OPINION

ഫാസ്റ്റിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളെ ക്ഷീണിപ്പിക്കുമോ ജനവിധി?

രാജ്യത്ത് നടക്കുന്ന പോരാട്ടങ്ങള്‍ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ് ഈ ജനവിധി എന്ന ആശങ്ക ഉയര്‍ന്നുകഴിഞ്ഞു

Author : പി.പി. പ്രശാന്ത്

രാജ്യത്തെ നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം തിങ്കളാഴ്ച പുറത്തുവന്നപ്പോള്‍ കേരളം, തമിഴ്നാട്, ബംഗാള്‍ എന്നിവിടങ്ങളില്‍ ഭരണത്തിലിരിക്കുന്ന കക്ഷികള്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. അഞ്ച് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. പശ്ചിമ ബംഗാള്‍ കൂടി പിടിച്ചെടുത്തതോടെ രാജ്യത്ത് ബിജെപി സഖ്യം ഭരിക്കുന്ന സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങള്‍ 22 ആയി ഉയര്‍ന്നു. പ്രതിപക്ഷ സഖ്യം ആറുസംസ്ഥാനങ്ങളിലായി ചുരുങ്ങി. ഫെഡറലിസം സംരക്ഷിക്കാനും ജനകീയ ബദല്‍ രൂപപ്പെടുത്താനും രാജ്യത്ത് നടക്കുന്ന പോരാട്ടങ്ങള്‍ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ് ഈ ജനവിധി എന്ന ആശങ്ക ഉയര്‍ന്നുകഴിഞ്ഞു.

ഫാസ്റ്റിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളെ ക്ഷീണിപ്പിക്കുമോ ജനവിധി?

കേരളത്തില്‍ ഇടതുമുന്നണിക്ക് കനത്ത ആഘാതമേല്‍പിച്ചാണ് പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തിയത്. 2021ല്‍ 99 സീറ്റോടെ അധികാരത്തില്‍ വന്ന എല്‍ഡിഎഫിനെ ഇത്തവണ കൈവിട്ടത് 64 മണ്ഡലങ്ങളാണ്. കേരള നിയമസഭയില്‍ 2016ല്‍ മാത്രം ഒറ്റ സീറ്റിലൂടെ അക്കൗണ്ട് തുറന്ന ബിജെപി ഇത്തവണ മൂന്ന് സീറ്റുകള്‍ നേടി പുതിയ ചരിത്രവും രചിച്ചു.

തമിഴ്‌നാട് രാഷ്ട്രീയത്തിലാണെങ്കില്‍ അഞ്ച് പതിറ്റാണ്ടായി തുടരുന്ന ഡിഎംകെ - എ.ഐ.ഡി.എം.കെ ദ്വന്ദ്വത്തെ തകര്‍ത്തെറിഞ്ഞ് നടന്‍ വിജയിയുടെ തമിഴക വെട്രി കഴകം എന്ന ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. രാഷ്ട്രീയ പ്രവേശനം നടത്തി വെറും രണ്ട് വര്‍ഷത്തിനുള്ളിലാണ് വിജയ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. മൂന്നാമൂഴം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെ അതികായര്‍ തോല്‍ക്കുകയും ചെയ്തു. ഡിഎംകെ 60 സീറ്റിലൊതുങ്ങിയപ്പോള്‍ ടി.വി.കെ 108 സീറ്റിലാണ് വിജയിച്ചത്. എഐഎഡിഎംകെ മൂന്നാമതെത്തി.

കേന്ദ്ര സര്‍ക്കാറും തെരഞ്ഞെടുപ്പ് കമീഷനും തീര്‍ത്ത എസ്‌ഐആര്‍ പ്രതിബന്ധങ്ങളെ അതിജീവിച്ച് നാലാമൂഴത്തിനായി പോരാടിയ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഒടുവില്‍ അടിതെറ്റിയതാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള ഫലം. തെരഞ്ഞെടുപ്പ് നടന്ന 293 മണ്ഡലങ്ങളില്‍ തൃണമൂലിന്റെ വിജയം 80 ലൊതുങ്ങി. 206 സീറ്റുകളും പിടിച്ചെടുത്താണ് ബിജെപി ബംഗാളില്‍ കാവിക്കൊടി പാറിച്ചത്. ഭവാനിപൂരില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സുവേന്ദു അധികാരിയോട് 15105 വോട്ടിന് മമത ബാനര്‍ജി പരാജയപ്പെട്ടു. കഴിഞ്ഞ തവണ 215 സീറ്റായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്. 77 സീറ്റുണ്ടായിരുന്ന ബിജെപി 207 സീറ്റോടെ ഭരണം ഉറപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് രണ്ടും സിപിഐഎം ഒരു സീറ്റും നേടി. പത്ത് വര്‍ഷമായി ഭരണത്തില്‍ തുടരുന്ന അസമിലും ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടി അധികാരം നിലനിര്‍ത്തി.

ബിജെപിക്ക് ആശ്വാസം പകരുന്ന പതനങ്ങള്‍

കേന്ദ്ര ഭരണത്തിന്റെ ബലത്തില്‍ ഒരു വ്യാഴവട്ടമായി രാജ്യം അടക്കിവാഴാന്‍ ശ്രമിച്ചുപോരുന്ന മോദി-അമിത് ഷാ ദ്വയം രാഷ്ട്രീയ നേതാക്കളില്‍ വെച്ച് ഏറ്റവും ഭയപ്പെട്ടത് ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്, തമിഴ്നാട്ടിലെ ഡിഎംകെ, കേരളത്തില്‍ സിപിഐഎം എന്നീ കക്ഷികളുടെ പ്രതികരണങ്ങളും നിലപാടുകളും ആയിരുന്നു...കേരളത്തില്‍ അധികാരത്തുടര്‍ച്ചയില്‍ ഉണ്ടായിരുന്ന രണ്ട് പിണറായി സര്‍ക്കാരുകളും 2011 മുതല്‍ 15 വര്‍ഷമായി ബംഗാള്‍ മുഖ്യമന്ത്രിപദത്തിലിരുന്ന മമതയും അഞ്ചുവര്‍ഷം തമിഴ്നാട് ഭരിച്ച സ്റ്റാലിനുമായിരുന്നു പല ഘട്ടങ്ങളിലും രാജ്യത്തെ യഥാര്‍ഥ പ്രതിപക്ഷ ശബ്ദങ്ങള്‍. പൗരത്വ നിയമ ഭേദഗതി, എസ്‌ഐആര്‍ തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച വര്‍ഗീയ വിഭാഗീയ അജണ്ടകളെയും മുസ്ലിം സമുദായത്തെ അപരവത്കരിക്കാനുള്ള നീക്കങ്ങളെയും ഭയലേശമില്ലാതെ ചെറുത്തുനിന്ന സംസ്ഥാനങ്ങളായിരുന്നു ഇവ. ഇഡിയെ ഇറക്കിയും വോട്ടുകള്‍ വെട്ടിയും തെരഞ്ഞെടുപ്പ് കമീഷനെ നിശബ്ദമാക്കിയും നിയമങ്ങള്‍ കാറ്റിപ്പറത്തി കേന്ദ്ര ഭരണകൂടം നടത്തിയ ശ്രമങ്ങള്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലം കാണുകയായിരുന്നു.

കേന്ദ്ര നയങ്ങള്‍ക്കെതിരെ തീര്‍ത്ത പ്രതിരോധം

10 വര്‍ഷമായി കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികമായ ഞെരുക്കല്‍ അടക്കമുള്ള നടപടികളെ പ്രതിരോധിച്ചാണ് കേരളം മുന്നോട്ട്‌പോയത്. സമാന അനുഭവമാണ് തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരും നേരിട്ടത്. ബംഗാളിലെ തൃണമൂല്‍ ഭരണത്തെ അട്ടിമറിക്കാന്‍ 2019 മുതല്‍ ബിജെപി ശ്രമിച്ചിരുന്നു. പ്രതിപക്ഷ സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രത്തിന്റെ ദ്രോഹനിലപാടിനെതിരായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം ഡല്‍ഹിയില്‍ സമരം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് ഒഴികെയുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തി.

കേന്ദ്രത്തിന്റെ പ്രതികാരബുദ്ധിയോടെയുള്ള സാമ്പത്തിക നയസമീപനത്തെ സുപ്രീംകോടതിയിലും കേരളം ചോദ്യംചെയ്തു. ഗവര്‍ണര്‍മാരുടെ വഴിവിട്ട ഇടപെടലുകള്‍ക്കെതിരായും ഇടതുപക്ഷവും ഡിഎംകെയും തൃണമൂലും ശക്തമായി പ്രതികരിച്ചു.

ഉയര്‍ന്നുവന്ന ബിജെപി വിരുദ്ധ ജനവികാരം

ഫെഡറല്‍ തത്വങ്ങളെ ചവിട്ടിമെതിക്കുന്ന കേന്ദ്രനയത്തിനെതിരായ ജനവികാരം ദേശീയതലത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരാനും ഈ മൂന്ന് പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്കായി. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ പ്രഹരത്തിന് കേരളവും തമിഴ്‌നാടും ബംഗാളും നടത്തിയ പോരാട്ടങ്ങളും കാരണമായിട്ടുണ്ട്. ഈ സംസ്ഥാനങ്ങളെ ഏതുവിധേനയും വീഴ്ത്തുകയെന്നത് സംഘപരിവാറിന്റെയും ബിജെപിയുടെയും ലക്ഷ്യമായിരുന്നു. അതിനായി ഒളിഞ്ഞും തെളിഞ്ഞും ഗൂഢതന്ത്രങ്ങള്‍ പയറ്റി. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെതിരായി വലിയതോതില്‍ വിദ്വേഷപ്രചാരണം സംഘടിപ്പിച്ചു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് സാന്നിധ്യം അവസാനിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പരസ്യമായി പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ ഡിഎംകെയ്‌ക്കെതിരായി ബദല്‍ രാഷ്ട്രീയ സംവിധാനങ്ങള്‍ ഉയര്‍ന്നുവരാന്‍ പിന്നില്‍നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി നിന്നാല്‍ ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്ന് മണ്ഡലം പുനര്‍നിര്‍ണയം സംബന്ധിച്ച നിയമനിര്‍മാണത്തെ പരാജയപ്പെടുത്തി പ്രതിപക്ഷം രാജ്യത്തിന് കാണിച്ചുകൊടുത്തു.

ബിജെപി ഭരണം 22 ഇടത്ത്

ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങളായ പശ്ചിമബംഗാളിലും അസമിലും ബിജെപിക്കുണ്ടായ വിജയവും ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ ഈ സംസ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങളാണ് തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്. പശ്ചിമബംഗാളില്‍ ബിജെപി ഭരണത്തിലെത്തുന്നതിലൂടെ ഈ സ്ഥിതിവിശേഷം കൂടുതല്‍ രൂക്ഷമായി മാറാനുള്ള സാധ്യതകളാണ് ഉരുത്തിരിയുന്നത്. ബിജെപിയുടെ വര്‍ഗീയനയങ്ങള്‍ക്കെതിരെ ശക്തമായി പൊരുതിനിന്ന ഡിഎംകെ ഇതുവരെ തുടര്‍ന്നുപോരുന്ന ദ്രാവിഡ രാഷ്ട്രീയത്തില്‍ നിന്നുള്ള മാറ്റം കൂടിയാണ് തമിഴ്നാട് ജനവിധി. കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ ഫെഡറല്‍ വിരുദ്ധ നയനിലപാടുകളെ ദേശീയതലത്തില്‍ തുടര്‍ച്ചയായി ചോദ്യംചെയ്ത മൂന്ന് സംസ്ഥാന സര്‍ക്കാരുകളാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. അതിനാല്‍ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുമെന്ന് ഉറപ്പ്. കേരളത്തിലെയും ബംഗാളിലെയും തമിഴ്നാട്ടിലെയും ഫലങ്ങള്‍ ബിജെപിക്ക് പകരുന്ന ആശ്വാസം ചെറുതല്ല. പ്രതിപക്ഷത്തിരിക്കാന്‍ പോകുന്ന സിപിഐഎമ്മും സ്റ്റാലിനും മമതയും ഇനി ബിജെപി സര്‍ക്കാരിന് എത്രമാത്രം വെല്ലുവിളി ഉയര്‍ത്തുമെന്ന് കാത്തിരുന്ന് കാണാം.

SCROLL FOR NEXT