തമിഴ് നടന്‍ വിഷ്ണു വിശാലിന്റെയും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുടെയും മകള്‍ക്ക് പേരിട്ട് ബോളിവുഡ് താരം ആമിര്‍ ഖാന്‍. ഹൈദരാബാദില്‍ നടന്ന പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ വിശാലും ജ്വാലയും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. മിര എന്നാണ് കുഞ്ഞിന് ആമിര്‍ ഖാന്‍ പേരിട്ടത്.
കുഞ്ഞിന് മനോഹരമായ പേരിട്ടതിന് ആമിര്‍ ഖാനോട് വിഷ്ണുവും ജ്വാലയും നന്ദി അറിയിച്ചു. "ഞങ്ങളുടെ മിര. ഇതില്‍ കൂടുതലൊന്നും ആവശ്യപ്പെടാനില്ല. താങ്കളില്ലാതെ ഈ യാത്ര സാധ്യമാകുമായിരുന്നില്ല. ആമിര്‍ ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു. മനോഹരമായ പേരിന് നന്ദി" , എന്നാണ് ജ്വാല സമൂഹമാധ്യമത്തില്‍ കുറിച്ചത്.
"ഞങ്ങളുടെ മിരയെ പരിചയപ്പെടുത്തുന്നു. ഞങ്ങളുടെ കുഞ്ഞിന് പേരിടാന്‍ ഹൈദരാബാദിലേക്ക് വന്ന ആമിര്‍ ഖാന് സ്നേഹത്തോടെയുള്ള ആലിംഗനം. മിര സ്‌നേഹത്തെയും സമാധാനത്തെയും പ്രതിനിധീകരിക്കുന്നു. ആമിറുമൊത്തുള്ള ഈ യാത്ര മനോഹരമായിരുന്നു", എന്ന് വിശാല്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചു.
2021 ഏപ്രിലില്‍ ഹൈദരാബാദില്‍ നടന്ന ഒരു ചെറിയ സ്വകാര്യ ചടങ്ങില്‍ വെച്ചാണ് വിശാലും ജ്വാലയും വിവാഹിതരാകുന്നത്. അതിന് മുന്‍പ് രണ്ട് വര്‍ഷത്തോളം ഇവര്‍ പ്രണയത്തിലായിരുന്നു. 2025 ഏപ്രിലിലാണ് ഇവര്‍ക്ക് കുഞ്ഞ് ജനിക്കുന്നത്.