ഉദ്വേഗം നിറഞ്ഞ 25 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ കേരളത്തിൻ്റെ ജനവിധി നാളെ അറിയാം. തിരിച്ചുവരുമെന്ന ആത്മവിശ്വാസത്തിലായ യുഡിഎഫിനും ഭരണത്തുടര്‍ച്ച എന്ന പ്രതീക്ഷ വിടാത്ത എല്‍ഡിഎഫിനും സംസ്ഥാനത്തു വേരുറപ്പിച്ചു മുന്നേറാമെന്ന പ്രത്യാശയില്‍ ഇരിക്കുന്ന ബിജെപിക്കും എന്‍ഡിഎ തന്ത്രങ്ങള്‍ക്കും ജനം എങ്ങനെ മാര്‍ക്കിട്ടെന്ന് നാളെ അറിയാം. 10 വര്‍ഷത്തിനു ശേഷം കേരളം മാറിച്ചിന്തിച്ചെന്ന വ്യക്തമായ സൂചന എക്‌സിറ്റ് പോളുകള്‍ കൂടി നല്‍കിയതോടെ പ്രതീക്ഷയുടെ കൊടുമുടിയിലാണ് കോണ്‍ഗ്രസ്. പോളിങിന് ശേഷം മുഖ്യമന്ത്രി ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടു. മന്ത്രിമാര്‍ ആരൊക്കെ ആവുമെന്ന ചര്‍ച്ചകള്‍ പോലും തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകള്‍ 80 പ്രവചിച്ച ശേഷം 99 സീറ്റുകള്‍ കിട്ടിയതിനാല്‍ ഇത്തവണ പ്രവചിക്കപ്പെട്ട 60 കടന്ന് വിജയസംഖ്യയിലെത്താന്‍ സാധ്യതയുണ്ടെന്ന വിശ്വാസത്തിലാണ് സിപിഐഎം. ഏതാനും സീറ്റുകളില്‍ വിജയിക്കാനിടയുണ്ടെന്ന് എക്‌സിറ്റ് പോളുകള്‍ സൂചിപ്പിച്ചതിനാല്‍ ബിജെപിയും പ്രതീക്ഷയിലാണ്. കൂട്ടിക്കിഴിക്കലുകളുടെയും തലനാരിഴ കീറിയുള്ള പരിശോധനകളുടെയും ആത്മവിശ്വാസം ഒരുഭാഗത്തുണ്ടെങ്കിലും വിധിദിനം പടിവാതില്‍ക്കലെത്തിയതിൻ്റെ അങ്കലാപ്പിലും ആശങ്കയിലുമാണ് രാഷ്ട്രീയ ക്യാമ്പുകളെല്ലാം.
വിധിദിനത്തില്‍ അന്തിമ ചിരി ആരുടേത്?
16ാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അന്ത്യവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ.15ാം കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2021 ഏപ്രില്‍ ആറിനാണ് നടന്നത്. എല്‍ഡിഎഫ് 99 സീറ്റ് നേടി തുടര്‍ഭരണം സ്വന്തമാക്കി. യുഡിഎഫിന് 41 സീറ്റ് ലഭിച്ചു. രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭ മേയ് 20നാണ് അധികാരമേറ്റത്. ഇത്തവണ പോസ്റ്റല്‍ വോട്ടുകള്‍ ഉള്‍പ്പെടെ ആകെ പോളിങ് 79.63 ശതമാനമാണ്. എസ്ഐആറിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിലെ പോളിങ്ങ് വര്‍ധനവ് യാഥാര്‍ഥ്യമാണ്. 2021-നെ അപേക്ഷിച്ച് ഏകദേശം 10 ലക്ഷം വോട്ടുകള്‍ അധികമായി രേഖപ്പെടുത്തി.
യുഡിഎഫ് അനുകൂല തരംഗമുണ്ടോ?
പോളിങിലെ വര്‍ധനവ് തരംഗ സൂചനയാണോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ വൃത്തങ്ങള്‍. വടക്കന്‍ കേരളം, പ്രത്യേകിച്ച് മലബാര്‍ മേഖലയിലാണ് വോട്ടിങ് പങ്കാളിത്തത്തില്‍ ഏറ്റവും വലിയ വര്‍ധനവ് ദൃശ്യമായത്. മധ്യകേരളത്തില്‍ മിതമായ വര്‍ധനവ് കാണുന്നു, തെക്കന്‍ കേരളത്തില്‍ താരതമ്യേന കുറഞ്ഞ വളര്‍ച്ചയാണുള്ളത്. ഈ വ്യത്യാസം നിര്‍ണായകമാണ്. ഇതൊരു ശക്തമായ ഭരണവിരുദ്ധവികാരമുള്ള തെരഞ്ഞെടുപ്പായിരുന്നെങ്കില്‍, പ്രതിപക്ഷം ഘടനാപരമായി ശക്തമായ, പ്രത്യേകിച്ച് മധ്യ, തെക്കന്‍ കേരളത്തിലെ പ്രതിപക്ഷത്തിന് ശക്തിയുള്ള പ്രദേശങ്ങളില്‍ ശക്തമായ വര്‍ധനവ് പ്രതീക്ഷിക്കാമായിരുന്നു. അങ്ങനെയൊരു പാറ്റേണ്‍ ഇവിടെ കാണാത്തതിനാല്‍ തരംഗമില്ലെന്ന് തെരഞ്ഞെടുപ്പ് വിദഗ്ധര്‍ സ്ഥിരീകരിക്കുന്നുണ്ട്. മലബാറിലെ ഉയര്‍ന്ന പോളിങ് ന്യൂനപക്ഷങ്ങള്‍ യുഡിഎഫിന് അനുകൂലമായി ഏകീകരിക്കപ്പെട്ടതിന്റെ തെളിവായി ചിലര്‍ വിശദീകരിക്കുന്നു. എന്നാല്‍, ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മണ്ഡലങ്ങളില്‍ മാത്രമല്ല, മറ്റു മണ്ഡലങ്ങളിലും, എല്‍ഡിഎഫ് അനുകൂല മണ്ഡലങ്ങളിലും പോളിങ് വര്‍ധനവ് ദൃശ്യമാണ്. മാത്രമല്ല, മണ്ഡലങ്ങളില്‍ വ്യാപകമായ ഒരു ഏകീകരണം നടന്നെങ്കില്‍ മാത്രമേ സംസ്ഥാനത്ത് മാറ്റമുണ്ടാകുകയുള്ളൂ. ഏതായാലും നാളെ വിധിയെത്തുമ്പോഴേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.
നഷ്ടമായ പോസ്റ്റല്‍ വോട്ടുകള്‍
ഹൈക്കോടതി ഇടപെട്ടിട്ടും ഇത്തവണ പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ പറ്റാത്തത് 20,411 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ചില നിയമസഭാ മണ്ഡലങ്ങളിലെങ്കിലും പോള്‍ ചെയ്യാത്ത ഈ വോട്ടുകളാകും വിജയത്തിന്റെ ഗതി നിര്‍ണയിക്കുക. തപാല്‍ വോട്ടിന് അപേക്ഷിച്ചിട്ടും സാങ്കേതിക കാരണങ്ങളാല്‍ ഇവര്‍ക്ക് അവസരം നിഷേധിച്ചു. വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ നേരിട്ട് വോട്ട് സമര്‍പ്പിക്കണമെന്ന ഉത്തരവാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചവര്‍ക്ക് അസൗകര്യമായത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും രണ്ടക്ക ഭൂരിപക്ഷം മാത്രം ലഭിച്ച സീറ്റുകളുണ്ടായിരുന്നു. 2016ല്‍ വടക്കാഞ്ചേരിയില്‍ 43 വോട്ടും മഞ്ചേശ്വരത്ത് 89 വോട്ടുമായിരുന്നു ഭൂരിപക്ഷം. 2021ല്‍ പെരിന്തല്‍മണ്ണയിലെ ഭൂരിപക്ഷം 38 വോട്ടായിരുന്നു. ഈ സീറ്റുകളില്‍ പോസ്റ്റല്‍ വോട്ടുകളാണ് നിര്‍ണായകമായത്. വോട്ടെണ്ണലിന് മുമ്പ് ഒരവസരം കൂടി നല്‍കണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷയില്‍ കാലതാമസമോ പിഴവോ ഉണ്ടായെന്നാണ് കമ്മീഷന്‍ വിശദീകരിച്ചത്. വൈകിയ വേളയില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കി.
പ്രതീക്ഷകളില്‍ മനക്കോട്ട കെട്ടി മുന്നണികള്‍
ലോക്‌സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ കനത്ത വിജയത്തിന്റെ സ്വാഭാവിക തുടര്‍ച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. 80--85 സീറ്റാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്; ഇടതുവിരുദ്ധ തരംഗം ഉണ്ടായാല്‍ 95 കടക്കുമെന്നും. 79--84 സീറ്റ് യുഡിഎഫ് നേടുമെന്നാണ് മുസ്‌ലിം ലീഗിന്റെ കണക്ക്. 76 സീറ്റാണ് സിപിഐഎമ്മിന്റെ കണക്കില്‍. 61 സീറ്റുകളില്‍ ഉറച്ച വിജയവും 14 സീറ്റില്‍ മേല്‍ക്കൈയും. നേരിയ ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നാണ് സിപിഐയുടെയും കണക്കുകൂട്ടല്‍. നേമം, കഴക്കൂട്ടം, പാലക്കാട്, ചാത്തന്നൂര്‍ സീറ്റുകളില്‍ ബിജെപിക്കു പ്രതീക്ഷയുണ്ട്. 2021ല്‍ 9 നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ഇത്തവണ 16-20 സീറ്റുകളില്‍ മുന്നണികളിലൊന്നിനെ മൂന്നാം സ്ഥാനത്തേക്കു തള്ളാനാകുമെന്നു വിചാരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12.52% വോട്ട് നേടിയ ബിജെപി 15-16% വോട്ടിലേക്ക് ഉയര്‍ന്നാല്‍ ആരെയാകും ബാധിക്കുക എന്നത് മുന്നണികള്‍ക്ക് നിര്‍ണായകം.
എന്തുകൊണ്ട് ജയിക്കണം?
എക്‌സിറ്റ് പോളുകള്‍ എതിരാണെങ്കിലും വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും മുന്‍നിര്‍ത്തി ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുകയാണ് ഇടതുമുന്നണി. മുഖ്യമന്ത്രി പിണറായി വിജയന്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ്. അതേസമയം, തൃക്കാക്കര മുതല്‍ തദ്ദേശം വരെ നീളുന്ന തങ്ങളുടെ വിജയത്തിന് സംസ്ഥാന ഭരണത്തിലൂടെ തുടര്‍ച്ച പ്രതീക്ഷിക്കുകയാണ് യുഡിഎഫ് . സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ വരെ ഉയരാന്‍ കാരണവുമിതാണ്. സര്‍ക്കാര്‍ വിരുദ്ധ വികാരവും ഭരണമാറ്റത്തിനായുള്ള ജനാഗ്രഹവും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. പരാജയപ്പെട്ടാല്‍ ഒരു സംസ്ഥാനത്തുപോലും ഭരണമില്ലാത്തവരായി ഇടതുപക്ഷം മാറും. കേരളത്തിലെ ഭരണത്തുടര്‍ച്ച ദേശീയ പ്രസക്തി നിലനിര്‍ത്താന്‍ സിപിഐഎമ്മിന് അനിവാര്യമാണ്. 10 വര്‍ഷം പ്രതിപക്ഷത്ത് ഇരുന്ന ശേഷം കോണ്‍ഗ്രസിന് തിരിച്ചുവരാനായില്ലെങ്കില്‍ യുഡിഎഫ് സംവിധാനംതന്നെ ഉലയും. മത്സരം കടുത്തതോടെ ഇടതുമുന്നണിയിലെ ചെറുകക്ഷികളിലും ആശങ്കയുടെ കരിനിഴലിലാണ്. 24 സീറ്റുകളിലാണ് ഇക്കുറി പ്രധാന ഘടക കക്ഷികള്‍ മത്സരിച്ചതെങ്കിലും ഉറപ്പ് പറയാവുന്ന സീറ്റുകളുടെ എണ്ണത്തില്‍ ഇവര്‍ക്ക് വലിയ ആത്മവിശ്വാസമില്ല. കേരള കോണ്‍ഗ്രസ് എമ്മിന് മത്സരിച്ച 12 സീറ്റില്‍, കൈയിലുള്ള അഞ്ചെണ്ണമെങ്കിലും നിലനിര്‍ത്താനായാല്‍ മാത്രം പോരാ. ചെയര്‍മാന്‍ ജോസ് കെ.മാണിക്ക് പാലായില്‍ തട്ടകം ഉറപ്പിക്കുകയും വേണം. മറുവശത്ത് പി.ജെ. ജോസഫ് നേതൃത്വം നല്‍കുന്ന വിഭാഗത്തിന് യുഡിഎഫിനുള്ളില്‍ സ്വന്തമായ ഒരു അടയാളപ്പെടുത്തലിൻ്റെ ആവശ്യകതയുണ്ട്. ഗണേഷ് കുമാറിനും അനൂപ് ജേക്കബിനും വിജയം സ്വന്തം പാര്‍ട്ടിയുടെ നിലനില്‍പ്പിന് അനിവാര്യമാണ്.
ചങ്കിടിപ്പിന്റെ അന്തിമ മണിക്കൂറുകള്‍
ഉദ്യേഗത്തിന്റെ അവസാന മണിക്കൂറുകളാണ് കടന്നുപോകുന്നത്. 43 ഇടങ്ങളിലായാണ് 140 മണ്ഡലങ്ങളിലെ വോട്ടെണ്ണുക. തിങ്കളാഴ്ച രാവിലെ എട്ടേകാലോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. ഇത് ജയപരാജയങ്ങളുടെ കണക്കെടുപ്പ് മാത്രമല്ല, വരും വര്‍ഷങ്ങളില്‍ നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തെ നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണ്. ജനാധിപത്യപ്രക്രിയയിലെ സുപ്രധാനമായ ദിനത്തിലെ കേരളത്തിൻ്റെ രാഷ്ട്രീയ ഭൂപടത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുമോ അതോ തുടര്‍ഭരണത്തിന്റെ ചരിത്രം ആവര്‍ത്തിക്കപ്പെടുമോ എന്ന് കാത്തിരുന്നു കാണാം.