OPINION

കുര്‍ദുകളുടെ പാവ സര്‍ക്കാര്‍ ഇറാനില്‍ വരുമോ?

ഇറാനില്‍ ഭരണം ദുര്‍ബലമാക്കാനായാല്‍ കുര്‍ദുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകുമെന്നും അവര്‍ക്ക് ഭരണം പിടിച്ചെടുക്കാനാകുമെന്നും അമേരിക്ക കണക്കുകൂട്ടുന്നു.

Author : പി.പി. പ്രശാന്ത്

ഇറാന്റെ പരമോന്നത ആത്മീയ നേതാവ് അലി ഖംനേയിയും മുന്‍നിര സൈനിക മേധാവികളും കൊല്ലപ്പെട്ടതോടെ ഒറ്റക്കെട്ടായ ഇറാന്‍ ജനതയില്‍ വിള്ളല്‍ വീഴ്ത്താന്‍ അമേരിക്കക്കും ഇസ്രായേലിനും ഒരു പങ്കാളിയെ കിട്ടിയിരിക്കുന്നു. യു.എസ് സൈനിക പിന്തുണ ആവശ്യപ്പെട്ട് കുര്‍ദ് ഗ്രൂപ്പുകള്‍ രംഗത്തെത്തിയാണ് ഇരുവര്‍ക്കും വീണുകിട്ടിയ ആയുധമായത്. നേരത്തെ ഇറാഖിലും സിറിയയിലും ഐഎസിനെ തുരത്തുന്നതില്‍ അമേരിക്കയുടെ ഏറ്റവും വിശ്വസ്ത പങ്കാളി ആയിരുന്നു കുര്‍ദുകള്‍. കുര്‍ദ് സേനകളെ ഉപയോഗിച്ച് ഇറാനില്‍ ഭരണം അട്ടിമറിക്കാനുള്ള നീക്കം യുഎസും സിഐഎയും ഇതോടെ സജീവമാക്കിയിട്ടുണ്ട്. ഇറാഖ് അതിര്‍ത്തി മേഖലകളിലും ഇറാഖി കുര്‍ദിസ്താനിലും സജീവ സാന്നിധ്യമായ കുര്‍ദുകള്‍ക്ക് ആയുധ സഹായം നല്‍കാനൊരുങ്ങുകയാണ് ഇവര്‍. ഇറാനില്‍ ആക്രമണം ശക്തമാക്കി ഭരണം ദുര്‍ബലമാക്കാനായാല്‍ കുര്‍ദുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകുമെന്നും അവര്‍ക്ക് ഭരണം പിടിച്ചെടുക്കാനാകുമെന്നും അമേരിക്ക കണക്കുകൂട്ടുന്നു. അതേസമയം ദിവസങ്ങളായി അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനില്‍ ഏറ്റവും കടുത്ത ആക്രമണം തുടരുകയാണ്.

ഇറാഖില്‍ ബഗ്ദാദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലെ കുര്‍ദ് നേതൃത്വം ഇതിനകം യുഎസുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇറാഖി കുര്‍ദിസ്താനിലെ മുതിര്‍ന്ന നേതാക്കളെ ട്രംപ് നേരിട്ട് വിളിച്ച് സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇറാന്‍ കുര്‍ദിസ്താന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മുസ്തഫ ഹിജ്രിയുമായും ട്രംപ് ആശയവിനിമയം നടത്തി. ഇറാഖി കുര്‍ദിസ്താനിലെ കുര്‍ദ് വിഭാഗങ്ങള്‍ ഏറെയായി അമേരിക്കയുടെ സഖ്യകക്ഷികളുമാണ്. ഇറാനിലേക്ക് ആയുധം കടത്താന്‍ ഇറാഖിലെ കുര്‍ദുകളുടെ സഹായം അനിവാര്യമാണ്. ഇതുകൂടി കണക്കാക്കിയാണ് ഇറാഖിലെ കുര്‍ദുകളുമായി അമേരിക്ക പുതിയ ചര്‍ച്ചകള്‍ സജീവമാക്കുന്നത്. ഇറാനില്‍ കരയാക്രമണത്തിന് പദ്ധതിയുള്ളതായി കഴിഞ്ഞ ദിവസം യുഎസ് സൂചന നല്‍കിയിരുന്നു. പടിഞ്ഞാറന്‍ ഇറാന്‍ വഴി കരയാക്രമണം നടത്തുന്ന പക്ഷം കുര്‍ദുകളെ കൂടി പങ്കാളികളാക്കിയാകും നടത്തുക. ഇവരെ മുന്നില്‍നിര്‍ത്തി ഒരുവശത്ത് ആക്രമണം നടക്കുമ്പോള്‍ മറുവശത്ത്, ഭരണം അട്ടിമറിക്കല്‍ എളുപ്പമാകും.

കുര്‍ദ്: അടിച്ചമര്‍ത്തപ്പെട്ട ജനത

മധ്യ പൂര്‍വേഷ്യയിലെ തദ്ദേശീയ വംശീയ വിഭാഗമാണ് കുര്‍ദുകള്‍. ലോകത്ത് സ്വന്തമായി രാജ്യമില്ലാത്ത ഏറ്റവും വലിയ വംശീയ ഗ്രൂപ്പുകളില്‍ ഒന്നാണ് ഏകദേശം 3 മുതല്‍ 4 കോടി വരുന്ന ഇവര്‍. തുര്‍ക്കി, ഇറാഖ്, സിറിയ, ഇറാന്‍ എന്നീ നാല് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കുര്‍ദിസ്ഥാന്‍' എന്ന് വിളിക്കപ്പെടുന്ന ഒരു പര്‍വ്വതപ്രദേശത്താണ് ഇവര്‍ അധിവസിക്കുന്നത്.

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ഓട്ടോമന്‍ സാമ്രാജ്യം തകര്‍ന്നപ്പോള്‍, കുര്‍ദുകള്‍ക്ക് സ്വന്തമായി ഒരു രാജ്യം നല്‍കുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെങ്കിലും അത് പാലിക്കപ്പെട്ടില്ല. പതിറ്റാണ്ടുകളായി തങ്ങള്‍ക്ക് സ്വയംഭരണാവകാശമോ അല്ലെങ്കില്‍ 'കുര്‍ദിസ്ഥാന്‍' എന്ന പേരില്‍ ഒരു സ്വതന്ത്ര രാജ്യമോ വേണമെന്ന ആവശ്യവുമായി അവര്‍ പോരാടുകയാണ്. ഇറാഖിലെ കുര്‍ദുകള്‍ക്ക് കുര്‍ദിസ്ഥാന്‍ മേഖല ഭരണകൂടം എന്നതിലൂടെ ഒരു പരിധി വരെ സ്വയംഭരണാവകാശം ലഭിച്ചിട്ടുണ്ട്. സിറിയന്‍ ആഭ്യന്തര യുദ്ധത്തിന് ശേഷം വടക്കന്‍ സിറിയയിലെ ചില ഭാഗങ്ങളിലും അവര്‍ക്ക് സ്വയംഭരണമുണ്ട്. തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ ഇപ്പോഴും കുര്‍ദുകള്‍ കടുത്ത വിവേചനം നേരിടുന്നു.

മറക്കാനിടയില്ല, അമേരിക്കന്‍ വഞ്ചനാ ചരിത്രം

ആവശ്യം കഴിഞ്ഞാല്‍ അമേരിക്ക കൈവിടുമോ എന്ന ആശങ്ക കുര്‍ദുകള്‍ക്കുണ്ട്. ചരിത്രം പഠിപ്പിച്ച പാഠം അതാണ്. 1975ല്‍ ഇറാഖിനെതിരെ കുര്‍ദുകളെ പ്രകോപിപ്പിച്ച ശേഷം അമേരിക്ക പെട്ടന്ന് പിന്തുണ പിന്‍വലിക്കുകയായിരുന്നു. 2019ല്‍ സിറിയയിലെ കുര്‍ദിഷ് മേഖലകളില്‍ നിന്ന് ട്രംപ് ഭരണകൂടം സൈന്യത്തെ പിന്‍വലിച്ച് തുര്‍ക്കിക്ക് അവിടെ ആക്രമണം നടത്താന്‍ വഴിയൊരുക്കിയതും കുര്‍ദുകള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. അതേസമയം സദ്ദാം ഹുസൈന് എതിരായ പോരാട്ടത്തില്‍ അമേരിക്ക ഇറാഖി കുര്‍ദുകളെ സഹായിച്ചു. 1991ല്‍ അവര്‍ക്ക് പ്രത്യേക സുരക്ഷാ മേഖല ഒരുക്കി നല്‍കിയത് അതില്‍ പ്രധാനമാണ്.

യു.എസിന്റെ വിമത തന്ത്രം

മുന്‍ അധിനിവേശ രാജ്യങ്ങളില്‍ ചെയ്ത പോലെ വിമത സംഘങ്ങള്‍ക്ക് ആയുധവും പണവും നല്‍കി പ്രക്ഷോഭം സംഘടിപ്പിക്കാനാണ് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ ശ്രമം. വര്‍ഷങ്ങളായി ഇറാന്‍ വിമത പക്ഷത്ത് നില്‍ക്കുന്ന കുര്‍ദുകള്‍ കുര്‍ദിസ്ഥാന്‍ പ്രവശ്യയിലും പടിഞ്ഞാന്‍ ഭാഗങ്ങളിലും ആക്രമണം നടത്തുന്നുണ്ട്. സിഐഎയും ഇറാഖിലെ കുര്‍ദിഷ് ഗ്രൂപ്പുകളും തമ്മില്‍ ഏറെക്കാലം സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. സിറിയയില്‍ മുന്‍ പ്രസിഡന്റ് ബശ്ശറുല്‍ അസദിനെതിരായ പോരാട്ടത്തില്‍ കുര്‍ദിഷ് സൈനിര്‍ക്ക് അമേരിക്ക ധനസഹായവും ആയുധ പരിശീലനവും നല്‍കിയിട്ടുണ്ട്. ഇറാനെ ആഭ്യന്തര പ്രക്ഷോഭത്തിലേക്ക് നയിക്കാന്‍ ഒന്നിലധികം കുര്‍ദിഷ് ഗ്രൂപ്പുകളുമായി സിഐഎ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് വാര്‍ത്ത ഏജന്‍സി സിഎന്‍എന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പുതിയ ഭീഷണി മുന്‍കൂട്ടിക്കണ്ട് ഇറാന്‍ സൈന്യം പടിഞ്ഞാറന്‍ മേഖലയിലെ കുര്‍ദിഷ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിക്കഴിഞ്ഞു.

തിരിച്ചടിക്കുമോ അമേരിക്കന്‍ പദ്ധതി

ഇറാന്‍ യുദ്ധത്തില്‍ കുര്‍ദ് പോരാളികളെ ഉപയോഗിക്കുന്നത് അമേരിക്കന്‍- ഇസ്രായേല്‍ സഖ്യത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. കുര്‍ദ് വംശജരില്‍ ഭൂരിഭാഗവും സുന്നി മുസ്ലീങ്ങളാണ്. ഷിയ ഭൂരിപക്ഷ രാജ്യത്ത് ന്യൂനപക്ഷമായി തുടരുന്ന ഇവര്‍ അധികാരമേറ്റാന്‍ വന്‍ പ്രതിഷേധത്തിനും വഴിവെച്ചേക്കും. ഇറാനില്‍ ആഭ്യന്തരയുദ്ധത്തിന് വഴിതുറക്കുമെന്നും ഇത് മേഖലയെ കൂടുതല്‍ അസ്ഥിരമാക്കിയേക്കും എന്നാണ് ആശങ്ക. മാത്രമല്ല, വലിയ യുദ്ധത്തിന്റെ ഭാഗമാകുന്നത് കുര്‍ദുകള്‍ക്ക് തന്നെ വലിയ നാശനഷ്ടങ്ങള്‍ വരുത്തിവെക്കാന്‍ സാധ്യതയുണ്ട്. കുര്‍ദുകളുടെ സൈനിക മുന്നേറ്റം തുര്‍ക്കി, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളെ പ്രകോപിപ്പിച്ചേക്കും. സ്വതന്ത്ര കുര്‍ദിസ്ഥാന്‍ എന്ന ആശയം ഈ രാജ്യങ്ങളെല്ലാം എതിര്‍ക്കുന്ന ആശയമാണ്. ഇറാനിലെ ഭരണകൂടത്തിന്റെ ക്രൂരതക്കെതിരെ രാജ്യത്ത് നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഖമനേയിയെ കൊല ചെയ്ത് ഇപ്പോള്‍ അമേരിക്കന്‍-ഇസ്രായേല്‍ ചേരി നടത്തുന്ന ആക്രമണത്തോട് അന്ന് പ്രക്ഷോഭം നയിച്ചവര്‍ക്ക് പോലും പ്രതിഷേധമുണ്ട്. അതുകൊണ്ട് അവര്‍ ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. ഇറാനിലെ ജനകീയ പ്രക്ഷോഭങ്ങളെ സഹായിക്കുന്നതിന് പകരം വംശീയമായ സൈനിക ഗ്രൂപ്പുകളെ ഉപയോഗിക്കുന്നത് ഇറാന്റെ ദേശീയ വികാരത്തെ ഉണര്‍ത്താനും നിലവിലെ ഭരണകൂടത്തിന് കൂടുതല്‍ ജനപിന്തുണ ലഭിക്കാനും ഇടയാക്കിയേക്കാം. അതിനാല്‍ അമേരിക്കയുടെ കുര്‍ദ് പദ്ധതി എത്ര ഫലവത്താകും എന്നത് കണ്ടറിയണം.

SCROLL FOR NEXT