ഇന്ദിരാ ഗ്യാരണ്ടിയിൽ ഉറപ്പുനൽകിയ കെഎസ്ആർസിയുടെ വനിത സൗജന്യ യാത്രയ്ക്കായി കെഎസ്ആർടിസി പിങ്ക് ബസ് ഒരുക്കുമോ അതോ മുഴുവൻ കെഎസ്ആർടി ബസുകളിലുമായി സൗജന്യം നീട്ടിത്തരുമോ എന്ന ആശങ്കയിലാണ് കേരളത്തിലെ വനിതകൾ. വിവരം അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തുവന്നേക്കുമെങ്കിലും ഔദ്യോഗിക പ്രഖ്യപനം ഗവർണറുടെ നയപ്രഖ്യാപനത്തിലാണ് ഉണ്ടാകുക. അതിനുശേഷം വിജ്ഞാപനമിറങ്ങും. കെഎസ്ആര്‍ടിസി ബസില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് സ്ഥാപനത്തിനു വലിയ സാമ്പത്തിക ബാധ്യതയില്ലാതെ പദ്ധതി ഏതു രീതിയില്‍ നടപ്പാക്കാന്‍ കഴിയുമെന്നു തലപുകയ്ക്കുകയാണ് അധികൃതര്‍. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.
കെഎസ്ആർടിസിയുടെ സൗജന്യ വനിതാ യാത്ര ഓർഡിനറിയിലൊതുങ്ങുമോ?
യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ പ്രധാനമായിരുന്നു വനിതകളുടെ സൗജന്യയാത്ര. ശമ്പളം മുടങ്ങുന്ന, പെൻഷൻ പോലും കൃത്യമായി നൽകാൻ കഴിയാത്ത കോർപ്പറേഷൻ എങ്ങനെ ഈ ബാധ്യത എടുത്ത് തലയിൽ വെക്കും എന്നതായിരുന്നു തുടക്കം മുതലേ ഉയർന്ന ചോദ്യം. അതുകൊണ്ട് നമുക്ക് കെഎസ്ആർടിസിയുടെ അവസ്ഥയെക്കുറിച്ച് അറിയാം. കേരളത്തിലുടനീളം കെഎസ്ആർടിസിക്ക് 4609 ബസുകളാണുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലാണ് ഗണ്യമായ രീതിയിൽ കെഎസ്ആർടിസി ബസ് സർവീസ് ഉള്ളത്. ശരാശരി 20 ലക്ഷം യാത്രക്കാരാണ് സർവീസുകളെ ആശ്രയിക്കുന്നത്.2026 ജനുവരിയിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിടുന്നത് കെഎസ്ആർടിസിയാണ്. പ്രതിവർഷം ഏകദേശം 1,580 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ആർടിസിക്കുള്ളത്. ഉയര്‍ന്ന ഇന്ധനച്ചെലവ്, ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ വിതരണം എന്നിവയാണ് പ്രധാന ബാധ്യതകള്‍. നിലവിൽ ശമ്പളത്തിന് 50 കോടിയും പെൻഷന് 80 കോടിയും സർക്കാർ നൽകുന്നുണ്ട്. ഇന്ധനവില വർധനമൂലം മാസം മൂന്നുകോടിയുടെ അധികബാധ്യതയും ഉണ്ടാകുന്നുണ്ട്.
സ്ത്രീകളെത്ര , ബാധ്യതയെത്ര
മുഴുവൻ ബസുകളിലും സൗജന്യയാത്ര അനുവദിച്ചാൽ നഷ്ടം 112 കോടി രൂപ, ഓർഡിനറി ബസിൽ മാത്രമാക്കിയാൽ 57 കോടി, സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസ് എന്നിവയിൽ നടപ്പാക്കിയാൽ 65 കോടി രൂപ, ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് എന്നിവയിൽ നടപ്പാക്കിയാൽ 90 കോടി എന്നിങ്ങനെയാണ് മൂന്നുമാസത്തെ നഷ്ടം കണക്കാക്കിയിരിക്കുന്നത്.ശമ്പളത്തിനും പെൻഷനുമുള്ള സാമ്പത്തിക സഹായത്തിന് പുറമെ ഈ തുക കൂടി കെഎസ്ആർടിസിക്ക് സർക്കാർ നൽകണം. കെഎസ്ആർടിസി കഴിഞ്ഞ ആഴ്ച നടത്തിയ കണക്കെടുപ്പിൽ യാത്രക്കാരിൽ 50 % സ്ത്രീകളാണെന്നാണു കണ്ടെത്തിയത്. പ്രതിദിനം 10 മുതൽ 12 ലക്ഷം സ്ത്രീകൾ . കോർപറേഷന്റെ പ്രതിദിന വരുമാനം 7 കോടി. വനിതകൾക്കു സൗജന്യം നൽകുന്നതോടെ ഇത് 3.5 കോടിയായി കുറയും. അതായത് ബസുകളിൽ സൗജന്യം നൽകുന്നതു മൂലം കെഎസ്ആർടിസിക്ക് ലഭിക്കുന്ന വരുമാനം പകുതിയായി കുറയും. പ്രതിമാസം 105 കോടി മുതൽ 112 കോടി വരെ കുറവുണ്ടാകുമെന്നാണു കണക്ക്.
സംസ്ഥാനത്താകെ കെഎസ്ആർടിസി ബസുകളിൽ മൂവായിരത്തോളം ഓർഡിനറിയാണ്. ഇവയിൽ 300 സിറ്റി ഫാസ്റ്റുകളുണ്ട്. 1400 സൂപ്പർ ക്ലാസുകളും 300 ഫാസ്റ്റുകളുമുണ്ട്. നിലവിൽ ഒരു ഓർഡിനറി ബസിൽ ദിവസം 700 മുതൽ 1000 പേരാണ് യാത്രചെയ്യുന്നത്.നിലവിൽ ഓടുന്ന ബസുകളിൽ മൂന്നിലൊന്നും സൂപ്പർ ഫാസ്റ്റിന് മുകളിലുള്ള ക്ലാസാണ്. സീറ്റ് റിസർവേഷനുള്ള ബസുകളിലും സൗജന്യ യാത്ര പ്രായോഗികമല്ല. സ്വിഫ്റ്റിന് കീഴിലുള്ള ബസുകളിലും സൗജന്യത്തിന് സാധ്യതയില്ല.അതിനാൽ ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിലാണ് പദ്ധതി നടപ്പാക്കാൻ സാധ്യത. പദ്ധതി ദുരുപയോഗം ചെയ്യാതിരിക്കാൻ ആധാർ അടിസ്ഥാനത്തിൽ സ്മാർട്ട് കാർഡ് ഏർപ്പെടുത്താനും ആലോചനയുണ്ട്. സ്ത്രീകൾക്ക് സൗജന്യ യാത്രക്കായി പിങ്ക് ബസുകൾ നിരത്തിലിറക്കുന്നു എന്ന പ്രചാരണം സജീവമായിരുന്നു. എന്നാൽ പ്രചാരണങ്ങൾ തെറ്റാണ് എന്നാണ് ഔദ്യോഗിക വിശദീകരണം.
ഗുണഫലം ഏതൊക്കെ ജില്ലകളിൽ
സൗജന്യ യാത്രയുടെ ഗുണം ലഭിക്കുക കുറച്ചു ജില്ലകളിൽ മാത്രമായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലാണ് ഗണ്യമായ രീതിയിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നത്. ഇവ പൊതുഗതാഗതത്തിൽ കെഎസ്ആർടിസി ബസ് സർവീസുകൾ കാര്യമായുള്ള ജില്ലകളാണ്. 7 ജില്ലകളിൽ ഇത് 25 ശതമാനത്തിൽ താഴെയാണ്.യുഡിഎഫിന് 16 സീറ്റും നൽകിയ മലപ്പുറത്ത് യാത്രാ സൗജന്യത്തിന്റെ ആനുകൂല്യം കാര്യമായി ലഭിക്കില്ല. കാരണം ജില്ലയിലെ മൊത്തം ബസ് സർവീസിന്റെ 9.4 % മാത്രമാണു കെഎസ്ആർടിസി ബസ് സർവീസ്. എറണാകുളം ജില്ലയുടെ കാര്യവും ഇതുതന്നെ. യുഡിഎഫിനു 14 സീറ്റും നൽകിയ ജില്ലയിൽ മൊത്തം ബസ് സർവീസിന്റെ 24.7 % ആണ് കെഎസ്ആർടിസിയുടെ സാന്നിധ്യം.അങ്ങനെയെങ്കിൽ ഈ ജില്ലയിലുള്ളവർ സൗജന്യയാത്രയുടെ ഗുണഭോക്താക്കളാകുക എങ്ങനെയെന്ന ചോദ്യമുയരുന്നുണ്ട്. അതേസമയം, സൗജന്യയാത്ര പദ്ധതിയിൽ ട്രാൻസ്ജെൻഡർ വനിതകളെയും ഉൾപ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്.
അത്ര സുഖകരമല്ല, അയൽ സംസ്ഥാന അനുഭവങ്ങൾ
കേരളം ഉള്‍പ്പെടെ 9 സംസ്ഥാനങ്ങളിലാണ് സ്ത്രീകള്‍ക്കു സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയുടെയും തെലങ്കാനയുടെയും മാതൃകയിലാണ് ഇന്ദിരാ ഗ്യാരന്റിയില്‍ ഉള്‍പ്പെടുത്തി യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തും പദ്ധതി നടപ്പാക്കുന്നത്.കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ശക്തി സ്‌കീം 2023 ജൂണ്‍ 11 മുതലാണ് കര്‍ണാടകയില്‍ ആരംഭിച്ചത്. സ്ത്രീകള്‍ യാത്ര ചെയ്യുന്ന ടിക്കറ്റ് തുക സര്‍ക്കാര്‍ പിന്നീട് ഗതാഗത കോര്‍പ്പറേഷനുകള്‍ക്ക് തിരികെ നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഈ തുക പൂർണമായി കൃത്യസമയത്ത് കൈമാറാത്തതാണ് നിലവിലെ പ്രതിസന്ധി. ശക്തി പദ്ധതി തുടങ്ങിയതിനു ശേഷം 13,000 കോടിയിലധികം രൂപ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെങ്കിലും, 4,000 കോടിയിലധികം രൂപ ഇനിയും കര്‍ണാടകയിലെ നാല് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്കായി നല്‍കാനുണ്ട്. 2023 ജൂണ്‍ 11 മുതല്‍ 2025 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് 474 കോടി സ്ത്രീകളാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയത്.
ബെംഗളൂരുവിലാണെങ്കിൽ 24 ലക്ഷത്തോളം പേരാണ് പ്രതിദിനം സൗജന്യമായി യാത്ര ചെയ്യുന്നത്.ഓര്‍ഡിനറി, അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്, എക്‌സ്പ്രസ് ബസുകളില്‍ നടപ്പാക്കിയിരിക്കുന്ന പദ്ധതി പ്രകാരം പ്രതിദിനം 11 കോടിയോളം രൂപയുടെ ബാധ്യതയാണ് സര്‍ക്കാരിനുണ്ടാകുന്നത്. തെലങ്കാനയില്‍ സമാനമായ രീതിയില്‍ തന്നെയാണു സൗജന്യയാത്ര. തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജന്റഡര്‍മാര്‍ക്കും എല്ലാ ഓര്‍ഡിനറി ബസുകളിലും സിറ്റി, ടൗണ്‍ ബസുകളിലും 30 കി.മീ വരെയാണ് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. ചെന്നൈ പോലുള്ള നഗരങ്ങളില്‍ സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ബംഗാളില്‍ അധികാരമേറ്റ ബിജെപി സർക്കാരും സമാനമായ പദ്ധതി നടപ്പാക്കാൻ വിജ്ഞാപനം ഇറക്കിക്കഴിഞ്ഞു.
പദ്ധതിയുടെ വിജയമോ കെഎസ്ആർടിസിയുടെ തകർച്ചയോ?
സ്ത്രീകളുടെ ജീവിതത്തിൽ പദ്ധതിക്കു വൻമാറ്റം കൊണ്ടുവരാൻ കഴിയുമെന്നാണ് അയൽ സംസ്ഥാനങ്ങളിലെ അനുഭവം പഠിപ്പിക്കുന്നത്. ഒന്നാമതായി സാമ്പത്തിക ലാഭമാണ്. കുടുംബച്ചെലവ് കുറയും. തെലങ്കാനയിലെ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ വരെ ലാഭിക്കാൻ കഴിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. സൗജന്യയാത്ര ദൂരെയുള്ള തൊഴിലവസരങ്ങൾകൂടി സ്വീകരിക്കാൻ സ്ത്രീകൾക്കു വഴിയൊരുക്കും. ബസുകളിലും പൊതുഇടങ്ങളിലും സ്ത്രീ സാന്നിധ്യം കൂടുന്നത് സഞ്ചാര സ്വാതന്ത്ര്യവും സുരക്ഷയും വർധിപ്പിക്കും. വിനോദത്തിനായി യാത്ര ചെയ്യാനും കൂടുതൽ വനിതകൾ തയാറാകും.
പദ്ധതികൾ ഗുണകരമാണെങ്കിലും ചില വെല്ലുവിളികളും നിലനിൽക്കുന്നുണ്ട്. സൗജന്യ യാത്ര വന്നതോടെ ബസുകളിൽ തിരക്ക് അനിയന്ത്രിതമായി വർധിക്കും.പദ്ധതി നടപ്പാക്കുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയും വരുമാന ഘടനയും ഒരുപോലെ പരിഗണിക്കേണ്ട സാഹചര്യമുള്ളതിനാല്‍, കോർപ്പറേഷനെ അധിക ബാധ്യതയിലേക്ക് തള്ളിവിടാത്ത പ്രായോഗിക മാതൃകകളാണ് ആവശ്യം. സ്വകാര്യ ബസുടമകളുടെ ആവശ്യം പരിഗണിക്കേണ്ടിവരും. മിക്ക സംസ്ഥാനങ്ങളിലും കോർപ്പറേഷനുകൾക്ക് സർക്കാർ നൽകുന്ന പണം കുടിശികയാകുന്നത് വെല്ലുവിളിയാണ്. ഏതായാലും പദ്ധതി കെഎസ്ആര്‍ടിസിക്ക് 'ബാധ്യത'യാകുമോ എന്നത് സര്‍ക്കാര്‍ എങ്ങനെ ഇത് നടപ്പിലാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.