ലോകത്ത് സമാധാനമെത്തിക്കാനുള്ള വ്യാപാര വഴികള്‍ തേടി ഇത്രയേറെ സഞ്ചരിച്ച മറ്റാരെ കാണാനാകും. ആ ഒരൊറ്റ ശുഷ്‌കാന്തി കൊണ്ടാണ് ഇന്നലെ രാത്രി തന്നെ ഇന്ത്യയിലെ വ്യാപാര മേഖലയിലെ പ്രതിസന്ധി 30 മിനിട്ട് നീണ്ട ഒരൊറ്റ ഫോണ്‍ കോളില്‍ തീര്‍ത്തത്. ഇതെങ്ങനെ ലോക സമാധാനവുമായി ബന്ധപ്പെട്ടു എന്ന് ചിന്തിച്ച് തല പുണ്ണാക്കണ്ടാ. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഇല്ലാതാക്കിയാല്‍ അത് യുകെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സഹായകമാകും. അതിന്റെ പേരിലാണല്ലോ, ഇന്ത്യക്ക് മേല്‍ 25 ശതമാനം അധിക തീരുവ യുസ് ചുമത്തിയത്. ആ സമീപനത്തിലെ ശുഷ്‌കാന്തി സമാധാനത്തിനുള്ള നൊബേലോളം വിലപ്പെട്ടതാണെന്ന് പറഞ്ഞ് ഇനി കളിയാക്കണ്ട. പിന്നെ അമേരിക്കക്ക് ഈ ഡീലില്‍ എന്താണ് നേട്ടം എന്ന് ചോദിക്കരുത്. ഇന്ത്യന്‍ ഇറക്കുമതിയിലെ 50-60 ശതമാനം വരെ അമേരിക്കക്ക് തീറെഴുതിയുള്ള കരാറാണെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു. കാലം കുറേയായുള്ള ട്രംപിന്റെ ഇന്ത്യക്ക് മേലുള്ള സമ്മര്‍ദതന്ത്രമാണ് ഇതോടെ വിജയം കണ്ടത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന സമയത്ത് ഇന്ത്യയുമായുള്ള കരാര്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ , ഏകപക്ഷീയമായി വളരെ നാടകീയമായാണ് ട്രംപ് പുറംലോകത്തെ അറിയിച്ചത്. ഇന്ത്യ ഇനി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്നും പകരം യുഎസിലും വെനസ്വേലയിലും നിന്ന് എണ്ണ ഇറക്കുമതി ചെയ്യുമെന്നുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. രാജ്യത്തെ ഇരുട്ടില്‍ നിര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മോദി വഴങ്ങിയെന്ന പ്രതിപക്ഷ ആരോപണത്തില്‍ പാലര്‍മെന്റ് സമ്മേളനം പ്രക്ഷുബ്ദമായിരിക്കുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യൻ വിപണിയുടെ കുത്തക ട്രംപിന് അടിയറ വെച്ചോ? എന്ന് പരിശോധിക്കേണ്ടതാണ്.
രാത്രിയിലെ നാടകീയ പ്രഖ്യാപനം
എല്ലാം ട്രംപ് നിനച്ചതുപോലെ നടന്നു; പ്രഖ്യാപനവും. രാത്രി ഒമ്പത് മണിക്ക് ശേഷം തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ പ്രഖ്യാപിക്കുന്നു, ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രധാന പ്രഖ്യാപനം നടത്താന്‍ പോകുന്നെന്ന്. ഒരുമണിക്കൂറിന് ശേഷമാണ് വാഷിങ്ടൺ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് പകരം വെനിസ്വേലയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള എണ്ണ ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചിട്ടുണ്ടെന്നും സൂചിപ്പിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ച വിവരം പോലെ വ്യാപാര കരാര്‍ വിശദാംശങ്ങള്‍ ട്രംപില്‍ നിന്നാണ് ഇന്ത്യക്കാര്‍ക്ക് അറിയാന്‍ സാധിച്ചത്. ട്രംപും മോദിയും ഇന്നലെ അരമണിക്കുര്‍ ഫോണ്‍ സംഭാഷണം നടത്തിയ വിവരം ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറാണ് ഇന്ത്യക്കാരെ അറിയിച്ചത്. ഇന്ത്യ- യുഎസ് കരാര്‍ സാധ്യമാകാത്തത് മോദി , ട്രംപിനെ വിളിക്കാത്തത് കൊണ്ടാണ് എന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാദം ശരിവെക്കും വിധം മോദി- ട്രംപ് ഫോണ്‍ സംഭാഷണത്തിനു ശേഷം കരാര്‍ പ്രഖ്യാപിക്കപ്പെടുകയായിരുന്നു.
പ്രതിഷേധത്തീയില്‍ ഇരു സഭകളും
ട്രംപിന്റെ പ്രഖ്യാപനം ഇരുസഭകളിലും വന്‍ പ്രതിഷേധങ്ങള്‍ക്കാണ് വഴിമരുന്നിട്ടത്. ഇപ്പോള്‍ വിശദീകരിക്കാന്‍ സാധ്യമല്ലെന്ന് രാജ്യസഭയില്‍ ജെ.പി. നദ്ദ സൂചിപ്പിച്ചതും ലോക്സഭയില്‍ കെ.സി. വേണുഗോപാല്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എന്ത് കൊണ്ട് പ്രധാനമന്ത്രി സംസാരിക്കുന്നില്ല എന്ന് പ്രതിപക്ഷം ചോദിച്ചപ്പോള്‍ നരേന്ദ്രമോദി മൗനിയായി തുടര്‍ന്നു. ട്രംപുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ ബുധനാഴ്ചയെത്തി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമേ ഔദ്യോഗിക വിശദീകരണം ഉണ്ടാകൂ എന്നാണ് അറിയുന്നത്. രാജ്യത്തെ ഇരുട്ടില്‍ നിര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മോദി വഴങ്ങിയെന്ന വിമര്‍ശനം ഇതോടെ ശക്തമാകുകയും ചെയ്തു.
'വ്യാപാര ട്രംപ്' നീക്കം ഇ യു കരാറിന് പിന്നാലെ
കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഇന്ത്യഅമേരിക്ക സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചില തടസ്സങ്ങള്‍ നേരിട്ടിരുന്നു. പ്രത്യേകിച്ച് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്ക്കെതിരെ അധിക തീരുവയും പിഴകളും യുഎസ് ചുമത്തിയത്. ഇത് കേരളം ഉള്‍പ്പെടെയുള്ള കയറ്റുമതി സംസ്ഥാനങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇന്ത്യയിലെ കാര്‍ഷിക, ക്ഷീര വിപണി, ഇലക്ട്രിക് വാഹനങ്ങളിലേക്കും ഓട്ടോമൊബൈല്‍ വിപണിയിലേക്കും പ്രവേശനം. ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക് വിപണി തുറക്കല്‍, ബദാം, ആപ്പിള്‍, വാല്‍നട്ട്, വൈന്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്‍ ഇളവ് തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നുള്ള യുഎസിന്റെ ആവശ്യം. എന്നാല്‍ പല കാര്യങ്ങളിലും ഇന്ത്യയില്‍ നിന്നുള്ള എതിര്‍പ്പ് തുടര്‍ന്നു. ഇന്ത്യന്‍ കര്‍ഷകര്‍ക്ക് സംരക്ഷണവും മിനിമം താങ്ങുവിലയും വേണം എന്നത് ഇന്ത്യ ഉയര്‍ത്തിയ പ്രധാന ആവശ്യമായി്‌രുന്നു. പുതിയ കരാറിലൂടെ ഈ മേഖലകള്‍ക്ക് വലിയ ആശ്വാസം ലഭിക്കുമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം ശിക്ഷാ തീരുവ ചുമത്തിയതിനുശേഷവും ഇന്ത്യ പ്രതിദിനം ഏകദേശം 1.5 ദശലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് മൊത്തം ഇന്ത്യന്‍ ഇറക്കുമതിയുടെ മൂന്നിലൊന്നില്‍ കൂടുതലാണ്.
റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമരൂപമാക്കിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖാപനം എന്നത് ശ്രദ്ധേയമാണ്. 90 ശതമാനത്തിലധികം ഉത്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ തീരുവ ഒഴിവാക്കുമെന്നാണ് ധാരണ. ഘട്ടംഘട്ടമായി ഇന്ത്യയും തീരുവ ഒഴിവാക്കും. ഇറക്കുമതി തീരുവ ഇല്ലാതാകുന്നതോടെ നിരവധി ഇറക്കുമതി ഉത്പന്നങ്ങളുടെ വില കുറയുമെന്ന സ്ഥിതിയുണ്ട്. ഏതായാലും വ്യാപാരക്കരാര്‍ പ്രഖ്യാപനത്തിന് പിന്നാലെ സെന്‍സെക്‌സ് 3,600 പോയിന്റും നിഫ്റ്റി 1,220 പോയിന്റും വര്‍ധിച്ചിട്ടുണ്ട്.
ട്രംപിന് ഇന്ത്യയിലെന്ത് കാര്യം?
യുഎസില്‍ നിന്ന് കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ കൂടുതലായി വാങ്ങുമെന്നതാണ് മോദിയില്‍ നിന്ന് ലഭിച്ചതായി ട്രംപ് പറയുന്ന മറ്റൊരു ഉറപ്പ്. കാര്‍ഷിക-പാലുല്‍പന്ന മേഖലകളെ സംബന്ധിച്ച തര്‍ക്കമാണ് കരാര്‍ സാധ്യമാകുന്നതിന് പ്രധാന തടസമായിരുന്നത്. അതിനാല്‍ കാര്‍ഷിക ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ഇന്ത്യയുടെ വാഗ്ദാനം എന്താണ് എന്ന് വെളിപ്പെടേണ്ടതുണ്ട്. അമേരിക്കന്‍ ഐക്യനാടുകളാണ് താരിഫ് കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്, ഇന്ത്യയല്ല. പ്രധാനമന്ത്രി കരാര്‍ സംബന്ധിച്ച് മൗനം വെടിയേണ്ടതുണ്ട്. തങ്ങളുടെ കയറ്റുമതിക്ക് ഇനി 18 ശതമാനം നികുതി മാത്രമേ ഉണ്ടാകൂ എന്നതിനെ ഇന്ത്യ സ്വാഗതം ചെയ്‌തെങ്കിലും, പകരമായി ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള നികുതി കുറയ്ക്കലിനെക്കുറിച്ച് ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഇനി, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തുന്നത് സംബന്ധിച്ച അവകാശവാദവും അമേരിക്കയുടേതാണ്, ഇന്ത്യയുടേതല്ല. ഈ ധാരണയുടെ ഭാഗമായി ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് ട്രംപും സംഘവും അവകാശപ്പെടുമ്പോഴും, ഇന്ത്യ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സീറോ താരിഫ് ബാധകമാകുന്ന ഉല്‍പ്പന്നങ്ങളുടെ പട്ടികയും ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടില്ല.
ഊര്‍ജം, സാങ്കേതികവിദ്യ, കൃഷി തുടങ്ങി വിവിധ മേഖലകളിലായി 500 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ ഇന്ത്യ വാങ്ങുമെന്നും അവയുടെ നികുതി പൂജ്യമാക്കുമെന്നും അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇതിന്റെ ഔദ്യോഗിക രേഖകളൊന്നും വന്നിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ നടത്തുമെന്ന് കരുതുന്ന പദ്ധതിയുടെ വിശാദംശം പ്രധാനമാണ്. റഷ്യയുടെ യുദ്ധക്കൊതി തീര്‍ക്കലും വെനീസ്വേലയിലെ ജനാധിപത്യ പുനഃസ്ഥാപനമൊക്കെ ട്രംപിന്റെ വ്യാപാരക്കൊതിയുടെ ഡെക്കറേഷന്‍ പറച്ചിലാണെന്ന തിരിച്ചറിവാണ് വേണ്ടത്. ഇന്ത്യയുടെ പകുതിയിലധികം വ്യാപാരരംഗത്ത് സ്വാധീനമുറപ്പിക്കാനുള്ള യുഎസ് ശ്രമം മാത്രമാണിത്. കര്‍ഷകരെ ഉള്‍പ്പെടെ ബാധിക്കുന്ന വിഷയങ്ങള്‍ ഇതിലുണ്ട്. അ്‌വരും ഇന്ത്യന്‍ പൗരരാണ്. അവരെ ഇല്ലാതാക്കാനാണ് കരാറെങ്കില്‍ എതിര്‍ക്കപ്പെടുക തന്നെ വേണം.