സ്പോട്ട്ലൈറ്റ്  
OPINION

SPOTLIGHT | പിഎം ശ്രീ പദ്ധതയില്‍ ചേരാന്‍ കേരളം തീരുമാനിച്ചത് എന്ന്? പ്രതിസ്ഥാനത്ത് ധന വകുപ്പും

കേന്ദ്ര സര്‍ക്കാരിനെ നഖശിഖാന്തം എതിര്‍ത്തിരുന്ന ആംആദ്മി പാര്‍ട്ടിയാണ് ഏറ്റവും ഒടുവില്‍ പിഎം ശ്രീയില്‍ ചേര്‍ന്നത്

Author : അനൂപ് പരമേശ്വരന്‍

പുലര്‍ച്ചെ മുതല്‍ സന്ധ്യ വരെ കൂടിക്കാഴ്ചകള്‍, കൂടിയാലോചനകള്‍. മുഖ്യമന്ത്രി തലസ്ഥാനത്തു നിന്ന് ആലപ്പുഴയിലേക്കു തിരിക്കുന്നു. ആലപ്പുഴ വച്ച് ബിനോയ് വിശ്വത്തെ കാണുമെന്ന് അറിയിക്കുന്നു. സിപിഐ എക്‌സിക്യൂട്ടീവ് ചേരുന്നു. സിപിഐ ഇതുവരെ സ്വീകരിച്ച ആ നിലപാട് തുടരാന്‍ തീരുമാനിക്കുന്നു. മാധ്യമങ്ങളോട് ഒന്നും പറയാതെ ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കാണാന്‍ പുറപ്പെടുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഒരുമണിക്കൂറിലേറെ നീളുന്നു. പിന്നീട് സിപിഐയുടെ മന്ത്രിമാരുമായി മുഖ്യമന്ത്രി കൂടിക്കാണുന്നു. ഇത്രയുമാണ് ഇന്നു കേരളം കണ്ടത്.

ഇവിടെ ഒരു കാര്യം പറയാം പിഎം ശ്രീ പദ്ധതിയില്‍ കേരളം ചേരാന്‍ തീരുമാനിച്ചത് ഇന്നോ ഇന്നലെയോ അല്ല. കഴിഞ്ഞവര്‍ഷം ആംആദ്മി പാര്‍ട്ടി ഭരിച്ചിരുന്ന ഡല്‍ഹിയും പഞ്ചാബും ഇതില്‍ ചേര്‍ന്നപ്പോള്‍ തന്നെയാണ് ഇവിടെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പും അങ്ങനെയൊരു തീരുമാനത്തിലെത്തിയത്. പദ്ധതിയുടെ ഭാഗമാകാം എന്ന് കേരളം വാക്കാല്‍ സമ്മതിച്ചതും അപ്പോഴാണ്. അങ്ങനെയൊരു തീരുമാനത്തിലേക്കു നയിച്ചതിനു പിന്നില്‍ ധനവകുപ്പിന്റെ സമ്മര്‍ദവുമുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതികളുമായി സമീപിക്കുമ്പോഴെല്ലാം കിട്ടാനുള്ള പണം വാങ്ങി എടുക്കാനാണ് ധനവകുപ്പില്‍ നിന്ന് മറുപടി ലഭിച്ചിരുന്നത്. ഇതെല്ലാം അപ്പപ്പോള്‍ അറിഞ്ഞിരുന്ന പാര്‍ട്ടിയാണ് സിപിഐ. പിന്നാലെ രണ്ടു മന്ത്രിസഭാ യോഗങ്ങളിലും ഫയല്‍ കടന്നുവന്നു. രണ്ടു വട്ടവും സിപിഐ കടുത്ത എതിര്‍പ്പ് ഉയര്‍ത്തി. സിപിഐ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തി അട്ടിമറിക്കുകയാണെന്ന വികാരമാണ് അപ്പോള്‍ സിപിഐഎമ്മിന് ഉണ്ടായത്. അതോടെ എന്തു ത്യാഗം സഹിച്ചും പദ്ധതിയെ എതിര്‍ക്കണം എന്ന് സിപിഐയിലും വികാരമുണ്ടായി. ഒരു ഇടതുമുന്നണി യോഗത്തിലും വിഷയം കൊണ്ടുവന്നു. അവിടെയും ശക്തമായി എതിര്‍ത്തത് സിപിഐയാണ്. ഇതോടെ വികാരം വ്രണപ്പെട്ട സിപിഐഎം സിപിഐയെ അറിയിക്കാതെ പദ്ധതി കരാറില്‍ ഒപ്പിട്ടു. സിപിഐയുടെ വികാരം അവഗണിക്കാന്‍ കഴിയുമെന്നും തീരുമാനിച്ചു.

പിഎം ശ്രീയില്‍ ധനവകുപ്പുമുണ്ട് പ്രതിസ്ഥാനത്ത്

കേന്ദ്ര സര്‍ക്കാരിനെ നഖശിഖാന്തം എതിര്‍ത്തിരുന്ന ആംആദ്മി പാര്‍ട്ടിയാണ് ഏറ്റവും ഒടുവില്‍ പിഎം ശ്രീയില്‍ ചേര്‍ന്നത്. ഇന്ത്യാ മുന്നണിയില്‍ തന്നെ കേന്ദ്രസര്‍ക്കാരിനെതിരേ ഏറ്റവും കൂടുതല്‍ പോരടിച്ചിരുന്നതും ആംആദ്മി പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന മുഴുവന്‍ സംസ്ഥാനങ്ങളും നേരത്തെ തന്നെ പദ്ധതിയുടെ ഭാഗമായിരുന്നു. അതിനാല്‍ തന്നെ ഇന്ത്യാ മുന്നണിയില്‍ എഎപിയാണ് ഈ വിഷയത്തിലെ നിലപാട് ശക്തമായി അവതരിപ്പിച്ചിരുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തോട് വലിയ എതിര്‍പ്പ് കാണിച്ചിരുന്ന അരവിന്ദ് കേജ്രിവാള്‍ ഒരു സുപ്രഭാതത്തില്‍ പദ്ധതിയുടെ ഭാഗമാകാന്‍ തീരുമാനിക്കുകയായിരുന്നു. പഞ്ചാബ് കരാറില്‍ ഒപ്പിട്ടിട്ടും പദ്ധതി നടപ്പാക്കാന്‍ തയ്യാറായില്ല. അതിനാല്‍ തന്നെ സമഗ്ര ശിക്ഷ അഭിയാനിലെ 500 കോടി കേന്ദ്രം കൈമാറിയതുമില്ല. ഒരുമാസം നീണ്ടു നിന്ന വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് പഞ്ചാബ് വഴങ്ങിയത്. പിഎം ശ്രീ സ്‌കൂളുകളാക്കി മാറ്റാനുള്ള 233 സ്‌കൂളുകളുടെ പട്ടിക പഞ്ചാബ് കൈമാറി. ഈ പട്ടിക കൈമാറിയ ശേഷം മാത്രമാണ് എസ്എസ്എയിലെ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. പദ്ധതിയില്‍ ഒപ്പിട്ടാല്‍ തന്നെ ഫണ്ട് ലഭിക്കും എന്ന വാദം ശരിയല്ലെന്നാണ് പഞ്ചാബിന്റെ അനുഭവം കാണിക്കുന്നത്. കരാര്‍ ഒപ്പിട്ട ശേഷം പഞ്ചാബ് പദ്ധതി നടപ്പാക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചു. പതിനാറു കത്തുകളാണ് കുറഞ്ഞ കാലയളവില്‍ കേന്ദ്രം അയച്ചത്. ഒപ്പിട്ടശേഷം പിന്മാറാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് പഞ്ചാബ് 233 സ്‌കൂളുകളുടെ പട്ടിക കൈമാറിയത്. കേരളം പറഞ്ഞിരുന്ന വാദം തന്നെയാണ് പഞ്ചാബും ഉന്നയിച്ചത്. പഞ്ചാബിലെ സ്‌കൂളുകള്‍ ആ നിലവാരത്തിലേക്ക് നേരത്തെ തന്നെ ഉയര്‍ത്തി എന്നായിരുന്നു പറഞ്ഞിരുന്നത്. എഎപി നടപ്പാക്കിയിരുന്ന സ്‌കൂള്‍സ് ഓഫ് എമിനന്‍സും സ്‌കൂള്‍സ് ഓഫ് ഹാപ്പിനസും പി എം ശ്രീ സ്‌കൂളുകളേക്കാള്‍ നിലവാരം ഉള്ളവയാണെന്നും പഞ്ചാബ് പറഞ്ഞിരുന്നു. ഈ വാദങ്ങളൊന്നും വിലപ്പോയില്ല എന്നാണ് പഞ്ചാബിന്റെ അനുഭവം കാണിക്കുന്നത്.

കേരളത്തിലെ 336 സ്‌കൂളുകള്‍

പഞ്ചാബില്‍ 233 സ്‌കൂളുകള്‍ ആണെങ്കില്‍ കേരളത്തില്‍ 336 സ്‌കൂളുകളാണ് പിഎം ശ്രീയായി മാറ്റേണ്ടത്. നിലവില്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി 33 നാടുകളില്‍ പിഎം ശ്രീ സ്‌കൂളുകള്‍ തുടങ്ങിക്കഴിഞ്ഞു. കേരളം കൂടി ഒപ്പിട്ടതോടെ ആകെ ശേഷിക്കുന്നത് തമിഴ്‌നാടും പശ്ചിമബംഗാളും മാത്രമാണ്. രാജ്യത്താകെ 14,500 സ്‌കൂളുകളിലാണ് പിഎം ശ്രീ നടപ്പാക്കുന്നത്. 27,360 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇതില്‍ 18,128 കോടി രൂപ കേന്ദ്ര വിഹിതവും 9,232 കോടി രൂപ സംസ്ഥാന വിഹിതവുമാണ്. ഒരു ബ്‌ളോക്കില്‍ രണ്ടു സ്‌കൂളുകളെയാണ് തെരഞ്ഞെടുക്കുക. കേരളത്തില്‍ 168 ബ്ലോക്കുകളാണുള്ളത്. അങ്ങനെയാണ് 336 എന്ന എണ്ണം വന്നത്. ഒരു സ്‌കൂളിന് ഒരു വര്‍ഷം 85 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ പ്രതിവര്‍ഷം നല്‍കും എന്നാണ് കരാര്‍.

കേരളത്തിന് ഈ പദ്ധതിയില്‍ പരമാവധി ഒരു വര്‍ഷം ലഭിക്കാവുന്ന തുക 336 കോടി രൂപ മാത്രമാണ്. ഇതു സംസ്ഥാനം വിദ്യാഭ്യാസത്തിനു ചെലവഴിക്കുന്നതിന്റെ ഒരു ശതമാനം മാത്രമാണ്. കേരളത്തില്‍ വിദ്യാഭ്യാസ മേഖലയ്ക്കായി ഒരു വര്‍ഷം ചെലവഴിക്കുന്നത് 24,328 കോടി രൂപയാണ്. ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ ഉപയോഗിക്കുന്നതിന്റെ ഇരട്ടിവരുന്ന തുക. ആരോഗ്യമേഖലയിലൊക്കെ ഇതിന്റെ മൂന്നിലൊന്നു മാത്രമാണ് സംസ്ഥാനം ചെലവഴിക്കുന്നത്. ആരോഗ്യമേഖലയ്ക്കു കഴിഞ്ഞവര്‍ഷത്തെ നീക്കിയിരിപ്പ് 9,935 കോടി രൂപമാത്രമാണ്. വിദ്യാഭ്യാസ മേഖലയ്ക്ക് ഒരു വര്‍ഷം 24,328 കോടി ചെലവഴിക്കുന്ന കേരളത്തിന് പി എം ശ്രീ സ്‌കൂളുകള്‍ വഴി ആകെ കിട്ടാന്‍ പോകുന്നത് 336 കോടി രൂപ മാത്രവുമാണ്. അതുവഴി സമ്മര്‍ദം ചെലുത്താനാകില്ല എന്നു കണ്ടാണ് എസ് എസ് എ ഉള്‍പ്പെടെ മറ്റു പദ്ധതികളുടെ ഫണ്ടുകൂടി ഇതുമായി കേന്ദ്രം ബന്ധിപ്പിച്ചത്. ഒരു പദ്ധതിയില്‍ ചേര്‍ന്നില്ലെങ്കില്‍ മറ്റു പദ്ധതികളുടെ ഫണ്ട് തടഞ്ഞുവയ്ക്കുക എന്ന അധാര്‍മിക പ്രവൃത്തിയാണ് കേന്ദ്രം ചെയ്തതും. ഇതുപക്ഷേ, കോടതിയില്‍ പോയാല്‍ നേടാന്‍ കഴിയും എന്ന ആത്മവിശ്വാസം കേരളത്തിന് ഉണ്ടായില്ല. തമിഴ്‌നാട് കേന്ദ്രത്തിനെതിരേ വിവിധ കേസുകള്‍ നടത്തി ജയിച്ച സംസ്ഥാനമാണ്. ഗവര്‍ണര്‍മാര്‍ക്കെതിരേയും കേന്ദ്ര ഫണ്ടിലുമൊക്കെ തമിഴ്‌നാട് നല്‍കിയ കേസുകളില്‍ വിജയം ഉണ്ടായി. എന്നാല്‍ ആ വഴി കേരളം പോയപ്പോഴൊക്കെ തിരിച്ചടികളാണ് നേരിട്ടത്.

പി എം ശ്രീ സ്‌കൂള്‍ മാതൃകയോ

പിഎം ശ്രീ സ്‌കൂള്‍ മാതൃകാ സ്‌കൂളുകള്‍ ആക്കാമോ എന്ന ചോദ്യത്തിലും ആശങ്ക തുടരുകയാണ്. എന്തുകൊണ്ടെന്നാല്‍ തൊഴില്‍ അധിഷ്ടിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്നതാണ് പിഎം ശ്രീ സ്‌കൂള്‍. സ്‌കൂളുകളില്‍ പഠിക്കുമ്പോള്‍ തന്നെ ഇന്റേണ്‍ ഷിപ്പുകളും തൊഴില്‍ പരിശീലനവും നല്‍കുകയാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നത്. ഗുമസ്തന്‍മാരെയും കൈപ്പണിക്കാരേയും കരകൌശല വസ്തു നിര്‍മാതാക്കളേയും സൃഷ്ടിക്കാനാണോ വിദ്യാഭ്യാസം എന്ന പരമമായ ചോദ്യമാണ് അവിടെ ഉയരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം അടിസ്ഥാന പാഠങ്ങള്‍ പഠിപ്പിക്കാനുള്ളതാണ് എന്ന വിശാലമായ കാഴ്ചപ്പാടാണ് കേരളം ഇതുവരെ തുടര്‍ന്നത്. കുട്ടികള്‍ക്കു തൊഴില്‍ പരിശീലനം നല്‍കേണ്ടതില്ല എന്നായിരുന്നു ആ കാഴ്ചപ്പാട്. തയ്യല്‍ പഠനവും മരപ്പണി പഠിപ്പിക്കലും കല്ലുകൊത്തുമൊക്കെ സ്‌കൂളുകളില്‍ നിന്ന് അവസാനിപ്പിച്ച ചരിത്രമാണ് കേരളത്തിനുള്ളത്. കുട്ടികള്‍ ശാസ്ത്രവും ഗണിതവും ഭാഷയും പഠിക്കുക. പ്രായപൂര്‍ത്തിയാകുമ്പോള്‍ നൈപുണ്യത്തിന് അനുസരിച്ച് തൊഴില്‍ മേഖലയിലേക്കു തിരിയുക എന്നതാണ് നയം. എന്നാല്‍ പിഎം ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ തൊഴില്‍ പരിശീലനം മാത്രമല്ല ഇന്റേണ്‍ഷിപ്പു വരെയുണ്ട്. ജാതി അനുസരിച്ച് തൊഴില്‍ പഠിപ്പിച്ചിരുന്ന രീതിയില്‍ തന്നെ കുടുംബത്തൊഴിലുകളിലേക്കു തിരിച്ചുവിടുന്ന രീതിയാണ് മറ്റു സംസ്ഥാനങ്ങളില്‍ കാണുന്നത്. മരപ്പണി ചെയ്യുന്ന കുടുംബത്തില്‍ നിന്നു വരുന്നവര്‍ക്കു മരപ്പണിയും കല്‍പ്പണി ചെയ്യുന്നവര്‍ക്ക് അതും സ്വര്‍ണപ്പണി ചെയ്യുന്നവര്‍ക്ക് അതുമാണ് പഠിപ്പിച്ചു നല്‍കുന്നത്. പല സ്‌കൂളുകളിലേയും ഇന്റേണ്‍ഷിപ്പുകള്‍ തന്നെ കുടുംബത്തൊഴിലുകളില്‍ പലിശീലനം നല്‍കാനാണ് ഉപയോഗിക്കുന്നത്. കുട്ടികള്‍ക്കു മുന്നില്‍ വിശാലമായ ആകാശം തുറന്നിടുന്നതിന് തടസ്സമാണ് ഈ രീതി എന്നാണ് വിമര്‍ശനം. ശാസ്ത്രം പഠിച്ച് ഗവേഷണ മേഖലകളിലേക്കൊക്കെ തിരിയാന്‍ കെല്‍പ്പുള്ള വിദ്യാഭ്യാസമാണ് സ്‌കൂള്‍ തലത്തിലെങ്കിലും നല്‍കേണ്ടത് എന്നാണ് പൊതുവെയുള്ള സങ്കല്‍പ്പം.

SCROLL FOR NEXT