ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യക്കാരന് സ്വര്‍ണമെന്നാല്‍ വെറുമൊരു മഞ്ഞ ലോഹമല്ല, അതൊരു വികാരമാണ്. ഇന്ത്യക്കാരുടെ സ്വര്‍ണത്തോടുള്ള പ്രിയം ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല. സാമൂഹികമായും സാംസ്‌കാരികമായും വിശ്വാസപരമായും ഒക്കെ ഇന്ത്യയുമായി ബന്ധപ്പെട്ട് കിടക്കുന്നു സ്വര്‍ണം. ഇന്ത്യക്കാരുടെ സ്വര്‍ണഭ്രമം കൂടുതല്‍ വ്യക്തമാക്കുന്ന പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നു. വീടുകളിലും, ക്ഷേത്രങ്ങളിലുമായി മൊത്തത്തില്‍ 50,000 ടണ്‍ സ്വര്‍ണ നിക്ഷേപം ഉണ്ട് എന്ന ഇന്ത്യന്‍ വ്യാപാര സംഘടനയായ അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യയുടെ വെളിപ്പെടുത്തലാണ് പുറത്തുവന്നിട്ടുള്ളത്. അതായത് 830 ലക്ഷം കോടി രൂപയുടെ സ്വര്‍ണനിക്ഷേപം. ലോകത്തിലെ ഏറ്റവും മികച്ച 10 കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണ ശേഖരത്തേക്കാള്‍ കൂടുതലാണ് ഇന്ത്യന്‍ അലമാരകളില്‍ നിഷ്‌ക്രിയമായിരിക്കുന്നതെന്ന കണക്കുകള്‍ ലോക രാജ്യങ്ങളെ അതിശയപ്പെടുത്തിക്കഴിഞ്ഞു.
എന്റെ 'പൊന്നു' ഭാരതമേ... ഇന്ത്യയില്‍ എത്ര പൊന്നുണ്ടെന്ന് അറിയാമോ?
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ കേന്ദ്ര ബാങ്കായ ആര്‍ബിഐയുടെ കൈവശം ഏകദേശം 880.3 ടണ്‍ സ്വര്‍ണമാണുള്ളത്. ഇതിന്റെ വിപണി മൂല്യം ഏകദേശം 11 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വരുമെന്ന് കണക്കാക്കപ്പെടുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം സ്വര്‍ണ കരുതല്‍ ശേഖരത്തിന്റെ പട്ടികയില്‍ ഇന്ത്യ ലോകത്ത് എട്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള അമേരിക്കയുടെ കരുതല്‍ ശേഖരം 8,133 ടണ്‍ ആണ്. ഇന്ത്യക്കാരുടെ കൈവശമുള്ള ഈ സ്വര്‍ണത്തിന്റെ മൂല്യം അമേരിക്കയും ചൈനയും ഒഴികെ ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളുടെയും വാര്‍ഷിക ജിഡിപിയെ മറികടക്കുമെന്നതാണ് രസകരമായ വസ്തുത. ഇന്ത്യയുടെ ആകെ വിദേശനാണ്യ കരുതല്‍ ശേഖരത്തിന്റെ ഏകദേശം 17% ഇപ്പോള്‍ സ്വര്‍ണ്ണമാണ്. മുന്‍വര്‍ഷങ്ങളില്‍ ഇത് 12% മാത്രമായിരുന്നു. ഡോളറിനെതിരെയുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ ആര്‍ബിഐ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വലിയ തോതില്‍ സ്വര്‍ണം വാങ്ങി വരുന്നുണ്ട്.
ഇന്ത്യയുടെ കരുതല്‍ സ്വര്‍ണ ശേഖരത്തേക്കാള്‍ എത്രയോ മടങ്ങാണ് അലമാരകളില്‍ നിഷ്‌ക്രിയമായി ഉറങ്ങുന്നതെന്ന് ചിന്തിച്ചു നോക്കൂ. ഈ സ്വര്‍ണം മികച്ച രീതിയില്‍ കൈകാര്യം ചെയ്താല്‍ ഇന്ത്യയുടെ കടം എല്ലാം ചരിത്രമാകും. 390.6 ലക്ഷം കോടിയാണ് രാജ്യത്തിന്റെ ജിഡിപി. ഇന്ത്യയുടെ ആകെ വിപണി മൂലധനം ഏകദേശം 465.6 ലക്ഷം കോടി രൂപയാണെന്നതു കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം. പൗരന്‍മാരുടെ കൈവശമുള്ള ഗാര്‍ഹിക സ്വര്‍ണം ഇന്ത്യയുടെ ജിഡിപിയുടെ 125% വരുമെന്നാണ് വിലയിരുത്തല്‍. 2024 നും 2026 നും ഇടയില്‍ സ്വര്‍ണ്ണ വിലയിലുണ്ടായ കുതിച്ചുചാട്ടം ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശമുള്ള സമ്പത്തിന് വലിയ ഉത്തേജനം നല്‍കിയിട്ടുണ്ടെന്ന് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ കുടുംബങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ മൂല്യം 470.75 കോടി രൂപ കവിഞ്ഞതായി 2026 ജനുവരിയിലെ കണക്കുകള്‍ കാണിക്കുന്നു. കുടുംബങ്ങളുടെ കൈവശമുള്ള സ്വര്‍ണ്ണത്തിന്റെ മൂല്യം അവരുടെ ബാങ്ക്-ഓഹരി വിപണി നിക്ഷേപങ്ങളേക്കാള്‍ ഏകദേശം 175% കൂടുതലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സ്വര്‍ണശേഖരത്തിന്റെ മൂല്യം നാല് മടങ്ങിലധികം വര്‍ധിച്ചു. 2019 മാര്‍ച്ചില്‍ 109 ലക്ഷം കോടി രൂപയായിരുന്നത് 2026 ജനുവരിയില്‍ 470 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ കുടുംബങ്ങളുടെ വസ്തുവകകള്‍ അല്ലാത്ത ആസ്തിയുടെ 65 ശതമാനവും ഇപ്പോള്‍ സ്വര്‍ണമാണ്.
ഇനി കേരളത്തിലെ സ്വര്‍ണക്കണക്കുകളിലേക്ക് വരാം.... കേരളത്തിലെ വീടുകളില്‍ ഏതാണ്ട് 2,000 ടണ്‍ സ്വര്‍ണമുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. പവനില്‍ കണക്കാക്കിയാല്‍ 25 കോടി പവന്‍. ഇതിന്റെ മൊത്തം മൂല്യം ഇപ്പോഴത്തെ വില അനുസരിച്ച് 28.15 ലക്ഷം കോടി രൂപ വരും. ഇന്ത്യയുടെ ഔദ്യോഗിക സ്വര്‍ണശേഖരം 11 കോടി പവന്‍ മാത്രമേ ഉള്ളൂ. ഇതിന്റെ ഇരട്ടിയിലേറെയാണ് മലയാളിയുടെ കൈവശമുള്ള സ്വര്‍ണം. ഇതില്‍ നല്ലൊരുപങ്കും ബാങ്ക് ലോക്കറിലാണ്. കേരളത്തിലെ പ്രധാന സ്വര്‍ണ വായ്പ കമ്പനികളുടെ ലോക്കറില്‍ മാത്രം ഏകദേശം 381 ടണ്ണിലധികം സ്വര്‍ണമുണ്ട്. ചിട്ടി വിളിച്ചെടുക്കുമ്പോള്‍ ഈടായി സ്വര്‍ണം വയ്ക്കുന്നതും കുറവല്ല. ഇന്ന് സ്വര്‍ണ്ണവില പവന്‍ ഒന്നിന് ലക്ഷം രൂപ കടന്നുനില്‍ക്കുമ്പോഴും മലയാളിയുടെ സ്വര്‍ണ്ണത്തോടുള്ള പ്രണയത്തിന് കുറവൊന്നുമില്ല. കഴിഞ്ഞ അക്ഷയ തൃതീയ ദിനത്തില്‍ കേരളമെമ്പാടുമുള്ള 12,000 ജൂവലറികളില്‍ നിന്നായി ഏകദേശം 1260 കോടി രൂപയുടെ വ്യാപാരമാണ് നടന്നത്. ഏകദേശം 900 കിലോയുടെ സ്വര്‍ണം വിറ്റുപോയി. ഓരോ വര്‍ഷവും ഏകദേശം 200 മുതല്‍ 225 ടണ്‍ വരെ പുതിയ സ്വര്‍ണം കേരളത്തില്‍ വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്.
എന്തുകൊണ്ടാണ് സ്വര്‍ണം നമ്മുടെ ജീവിതത്തിന്റെ ഭാഗമായത് എന്ന് ഒന്ന് പരിശോധിക്കാം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സഹസ്രാബ്ദങ്ങളായി ഉണ്ടായിരുന്ന സംസ്‌കാരങ്ങളിലെല്ലാം വിലയേറിയ ലോഹങ്ങള്‍ക്ക് മൂല്യം കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. നാണയങ്ങള്‍, ആഭരണങ്ങള്‍, ക്ഷേത്ര സംഭാവനകള്‍, രാജകീയ നിധികള്‍ എന്നിവ സിന്ധുനദീതട, മൗര്യ, മുഗള്‍ കാലഘട്ടങ്ങള്‍ മുതലുള്ളതാണ്.. സ്വര്‍ണ്ണവും വെള്ളിയും ഹിന്ദു, സിഖ്, ജൈന, ബുദ്ധമത ആചാരങ്ങളില്‍ ഉള്‍പ്പെട്ട ലോഹങ്ങളാണ്. ഇന്ത്യയില്‍, വിവാഹങ്ങളില്‍ പലപ്പോഴും മാതാപിതാക്കളില്‍ നിന്ന് കുട്ടികളിലേക്ക് ആഭരണങ്ങളും പണവും കൈമാറ്റം ചെയ്യപ്പെടുന്നു.. സമ്പത്ത്, സാമൂഹിക പദവി എന്നിവയുടെ ദൃശ്യതയെ സ്വര്‍ണം അലങ്കരിച്ചു.. അതിനാല്‍ പല സംസ്‌കാരങ്ങളിലും അത് സാമൂഹിക നിലയുടെ അടയാളങ്ങളായി. ഔപചാരിക സാമ്പത്തിക വിപണികളിലും ബാങ്കിംഗ് രീതികളിലും പരിമിത പരിചയം മാത്രമുള്ള ജനസംഖ്യയിലെ വലിയൊരു വിഭാഗത്തിന് ബാങ്ക് അക്കൗണ്ടോ, രേഖകളോ ആവശ്യമില്ലാത്ത സമ്പാദ്യമായി സ്വര്‍ണ്ണം നീക്കിവെക്കപ്പെട്ടു... പണപ്പെരുപ്പം, കറന്‍സി മൂല്യത്തകര്‍ച്ച, രാഷ്ട്രീയ അസ്ഥിരത എന്നിവയ്‌ക്കെതിരായ ഒരു സംരക്ഷണമായും സ്വര്‍ണം മാറി. അടിയന്തിര സാഹചര്യങ്ങളില്‍ ആഭരണങ്ങളോ നാണയങ്ങളോ പ്രാദേശിക വിപണികളില്‍ എളുപ്പത്തില്‍ വില്‍ക്കാനോ പണയം വയ്ക്കാനോ കഴിയും എന്നതാണ് മെച്ചം.. ഇങ്ങനെയൊക്കെയാണ് സ്വര്‍ണം നമ്മുടെ വീടുകളില്‍ അവിഭാജ്യഘടകമായി ഇടംപിടിച്ചത്..
സ്വര്‍ണ വിപണിയെപ്പറ്റിയും സ്വര്‍ണവില കൂടുന്നതും എങ്ങനെയെന്ന് കൂടി നോക്കാം. സ്വര്‍ണത്തിന്റെ ആഗോള ഉപഭോഗം ഒരുവര്‍ഷത്തില്‍ 5000 മുതല്‍ 5500 ടണ്‍വരെയാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ലോകത്തെ സ്വര്‍ണ ഖനികളില്‍നിന്നുള്ള ഉല്‍പാദനം വര്‍ഷത്തില്‍ ഏകദേശം 3000 ടണ്‍ മാത്രമാണ്. പഴയ സ്വര്‍ണത്തിന്റെ പുനരുപയോഗം 3500 മുതല്‍ 3700 ടണ്‍വരെയും നടക്കുന്നു. ലോക രാജ്യങ്ങളിലെ വ്യാപാരവും സെന്‍ട്രല്‍ ബാങ്കുകളുടെ വാങ്ങലും എല്ലാം ചേര്‍ത്താണിത്. ലോകത്തെ സ്വര്‍ണവില നിശ്ചയിക്കുന്ന പ്രധാന കേന്ദ്രം ലണ്ടന്‍ ആണ്. ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ എന്ന സംഘടനയാണ് അത് നിയന്ത്രിക്കുന്നത്. ദിവസവും രണ്ട് തവണ ലോകത്തെ വലിയ ബാങ്കുകള്‍ ചേര്‍ന്ന് ലേലത്തിലൂടെ സ്വര്‍ണ വില നിശ്ചയിക്കുന്നു. ഇതാണ് ലോകത്തെ എല്ലാ രാജ്യങ്ങളും അടിസ്ഥാന വിലയായി സ്വീകരിക്കുന്നത്. ന്യൂയോര്‍ക്കിലെ കോമക്‌സ് പോലുള്ള വിപണികളില്‍ നടക്കുന്ന പേപ്പര്‍ ഗോള്‍ഡ് വ്യാപാരവും വിലയെ സ്വാധീനിക്കുന്നു.. ഇതിനൊപ്പം ഡോളര്‍ നിരക്കും ഇറക്കുമതി തീരുവയും കൂടി ചേരുന്നിടത്താണ് കേരളത്തിലെ സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്.
യുദ്ധ ഭീഷണികളും ഭൗമരാഷ്ട്രീയ അസ്ഥിരതകളും നിലനില്‍ക്കുമ്പോള്‍ നിക്ഷേപകര്‍ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി കാണുന്നത് സ്വര്‍ണത്തെയാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും യുക്രെയ്ന്‍-റഷ്യ യുദ്ധം ഉയര്‍ത്തുന്ന അനിശ്ചിതത്വങ്ങളും ആഗോള വിപണിയില്‍ ആശങ്കയുണ്ടാക്കിയപ്പോള്‍ കറന്‍സികളുടെ മൂല്യം ഇടിയാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട്, മൂല്യം നഷ്ടപ്പെടാത്ത ആസ്തി എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം ഒഴുകിയത് വില വര്‍ധിക്കാന്‍ പ്രധാന കാരണമായി.. മാത്രമല്ല അമേരിക്കന്‍ ഡോളറിന് മേലുള്ള അമിത ആശ്രിതത്വം കുറയ്ക്കാന്‍ ഇന്ത്യ, ചൈന തുടങ്ങിയ ബ്രിക്‌സ് രാജ്യങ്ങള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചിട്ടുണ്ട്.... ഡോളറിനെതിരായ പ്രതിരോധം എന്ന നിലയില്‍ രാജ്യങ്ങള്‍ നടത്തുന്ന ഈ നീക്കം സ്വര്‍ണത്തിന്റെ തന്ത്രപരമായ പ്രാധാന്യം വര്‍ധിപ്പിച്ചു.
യഥാര്‍ഥ ഉപഭോഗത്തേക്കാള്‍ ഉപരിയായി, സ്വര്‍ണ വിപണിയെ നിയന്ത്രിക്കുന്നത് വലിയ നിക്ഷേപകരും ഹെഡ്ജ് ഫണ്ടുകളുമാണ്.. വിപണിയിലെ ചെറിയ മാറ്റങ്ങള്‍ പോലും മുതലെടുത്ത് ഇവര്‍ നടത്തുന്ന ഊഹക്കച്ചവടങ്ങള്‍ വിലയില്‍ കൃത്രിമമായ വര്‍ധനയുണ്ടാക്കുന്നു. രാജ്യാന്തരതലത്തില്‍ സ്വര്‍ണ വ്യാപാരത്തില്‍ കുറവ് വരുകയും ഡിമാന്‍ഡ് ഇല്ലാതാകുകയും ചെയ്യുമ്പോള്‍പോലും സ്വര്‍ണത്തിന്റെ വില ഉയരാന്‍ കാരണം ഊഹക്കച്ചവടക്കാരുടെ ഇടപാടുകളാണ്. ഡിജിറ്റല്‍ സ്വര്‍ണത്തിലും ഇടിഎഫുകളിലും വന്‍കിടക്കാര്‍ നടത്തുന്ന വലിയ തോതിലുള്ള ഇടപാടുകള്‍ സ്വര്‍ണവില താഴേക്ക് പോകാതെ സംരക്ഷിക്കുന്നുണ്ട്.
ഇന്ത്യയുടെയും കേരളത്തിന്റെയും സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന സ്വര്‍ണശേഖരം ഇന്ന് ആഭരണപ്പെട്ടിയില്‍ നിന്ന് ഡിജിറ്റല്‍ വാലറ്റുകളിലേക്കും സോവറിന്‍ ബോണ്ടുകളിലേക്കും ചുവടുമാറുന്നുണ്ട്. വില എത്രതന്നെ ഉയരങ്ങളിലേക്ക് കുതിച്ചാലും ആപല്‍ഘട്ടങ്ങളില്‍ ആശ്വാസമായും ആഘോഷങ്ങളില്‍ തിളക്കമായും സ്വര്‍ണം മലയാളിയുടെ ജീവിതത്തില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരും. മാറുന്ന ലോകത്തിനൊപ്പം സ്വര്‍ണത്തെ വൈകാരിക ആസ്തി എന്നതിലുപരി സ്മാര്‍ട്ട് ഇന്‍വെസ്റ്റമെന്റ് ആയി കാണാന്‍ മലയാളി ശീലിച്ചുവരികയാണ് എന്ന വര്‍ത്തമാനകാല യാഥാര്‍ഥ്യം കൂടി ഇതിനോട് കൂട്ടിവായിക്കാം.