നായര്‍ സര്‍വീസ് സൊസൈറ്റി ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പരിപാടിയില്‍ സഹകരിക്കുന്നതു തന്നെ അപൂര്‍വമാണ്. അതേതായാലും കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെ ആദ്യമാണ്. കോണ്‍ഗ്രസും ബിജെപിയും പലതവണ ശ്രമിച്ചിട്ടും നടക്കാത്ത ഒരു കാര്യവും അയ്യപ്പ സംഗമത്തിലുണ്ടായി. അതു നായര്‍-ഈഴവ ഐക്യമാണ്. എസ്എന്‍ഡിപി യോഗവും എന്‍എസ്എസും വിയോജിപ്പുകളില്ലാതെ ഏറെക്കാലത്തിനു ശേഷം വേദി പങ്കിട്ടതും ഈ അയ്യപ്പസംഗമത്തിലാണ്. എന്‍എസ്എസിനു ചരിത്രപരമായ രണ്ടു ശത്രുക്കളാണ് ഉണ്ടായിരുന്നത്. ഒന്നാമത്തേത് കമ്യൂണിസ്റ്റുകാര്‍. രണ്ടാമത്തേത് എസ് എന്‍ ഡി പി. എസ് എന്‍ഡിപിയോടുള്ള എതിര്‍പ്പ് പഴയ മന്നം-ശങ്കര്‍ പോരില്‍ നിന്ന് ആരംഭിച്ചതാണ്. ഇടയ്ക്ക് വെള്ളാപ്പള്ളിയും ജി. സുകുമാരന്‍ നായരും ഒന്നിച്ചെങ്കിലും അത് ആണ്ടൊന്നു തികയും മുന്‍പ് അടിച്ചുപിരിഞ്ഞു. പിന്നീട് കമ്യൂണിസ്റ്റായ എകെജിയുമായി മന്നത്തുപത്മനാഭന്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗുരുവായൂര്‍ സത്യഗ്രഹ സമിതിയുടെ ചെയര്‍മാനായി മന്നവും വളന്റിയര്‍ ജാഥാ ക്യാപ്റ്റനായി എകെജിയും പ്രവര്‍ത്തിച്ച കാലത്താണ്. അത് കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായ പാറപ്പുറം സമ്മേളനത്തിനു പോലും എട്ടുവര്‍ഷം മുന്‍പായിരുന്നു.
എന്‍എസ്എസ് ഇതിന മുന്‍പ് കോണ്‍ഗ്രസിനെ വിമര്‍ശിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍ അതിശക്തമായി വിമര്‍ശിച്ചിട്ടുണ്ട് എന്നു പറയേണ്ടി വരും. അത് ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. ഐക്യകേരളത്തിനും മുന്‍പ്, എന്നു പറഞ്ഞാല്‍ സ്വാതന്ത്ര്യത്തിനു തൊട്ടുപിന്നാലെ, ഹിന്ദു മുന്നണി ഉണ്ടാക്കിയ നേതാക്കളാണ് ആര്‍ ശങ്കറും മന്നത്തു പത്മനാഭനും. കോണ്‍ഗ്രസിന്റെ നേതാക്കളായിരുന്ന ഇരുവരും ചേര്‍ന്ന് ഹിന്ദുമുന്നണി ഉണ്ടാക്കുമ്പോള്‍ ഉത്തരേന്ത്യയില്‍ ജനസംഘം ഉണ്ടായിട്ടുപോലുമില്ല. പിന്നെയും മൂന്നുവര്‍ഷം കഴിഞ്ഞ് 1951ലാണ് ജനസംഘം രൂപീകരിക്കുന്നത്. ഇരുവരും തമ്മിലുള്ള എതിര്‍പ്പ് മാത്രമായിരുന്നില്ല ആ മുന്നണി അടിച്ചു പിരിയാന്‍ കാരണം. നായന്മാര്‍ക്കും ഈഴവര്‍ക്കും ജാതിപരമായി ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം കേരളത്തില്‍ ഉണ്ടായിരുന്നില്ല. പല നായര്‍ വീടുകളില്‍ ഈഴവര്‍ക്ക് പ്രവേശനം പോലും വിലക്കിയിരുന്ന, പന്തിയില്‍ ഒന്നിച്ചിരിക്കാത്ത കാലമായിരുന്നു അത്. അന്നത്തെ മുന്നണി അടിച്ചുപിരിഞ്ഞതോടെ ശങ്കര്‍ വീണ്ടും കോണ്‍ഗ്രസിലെത്തി. മന്നത്തു പത്മനാഭന്‍ കോണ്‍ഗ്രസ് ആയതുമില്ല. 1960ല്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയിട്ടും ആര്‍ ശങ്കറോ പി.ടി ചാക്കോയോ മുഖ്യമന്ത്രിയായില്ല. പകരം പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പട്ടംതാണുപിള്ളയായി. പക്ഷേ ആത്യന്തികമായി ശങ്കര്‍ തന്നെ ജയിച്ചു. രണ്ടുവര്‍ഷത്തിനു ശേഷം ശങ്കര്‍ മുഖ്യമന്ത്രിയായി. ആര്‍ ശങ്കറിനെ വീഴ്ത്താന്‍ 15 എംഎല്‍എമാരെ കോണ്‍ഗ്രസില്‍ സംഘടിപ്പിച്ചത് മന്നത്തു പത്മനാഭനായിരുന്നു. അങ്ങനെയാണ് കേരളത്തില്‍ ആദ്യമായി ഒരു മുഖ്യമന്ത്രി അവിശ്വാസപ്രമേയത്തിലൂടെ പുറത്തായത്. അന്ന് പിന്തുണ പിന്‍വലിച്ച എംഎല്‍എമാര്‍ കോട്ടയം തിരുനക്കര മൈതാനത്ത് എത്തിയപ്പോള്‍ കേരളാ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടിക്ക് പതാക കൈമാറിയത് മന്നമാണ്. അത്രയേറെ സംഘര്‍ഷഭരിതമാണ് എസ്എന്‍ഡിപി-എന്‍എസ്എസ് ബന്ധം. അവരാണ് സര്‍ക്കാരിന്റെ അയ്യപ്പസംഗമത്തില്‍ പങ്കെടുത്തത്.
എന്‍എസ്എസിന്റെ പ്രഖ്യാപിത ശത്രുക്കളാണ് കമ്യൂണിസ്റ്റുകാര്‍. ആദ്യത്തെ ഇഎംഎസ് സര്‍ക്കാരിനെ വീഴിക്കാനുള്ള വിമോചനയാത്ര നയിച്ചത് മന്നത്ത് പത്മനാഭനാണ്. പിന്നീടുള്ള കാലം മുഴുവന്‍ ആ എതിര്‍പ്പ് എന്‍എസ്എസിനെ കൊണ്ടു ചെന്നെത്തിച്ചത് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതിലാണ്. എക്കാലത്തും രാഷ്ട്രീയമായി എന്‍എസ്എസ് കോണ്‍ഗ്രസ് പാളയത്തില്‍ പിന്തുണ നല്‍കിപ്പോന്നു. കെ കരുണാകരന്റെ കാലത്ത് ആ ബന്ധം കൂടുതല്‍ ദൃഢമായി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തലയ്ക്ക് താക്കോല്‍ സ്ഥാനത്തിനു വേണ്ടി പരസ്യമായി നിലപാട് എടുക്കുന്ന എന്‍എസ്എസിനേയും കണ്ടു. ആ പതിറ്റാണ്ടുകള്‍ക്കു ശേഷം എന്‍എസ്എസ് മറ്റൊരു മുന്നേറ്റം നയിക്കുന്നത് ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലായിരുന്നു അത്. റെഡി ടു വെയ്റ്റ് പ്രചാരണത്തെ തീവ്രസമരമാക്കി വളര്‍ത്തിയത് എന്‍എസ്എസിന്റെ നിലപാടുകളായിരുന്നു. ആ നിലപാട് ആത്യന്തികമായി ഗുണം ചെയ്തത് ബിജെപിക്കാണെന്നും വിലയിരുത്തപ്പെട്ടു. വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് പിന്തുണ ഉപേക്ഷിച്ച് എന്‍എസ്എസ് ബിജെപിക്കു പിന്തുണ നല്‍കും എന്നു വ്യാഖ്യാനങ്ങളുണ്ടായി. സമദൂരമാണ് ആവര്‍ത്തിച്ചതെങ്കിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടായി എന്ന് വിലയിരുത്തലുണ്ടായി. കോണ്‍ഗ്രസ് പക്ഷത്തു നിന്ന് എന്‍എസ്എസ് ബിജെപി പക്ഷത്തേക്കു പോകുന്നുവെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഒരു പരിപാടിക്ക് എന്‍എസ്എസ് പോകുന്നത്. അതും കോണ്‍ഗ്രസും ബിജെപിയും ബഹിഷ്‌കരിച്ച പരിപാടിക്ക്. അവിടെ പോയതു മാത്രമല്ല പ്രത്യേകത. പോയ ശേഷം കോണ്‍ഗ്രസിനെ വിമര്‍ശിച്ചു എന്നതുകൂടിയാണ് വാര്‍ത്തയാകുന്നത്.
ശബരിമലയില്‍ വിശ്വാസവും ആചാരവും സംരക്ഷിച്ചു വികസനം കൊണ്ടുവരാനുള്ള ഇടതുസര്‍ക്കാരിന്റെ സമീപനത്തെ പിന്തുണയ്ക്കുന്നു. ഇങ്ങനെയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞത്. ജനറല്‍ സെക്രട്ടറി പറയുന്നതിങ്ങനെ: കോണ്‍ഗ്രസ് കള്ളക്കളി കളിക്കുകയാണ്. അതു നാട്ടുകാര്‍ക്കു ബോധ്യമായി. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ആദ്യം മുതല്‍ ശക്തമായ നിലപാട് സ്വീകരിച്ചു മുന്നോട്ടുപോയി. അപ്പോള്‍ ബിജെപി ഒപ്പം വന്നില്ല. കോണ്‍ഗ്രസും രംഗത്തു വന്നില്ല. പിന്നീടാണ് അവര്‍ നാമജപ ഘോഷയാത്രയിലൊക്കെ പങ്കെടുത്തത്. ഭക്തരുടെ വികാരം എന്‍എസ്എസിനൊപ്പമാണെന്നു കണ്ടപ്പോള്‍ വന്നതാണ് ഇരുപാര്‍ട്ടികളും. ബിജെപിക്ക് അന്നും ഇപ്പോഴും കേന്ദ്രത്തില്‍ ഭരണമുണ്ട്. ബിജെപി ആചാരം സംരക്ഷിക്കാന്‍ നിയമമുണ്ടാക്കുമെന്നാണ് പറഞ്ഞത്. എന്നിട്ട് ഇതുവരെ അങ്ങനെയൊരു നിയമം ഉണ്ടാക്കാത്തത് എന്തുകൊണ്ടാണ്. എന്‍എസ്എസാണ് വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ചത്. അതാണ് വിശാല ബഞ്ചിന്റെ മുന്നിലുള്ളത്. ശബരിമല വിഷയത്തില്‍ അന്നും ഇന്നും ഒരേ നിലപാട് സ്വീകരിച്ചത് എന്‍എസ്എസാണ്. സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് മാറ്റാന്‍ തയ്യാറായി. ആചാരം സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അതിനെ എന്‍എസ്എസ് സ്വാഗതം ചെയ്യുകയാണ് ഉണ്ടായതെന്നും സുകുമാരന്‍ നായര്‍ വിശദീകരിക്കുന്നു.
ആചാരങ്ങളും നവോത്ഥാനവും തമ്മിലുള്ള സംഘര്‍ഷമായിട്ടാണ് ശബരിമല വിഷയത്തെ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്. അങ്ങനെയാണ് കേരളത്തില്‍ നവോത്ഥാന സംരക്ഷണ സമിതി രൂപം കൊള്ളുന്നത്. വെള്ളാപ്പള്ളി നടേശന്‍ ആ സമിതിയെ നയിക്കുമ്പോള്‍ തന്നെ അഭിപ്രായങ്ങളില്‍ ഭിന്നസ്വരമുയര്‍ത്തി. ശബരിമലവിഷയത്തില്‍ എന്‍എസ്എസിനൊപ്പമായിരുന്നു വെള്ളാപ്പള്ളി നടേശനും. നവോത്ഥാന സമിതിയുടെ തലപ്പത്ത് ഇരുന്നു തന്നെ ആ അഭിപ്രായം പറയുകയും ചെയ്തു.വെള്ളപ്പള്ളിയുടെ നിലപാടോടെ ഒരു പുതിയ തരം നവോത്ഥാനം രൂപംകൊണ്ടു. ആചാരങ്ങളെല്ലാം സംരക്ഷിക്കുകയും നവോത്ഥാന പക്ഷത്താണെന്നു പറയുകയും ചെയ്യുന്ന സ്ഥിതിയായിരുന്നു അത്. സര്‍ക്കാരും ഇപ്പോള്‍ ആ പക്ഷത്താണെന്ന് പറയാതെ പറയുകയാണ്. ആ നിലപാടിനെയാണ് എന്‍എസ്എസും പിന്തുണച്ചിരിക്കുന്നത്. 2024ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് എത്തും മുന്‍പ് എന്‍എസ്എസിനെ സര്‍ക്കാര്‍ വിരുദ്ധ പക്ഷത്ത് എത്തിക്കേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യമാണ്. അതോടൊപ്പം ബിജെപിക്കും അത് അനിവാര്യമാണ്. ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ അതിനുള്ള കേളികൊട്ടാണ്. ഈ സര്‍ക്കാര്‍ തരക്കേടില്ല എന്നെങ്ങാനും എന്‍എസ്എസ് പറഞ്ഞാല്‍പോലും വലിയ വിജയമായി സിപിഐഎം എടുക്കും. ഇപ്പോഴത്തെ ഈ എന്‍എസ്എസ് നിലപാടില്‍ ഒരു അന്തര്‍ധാര കൂടിയുണ്ട്. അത് എന്‍എസ്എസും വി ഡി സതീശനും തമ്മിലുള്ള അകല്‍ച്ചയാണ്. കോണ്‍ഗ്രസിനെ തള്ളിപ്പറയുന്നതിന് അതും ഒരു കാരണമാണെന്നു കരുതാം.