OPINION

വീര്യം കുറഞ്ഞ മദ്യം ഒഴുക്കാന്‍ ആര്‍ക്കാണ് തിടുക്കം..?

ഈ വിഷയത്തില്‍ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും മന്ത്രിസഭക്കും ഉണ്ട്

Author : പി.പി. പ്രശാന്ത്

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കോണ്‍ഗ്രസിലും ഘടക കക്ഷികള്‍ക്കിടയിലും സതീശനെതിരെയുള്ള വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. മന്ത്രിസഭയിലും കോണ്‍ഗ്രസിലും വിഷയത്തില്‍ ഏകാഭിപ്രായമില്ലാത്തതും വിവിധ മത, സാമുദായിക സംഘടനകള്‍ക്കിടയില്‍ പ്രതിഷേധം കനത്തതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ വിഷയം നിയമസഭാ സമ്മേളനത്തിലും ആളിക്കത്തി. സംസ്ഥാന ബജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതിന് പിന്നില്‍ വന്‍ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സഭയില്‍ ആരോപിച്ചു. അന്താരാഷ്ട്ര മദ്യക്കമ്പനിയായ 'ബക്കാഡി'യെ സഹായിക്കാനാണ് സര്‍ക്കാര്‍ ബജറ്റില്‍ അട്ടിമറി നടത്തിയതെന്നായിരുന്നു പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ഉന്നയിച്ച ആരോപണം. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പുതിയ ബജറ്റില്‍ പ്രഖ്യാപിച്ച നികുതി ഘടനയനുസരിച്ച് 0.5% മുതല്‍ 10% വരെ വീര്യമുള്ള മദ്യങ്ങള്‍ക്ക് 120 ശതമാനവും, 10% മുതല്‍ 20% വരെ വീര്യമുള്ളവയ്ക്ക് 175 ശതമാനവുമാണ് നികുതി നിശ്ചയിച്ചിട്ടുള്ളത്. എഥനോളിന്റെ അളവ് കണക്കാക്കിയാണ് മദ്യത്തിന്റെ വീര്യം നിര്‍ണയിക്കുന്നത്. നിലവില്‍ ബിയറിന്റെ പരമാവധി വീര്യം എട്ട് ശതമാനവും നികുതി 116 ശതമാനവുമാണ്. വൈനിന്റെ പരമാവധി വീര്യം 15.5 ശതമാനവും നികുതി 86 ശതമാനവും ആണ്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ പരമാവധി വീര്യം 42.86 ശതമാനവും നികുതി 241 മുതല്‍ 251 ശതമാനം വരെയുമാണ്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സമര്‍പ്പിക്കപ്പെട്ട രണ്ടാമത്തെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരം 5 മുതല്‍ 10 ശതമാനം വരെ വീര്യമുള്ള മദ്യങ്ങള്‍ക്ക് ബിയറിന് തുല്യമായ 116 ശതമാനം നികുതി ഈടാക്കണമെന്നായിരുന്നു നിര്‍ദേശം. നിലവില്‍ ബിയര്‍, വൈന്‍, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം എന്നീ വിഭാഗങ്ങള്‍ക്കാണ് കേരളത്തില്‍ വ്യക്തമായ നികുതി ഘടനയുള്ളത്. ബിയറിന്റെ നികുതി ഘടനയില്‍ ഉള്‍പ്പെടാത്ത, 0.5 മുതല്‍ 10 ശതമാനം വരെ വീര്യമുള്ള മറ്റ് മദ്യപാനീയങ്ങള്‍ക്ക് ഏത് നികുതി നിരക്കാണ് ബാധകമാകേണ്ടതെന്ന കാര്യത്തില്‍ അവ്യക്തത നിലനിന്നിരുന്നു. ഇത് ഈ പ്രത്യേക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പല വീര്യം കുറഞ്ഞ മദ്യ ഉല്‍പ്പന്നങ്ങള്‍ക്കും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വിഭാഗത്തിന് സമാനമായ 241 മുതല്‍ 251 ശതമാനം വരെ നികുതി നേരിടുന്ന സാഹചര്യം ഉണ്ടാക്കിയിരുന്നു.

ബിയറിന് നിലവില്‍ 116 ശതമാനം നികുതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍, 0.5% മുതല്‍ 10% വരെ വീര്യമുള്ള, ബീയര്‍ കാറ്റഗറിക്ക് താഴെയും തൊട്ടുമുകളിലുമുള്ള പുതിയ വിഭാഗത്തിന് 120 ശതമാനം നികുതി നിശ്ചയിച്ചതാണ് വിവാദത്തിന് കാരണമായത്. നികുതി നിരക്ക് ബിയറിനേക്കാള്‍ കുറഞ്ഞതല്ലെങ്കിലും, പുതിയ കാറ്റഗറി സൃഷ്ടിക്കുന്നത് നേരത്തെ വിപണിയിലില്ലാത്ത കുറഞ്ഞ വീര്യമുള്ള റെഡി-ടു-ഡ്രിങ്ക് പാനീയങ്ങള്‍, ഫ്ലേവേര്‍ഡ് ആല്‍ക്കഹോളിക് ബെവറേജുകള്‍ തുടങ്ങിയ പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് കേരള വിപണി തുറക്കാന്‍ വഴിയൊരുക്കുമോ എന്ന ആശങ്കയാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്നത്.

നടപടികള്‍ അതിവേഗത്തിലായതില്‍ ദുരൂഹത

വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ അനുവദിക്കുന്നതിനുള്ള നീക്കങ്ങള്‍ 2010ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ആരംഭിച്ചെങ്കിലും നയപരമായ വ്യക്തത വന്നത് 2023-ലെ മദ്യനയത്തിലൂടെ ആയിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ 2022-23 ലെ അബ്കാരി നയത്തില്‍ വീര്യം കുറഞ്ഞ മദ്യവില്‍പന അനുവദിച്ച് ചട്ടം ഭേദഗതി ചെയ്തെങ്കിലും നികുതിഘടന പ്രഖ്യാപിച്ചിരുന്നില്ല. 42.86 ശതമാനം വീര്യമുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ അതേ നികുതിയായ 251 ശതമാനം നല്‍കേണ്ടിയിരുന്നതിനാല്‍ വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ ഒരു കമ്പനിയും വിറ്റില്ല. പ്രമുഖ കമ്പനികള്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനായി നികുതി ഘടന പരിഷ്‌കരിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. കര്‍ണാടകയിലെ ബക്കാഡി കമ്പനിക്ക് വേണ്ടിയാണ് യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ചൊവ്വാഴ്ച നിയമസഭയില്‍ ആരോപിച്ചത്. നികുതി കുറയ്ക്കാന്‍ 2023 ലാണ് ബക്കാഡി കമ്പനി സംസ്ഥാന നികുതി വകുപ്പിന് അപേക്ഷ നല്‍കിയത്. കഴിഞ്ഞ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തിടുക്കപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചില്ല. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ശരവേഗത്തില്‍ ഫയല്‍ നീക്കമുണ്ടായി. വീര്യം കുറഞ്ഞ മദ്യത്തിന് ഇളവ് നല്‍കി സ്വകാര്യ കമ്പനിക്ക് അമിത ലാഭം കൊയ്യാന്‍ അവസരമൊരുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചു. കമ്പനിയുടെ ആദ്യ അപേക്ഷ 2023ലാണ് ലഭിച്ചത്. വി.ഡി. സതീശന്‍ സര്‍ക്കാര്‍ വന്ന ശേഷം മെയ് 21ന് ജീവന്‍ വെച്ച ഫയല്‍ രണ്ടര മണിക്കൂറിനുള്ളില്‍ തന്നെ മുഖ്യമന്ത്രിക്ക് മുന്നില്‍ എത്തിയെന്ന് വിഷയത്തില്‍ ന്യൂസ് മലയാളം പുറത്തുവിട്ട രേഖകള്‍ വെളിപ്പെടുത്തുന്നു.

യുഡിഎഫില്‍ ഭിന്നത പുകയുന്നു

ലഹരിയെ സംസ്ഥാനത്ത് നിന്ന് പിഴുതെറിയാന്‍ 'ഓപറേഷന്‍ തൂഫാന്‍' ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുമ്പോള്‍ മദ്യപാനം കൂട്ടിയേക്കാവുന്ന സര്‍ക്കാര്‍ നടപടിയില്‍ മുന്നണിക്കുള്ളിലും അതൃപ്തി പുകയുകയാണ്. വി.ഡി. സതീശന്റെ ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് പാളയത്തില്‍ പടപോലെ കോണ്‍ഗ്രസിനുള്ളിലും എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നത്. മുതിര്‍ന്ന നേതാവ് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയതിനു പിന്നാലെ എക്സൈസ് മന്ത്രി എം. ലിജു, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരും നികുതി നിരക്കില്‍ എതിരഭിപ്രായം പ്രകടിപ്പിച്ച് രംഗത്തെത്തി. മദ്യ നികുതിയിലും ധാതുമണല്‍ വിഷയത്തിലും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാരിന് ആശങ്കകള്‍ ദൂരികരിക്കേണ്ട ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി രമേശ് ചെന്നിത്തലയും നികുതി നിരക്കിനെ പരസ്യമായി പിന്തുണയ്ക്കാന്‍ തയാറായില്ല. വകുപ്പ് പോലും അറിയാതെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുവാനുള്ള മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ എക്സൈസ് മന്ത്രി എം. ലിജു മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അതൃപ്തി അറിയിച്ചു.

പ്രതിഷേധവുമായി മതസംഘടനകള്‍

സംസ്ഥാന ബജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ഡ്രൈവായ 'ഓപ്പറേഷന്‍ തൂഫാനെ' പിന്തുണച്ചുകൊണ്ട് ലീഗ് മുഖപത്രമായ 'ചന്ദ്രിക'യിലും സമസ്തയുടെ മുഖപത്രമായ 'സുപ്രഭാത'ത്തിലും എഴുതിയ ലേഖനത്തിലാണ് അദ്ദേഹം പുതിയ മദ്യനയത്തിലെ വിയോജിപ്പ് പരസ്യമാക്കിയത്. ലഹരിയെ പുറത്താക്കാന്‍ നാടും നഗരവും ഓപ്പറേഷന്‍ തൂഫാനുമായി കൈകോര്‍ക്കുമ്പോള്‍ തന്നെ, ബജറ്റിലെ നികുതി ഇളവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്കകള്‍ കൂടി ദൂരീകരിക്കാന്‍ കഴിയണം എന്ന് അദ്ദേഹം ലേഖനത്തില്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് ഓര്‍ത്തഡോക്‌സ് സഭയും സിറോ മലബാര്‍ സഭയും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് വീര്യം കുറയരുതെന്നും ഒരു വശത്ത് ഓപ്പറേഷന്‍ തൂഫാനും മറുവശത്ത് മദ്യവ്യാപനത്തിന് പഴുതൊരുക്കുന്ന നടപടിയുമാണ് സര്‍ക്കാരിന്റേതെന്ന് മുഖപത്രമായ സിറാജിലെ എഡിറ്റോറിയലിലൂടെ സമസ്തയും വിമര്‍ശിക്കുന്നു.

തൂഫാനപ്പുറം മദ്യനയമെന്ത്?

സംസ്ഥാന ബജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയെങ്കിലും അനുവദിക്കപ്പെട്ടില്ല. മുഖ്യമന്ത്രി വിഷയത്തില്‍ വ്യക്തത വരുത്തിയുമില്ല. ഇടതുസര്‍ക്കാരിന്റെ ഇതേ നയത്തിനെതിരെ ശക്തമായി പ്രക്ഷോഭം നയിച്ചയാളാണ് മുഖ്യമന്ത്രി വി.ഡി.സതീശന്‍. വ്യക്തമായ മദ്യനയം അവതരിപ്പിച്ച് ഭരണത്തിലേറിയ യു.ഡി.എഫിന്റെ നയവ്യതിയാനമാണ് പുറത്തുവന്നതെന്നാണ് ഘടകകക്ഷികളുടെ ആരോപണം. പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യാതെയായിരുന്നു മദ്യനയത്തില്‍ മാറ്റം കൊണ്ടുവരാന്‍ മുഖ്യമന്ത്രി ഇപ്പോള്‍ തീരുമാനിച്ചതെന്നും വിമര്‍ശനം ഉയരുന്നു. തൂഫാന്‍ എന്ന പേരില്‍ ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന നടപടികളുടെ ആത്മാര്‍ത്ഥതയും ഈ തീരുമാനത്തിലൂടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സ്വകാര്യ കമ്പനിയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടായി എന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും മന്ത്രിസഭക്കും ഉണ്ട്.

SCROLL FOR NEXT