഗാനത്തിന് 150 വർഷം തികയുന്ന വേളയിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം നടന്നത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യത്തെ അഭിസംബോധന ചെയ്ത ചടങ്ങിലും ‘വന്ദേ മാതരം’ പൂർണരൂപത്തിൽ ആലപിച്ചിരുന്നു. ഔദ്യോഗിക പരിപാടിയിൽ ദേശീയഗീതത്തിന്റെ പൂർണരൂപം പാടുന്നത് ഇതാദ്യമായിരുന്നു.

കോ​ൺ​ഗ്രസ് ആസ്ഥാനത്ത് സംഭവിച്ചതും ആശയക്കുഴപ്പങ്ങളും

എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേ മാതരം പൂർണമായി പാടിയത് ​കോ​ൺ​​ഗ്രസിനെ വെട്ടിലാക്കിക്കഴിഞ്ഞു. സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലായിരുന്നു സംഭവം. ആദ്യ വരികൾക്ക് ശേഷം ഗാനം തുടർന്നപ്പോൾ സോണിയ ഗാന്ധിയും ഖാർഗെയും ഇത് തടയാൻ ശ്രമിച്ചെങ്കിലും വന്ദേമാതരം മുഴുവനായും ആലപിക്കപ്പെടുകയായിരുന്നു. വേദിയിലുണ്ടായിരുന്ന രാഹുൽ ഗാന്ധിയും സംഭവത്തിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാജ്യത്ത് വന്ദേമാതര വിവാദം കൊടുമ്പിരികൊണ്ടിരിക്കുന്നതിനിടയിലാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു വീഴ്ചയുണ്ടായിരിക്കുന്നത്. വന്ദേമാതരം പൂർണമായി പാടിയതിനെ ന്യായീകരിച്ച് വലയുകയാണ് ഇപ്പോൾ , കോൺഗ്രസ് നേതൃത്വം... മുഴുവൻ പാടിയതിൽ തെറ്റില്ലെന്നായിരുന്നു ജയറാം രമേശിന്റെ പ്രതികരണം... സോണിയ ഗാന്ധി ആലാപനം തടഞ്ഞില്ലെന്നും ഖാർഗെയ്ക്ക് ഇരിക്കാൻ കസേര കൊണ്ടു വരൂ എന്ന് മാത്രമായിരുന്നു സോണിയ ഗാന്ധി പറഞ്ഞതെന്നും ജയറാം രമേശ് പറഞ്ഞു.. വന്ദേ മാതരം ആലാപനം തടസ്സപ്പെടുത്തുന്നത് ശിക്ഷാർഹമായ കുറ്റമായതിനാലായിരുന്നു വിശദീകരണം.. ​​​സംഭവത്തിൽ എ.ഐ.സി.സി ഓഫിസ് ​​െ സക്രട്ടറിക്ക് എതിരെ നടപടി വ​ന്നേക്കുമെന്നാണ് സൂചനകൾ...അതേസമയം േകരളം ഒഴിച്ചുള്ള കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വന്ദേ മാതരം പൂർണമായി ആലപിച്ചു.കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിൽ നിന്നുള്ള വ്യതിചലനം വരുംദിവസങ്ങളിൽ ചർച്ചയാകും എന്നുറപ്പാണ്.

വന്ദേ മാതരം സർക്കുലറും നിർദേശങ്ങളും

രാജ്യത്ത് ജനഗണമന ആലപിക്കുന്നതിന് മുൻപായി വന്ദേ മാതരത്തിന്റെ ആറ് ചരണങ്ങളും ആലപിക്കണമെന്ന് , വന്ദേ മാതരത്തിന്റെ 150 ാം വാർഷികത്തോടനുബന്ധിച്ച് ജനുവരി 28നാണ് ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കിയത്. ഇത് സംബന്ധിച്ച് മാർഗനിർദേശവും കേന്ദ്രസർക്കാർ പുറത്തിറക്കിയിരുന്നു. എന്നാൽ ഇന്ത്യ ഒരു ബഹുസ്വര രാജ്യമാണെന്നും മാതൃരാജ്യത്തെ ഹിന്ദു ദേവതയായി പരാമർശിക്കുന്ന ദേശീയ ഗീതം ആലപിക്കാൻ താല്പര്യമില്ലാത്തവരെ അതിന് നിർബന്ധിക്കരുതെന്നും ഫെബ്രുവരി 28 ലെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് നൽകിയ ഹർജിയിൽ സുപ്രീംകോടതി നിർദേശിച്ചു. ദേശീയ ഗീതം ആലപിക്കാൻ നിർബന്ധിതരാകുമ്പോൾ നിങ്ങൾക്ക് കോടതിയെ സമീപിക്കാം എന്നും കോടതി പറഞ്ഞു. ഇതിനിടെ 2026 ജൂലൈയിൽ ഇന്ത്യയിൽ ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നത് തടയുന്നതിനുള്ള 1971ലെ പ്രിവൻഷൻ ഓഫ് ഇൻസൾട്ട്‌സ് ടു നാഷണൽ ഓണർ ആക്ട് ഭേദഗതി കൊണ്ടുവന്ന് വന്ദേ മാതരം ആലാപനം തടസ്സപ്പെടുത്തുന്നത് ശിക്ഷാർഹമായ കുറ്റമാക്കി. മുമ്പ് ദേശീയ ഗാനമായ ജനഗണമനയെയും ദേശീയ പതാകയെയും ഭരണഘടനയെയും അപമാനിക്കുന്നത് മാത്രമായിരുന്നു തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായിരുന്നത്. ഇതോടെ വന്ദേമാതരം പാടുന്നത് തടസ്സപ്പെടുത്തുന്നതും അതിനെതിരായ ഏതൊരു നീക്കവും മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറി. ഈ നിയഭേദഗതിക്ക് ശേഷമാണ് വന്ദേമാതരം ആലപിക്കുന്നതില്‍ നേരത്തെ നൽകിയ നിര്‍ദേശങ്ങൾ കർശനമായി പാലിക്കണം എന്ന് ജൂലൈ ഒമ്പതിന് സംസ്ഥാനങ്ങ​ളോട് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നിർദേശിച്ചത്.

വന്ദേ മാതരവും കോൺഗ്രസും

വന്ദേമാതരം മുഴുവന്‍ വരികളും പാടണമെന്ന പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളും ഉത്തരവുകളും വന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെതിരെ രംഗത്തുവന്നിരുന്നു. അതിന് ചരിത്ര പരമായ പശ്ചാത്തലവും ഉണ്ടായിരുന്നു.1937 ഒക്ടോബർ-നവംബർ മാസങ്ങളിൽ കൊൽക്കത്തയിൽ ജവഹർലാൽ നെഹ്‌റുവിന്റെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ വെച്ചാണ് ഗാനത്തിന്റെ ആദ്യത്തെ രണ്ട് ശ്ലോകങ്ങൾ മാത്രം ദേശീയ പരിപാടികളിൽ ഔദ്യോഗികമായി ആലപിച്ചാൽ മതി എന്ന് തീരുമാനിച്ചത്. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ 'ആനന്ദമഠം' എന്ന നോവലിൽ ഉൾപ്പെടുത്തിയിരുന്ന ഈ ഗാനത്തിന്റെ ആദ്യ വരികൾ മാതൃഭൂമിയുടെ പ്രകൃതിസൗന്ദര്യത്തെയും സമൃദ്ധിയെയും വർണ്ണിക്കുന്നവയായിരുന്നു. എന്നാൽ തുടർന്നുള്ള വരികളിൽ ഹൈന്ദവ ബിംബങ്ങളും ആരാധനാസങ്കൽപ്പങ്ങളും ഉൾപ്പെട്ടിരുന്നു. ഇത് മറ്റ് മതവിഭാഗങ്ങളിൽ, പ്രത്യേകിച്ച് മുസ്ലീങ്ങൾക്കിടയിൽ, അതൃപ്തിയുണ്ടാക്കുമെന്നും ഇന്ത്യയുടെ മതേതര സ്വഭാവത്തെയും ദേശീയ ഐക്യത്തെയും ബാധിക്കുമെന്നും കോൺഗ്രസ് വിലയിരുത്തി. അതിനാലാണ് എല്ലാവർക്കും സ്വീകാര്യമായ ആദ്യ ഭാഗം മാത്രം ഉപയോഗിക്കാൻ തീരുമാനിച്ചത്. ശേഷം, 1948ല്‍ ഇന്ത്യന്‍ ഭരണ ഘടനാ അസംബ്ലി ജനഗണമനയ്ക്ക് ഒപ്പം ബഹുമാനിതമായി കണ്ട് വന്ദേമാതരത്തെ അംഗീകരിച്ചു. രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഒന്നിപ്പിച്ചു കൊണ്ടുപോകുന്നതിനായി വിവാദപരമായ ഭാഗങ്ങൾ ഒഴിവാക്കുക എന്ന പ്രായോഗികവും മതേതരവുമായ നിലപാടാണ് ഇന്നുവ​രെ കോൺഗ്രസ് സ്വീകരിച്ചത്.

​കേന്ദ്രത്തിന്റെ ​പ്രോട്ടോകോൾ

കോണ്‍ഗ്രസ് പാര്‍ട്ടി വന്ദേമാതരത്തിന്റെ പ്രാധാന്യം കുറച്ചുകളഞ്ഞു എന്ന് കേന്ദ്രസര്‍ക്കാരും ബിജെപിയും കുറ്റപ്പെടുത്താന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ആദ്യ രണ്ട് ശ്ലോകങ്ങള്‍ മാത്രം എല്ലാ മതവിഭാഗത്തില്‍ പെട്ടവര്‍ക്കും പൊതുവായി ആലപിക്കാം എന്ന കോണ്‍ഗ്രസ് നിലപാടിനെയാണ് എട്ട് പതിറ്റാണ്ടിനിപ്പുറം ബിജെപി വിവാദമാക്കിയത്. എൻഡിഎ സർക്കാർ വന്ദേമാതരം ബിൽ പാർലമെന്റിൽ കൊണ്ടുവന്നപ്പോൾ കോൺഗ്രസ് ശക്തമായി എതിർത്തിരുന്നു. രാജ്യത്ത് കൂടുതൽ വിഭജനത്തിന് വന്ദേമാതരം ബിൽ കാരണമാകുമെന്നായിരുന്നു കോൺഗ്രസ് അവകാശപ്പെട്ടത്. പിന്നീടാണ് ജനഗണമനയ്ക്ക് തത്തുല്യമായ പ്രോട്ടോക്കോള്‍ വന്ദേമാതരത്തിനും നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച ഒരു അഡ്വൈസറി സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയും പിന്നീട് നിയമപരമായ നടപടികളിലേക്ക് േകന്ദ്രം കടക്കുകയും ചെയ്തു. ഇപ്പോഴിതാ, കോൺഗ്രസ് ഭരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വന്ദേമാതരം ആലാപനത്തിൽ നിശിതമായ നിലപാട് സ്വീകരിച്ചതിനിടെയാണ് എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചത്. അതേസമയം തമിഴ്ന തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കിയായിരുന്നു തമിഴ്നാട് സർക്കാരന്റെ സ്വതന്ത്ര്യദിനാഘോഷം.

കേരളത്തിലും ആശയക്കുഴപ്പം

കേന്ദ്രനിർദേശത്തെ വെല്ലുവിളിച്ചാണ് വിവാദങ്ങൾക്ക് ശേഷം സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേ മാതരം അടിച്ചേൽപിക്കേണ്ടതില്ലെന്ന് കേരളത്തിലെ യു.ഡി.എഫ് സർക്കാർ തീരുമാനിച്ചത്. രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വന്ദേമാതരം ആലപിക്കാന്‍ പറഞ്ഞിരുന്നില്ല. എന്നാൽ കേരളത്തിൽ ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ സ്വാതന്ത്ര്യദിനാഘോഷം തുടങ്ങിയത് വന്ദേമാതരം ആലപിച്ചായിരുന്നു. തൃശൂരിൽ ജില്ലാതല ആഘോഷ വേദിക്ക് സമീപം വന്ദേമാതരം പൂർണമായി ആലപിച്ച് ബിജെപി പ്രതിഷേധിച്ചു. കോഴിക്കോട് കോർപറേഷനിൽ ദേശീയഗാനം മേയർ പാടിയപ്പോൾ ബിജെപി കൗൺസിലർമാർ വന്ദേ മാതരം പാടി. കാസർകോട് ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വന്ദേ മാതരം പൂർണ്ണമായി പാടുന്ന പരിപാടിയിൽ റിക്കോർഡ് ചെയ്ത വന്ദേമാതരത്തിന് ഒപ്പം ചുണ്ടനക്കിയത് ശരിയാകാത്തതും ​ട്രോളായി മാറി.

എഐസിസി ആസ്ഥാനത്ത് നടന്ന വന്ദേമാതരം ആലാപനവും അതിനെത്തുടർന്നുണ്ടായ ആശയക്കുഴപ്പങ്ങളും സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയൊരു ആശയസംഘട്ടനത്തിന്റെ പ്രതിഫലനമാണ്. മതേതരത്വവും തീവ്ര ദേശീയതയും തമ്മിലുള്ള ഈ പോരാട്ടത്തിൽ 'വന്ദേമാതരം' കരുത്തുറ്റ ഒരു രാഷ്ട്രീയ ആയുധമായി മാറിക്കഴിഞ്ഞു. നിയമനടപടികളുടെയും ദേശീയതാ വാദത്തിന്റെയും സമ്മർദ്ദങ്ങൾക്കിടയിൽ ആശയപരമായ വ്യക്തതയും രാഷ്ട്രീയ നിലപാടും കോൺഗ്രസ് എങ്ങനെ തിരിച്ചുപിടിക്കും എന്നത് തന്നെയാണ് വരുംദിവസങ്ങളിൽ ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

SCROLL FOR NEXT