ഇടുക്കി ജില്ലയിലെ അടൂർമലയിലും പൂഞ്ഞാർ പയ്യാനിത്തോട്ടത്തിലും മറ്റുമുണ്ടായ അതിശക്തമായ ഉരുൾപൊട്ടലുകൾ കേരളത്തെ നടുക്കിയിരിക്കുന്നു. ശനിയാഴ്ച പുലർച്ചെയുണ്ടായ പ്രകൃതിക്ഷോഭത്തിൽ നിരവധി ജീവനുകൾ നഷ്ടമായി. സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടയിലാണ് മുതലപ്പൊഴിയിൽ ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് തൊഴിലാളികളെ കാണാതായത്. പ്രളയകാലത്തിനു ശേഷം മഴ , ഭീതിയുടെയും ദുരന്തത്തിൻെറയും കാലമായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഉരുളിൽ തെളിയുന്ന ജലപാഠങ്ങൾ
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ച് തീവ്ര ന്യൂനമർദമായി കരകയറി മധ്യ ഇന്ത്യയിലേക്ക് സഞ്ചരിക്കുന്നതാണ് ഇപ്പോഴത്തെ മഴയുടെ പ്രധാന പ്രഭവകേന്ദ്രം. ഈ ന്യൂനമർദത്തിന്റെ സ്വാധീനത്താൽ അറബിക്കടലിൽ നിന്ന് കേരള തീരത്തേക്ക് ശക്തമായ പടിഞ്ഞാറൻ, വടക്കു-പടിഞ്ഞാറൻ കാറ്റ് വീശുന്നുണ്ട്. ഇത് കേരളത്തിൽ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും കാരണമാകുന്നു. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പിൽ ന്യൂനമർദ പാത്തി നിലനിൽക്കുന്നുണ്ട്. കാലവർഷത്തിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് സമുദ്രനിരപ്പിൽ തീരത്തിന് സമാന്തരമായി രൂപപ്പെടുന്ന നീളമുള്ള ന്യൂനമർദ മേഖലയാണിത്...ഈർപ്പമുള്ള കാറ്റിനെ കേരള തീരത്തേക്ക് പിടിച്ചുനിർത്തി തുടർച്ചയായ മഴ നൽകുന്ന ഒരു അന്തരീക്ഷ ചാലകമായാണ് തീരദേശ ന്യൂനമർദ പാത്തി പ്രവർത്തിക്കുന്നത്. അതിന്റെകൂടെ ഫലമാണ് ഇപ്പോഴത്തെ അതിശക്തമായ മഴ.
ചുരുങ്ങിയ സമയത്ത് തീവ്ര മഴപ്പെയ്ത്ത്
കുറഞ്ഞ സമയത്തിൽ അതിശക്തമായ മഴപ്പെയ്ത്തിലാണ് മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടാകുന്നത്. മൺസൂൺ മേഘങ്ങളുടെ ഘടന മാറിയതാണ് ഈ പ്രതിഭാസത്തിന് പ്രധാന കാരണം. പശ്ചിമതീരത്ത് തെക്കു കിഴക്കൻ അറബിക്കടലിൽ കേരളത്തോട് ചേർന്നു കിടക്കുന്ന ഭാഗത്തുള്ള മേഘങ്ങളുടെ ഘടനയിൽ വലിയ മാറ്റം വന്നിട്ടുണ്ട്. പണ്ട് കാലത്ത് അഞ്ചോ ആറോ കിലോമീറ്റർ ഉയരത്തിലുള്ള മേഘങ്ങൾ ഇപ്പോൾ പത്തു കിലോമീറ്റർ ഉയരത്തിലേക്കാണ് എത്തുന്നത്. ചില അവസരങ്ങളിൽ പതിനാലും പതിനഞ്ചും കിലോമീറ്റർ ഉയരത്തിലേക്കും ഈ മേഘങ്ങൾ എത്താറുണ്ട്.
ആ സമയത്താണ് നമുക്ക് ലഘുമേഘ വിസ്‌ഫോടനവും മേഘ വിസ്‌ഫോടനവും ലഭിക്കുന്നത്. ഇപ്പോൾ ഏകദേശം പത്തു കിലോമീറ്റർ ഉയരത്തിലാണ് മേഘങ്ങളുള്ളത്. കൂമ്പാര മേഘങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന ഇത്തരത്തിലുള്ള മേഘങ്ങളാണ് മഴയുടെ തീവ്രത കൂട്ടുന്നത്. ചുരുങ്ങിയ സമയത്ത് തീവ്രമായ മഴ ലഭിക്കാനുള്ള കാരണവും ഇതാണ്. അങ്ങനെയാണ് പല പ്രദേശത്തും വെള്ളക്കെട്ടും മിന്നൽ പ്രളയങ്ങളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും എല്ലാം ഉണ്ടാകുന്നത്. ഈ ഒരു പാറ്റേണാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി മഴയുടെ രീതിയിൽ കാണുന്നത്....മേഘങ്ങളുടെ ഘടന മാറുമ്പോൾ ഉണ്ടാകുന്ന മറ്റൊരു വലിയ വില്ലൻ ഗസ്റ്റ് വിൻഡാണ്. മേഘത്തിന്റെ ഉള്ളിൽ നിന്നും താഴേക്ക് പ്രവഹിക്കുന്ന തണുത്ത കാറ്റിന്റെ പ്രവാഹമാണത്. മണിക്കൂറിൽ 70 കിലോമീറ്ററോ അതിൽ കൂടുതലോ ആണ് ഈ കാറ്റിന്റെ വേഗത. അങ്ങനെ വരുമ്പോഴാണ് കേരളം മുഴുവൻ വ്യാപകമായി അഞ്ചു മുതൽ പത്തു മിനുറ്റ് വരെ നീണ്ടു നിൽക്കുന്ന ശക്തമായ കാറ്റ് വീശുന്നത്.
ഉരുൾ പൊട്ടലിനെ ഭയന്ന് ജനം
ഒരൊറ്റ കനത്ത മഴയിൽ ചായ കുതിർത്ത ബണ്ണു പോലെയാകുന്നു നമ്മുടെ മലയോരങ്ങൾ. ഏത് സമയവും പ്രതീക്ഷിക്കാവുന്ന ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ. കനത്ത മഴ പെയ്യുമ്പോൾ സംഭരിക്കാവുന്നതിനേക്കാൾ കൂടുതൽ വെള്ളം മണ്ണിലേക്കിറങ്ങും. ഭൂഗർഭ ജലത്തിന്റെ അളവു കൂടുന്നതിനനുസരിച്ച് മണ്ണിനടിയിൽ മർദം വർധിക്കും. ഈ മർദത്തിന്റെ ഫലമായാണ് ഉരുളായി വെള്ളം പുറത്തേക്കു ശക്‌തിയിൽ കുതിച്ചൊഴുകുക. പശ്ചിമഘട്ട മലനിരകളുടെ ഭൂപ്രകൃതിയും തീവ്രമായ മൺസൂൺ മഴയും അശാസ്ത്രീയമായ ഭൂവിനിയോഗവും കാരണം കേരളത്തിൽ ഉരുൾപൊട്ടലുകൾ പ്രധാന പ്രകൃതിദുരന്തമായി മാറിയിട്ടുണ്ട്. കേരളത്തിലെ 13 ശതമാനം ഭൂപ്രദേശങ്ങളും ഉരുൾപൊട്ടൽ സാധ്യത നേരിടുന്നതായി പഠനങ്ങൾ പുറത്ത് വന്നിരുന്നു.
മിഷിഗൺ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയും പുനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയുമായി ചേർന്ന് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസിന്റെ പഠനമായിരുന്നു അത്. ചരിവുള്ള പ്രദേശങ്ങളിൽ റോഡ് നിർമാണത്തിനായി മാറ്റങ്ങൾ വരുത്തുന്നതും ഭൂമി ഉപയോഗിക്കുന്നതിലെ അശാസ്ത്രീയമായ രീതികളുമാണ് അപകട സാധ്യത വലിയതോതിൽ വർധിപ്പിക്കുന്നത് എന്ന് പഠനത്തിൽ കണ്ടെത്തി.
10 ഡിഗ്രി മുതൽ 40 ഡിഗ്രി വരെ ചരിവുള്ള പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലിന്റെ സാധ്യത കൂടുതലുള്ളത്. 2018 ലെ പ്രളയത്തിനു കാരണമായ മഴ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത 3.46 % വർധിപ്പിച്ചെന്നു റിപ്പോർട്ടിൽ പറയുന്നു. ഏതാണ്ട് 31 ശതമാനം പ്രദേശങ്ങളും 600 മീറ്ററിന് മുകളിലുള്ള സംസ്ഥാനത്തെ ഹൈറേഞ്ച് മേഖല അതിരൂക്ഷമായ മണ്ണിടിച്ചിലിന് സാധ്യതയുള്ള മേഖലകളിൽ ഉൾപ്പെടുന്നു. ജനസാന്ദ്രതയുള്ള സ്ഥലങ്ങൾക്കു പുറമേ പരിസ്ഥിതി ലോല പ്രദേശങ്ങൾക്കും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾക്കും സംരക്ഷണം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് പഠനം ചൂണ്ടിക്കാട്ടിയിരുന്നു..
മാറിയ മൺസൂൺ സങ്കൽപം
കാലാവസ്ഥാ വ്യതിയാനത്തിൽ ക്ലാസിക്കൽ മൺസൂൺ സങ്കൽപം തന്നെ മാറിയിരിക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് മുമ്പത്തെ മഴക്കാലമല്ല, ഇപ്പോൾ കാണുന്നത്. മൺസൂൺ കാലഗണന തന്നെ മാറി. ജൂൺ-ജൂലൈ മാസങ്ങളിൽ 30 ശതമാനത്തിലേറെ മഴക്കുറവ് വന്നിട്ടുണ്ട്. എൽനിനോ പ്രവചനങ്ങളിൽ മഴക്കുറവും വരൾച്ചയും തന്നെയാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കാലാവസ്ഥ പ്രവചനങ്ങളെ നിഷ്പ്രഭമാക്കി വൻ മഴപ്പെയ്ത്തും ഇതിനെത്തുടർന്ന് വെള്ളക്കെട്ടും സർവസാധാരണമായി.
മഴ പെയ്ത് ലഭിക്കുന്ന വെള്ളം ഒഴുകി പോകാനുള്ള പാത ഇല്ലാത്തതാണ് ഇതിന് കാരണം. കൃഷിഭൂമി നികത്തപ്പെട്ടതും അശാസ്ത്രീയ വികസന പദ്ധതികളും നിർമാണങ്ങളും ഇതിന് കാരണമാകുന്നു...അതിലുപരി സുസ്ഥിര വികസന കാഴ്ചപ്പാടിന്റെ അഭാവം പ്രകടമാണ്. മാറുന്ന ഈ കാലാവസ്ഥ ഏറ്റവും കൂടുതലായി ബാധിക്കുന്നത് വനങ്ങളെയും പരിസ്ഥിതിയെയും കൂടുതലായി ആശ്രയിക്കുന്ന കർഷകരെയും മത്സ്യത്തൊഴിലാളികളെയും ആണ്. മൺസൂണിന്റെ സമയത്ത് തീര പ്രദേശത്ത് കടലാക്രമണം രൂക്ഷമാവുകയും ശക്തമായ കാറ്റ് കാരണം നല്ലരീതിയിൽ കടലേറ്റം ഉണ്ടാവുകയും ഇത് തീരദേശത്ത് വലിയ നാശം വിതക്കുകയും ചെയ്യുന്നു. ഈ അവസരങ്ങളിൽ കാറ്റോ മറ്റ് കാലാവസ്ഥാ മാറ്റങ്ങളോ ഇല്ലാതെ, അപ്രതീക്ഷിതമായി വലിയ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത ഏറെയാണ്.
അതിനിർണായകമായ കോടതി വിധി
നമ്മുടെ നാടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ പ്രകൃതി ദുരന്തങ്ങളിലൊന്നായ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിന് കഴിഞ്ഞ ദിവസം രണ്ടുവയസ് തികഞ്ഞതേ ഉള്ളൂ...മുൻകൂർ പരിസ്ഥിതി അനുമതിയില്ലാതെ ആരംഭിച്ച പദ്ധതികൾക്ക് പിന്നീട് അനുമതി നൽകി നിയമവിധേയമാക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2021ൽ പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടം കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കിയത് ഈ ഘട്ടത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകരുത്. ഈ റദ്ദാക്കൽ ഭാവിയിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയതിനാൽ നിലവിലുള്ള ഒരു പദ്ധതിയെയും തടസപ്പെടുത്തുകയുമില്ല... അതോടൊപ്പം 2006ലെ പരിസ്ഥിതി അനുമതി വിജ്ഞാപനത്തെ ഭരണപരമായ ഉത്തരവിലൂടെ ദുർബലപ്പെടുത്താൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്നും കോടതി വിധിച്ചിരുന്നു... ഇതൊരു ഔപചാരിക കടലാസ് നടപടി മാത്രമല്ലെന്നും പരിസ്ഥിതി നിയമത്തിന്റെ അടിസ്ഥാന ശിലയാണെന്നും സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തു.
അടിയന്തിര പ്രതികരണ പദ്ധതിയാണ് വേണ്ടത്
പ്രകൃതിദുരന്തങ്ങൾ കൈകാര്യം ചെയ്യാൻ പ്രാഥമികമായി വികേന്ദ്രീകൃതവും, സുശക്തമായതുമായ അടിയന്തിര പ്രതികരണ പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാനുള്ള ഏറ്റവും സുപ്രധാന നടപടികളിലൊന്നാണിത്. എന്നാൽ കേരളത്തിൽ സംസ്ഥാന- ജില്ലാ തലങ്ങളിൽ ഉരുൾപൊട്ടൽ അടിയന്തര പ്രതികരണ പദ്ധതികൾ ഉണ്ടായിരുന്നിട്ടും കമ്മ്യൂണിറ്റി തലത്തിലുള്ള ദുരന്ത പ്രതികരണ പദ്ധതി സജ്ജമായിട്ടില്ല.
പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന നിർമ്മിതികളും പ്രവർത്തനങ്ങളും തന്നിഷ്ടം പോലെ ആവർത്തിച്ചാൽ അതിന്റെ തിരിച്ചടി രൂക്ഷമായിരിക്കും എന്നത് നേരിൽ അനുഭവമുള്ള നാടുകളിൽ ഒന്നാണ് കേരളം... ഇക്കാര്യം വർഷങ്ങൾക്ക് മുന്നെതന്നെ ഗാഡ്ഗിൽ തൊട്ട് കസ്തൂരി രംഗൻ വരെയുള്ള പല വിദഗ്ധ സമിതികളും മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. മലവെള്ളപാച്ചിൽ സർവ്വവും കവർന്നെടുത്ത നിസഹായതയുടെ മുഖങ്ങൾ എന്നും നൊമ്പരമായി ഓരോ മലയാളികളുടെയും മനസ്സിലുണ്ട്. ജാഗ്രതയും മുൻകരുതലും എത്രത്തോളം ഫലപ്രാപ്തമാകും എന്നതിനെ ആശ്രയിച്ചാണ് മലയോരത്തും കുന്നുകളിലും താമസിക്കുന്ന ജീവനുകളുടെ സുരക്ഷിതത്വം.