Source: News Malayalam 24x7
OPINION

മുനമ്പത്തില്‍ പാരവെച്ചതാര്?

1341-ല്‍ പെരിയാറിലുണ്ടായ വലിയ വെള്ളപ്പൊക്കത്തിന്റെ ഫലമായി രൂപപ്പെട്ടതാണ് മുനമ്പം അടങ്ങുന്ന വൈപ്പിന്‍കര

Author : പി.പി. പ്രശാന്ത്

മുന്‍ സര്‍ക്കാരിന്റെ കാലത്തെ വഖഫ് ബോര്‍ഡ്, ഭരണം ഒഴിയുംമുമ്പ് എറണാകുളം മുനമ്പത്തെ ഭൂമി പ്രശ്‌നത്തില്‍ പുതിയ സര്‍ക്കാരിന് പണി തന്നുവെന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശന്‍ സ്ഥാപിക്കുന്നത്. പത്തുമിനിട്ട് കൊണ്ട് തീര്‍ക്കാവുന്ന പ്രശ്‌നം അക്കാര്യം അസാധ്യമാക്കുന്ന തരത്തില്‍ അവര്‍ വഖഫിന്റെ ഉമീദ് പോര്‍ട്ടലില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി പറയുന്നു. പ്രശ്‌നം പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഈ നടപടി കാരണം കാലതാമസം നേരിടുമെന്ന് പറഞ്ഞ് തല്‍കാലം തലയൂരുകയായിരുന്നു വി.ഡി. സതീശന്‍. മുനമ്പത്തെ 404 ഏക്കര്‍ തര്‍ക്കഭൂമി വഖഫ് ബോര്‍ഡ് കേന്ദ്ര സര്‍ക്കാരിന്റെ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വലിയ രാഷ്ട്രീയ-നിയമ വിവാദങ്ങള്‍ക്ക് വഴിതുറന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയായി മുനമ്പം ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിച്ചത് പാണക്കാട് റഷീദ് അലി തങ്ങള്‍ ചെയര്‍മാനായിരുന്ന വഖഫ് ബോര്‍ഡ് ആണെന്ന വെളിപ്പെടുത്തലും വരുന്നുണ്ട്. 2019 മെയ് 20 ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലെ തീരുമാനപ്രകാരമാണ് പോര്‍ട്ടലില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യപ്പെട്ടത് എന്ന് മുന്‍ ചെയര്‍മാന്‍ എം.കെ. സക്കീര്‍ രേഖകള്‍ സഹിതംപുറത്തുവിടുകയും ചെയ്തു.

മുനമ്പത്തില്‍ പാരവെച്ചതാര്?

എറണാകുളം ജില്ലയിലെ വൈപ്പിന്‍കരയുടെ വടക്കേയറ്റത്തുള്ള തീരദേശ പ്രദേശമാണ് മുനമ്പം. 1341-ല്‍ പെരിയാറിലുണ്ടായ വലിയ വെള്ളപ്പൊക്കത്തിന്റെ ഫലമായി രൂപപ്പെട്ടതാണ് മുനമ്പം അടങ്ങുന്ന വൈപ്പിന്‍കര. 1865-ല്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന ആയില്യം തിരുനാള്‍ പുറപ്പെടുവിച്ച 'പണ്ടാരപ്പാട്ടം' വിളംബരം അനുസരിച്ച് കൃഷിക്കും താമസത്തിനുമായി ജനങ്ങള്‍ക്ക് ഈ ഭൂമി കൈമാറിയിരുന്നു. ഇതിന്റെ ഭാഗമായി ഗുജറാത്തി വ്യാപാരിയായ അബ്ദുല്‍ സത്താര്‍ മൂസ സേട്ടിന് തിരുവിതാംകൂര്‍ രാജാവ് മുനമ്പത്ത് 404 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കി. 1948ല്‍ ഈ ഭൂമി അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ മുഹമ്മദ് സിദ്ദിഖ് സേട്ടിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, കൃത്യമായി പറഞ്ഞാല്‍ 1902-ലാണ് കൊച്ചിയില്‍ എത്തിയ സിദ്ദിഖ് സേട്ട് എന്ന ഗുജറാത്തി വ്യാപാരി ഈ ഭൂമി വാങ്ങിയത്. പിന്നീട് അദ്ദേഹം ഈ ഭൂമി വഖഫ് ചെയ്യുകയായിരുന്നു. 1950ല്‍ സിദ്ദിഖ് സേട്ട് ഈ ഭൂമി കോഴിക്കോട്ടെ ഫാറൂഖ് കോളേജിന് വിദ്യാഭ്യാസ-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്തുകൊണ്ട് ആധാരം എഴുതി നല്‍കി. എന്നാല്‍ 'കോളേജ് പ്രവര്‍ത്തനം നിര്‍ത്തിയാല്‍ ഭൂമി തന്റെ അനന്തരാവകാശികള്‍ക്ക് തിരികെ ലഭിക്കണം' എന്നൊരു നിബന്ധനയും ഇതിലുണ്ടായിരുന്നത്രേ.

വിവാദങ്ങള്‍ വരുംവഴി

ഇതിനിടെ തീരദേശവാസികളും മത്സ്യത്തൊഴിലാളികളുമായ നൂറുകണക്കിന് കുടുംബങ്ങള്‍, പ്രധാനമായും ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഈ ഭൂമിയില്‍ താമസമാക്കുകയും കൃഷി ചെയ്യുകയും ചെയ്തു. പിന്നീട് തര്‍ക്കങ്ങള്‍ ഉയര്‍ന്നപ്പോള്‍, താമസക്കാര്‍ ഫാറൂഖ് കോളേജ് അധികൃതരില്‍ നിന്ന് വില കൊടുത്ത് തങ്ങളുടെ കൈവശമുള്ള ഭൂമിയുടെ ആധാരങ്ങള്‍ സ്വന്തമാക്കി. തലമുറകളായി അവര്‍ അവിടെ വീട് വെച്ച് താമസിക്കുകയും ഭൂനികുതി അടയ്ക്കുകയും ചെയ്തു വരുന്നു. നിലവില്‍ ഇവിടെയുള്ള അറുനൂറിലധികം കുടുംബങ്ങളുടെ ഭൂമി വഖഫ് സ്വത്താണെന്ന് കാണിച്ച് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചതോടെയാണ് ഈ പ്രദേശം വാര്‍ത്തകളില്‍ ഇടം നേടിയത്.

മുറുകുന്ന നിയമക്കുരുക്കുകള്‍

വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു എന്ന പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജസ്റ്റിസ് നിസാര്‍ കമ്മീഷനെ നിയമിച്ചു. ഈ ഭൂമി വഖഫ് നിയമപ്രകാരം കൈമാറ്റം ചെയ്യാന്‍ പാടില്ലാത്തതായിരുന്നു എന്നായിരുന്നു കമ്മീഷന്‍ കണ്ടെത്തല്‍. 2019ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന വഖഫ് ബോര്‍ഡ് ഈ 404 ഏക്കര്‍ ഭൂമി തങ്ങളുടെ സ്വത്തായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു. വഖഫ് ബോര്‍ഡിന്റെ അവകാശവാദം വന്നതോടെ മുനമ്പത്തെ 600-ലധികം വരുന്ന കുടുംബങ്ങള്‍ക്ക് ഭൂമിക്ക് മേലുള്ള നികുതി അടയ്ക്കാനോ, വീട് പുതുക്കാനോ, ലോണ്‍ എടുക്കാനോ സാധിക്കാത്ത അവസ്ഥയായി. ഇതിനെതിരെ പ്രദേശവാസികള്‍ വലിയ രീതിയിലുള്ള ജനകീയ സമരങ്ങള്‍ ആരംഭിച്ചു. വഖഫ് ബോര്‍ഡ് ഏകപക്ഷീയമായി ഈ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചതിനെ വിമര്‍ശിച്ചുകൊണ്ട് കേരള ഹൈക്കോടതി, വഖഫ് ബോര്‍ഡിന്റെ ഈ നടപടി റദ്ദാക്കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ 'വഖഫ് സംരക്ഷണ വേദി' സമര്‍പ്പിച്ച ഹര്‍ജി ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

വഖഫും വഖഫ് ഭേദഗതികളും

തന്റെ ഉടമസ്ഥതയിലുള്ള സ്വത്ത് ദൈവനാമത്തില്‍ ശാശ്വതമായി സമര്‍പ്പിക്കുന്നതിനെയാണ് ഇസ്‌ലാമിക നിയമപ്രകാരം വഖഫ് എന്ന് പറയുന്നത്. സ്വാതന്ത്ര്യാനാന്തരം ഭാരതത്തിലും പലകുറി വഖഫ് നിയമങ്ങള്‍ മാറ്റി എഴുതപ്പെട്ടു. 1954ല്‍ നിര്‍വചനത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തി. മുനമ്പത്തെ വഖഫ് വിവാദത്തില്‍ എപ്പോഴും പരമാര്‍ശിക്കപ്പെടുന്ന പ്രധാന രണ്ട് ഭേദഗതികള്‍ ഉണ്ടായത് 1975ലും 2013ലുമാണ്. ഇന്ത്യയില്‍ വഖഫ് സ്വത്തുക്കളുടെ നടത്തിപ്പും മേല്‍നോട്ടവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി 1954-ലെ വഖഫ് നിയമത്തില്‍ കൊണ്ടുവന്ന കേന്ദ്ര ഭേദഗതിയാണ് '1975-ലെ വഖഫ് ഭേദഗതിനിയമം'. ഇത് പ്രകാരം വഖഫ് സ്വത്തുക്കളുടെ സംരക്ഷണം, നിയന്ത്രണം, ഭരണനിര്‍വ്വഹണം എന്നിവ പൂര്‍ണ്ണമായും സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ നിക്ഷിപ്തമാക്കി. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ വഖഫ് സ്വത്തുക്കള്‍ വില്‍ക്കുന്നതിനോ, പണയപ്പെടുത്തുന്നതിനോ, കൈമാറ്റം ചെയ്യുന്നതിനോ കര്‍ശന വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. പിന്നീട് 1984-ലും ഭേദഗതികള്‍ വരികയും, ഒടുവില്‍ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള 1995ലെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇവയെല്ലാം റദ്ദാക്കി കൂടുതല്‍ വിപുലമായ അധികാരങ്ങള്‍ വഖഫ് ബോര്‍ഡുകള്‍ക്ക് നല്‍കുകയും ചെയ്തു. ഭേദഗതി പ്രകാരം ഒരു സ്വത്ത് വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള സമ്പൂർണ അധികാരം വഖഫ് ട്രൈബ്യൂണലിന് നല്‍കി. ട്രൈബ്യൂണലിന്റെ തീരുമാനത്തിനെതിരെ സാധാരണ സിവില്‍ കോടതികളെ സമീപിക്കുന്നത് തടയുകയും ചെയ്തു. മുന്‍പ് മുസ്ലിം മതവിശ്വാസികള്‍ക്ക് മാത്രമായിരുന്ന വഖഫ് സമര്‍പ്പണം, 2013-ലെ ഭേദഗതിയിലൂടെ ഏത് മതവിഭാഗത്തില്‍പ്പെട്ട വ്യക്തിക്കും വഖഫ് സ്വത്ത് നല്‍കാം എന്ന രീതിയിലേക്ക് മാറ്റി.

'ഉമീദ്' പോര്‍ട്ടല്‍ വിവാദം

രാജ്യത്തുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഔദ്യോഗിക പോര്‍ട്ടലാണ് ഉമീദ്. മുനമ്പം ഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതിയില്‍ നിയമനടപടികള്‍ നിലനില്‍ക്കെയാണ്, വഖഫ് ബോര്‍ഡ് ഈ 404 ഏക്കര്‍ ഭൂമി തങ്ങളുടെ സ്വത്തായി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്. സാധാരണയായി വഖഫ് സ്വത്തുക്കളുടെ സൂക്ഷിപ്പുകാരായ 'മുതവല്ലി'മാരാണ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കേണ്ടത്. എന്നാല്‍ ഈ ഭൂമി വഖഫ് അല്ല, ദാനാധാരമാണെന്ന നിലപാടിലാണ് ഫാറൂഖ് കോളേജ് അധികൃതര്‍. അതിനാല്‍ ഇതിന്മേല്‍ കോളേജിന് പൂർണമായ റവന്യൂ അവകാശങ്ങളുണ്ടെന്നാണ് മാനേജ്മെന്റ് വ്യക്തമാക്കുന്നത്. ഇതേത്തുടര്‍ന്ന് വഖഫ് ബോര്‍ഡ് സ്വയം മുതവല്ലി സ്ഥാനം ഏറ്റെടുത്താണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെ, അവിടെ പതിറ്റാണ്ടുകളായി താമസിക്കുന്ന 600-ലധികം വരുന്ന സാധാരണ കുടുംബങ്ങള്‍ നിയമപരമായി 'കൈയേറ്റക്കാര്‍' ആയി മാറുമോ എന്ന വലിയ ആശങ്കയിലാണ്. ഇതിനിടയിലാണ് ആശ്വാസമായി മുനമ്പം നിവാസികളെ ഒഴിപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് എത്തുന്നത്.

തുടരുന്ന ജനകീയ- നിയമ പോരാട്ടങ്ങള്‍

2025-26 വര്‍ഷങ്ങളില്‍ ഉണ്ടായ ചില നിയമപോരാട്ടങ്ങളെക്കുറിച്ച് നമുക്ക് പരിശോധിക്കാം. മുനമ്പം ഭൂമി വഖഫ് സ്വത്തല്ലെന്ന് പ്രഖ്യാപിച്ച കേരള ഹൈക്കോടതി, വഖഫ് ബോര്‍ഡിന്റെ മുന്‍ നടപടികള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കൂടാതെ പ്രശ്‌നം പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈക്കോടതി അംഗീകാരം നല്‍കുകയും ചെയ്തു. കേസ് തീര്‍പ്പാകുന്നത് വരെ പ്രദേശവാസികളില്‍ നിന്ന് ഭൂനികുതി സ്വീകരിക്കാനും പൊസഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

2025 ഡിസംബറിലാണ് ഹൈക്കോടതിയുടെ 'വഖഫ് അല്ല' എന്ന വിധിക്ക് എതിരെ 'വഖഫ് സംരക്ഷണ വേദി' നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്. ഈ അവസ്ഥ തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുകയാണ്. എന്നാല്‍ ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണം സുപ്രീം കോടതി തടഞ്ഞിട്ടില്ല. മുനമ്പം നിവാസികള്‍ തങ്ങളുടെ ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ക്ക് വേണ്ടി 414 ദിവസം നീണ്ട റിലേ നിരാഹാര സമരം നടത്തിയിരുന്നു. പ്രദേശവാസികളില്‍ നിന്ന് നികുതി സ്വീകരിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് 2025 നവംബറിലാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. വഖഫ് ബോര്‍ഡ് , ഭൂമി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതോടെ സമരസമിതി വീണ്ടും പ്രതിഷേധ രംഗത്തിറങ്ങിയിട്ടുണ്ട്.

മുനമ്പം തര്‍ക്കഭൂമിയായി ഇനിയും തുടരരുത്

മുനമ്പം ഭൂമി തര്‍ക്കം വലിയൊരു നിയമപോരാട്ടമായി സുപ്രീം കോടതിയില്‍ നിലനില്‍ക്കുകയാണ്. ഒരു വശത്ത് വഖഫ് ബോര്‍ഡിന്റെ അവകാശവാദങ്ങളും മറുവശത്ത് പ്രദേശവാസികളുടെ അപ്പീലുകളും കോടതിയുടെ പരിഗണനയിലാണ്. ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും സഭാ നേതാക്കളുമായി സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകളും തുടരുമ്പോഴും, സുപ്രീം കോടതിയുടെ അന്തിമ വിധിയോ അല്ലെങ്കില്‍ വഖഫ് ട്രൈബ്യൂണലിന്റെ തീരുമാനമോ ആയിരിക്കും ഈ വിവാദത്തിന് ശാശ്വതമായ പരിഹാരം നല്‍കുക. മതങ്ങള്‍ക്കുള്ള ഭരണഘടനാനുസൃത അവകാശങ്ങളുടെ നിഷേധം ഒരിക്കലും സംഭവിക്കാന്‍ പാടില്ല. നാളിതുവരെയായി ഇടതു വലതു മുന്നണികളുടെ ഒരുപാട് വാഗ്ദാനങ്ങള്‍ കണ്ടിട്ടുള്ളവരാണ് മുനമ്പം ജനത. അവരുടെ കണ്ണീരൊപ്പുന്ന സമീപനമാണ് ഭരണകൂടത്തില്‍ നിന്ന് ഉണ്ടാകേണ്ടത് എന്നതില്‍ തര്‍ക്കമില്ല.

SCROLL FOR NEXT