ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിന സന്ദേശത്തിലായിരുന്നു പ്രധാനമന്ത്രി മോദിയുടെ വിവാദമായ 'ദിമാഗി നക്സൽ' പരാമർശം. രാജ്യത്ത് സായുധരായ നക്സലുകളെ അമർച്ച ചെയ്യാൻ സാധിച്ചെങ്കിലും തലച്ചോറിൽ നക്സലിസം കൊണ്ടുനടക്കുന്നവർ ഇപ്പോഴും തുടരുന്നുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സായുധ നക്സലിസം ഇല്ലാതായെങ്കിലും സമൂഹത്തിൽ അശാന്തിയും അക്രമവും വിതയ്ക്കാൻ ഇത്തരത്തിലുള്ള 'ദിമാഗി നക്സലുകൾ' ശ്രമിക്കുന്നുണ്ടെന്നും, അവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും മോദി ആഹ്വാനം ചെയ്തു.
അതേസമയം പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് രൂക്ഷമായ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനിടെയാണ് 'കോക്രോച്ച് ജനതാ പാർട്ടി' രൂപപ്പെട്ട അതേ മാതൃക പിന്തുടർന്ന് സോഷ്യൽ മീഡിയയിൽ പുതിയൊരു പാർട്ടി പേജ് കൂടി തരംഗമായത്. ദിമാഗി നക്സൽ പാർട്ടി' എന്ന പേജ് ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകൾക്കകം 1.6 ലക്ഷം ഫോളോവേഴ്സിനെ സ്വന്തമാക്കി. എന്നാൽ ഒറ്റരാത്രികൊണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ട് കാണാതാകുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തു.
ആരാണ് ദിമാഗി നക്സലുകൾ.?
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ 'ദിമാഗി നക്സല്‍' പരാമര്‍ശത്തെ ചൊല്ലി കേന്ദ്ര ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്‌പോര് രൂക്ഷമാകുകയാണ്.... പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു 'ദിമാഗി നക്സലുകളുടെ' പട്ടിക പങ്കുവെച്ചതാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിതുറന്നത്...എന്നാല്‍, റിജിജുവിന്റെ പോസ്റ്റിന് മറുപടിയായി 'അത്തരമൊരു ദിമാഗി നക്സലായതില്‍ താന്‍ അഭിമാനിക്കുന്നു' എന്ന കടുത്ത പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരം രംഗത്തെത്തി.
പ്രധാനമന്ത്രി പ്രതിപക്ഷത്തെ നേരിട്ട് നക്സലുകള്‍ എന്ന് വിളിച്ചിട്ടില്ലെന്നും, രാജ്യവിരുദ്ധ ആശയങ്ങളെയാണ് വിമര്‍ശിച്ചതെന്നും വിശദീകരിച്ച് കിരണ്‍ റിജിജു പിന്നീട് രംഗത്തെത്തിയെങ്കിലും കോണ്‍ഗ്രസ് പ്രത്യാക്രമണം ശക്തമാക്കിയിട്ടുണ്ട്... തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനും അധിക്ഷേപിക്കാനുമുള്ള ബിജെപിയുടെ കടുത്ത നിരാശയാണ് ഇത്തരം പ്രയോഗങ്ങളിലൂടെ പുറത്തുവരുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ ‘ദിമാഗി നക്സൽ’ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി വക്താവ് സൗരവ് ദാസും രംഗത്തെത്തി... സർക്കാരിനെ ചോദ്യം ചെയ്യുന്ന വിദ്യാസമ്പന്നരായ യുവാക്കളെ ‘നക്സലുകൾ’ എന്ന് മുദ്രകുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് സൗരവ് ദാസ് എക്സിൽ കുറിച്ചു. സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ,എന്നിവരടക്കമുള്ള പ്രതിപക്ഷ നേതാക്കളും പ്രധാനമന്ത്രിയുടെ ‘ദിമാഗി നക്സൽ’ പരാമർശത്തെ വിമർശിച്ചു.
സർക്കാരിനെ വിമർശിക്കുന്നവരെയും അഭിപ്രായവ്യത്യാസമുള്ളവരെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇത്തരം പരാമർശങ്ങളെന്നും യഥാർഥ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നവരും ആർട്ടിക്കിൾ 370 നെ പിന്തുണയ്ക്കുന്നവരും അടക്കമുള്ളവരാണ് ദിമാഗി നക്സലുകളെന്ന് റിജിജു തന്റെ പ്രസ്താവനയിൽ പിന്നീട് വ്യക്തത വരുത്തി. ഇന്ത്യൻ ഭരണഘടനയെ നിരസിക്കുന്നവരെയും വിഘടനവാദികളെ പിന്തുണയ്ക്കുന്നവരെയും വടക്കുകിഴക്കൻ മേഖലയെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന മേഖലയെ മുറിക്കണമെന്ന് വാദിക്കുന്നവരെയും ഉദ്ദേശിച്ചാണ് മോദിയുടെ പരാമർശമെന്നും റിജിജു അവകാശപ്പെട്ടു.
'ദിമാഗി നക്സൽ പാർട്ടി'ക്ക് പിന്നിലാര്?
ഒറ്റരാത്രികൊണ്ട് ഇൻസ്റ്റഗ്രാം വൈറലാകുകയും അക്കൗണ്ട് കാണാതാകുകയും ചെയ്ത ദിമാഗി നക്‌സൽ പാർട്ടിയുടെ ഇൻസ്റ്റഗ്രാം ഹാൻഡിൽ 62 പോസ്റ്റുകൾ ഇടുകയും 35 പേരെ ഫോളോ ചെയ്യുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു അക്കൗണ്ട് ഡെലീറ്റ് ചെയ്യപ്പെട്ടതും തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് തിരിച്ചെത്തുകയും ചെയ്തത്. നിലവിൽ അക്കൗണ്ടിന് 1.92 ലക്ഷം ഫോളോവേഴ്സുണ്ട്. ഒരു ദിമാഗി ഇന്ത്യക്കാരൻ' എന്നാണ് ഇതിന്റെ സ്ഥാപക സ്ഥാനത്ത് നൽകിയിരിക്കുന്ന പേര്. 'ചിന്തിക്കുക, ഗവേഷണം ചെയ്യുക, പ്രതിരോധിക്കുക' എന്നതാണ് പേജിന്റെ മുഖ്യ മുദ്രാവാക്യം.
ഈ നീക്കത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെങ്കിലും, കേന്ദ്ര സർക്കാരിന്റെ വിവിധ നയങ്ങളെയും തീരുമാനങ്ങളെയും ചോദ്യം ചെയ്യുന്ന പോസ്റ്റുകളാണ് പേജിൽ പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. ഭരണകൂടത്തെ വിമർശിക്കുന്നവരെ വിശേഷിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിക്കുന്ന പദങ്ങൾ നേരത്തെയും വിവാദങ്ങൾക്കിടവരുത്തിയിട്ടുണ്ട്. സമരം മാത്രം തൊഴിലായി നടക്കുന്ന രാഷ്‌ട്രീയക്കാരെ ആന്ദോളൻ ജീവി എന്നും ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ത്ഥികളെ ആക്ഷേപിച്ച് ഇന്ത്യയെ വെട്ടിമുറിക്കാന്‍ ശ്രമിക്കുന്നവർ എന്ന അർഥത്തിൽ തുക് ഡെ തുക്ഡെ ഗ്യാങ്ങ് എന്നിങ്ങനെ വിശേഷിപ്പിച്ചിരുന്നു.
പക്ഷേ ഭരണകൂടത്തെ വിമർശിക്കുന്ന ബുദ്ധിജീവികളെയും സാമൂഹിക പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും അർബൻ നക്സൽ എന്ന് വിശേഷിപ്പിച്ചതാണ് കൂടുതൽ വിമർശനം ഏറ്റുവാങ്ങിയത്.
നക്സൽ പ്രസ്ഥാനത്തിന്റെ ഉദയവും അസ്തമയവും
നക്സൽ പ്രസ്ഥാനവുമായി ബന്ധപ്പെടുത്തിയാണ്, േകന്ദ്രസർക്കാർ പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി ഭരണകൂട വിരുദ്ധ നീക്കങ്ങളെ തുലനപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മുമ്പ് അർബൻ നക്സൽ എന്ന് നൽകിയ വിശേഷണത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ ദിമാഗി നക്സൽ പ്രയോഗവും എത്തിയത്.. ഈ സാഹചര്യത്തിൽ നക്സൽ പ്രസ്ഥാനത്തിന്റെ ഉദയവും അസ്തമയവും കൂടി പരാമർശിക്കേണ്ടതുണ്ട്.1967-ൽ പശ്ചിമ ബംഗാളിലെ നക്സൽബാരി ഗ്രാമത്തിൽ കർഷകരുടെ ഒരു പ്രാദേശിക പ്രക്ഷോഭമായി ഉദയം കൊണ്ട നക്സലൈറ്റ് പ്രസ്ഥാനം ഇന്ത്യയിലെ മധ്യ-കിഴക്കൻ സംസ്ഥാനങ്ങളിലെ വന-ആദിവാസി മേഖലകളിലായിരുന്നു കൂടുതൽ വേരോടിയിരുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ദാരിദ്ര്യം, ഭൂമിയില്ലായ്മ, സാമ്പത്തിക അസമത്വം തുടങ്ങിയ ചൂഷണങ്ങൾക്കെതിരെ സായുധവിപ്ലവത്തിലൂടെ പ്രതികരിച്ച അവർക്ക് അടിസ്ഥാന വർഗ്ഗത്തിൽ നിന്ന് വലിയ പിന്തുണ ലഭിച്ചു. പ്രത്യയ ശാസ്ത്ര പരമായ ബലഹീനത, സംഘടനയിലെ ആശയപരമായ ഭിന്നത, വിഘടിച്ച് പോകൽ എന്നിവക്ക് പുറമെ കേന്ദ്ര സർക്കാരിന്റെയും സുരക്ഷാ സേനകളുടെയും നിരന്തരമായ സൈനിക ഓപ്പറേഷനുകളും കൂടി എത്തിയതോടെ നക്സൽ മുന്നേറ്റത്തിന്റെ ശക്തി ഗണ്യമായി ക്ഷയിക്കുകയായിരുന്നു. രാജ്യത്തെ നക്‌സലിസത്തിൽനിന്ന് മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു 2014-ൽ മോദി സർക്കാർ അധികാരത്തിലെത്തിയത്...സുരക്ഷ സേനയുടെ നിരന്തരമായ നടപടികൾ ഏറെക്കുറെ അവരുടെ സാന്നിധ്യം ഇല്ലാതാക്കി. സമീപകാലത്ത് ആയിരക്കണക്കിന് കേഡർമാർ ആയുധം വെച്ച് കീഴടങ്ങിയതോടെ, ഇന്ത്യ മാവോയിസ്റ്റ് ഭീഷണിയിൽ നിന്നും പൂർണ്ണമായി സ്വതന്ത്രമായതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈയടുത്ത് പ്രഖ്യാപിക്കുകയും ചെയ്തു.
ആരാണ് ഒരു അർബൻ നക്സൽ?
നഗരങ്ങളിൽ ജീവിച്ചുകൊണ്ട് മാവോയിസ്റ്റ്-തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നു എന്ന് ആരോപിക്കപ്പെടുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍, അക്കാദമിക് വിദഗ്ധര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ലക്ഷ്യമിട്ട് ഉപയോഗിച്ച പദമായിരുന്നു, 'അർബൻ നക്സൽ'. എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ വിവേക് അഗ്നിഹോത്രിയാണ് അർബൻ നക്സലൈറ്റ് എന്ന പ്രയോഗം ആദ്യമായി ഉപയോഗിക്കുന്നത്. 2018-ൽ മഹാരാഷ്ട്രയിൽ നടന്ന എൽഗാർ പരിഷത്ത് കേസുമായി ബന്ധപ്പെട്ടാണ് ഈ പ്രയോഗം വലിയ രീതിയിൽ പ്രചാരത്തിൽ വന്നത്.എന്നാൽ, സർക്കാരിന്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യുന്നവരെയും വിയോജിപ്പുകൾ രേഖപ്പെടുത്തുന്നവരെയും നിശബ്ദരാക്കാനുള്ള ഒരു രാഷ്ട്രീയ ആയുധമായാണ് ഇത് ഉപയോഗിക്കപ്പെടുന്നതെന്ന് പ്രതിപക്ഷവും വിമർശകരും വാദിക്കുന്നു. എൽഗാർ പരിഷത്ത് , ഭീമ കൊറേഗാവ്, ഒടുവിൽ പൗരത്വ സമരത്തിൽ ഉൾപ്പെടെ അറസ്റ്റിലായ വിവിധ മനുഷ്യാവകാശ പ്രവർത്തകർ, എഴുത്തുകാർ, അഭിഭാഷകർ എന്നിവരെ അർബൻ നക്സൽ എന്ന് പേരിട്ട് കേന്ദ്രസർക്കാർ വേട്ടയാടുകയായിരുന്നു എന്നായിരുന്നു ഉയർന്ന ആക്ഷേപം.
ദിമാഗി നക്സൽ എന്ന ചാപ്പകുത്തൽ
രാജ്യസുരക്ഷയെയും അഖണ്ഡതയെയും മുൻനിർത്തിയുള്ള ഭരണകൂടത്തിന്റെ ജാഗ്രതയാണ് ദിമാഗി നക്സൽ എന്ന പദപ്രയോഗത്തിലൂടെ പ്രധാനമന്ത്രി അർഥമാക്കുന്നതെന്ന് ഒരുവിഭാഗം വാദിക്കുമ്പോൾ തന്നെ ജനാധിപത്യത്തിലെ വിയോജിക്കാനുള്ള അവകാശത്തെയും സർക്കാരിനെതിരെയുള്ള വിമർശനങ്ങളെയും നിശബ്ദമാക്കാനുള്ള ബോധപൂർവമായ 'ചാപ്പകുത്തൽ' ആയാണ് പ്രതിപക്ഷവും പൊതുസമൂഹവും ഇതിനെ വിലയിരുത്തുന്നത്.'ദിമാഗി നക്സൽ പാർട്ടി' പോലെയുള്ള സോഷ്യൽ മീഡിയ പേജുകൾക്ക് ലഭിക്കുന്ന വലിയ സ്വീകാര്യത വ്യക്തമാക്കുന്നത്, ഇത്തരം അധിക്ഷേപ പ്രയോഗങ്ങൾക്കെതിരെ സമൂഹത്തിൽ പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ശക്തമായ പ്രതിരോധം രൂപപ്പെടുന്നുണ്ട് എന്ന് തന്നെയാണ്.